വീണാ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുൻമന്ത്രി കെ.ടി. ജലീൽ ഇഡിയെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജലീൽ പ്രതികരിച്ചത്.
വീണാ വിജയൻ 85 ലക്ഷം രൂപയുടെ ഹവാല ഇടപാട് നടത്തിയെന്ന ഇഡി ആരോപണത്തെ പരിഹസിച്ച ജലീൽ, “85 ലക്ഷം എന്നതിന് പകരം 85 കോടി എന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ” എന്ന് പറഞ്ഞു. മുസ്ലിം ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധന നടത്തിയാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി രൂപയുടെ ഹവാല ഇടപാടുകളുടെ രേഖകൾ ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. “നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്?” എന്ന ചോദ്യവും ജലീൽ ഉയർത്തി.
അതേസമയം, തനിക്കെതിരെ മുൻപ് ഉയർന്ന ഖുർആൻ വഴിയുള്ള സ്വർണക്കടത്ത് ആരോപണങ്ങളും ജലീൽ കുറിപ്പിൽ പരാമർശിച്ചു. ഖുർആനിനൊപ്പം സ്വർണം കടത്തിയെന്നാരോപിച്ച് അന്നത്തെ പത്ര-ദൃശ്യ മാധ്യമങ്ങളും യുഡിഎഫും ചേർന്ന് വ്യാപക പ്രചാരണം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖുർആനിനൊപ്പം സ്വർണം കയറ്റിയ വാഹനം എം.സി. റോഡ് വഴി പെരുമ്പാവൂരിലെത്തി പാക്കറ്റുകൾ ഇറക്കിയെന്നും, പിന്നീട് തൃശൂരിലെത്തിയപ്പോൾ ജിപിഎസ് സംവിധാനം തകരാറിലാക്കി ബംഗളൂരുവിലേക്ക് കൊണ്ടുപോയി കോടികൾക്ക് വിറ്റുവെന്നുമുള്ള ആരോപണങ്ങൾ അന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നുവെന്ന് ജലീൽ ചൂണ്ടിക്കാട്ടി. നിലവിലെ ഇഡി ആരോപണങ്ങളെയും അതേ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
