ശ്രീരംഗപട്ടണം കോൺഗ്രസ് എം.എൽ.എ രമേഷ് ഗൗഡ സർക്കാർ ആശുപത്രിയിൽ അമ്മയുടെ എൺപതാം പിറന്നാൾ വിപുലമായി ആഘോഷിച്ചതിനെ തുടർന്ന് വിവാദത്തിൽ. ആശുപത്രിയിലെ രോഗികൾക്കും ചികിത്സാ പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതെന്നാണ് വിമർശനം.

ആശുപത്രി വളപ്പിൽ പന്തൽ കെട്ടിയും ഡി.ജെ പാർട്ടി ഒരുക്കിയും ആഘോഷം നടത്തുകയായിരുന്നു. കൂടാതെ, ആശുപത്രിയിലെ ഒരു മുറി മേക്കപ്പ് റൂമായി മാറ്റുകയും ഡോക്ടറുടെ കാബിനിൽ വെച്ച് റീൽസ് ചിത്രീകരിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ആഘോഷ പരിപാടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എം.എൽ.എയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പൊതുജനങ്ങൾക്ക് സേവനം നൽകേണ്ട സർക്കാർ ആശുപത്രിയെ സ്വകാര്യ ആഘോഷ വേദിയാക്കിയെന്നാണ് വിമർശകർ ആരോപിക്കുന്നത്.