സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശിപാര്‍ശ രാഷ്ട്രീയ പക പോക്കലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. കേസെടുക്കരുതെന്നും ഇഡിയുടെ ഏജന്റാകരുതെന്നുമാണ് വി ഡി സതീശന്‍ സര്‍ക്കാരിന് മുന്നറിയിപ്പ്. രാഷ്ട്രീയ വേട്ടയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പോളിറ്റ്ബ്യൂറോ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

വിജിലന്‍സും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ വിഷയത്തിലാണ് കേരള പൊലീസിനെ കൊണ്ട് കേസെടുപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കുറ്റപ്പെടുത്തി. പിണറായി വിജയനെ ഒറ്റതിരിച്ച് ആക്രമിക്കാം എന്നത് കരുതേണ്ടെന്നും കേരളത്തില്‍ ആരൊക്കെ തമ്മിലാണ് ഡീലെന്ന് മനസിലായെന്നും എംഎ ബേബിയുടെ എക്‌സ് പോസ്റ്റ്.

സിപിഐഎമ്മിനെ ഭീഷണിപ്പെടുത്താനോ സഖാവ് പിണറായി വിജയനെ മൂലയ്‌ക്കൊതുക്കാനോ കഴിയുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് വലിയ തെറ്റുപറ്റിയിരിക്കുന്നു. വിജിലന്‍സ്, ഹൈക്കോടതി, സുപ്രീംകോടതി തുടങ്ങി, രാജ്യത്തെ മൂന്ന് കോടതികള്‍ ഇതിനകം തള്ളിക്കളഞ്ഞ അതേ കേസില്‍ പിണറായിക്കെതിരെ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്യിക്കാന്‍ അവര്‍ കേരള പൊലീസിനെക്കൊണ്ട് ശ്രമിക്കുന്നു. അതും കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിശോധിച്ച ശേഷം.

രാഷ്ട്രീയ പകപോക്കലിനായി തങ്ങളുടെ കീഴിലുള്ള ഏജന്‍സികളെ, പ്രത്യേകിച്ച് ഇഡിയെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമെന്ന് ബിജെപി ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. കെപിസിസി പ്രസിഡന്റ് ഇതിനകം തന്നെ തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ കഴിയുന്തോറും, കേരളത്തില്‍ ആരൊക്കെയാണ് ഒത്തുകളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ ദുഷ്ടലാക്കോടെയുള്ള നീക്കങ്ങളെ ഞങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും – എം എ ബേബി കുറിച്ചു.