ഒന്നിച്ചുണരുന്നതെത്ര വിസ്മയം
എലിസബത്ത് ബിഷപ്പ്
ഒന്നിച്ചുണരുന്നതെത്ര വിസ്മയം
ഒരേ നിമിഷത്തില്‍; കേള്ക്കുന്നതുമാശ്ചര്യം
മേല്‍ക്കൂരയിലാകെ പൊടുന്നനെ മഴ പെയ്യുന്നത്,
ആകാശത്തില്‍ കെട്ടുപിണഞ്ഞുതൂങ്ങിക്കിടക്കുന്ന
ഇരുണ്ടകമ്പികളില് നിന്നും
വൈദ്യുതിയുള്ളിലൂടെ കടന്നുപോയെന്നതുപോലെ
ആകസ്മികതയില്‍ കാറ്റൊഴിയുന്നതറിയുന്നതും
മേല്‍ക്കൂരയിലാകെ മഴയുടെ സീല്ക്കാരമുണരുന്നതും,
ചുവടെ, ചുംബനങ്ങള്‍ മെല്ലെമെല്ലെയുതിരുന്നതും.
ആലക്തികമായൊരു പെരുങ്കാറ്റ് വരികയോ
പോകുകയോ ചെയ്യുന്നു;
കാറ്റിന്റെ മുള്ളുവച്ചമുനകളാഴുന്നതിനാല്
നാമുണര്ന്നിരിക്കുന്നു.
മിന്നല്പിണറതേ നിമിഷം വീട്ടിനുമുകളില്‍
പതിക്കുകിലതു,
മുകളിലെ നാലുനീല ചീനഗോളങ്ങളിലൂടെ
മേല്‍ക്കൂരവഴി കഴുക്കോലുകള്‍ വഴി താഴേക്ക്
നമുക്ക് ചുറ്റുമെത്തി ചുറ്റിക്കളിക്കും,
അന്നേരം സ്വപ്നത്തിലെന്നവണ്ണം നമ്മളനുമാനിക്കും
പക്ഷിക്കൂടെന്നപോലെ മിന്നല്പിണരുകളാല്
പൊതിഞ്ഞിരിക്കുന്ന വീട്
ഭയപ്പെടുത്തുന്നതിന് പകരം അത്യന്തം
കൗതുകകരമായിരിക്കുന്നെന്ന്.
രാവിന്റെ ഇത്രയും ലാളിത്യമേറിയ ദര്‍ശനത്തില്‍ നിന്നും
മുകളിലേക്ക് നോക്കി കിടപ്പതില് നിന്നും
കാര്യങ്ങളെല്ലാം ഏറ്റക്കുറിച്ചിലുകളില്ലാതെ
വ്യക്തതയാര്ജ്ജിച്ചേക്കും,
അതുകൊണ്ടപ്പോഴും കെട്ടിപ്പിണഞ്ഞു
തൂങ്ങിക്കിടക്കുന്ന ആലക്തികരമായ
ഇരുണ്ടകമ്പികളുണ്ടെന്ന മുന്നറിവുകളും
സംഭ്രമങ്ങളില്ലാതെ
ഈ ലോകം അതിനേക്കാള്‍ അസമാനമായുള്ള
മറ്റൊന്നിലേക്കിഴുകിച്ചേരുന്നതും,
കാറ്റിന്റെ ഗതിമാറുന്നതോ നാമൊന്ന് മിഴിചിമ്മാതെ
മിന്നല്പിണരുകള് വന്നെത്തുന്നതും,
നമ്മുടെ ചുംബനങ്ങള്‍ നമ്മുടെ ചിന്തകള്‍ക്ക്
അനുസൃതമല്ലാതെ മാറുന്നതുപോലെയുള്ള മാറ്റങ്ങള്‍
.
പരിഭാഷ : ഡോണ മയൂര
എലിസബത്ത് ബിഷപ്പ് : (1944 - 1979)
''എഴുത്തുകാരുടെ എഴുത്തുകാരി'' എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള എലിസബത്ത് ബിഷപ്പ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആധുനിക അമേരിക്കന്‍ കവയിത്രികളിലൊരാളാണ്. 1911ല്‍ മസാച്ചുസെറ്റ്സില്‍ ജനിച്ച എലിസബത്ത്, നാഷണല്‍ ബുക്ക് അവാര്‍ഡ്, പുലിറ്റ്സര്‍ പ്രൈസ് അടക്കം പല അന്തര്‍ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പ്രശസ്ത അമേരിക്കന്‍ കവയിത്രി മറിയാന്‍ മൂറിന്റെ പ്രോത്സാഹനത്തെ തുടര്‍ന്ന് കവിതകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ബിഷപ്പിന്റെ ആദ്യ കവിതാസമാഹാരം മൂറിന്റെ സഹായത്തോടെ 1946ല്‍ പുറത്തിറങ്ങി. മാര്‍ജറി സ്റ്റീവന്‍സ് എന്ന കാമുകിയുമായുള്ള ബന്ധം ഇല്ലാതായതോടെ വിഷാദരോഗത്തിന് അടപ്പെട്ട് ബിഷപ്പ് വ്യക്തിജീവതത്തില്‍ ഇരുട്ടിലേക്ക് വീണു. എന്നാല്‍ നാല്പതാം വയസില്‍, നാടകീയമായൊരു വഴിത്തിരിവുണ്ടായി. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിന് ബ്രസീലില്‍ എത്തുന്ന ബിഷപ്പ്, അവിടെ കാര്‍ലോട്ട ദ് മസ്യെദൊ സൊആറെസ് എന്ന ''സൗന്ദര്യാരാധക''ക്കൊപ്പം പതിനാറ് വര്‍ഷങ്ങള്‍ താമസിച്ചു. രണ്ടു സ്ത്രീകളും പ്രണയിനികളായി. ലോട്ടയുമൊത്തുള്ള സുന്ദരമായ ബ്രസീലിയന്‍ കാലത്താണ്, എലിസബത്ത് തന്റെ ഏറ്റവും മികച്ച കവിതകള്‍ എഴുതുന്നത്. പരസ്പരപൂരകമായിരുന്നു അവരുടെ ബന്ധം. എഴുപതുകളില്‍ മൊട്ടിട്ടുതുടങ്ങിയിരുന്ന റാഡിക്കല്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളോട് നിരന്തരം കലഹിച്ച ബിഷപ്പ് തന്റെ കവിതകള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രസിദ്ധീകരണങ്ങളില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചിരുന്നു.
കടപ്പാട് : സഹയാത്രിക
27-Jul-2014
ലക്ഷ്മി ദിനചന്ദ്രൻ
പ്രിയ ഉണ്ണികൃഷ്ണന്
ധന്യ ഇന്ദു
സീന ശ്രീവത്സൻ
സന്ദീപ് കെ രാജ്