സ്ത്രീകളെക്കുറിച്ചുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാറിന്റെ വിവാദ പരാമർശത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകരോട് കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. താൻ ഈ വിഷയത്തിൽ യാതൊരു കമന്റും പറയുന്നില്ലെന്നും, ആവർത്തിച്ച് ചോദിച്ചാലും മറുപടി നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ മുസ്ലിം സമൂഹത്തിനുള്ളിൽ വിവിധ ആശയധാരകളിലുള്ള നിരവധി വിഭാഗങ്ങളുണ്ടെന്നും, അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരോടുതന്നെ ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഷയത്തിൽ പ്രതികരിക്കില്ലെന്ന് പറഞ്ഞാൽ അതിന്റെ അർഥം പ്രതികരിക്കില്ല എന്നുതന്നെയാണെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രി പി.സി. വിഷ്ണുനാഥും കാന്തപുരത്തിന്റെ പരാമർശത്തിൽ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കി. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുവരുന്ന കാലമാണിതെന്നും, തുല്യത ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിവാദ പരാമർശത്തെക്കുറിച്ച് പ്രത്യേകമായി അഭിപ്രായം പറയാൻ അദ്ദേഹം തയ്യാറായില്ല.
ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് സ്ത്രീകളെ സംബന്ധിച്ച കൂടുതൽ വിവാദ പരാമർശങ്ങളുമായി കാന്തപുരം രംഗത്തെത്തിയത്. ഇതിനിടെ, കാന്തപുരത്തിന്റെ നിലപാടിനെ ശക്തമായി എതിർത്ത് വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തിയിട്ടുണ്ട്.
