സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതാചാരമാണെന്ന് കണക്കാക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ജെ.ജെ. മുനീറും ജസ്റ്റിസ് ഇന്ദ്രജീത് ശുക്ലയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

പ്രയാഗ്‌രാജിലെ ഒരു സ്കൂളിലെ വിദ്യാർത്ഥിനിയാണ് സ്കൂളിന്റെ യൂണിഫോം നയത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം അവകാശപ്പെടുന്നതിന് വെറും വാദം മാത്രം മതിയാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹിജാബ് ധരിക്കാതിരിക്കുന്നത് തന്റെ മതവിശ്വാസത്തെ ബാധിക്കുമെന്നും അത് നിർബന്ധിത മതാചാരമാണെന്നും തെളിയിക്കുന്ന മതിയായ വസ്തുതകളും നിയമപരമായ അടിസ്ഥാനങ്ങളും ഹർജിക്കാരിക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ആറാം ക്ലാസ് മുതൽ ഹിജാബ് ധരിച്ചുവരുന്നു എന്ന വാദത്തിന് മാത്രം നിയമപരമായ പ്രാധാന്യം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തി ദീർഘകാലമായി പിന്തുടരുന്ന ആചാരം എന്നതുകൊണ്ട് മാത്രം അത് മതത്തിന്റെ അനിവാര്യ ഭാഗമാകില്ലെന്നും വിധിയിൽ നിരീക്ഷിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കം, തുല്യത, സ്ഥാപനത്തിന്റെ ഏകീകൃത സ്വഭാവം എന്നിവ നിലനിർത്തുന്നതിന് പൊതുവായ യൂണിഫോം നയം അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യൂണിഫോം നയം വിവേചനപരമല്ലെങ്കിൽ വ്യക്തിഗത താൽപര്യങ്ങൾക്കായി അതിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

മുൻ ക്ലാസുകളിൽ സ്കൂൾ അധികൃതർ ഹിജാബ് ധരിക്കുന്നതിനെതിരെ എതിർപ്പ് ഉന്നയിച്ചിരുന്നില്ലെങ്കിലും, പിന്നീട് ഏകീകൃത യൂണിഫോം നയം കർശനമായി നടപ്പാക്കാൻ സ്കൂൾ അധികൃതർക്ക് അധികാരമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.

ഇതിന് മുമ്പും വിവിധ ഹൈക്കോടതികൾ ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. സ്കൂളുകളിലെ ഹിജാബ് നിയന്ത്രണവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതി വിധിയും പരാമർശിച്ച കോടതി, വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരാനിരിക്കുന്ന സാഹചര്യത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. തുടർന്ന് റിട്ട് ഹർജി കോടതി തള്ളി.