അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ വെളിപ്പെടുത്തിയതിന് പിന്നാലെ തനിക്കെതിരെ പ്രതികാരനടപടികൾ സ്വീകരിക്കുന്നുവെന്ന ആരോപണവുമായി മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചു. ഘാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും കേസ് മറ്റൊരു ഏജൻസിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
വാഹനം ഓടിക്കുന്നതിനിടെ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് അഭിഷേകിനെ പ്രതിയാക്കിയിരിക്കുന്നത്. പിന്നീട് കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചേർത്തതായി ഹർജിയിൽ പറയുന്നു.
സാധാരണ റോഡ് തർക്കക്കേസായിരുന്നിട്ടും തന്റെ വസതിയിൽ വൻ പൊലീസ് സംഘം എത്തി റെയ്ഡ് നടത്തിയതും മറ്റ് നടപടികൾ സ്വീകരിച്ചതും ദുരുദ്ദേശപരമാണെന്ന് അഭിഷേക് സുപ്രീം കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കുന്നതിൽ നിഷ്പക്ഷത ഉറപ്പാക്കാൻ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
