കറുത്ത പുഷ്പങ്ങളുടെ വസന്തം

രാത്രിയിലവര്‍
പാടുന്നതെനിക്കറിയാത്തൊരു
ഭാഷയായിരുന്നു.
പഠിക്കേണ്ടൊരു ഭാഷയും.

രാത്രിയില്‍
എവിടെയൊ വിരിഞ്ഞൊരു
കറുത്ത പുഷ്പം
വാടിക്കരിഞ്ഞ് ചുവപ്പായെന്ന്
പറയാനൊരു കാറ്റിനും ധൈര്യമില്ലാഞ്ഞതിനാല്‍
യഞ്ജമേറ്റെടുത്തത്
എല്ലാം മറച്ചോടി നടക്കുന്ന
കാര്‍മേഘങ്ങള്‍ തന്നെയായിരുന്നു.

രാത്രിയില്‍
മുറുക്കിച്ചുവക്കുന്നൊരു ഹൃദയം
തുളുമ്പാതെ തുപ്പിക്കേണ്ടത്
രാത്രികീറിയെത്തുന്ന
നൂതനവൃത്താന്തങ്ങള്‍ തന്നെയായിരുന്നു.

ചീവീടുകളും നരിച്ചീറുകളും താളമിടുന്ന
പാട്ടിന്റെ ആരോഹണത്തില്‍
തൊണ്ടയിടറാതിരിക്കാന്‍ എല്ലാ ദേഹങ്ങളും
ആഞ്ഞു ശ്രമിച്ചിരുന്നു.

അടച്ചുപൂട്ടാന്‍ പറ്റിയ പടിവാതിലുകളും
വീട്ടുവാതിലുകളുമുള്ളതിനാല്‍
സുരക്ഷിതത്വമെന്ന മിഡില്‍ ക്ലാസ്സിന്റെ
പടി കയറി നില്ക്കുകയായിരുന്നു ഞാന്‍.

അതിരാവിലെ കൊഴിയുന്ന കറുത്ത
പുഷ്പങ്ങളിറുക്കാന്‍
'ആവശ്യം അതിരാവിലെ'കള്‍ പാടി
കുഞ്ഞുങ്ങളിറങ്ങും.

നാമൊരുക്കിയ വസന്തകാലത്തിലേക്ക്.

https://www.facebook.com/hemambika

15-Mar-2014

കവിതകൾ മുന്‍ലക്കങ്ങളില്‍

More