സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ശക്തമായ പിന്തുണയുമായി സിപിഐഎം നേതാവും എംഎൽഎയുമായ സജി ചെറിയാൻ. പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി തകർക്കാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

ആയുസും ആരോഗ്യവും അനുകൂലിച്ചാൽ പിണറായി വിജയൻ ഒരിക്കൽ കൂടി കേരളത്തെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് കോടി രൂപയുടെ ആരോപണം ഉയർത്തിക്കാട്ടി പിണറായി വിജയനെതിരെ പ്രചാരണം നടത്തുന്നത് പരിഹാസ്യവും അപഹാസ്യവുമാണെന്ന് സജി ചെറിയാൻ വിമർശിച്ചു.

“മൂന്ന് കോടി രൂപയേ ഉള്ളോ പിണറായി വിജയന്റെ വില? ആ തുക വിദേശത്തേക്ക് കടത്തിയെന്നൊക്കെ പറയാൻ നാണമില്ലേ? മകളിലൂടെ മൂന്ന് കോടി രൂപ വാങ്ങിയെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം മ്ലേച്ഛവും രാഷ്ട്രീയ പ്രേരിതവുമായ നടപടിയാണ്,” അദ്ദേഹം പറഞ്ഞു.

എന്തെല്ലാം ആരോപണങ്ങൾ ഉയർന്നാലും പിണറായി വിജയന്റെ “ഒരു രോമം ചായ്ക്കാൻ പോലും” ആർക്കും കഴിയില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. നിയമപരമായി കേസ് നിലനിൽക്കില്ലെന്ന് മനസിലാക്കിയതിനാലാണ് ഇഡി വിഷയം യുഡിഎഫ് സർക്കാരിന്റെ തലയിൽ വെച്ചുകൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയനെന്ന് വിശേഷിപ്പിച്ച സജി ചെറിയാൻ, പൊതുജീവിതത്തിൽ അദ്ദേഹത്തിന്റെ സത്യസന്ധതയും രാഷ്ട്രീയ പ്രതിബദ്ധതയും ചോദ്യം ചെയ്യാനാകില്ലെന്നും പറഞ്ഞു.

“അദ്ദേഹത്തിന് എൺപത് വയസ് കഴിഞ്ഞു. ഇനി അദ്ദേഹത്തെ വെറുതെ വിടണം. ഞങ്ങൾക്ക് പിണറായി വിജയനിൽ പൂർണ വിശ്വാസമുണ്ട്. ജനങ്ങൾക്കും അദ്ദേഹത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല,” എന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.