ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റെന്ന് അധികൃതർ. ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഐഎസ്ആർഒ ജീവനക്കാർക്കിടയിൽ ആശങ്ക ഉയർന്നിരുന്നു. കേന്ദ്രസർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തയച്ചതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
ഐഎസ്ആർഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബഹിരാകാശ മേഖലയിലെ സർക്കാർ ഇതര സംവിധാനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുക ഇൻ-സ്പേസിന്റെ ചുമതലയായിരിക്കുമെന്നും, എൻസിൽ സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണം നിർവഹിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.
പുതിയ ബഹിരാകാശ നയം രാജ്യത്തെ ബഹിരാകാശ വിപണിക്ക് കൂടുതൽ വളർച്ചാ സാധ്യതകൾ തുറന്നിട്ടുണ്ടെന്നും ഐഎസ്ആർഒയുടെ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കുന്നു. അതേസമയം, സ്വന്തം ബഹിരാകാശ നിലയം, ചാന്ദ്രദൗത്യങ്ങൾ തുടങ്ങിയ വലിയ ലക്ഷ്യങ്ങളിലേക്ക് ഐഎസ്ആർഒ മുന്നേറുമെന്നും അധികൃതർ അറിയിച്ചു.
ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ശക്തമായ ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും വിശദീകരണത്തിൽ പറയുന്നു. വാണിജ്യ മേഖലയിൽ നിന്നുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിനൊപ്പം, ഐഎസ്ആർഒ കൂടുതൽ വലിയതും സങ്കീർണവുമായ ബഹിരാകാശ ദൗത്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
