വിവിധ കേസുകളിൽ വകുപ്പ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരെ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചതോടെ സർക്കാരിന് ഭരണതലത്തിൽ തിരിച്ചടി. സർക്കാർ വകുപ്പുകളുടെ നടപടികളിലെ വീഴ്ചകളും കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസവുമാണ് കോടതിയുടെ കടുത്ത ഇടപെടലിന് കാരണമായത്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐഎഎസിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് നടപടി സ്വീകരിച്ചത്.
എസ്. ശ്രീജിത്തിനെതിരായ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി ഇടപെട്ടത്. മുൻകൂർ അനുമതിയില്ലാതെ കാഷ്വൽ ലീവ് എടുത്ത് ദുബൈയിലേക്ക് പോയതും സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതുമാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ.
ആരോപണങ്ങൾ നിലനിൽക്കുമ്പോൾ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നതിൽ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്താൻ ഉത്തരവിട്ടത്.
അതേസമയം, കശുവണ്ടി വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും ഹൈക്കോടതി നേരത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസിനെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെയുമാണ് കോടതി വിളിച്ചുവരുത്തിയത്.
ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനും മുൻ എംഡി കെ.എ. രതീഷിനുമെതിരെ വിചാരണയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് കോടതിയെ ഇടപെടലിലേക്ക് നയിച്ചത്. ചുമതല ഒഴിഞ്ഞിരുന്നുവെന്ന വിശദീകരണമാണ് മുഹമ്മദ് ഹനീഷ് കോടതിയിൽ നൽകിയത്.
സർക്കാർ വകുപ്പുകളുടെ നടപടികളിലും കോടതി ഉത്തരവുകളുടെ നടപ്പാക്കലിലും വീഴ്ചകൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഉദ്യോഗസ്ഥരെ നേരിട്ട് ഹാജരാക്കുന്ന നടപടികൾ ശക്തമാക്കുന്നത്. ഇത് ഭരണനിർവഹണ രംഗത്ത് വലിയ ചർച്ചയ്ക്കും വഴിവെച്ചിരിക്കുകയാണ്.
