എസ്എഫ്ഐയെയും നേതാക്കളെയും തകർക്കുകയാണ് സർക്കാരിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കേരള സർവകലാശാല ഹോസ്റ്റലിൽ പൊലീസ് നടത്തിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ കണ്ണിലെ കരടാണ് എസ്എഫ്ഐയെന്നും കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്നത് സമീപകാലത്ത് ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണെന്നും ശിവൻകുട്ടി ആരോപിച്ചു.

യൂണിവേഴ്സിറ്റി കോളേജിനെയും യൂണിവേഴ്സിറ്റി ഹോസ്റ്റലിനെയും മാറ്റാനുള്ള നീക്കം കോൺഗ്രസ് നേരത്തേ നടത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു. എ.കെ. ആന്റണിയുടെ കാലത്ത് തന്നെ ഇതുസംബന്ധിച്ച നീക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും യൂണിവേഴ്സിറ്റി ഹോസ്റ്റൽ എന്ന പേര് പോലും കോൺഗ്രസിന് താൽപര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രകടനം നടക്കുന്നതിനിടെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വിദ്യാർഥികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായെന്നും ഈ സാഹചര്യം മുതലെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് തീപ്പന്തം ഉൾപ്പെടെ എറിഞ്ഞെന്നുമാണ് ശിവൻകുട്ടിയുടെ ആരോപണം. പൊലീസ് ഇതിൽ നടപടി സ്വീകരിക്കാതെ നോക്കിനിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർഡന്റെ അനുമതിയോടെയാണ് ഹോസ്റ്റലിൽ പ്രവേശിക്കേണ്ടതെന്നും എന്നാൽ പൊലീസ് അത്തരമൊരു നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

സംഘർഷത്തിൽ പരിക്കേറ്റ രണ്ട് ഡസനോളം വിദ്യാർഥികൾക്ക് ചികിത്സ നിഷേധിച്ചെന്നും ശിവൻകുട്ടി ആരോപിച്ചു. പരിക്കേറ്റവർക്ക് ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കേണ്ടത് അടിസ്ഥാനപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ അദ്ദേഹത്തിനും പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ചും പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.