ചിറയിൻകീഴ് മണ്ഡലവുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രവർത്തകരും എംഎൽഎ രമ്യ ഹരിദാസും തമ്മിലുള്ള ഏറ്റുമുട്ടൽ വിവാദം കത്തിനിൽക്കുന്നതിനിടെ, രമ്യ ഹരിദാസിനെ പേരെടുത്ത് പറയാതെ വിമർശിച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി. "യുഡിഎഫ് തരംഗത്തിലും എന്തുകൊണ്ട് ആലത്തൂരിൽ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ" എന്നായിരുന്നു റിജിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.
പോസ്റ്റ് പുറത്തുവന്നതോടെ അതിന് താഴെ നിരവധി കോൺഗ്രസ് പ്രവർത്തകർ രമ്യ ഹരിദാസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തി. കണ്ണൂർ കോർപറേഷനിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസിന്റെ യുവ നേതാക്കളിലൊരാളുമായ റിജിലിന്റെ പ്രതികരണം പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയായിരിക്കുകയാണ്.
ചിറയിൻകീഴ് സംഭവവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയ സാഹചര്യത്തിലാണ് റിജിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. പാർട്ടി നേതൃത്വത്തിന്റെ നിർദേശം നിലനിൽക്കുന്നതിനിടെയുള്ള ഈ വിമർശനം കോൺഗ്രസിനുള്ളിലെ അഭിപ്രായഭിന്നതകൾ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
