നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ പ്രതിസന്ധികളും ആഭ്യന്തര ഭിന്നതകളും പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം വ്യാപക അഴിച്ചുപണിക്ക് തുടക്കമിട്ടു. വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരെ മാറ്റിക്കൊണ്ടുള്ള പുതിയ പട്ടികയാണ് പാർട്ടി നേതൃത്വം പുറത്തുവിട്ടത്.
പഞ്ചാബ് കോൺഗ്രസിലെ തുടർച്ചയായ അഭിപ്രായഭിന്നതകളും സംഘടനാ വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മാറ്റി. അദ്ദേഹത്തിന് പകരം സച്ചിൻ പൈലറ്റിനെ നിയമിച്ചു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയെ വീണ്ടും ശക്തിപ്പെടുത്തുകയും അധികാരത്തിലേക്കുള്ള തിരിച്ചുവരവിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് പൈലറ്റിന് മുന്നിലുള്ളത്.
പഞ്ചാബിൽ നിന്ന് മാറ്റിയ ഭൂപേഷ് ബാഗേലിന് അസമിന്റെ ചുമതല നൽകിയിട്ടുണ്ട്. അതേസമയം, ഗുജറാത്തിന്റെ ചുമതല രൺദീപ് സുർജേവാലയ്ക്ക് കൈമാറിയതോടൊപ്പം കർണാടകയുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും പാർട്ടി ചുമതലകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഛത്തീസ്ഗഢിന്റെ ചുമതലയിൽ നിന്ന് ജിതേന്ദ്ര സിങ്ങിനെ മാറ്റി സുഖ്ദേവ് ഭഗത്തിനെ നിയമിച്ചു.
മഹാരാഷ്ട്രയുടെ ചുമതലയിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് പകരം സിരിവെല്ല പ്രസാദിനെ നിയമിച്ചു. ആന്ധ്രപ്രദേശിന്റെ ചുമതലയിൽ നിന്ന് മാണിക്കം ടാഗോറിനെ മാറ്റി പി.വി. മോഹനനെ ചുമതലപ്പെടുത്തി.
സംസ്ഥാനങ്ങളിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചുമതലമാറ്റങ്ങൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
