രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 62.50 രൂപയാണ് കൂട്ടിയത്. എന്നാൽ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാത്തത് സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമായി.

പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 2,810 രൂപയായി. കഴിഞ്ഞ മാസം 9.50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. സെപ്റ്റംബറിൽ 2,747.50 രൂപയായിരുന്ന സിലിണ്ടറിന്റെ വില ഒക്ടോബർ 1 മുതൽ 62.50 രൂപ ഉയർന്നിരിക്കുകയാണ്.

മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,701 രൂപയിൽ നിന്ന് 2,764 രൂപയായി വർധിച്ചു. 63 രൂപയുടെ വർധനവാണ് ഇവിടെ ഉണ്ടായത്. ചെന്നൈയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 2,983 രൂപയായി നിശ്ചയിച്ചു.

വിലവർധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഗ്യാസ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.