മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ജില്ലയിൽ ജനസംഖ്യ കൂടുതലായതിനാൽ അതിനനുസരിച്ചുള്ള വില്ലേജുകളും താലൂക്കുകളും ഭരണ സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളും വിഭജിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും ഇതിനോട് അനുകൂല സമീപനം സ്വീകരിക്കണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു. മൂവാറ്റുപുഴയെ ജില്ലയാക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മലപ്പുറം ജില്ല വർഷങ്ങളായി വികസന-ഭരണപരമായ വിവേചനം നേരിടുകയാണെന്നും ജനസംഖ്യാ കണക്കുകൾ മാത്രം പരിഗണിച്ചാൽ ജില്ലയെ മൂന്ന് ജില്ലകളായി വിഭജിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
