‘മിസ’ എന്ന നാടകം നാളെ പൊതുസമ്മേളനത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. നാടകത്തിലെ ചില പ്രത്യേക ദൃശ്യങ്ങൾ മാത്രം എടുത്ത് സംഘടനയ്ക്കെതിരെ പ്രചാരണം നടത്തുകയാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നേതാക്കൾ ആരോപിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾ നേരിട്ട സ്നേഹലത റെഡ്ഡിയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ നാടകമാണ് ‘മിസ’യെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. വർത്തമാന ഇന്ത്യയിലെ വിവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും നാടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

നാടകത്തിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും, ഡിവൈഎഫ്ഐക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

നാടകത്തിന്റെ ചില ഭാഗങ്ങൾ മാത്രം എടുത്ത് വക്രീകരിച്ചാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ബിജെപി, കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളാണ് ഇത്തരം പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും, മോശം പശ്ചാത്തല സംഗീതം ചേർത്ത് ദൃശ്യങ്ങൾ ബോധപൂർവം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും ഒരുമിച്ചാണ് നാടകത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നതെന്നും, ഇത്തരം പ്രചാരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.