ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായരും നെയ്യാറ്റിൻകര സനലും സമിതിയിലെ മറ്റ് അംഗങ്ങളാണ്. ചിറയിൻകീഴിൽ നടന്ന സംഭവത്തെ പാർട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെറ്റുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം, വിഷയം പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കാനും നിയമനടപടികളും അറസ്റ്റുകളും ഒഴിവാക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. അന്വേഷണത്തിന്റെ ഭാഗമായി ഇരുവിഭാഗങ്ങളോടും നേരിട്ട് ഹാജരാകാൻ സമിതി നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ സംബന്ധിച്ച് പാർട്ടി അന്തിമ തീരുമാനമെടുക്കുക.