നികുതിവര്‍ധന പിടിപ്പുകേട് കൊണ്ട്

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 2011 ഏപ്രിലില്‍ സംസ്ഥാന ഖജനാവില്‍ 2800 കോടി രൂപ മിച്ചമുണ്ടായിരുന്നു. ഈ പണം അഴിമതിയും ധൂര്‍ത്തും നടത്തി കൊള്ളയടിച്ച യു ഡി എഫ് സര്‍ക്കാര്‍, അവരുടെ നയത്തിന്റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

കേന്ദ്ര ധനസഹായം കുറഞ്ഞതുകൊണ്ടാണ് ധനപ്രതിസന്ധി ഉണ്ടായതെന്നും അതുകൊണ്ടാണ് അധികനികുതി ഇടക്കാലത്ത് ചുമത്തേണ്ടി വരുന്നതെന്നുമുള്ള ധനകാര്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന വസ്തുതക്ക് നിരക്കുന്നതല്ല. കേന്ദ്ര നികുതി വിഹിതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. അധിക നികുതിവര്‍ധനവിനെ ന്യായീകരിക്കാനാണ് ഇത്തരം പ്രചരണങ്ങള്‍ ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വര്‍ഷവും കേന്ദ്രവിഹിതമായി 8100 കോടി രൂപ ലഭിക്കാറുണ്ട് എന്ന ധനകാര്യവകുപ്പ് മന്ത്രിയുടെ അവകാശ വാദം വസ്തുതാപരമല്ല. 2011-12ല്‍ 5990.36 കോടി രൂപയും 2012-13ല്‍ 6840.65 കോടി രൂപയും കിട്ടിയ സ്ഥാനത്ത് 2013-14ല്‍ 7468.68 കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചിട്ടുണ്ട്. 2014-15ല്‍ ബഡജറ്റ് എസ്റ്റിമേറ്റ് പ്രകാരം 9365.37 കോടി രൂപ ലഭിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം കേന്ദ്രവിഹിതമായി 7000 കോടിയേ ലഭിച്ചിട്ടുള്ളു എന്നും ഈ വര്‍ഷവും ആ തുക മാത്രമേ ലഭിക്കുകയുള്ളു എന്നുമുള്ള ധനകാര്യവകുപ്പ് മന്ത്രിയുടെ പ്രചരണം യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും, സംസ്ഥാന ഗവണ്‍മെന്റിന്റെ പിടിപ്പുകേടും അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വഴിയാണ് ധനപ്രതിസന്ധി ഉണ്ടായത് എന്ന വസ്തുത മൂടിവെക്കാനുമാണ്.

കേന്ദ്ര ധനസഹായം കുറഞ്ഞതുകൊണ്ടാണ് ധനപ്രതിസന്ധി ഉണ്ടായതെന്നും അതുകൊണ്ടാണ് അധികനികുതി ഇടക്കാലത്ത് ചുമത്തേണ്ടി വരുന്നതെന്നുമുള്ള ധനകാര്യവകുപ്പ് മന്ത്രിയുടെ പ്രസ്താവന വസ്തുതക്ക് നിരക്കുന്നതല്ല. കേന്ദ്ര നികുതി വിഹിതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. അധിക നികുതിവര്‍ധനവിനെ ന്യായീകരിക്കാനാണ് ഇത്തരം പ്രചരണങ്ങള്‍ ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വര്‍ഷവും കേന്ദ്രവിഹിതമായി 8100 കോടി രൂപ ലഭിക്കാറുണ്ട് എന്ന ധനകാര്യവകുപ്പ് മന്ത്രിയുടെ അവകാശ വാദം വസ്തുതാപരമല്ല. 2011-12ല്‍ 5990.36 കോടി രൂപയും 2012-13ല്‍ 6840.65 കോടി രൂപയും കിട്ടിയ സ്ഥാനത്ത് 2013-14ല്‍ 7468.68 കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചിട്ടുണ്ട്. 2014-15ല്‍ ബഡജറ്റ് എസ്റ്റിമേറ്റ് പ്രകാരം 9365.37 കോടി രൂപ ലഭിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം കേന്ദ്രവിഹിതമായി 7000 കോടിയേ ലഭിച്ചിട്ടുള്ളു എന്നും ഈ വര്‍ഷവും ആ തുക മാത്രമേ ലഭിക്കുകയുള്ളു എന്നുമുള്ള ധനകാര്യവകുപ്പ് മന്ത്രിയുടെ പ്രചരണം യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും, സംസ്ഥാന ഗവണ്‍മെന്റിന്റെ പിടിപ്പുകേടും അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വഴിയാണ് ധനപ്രതിസന്ധി ഉണ്ടായത് എന്ന വസ്തുത മൂടിവെക്കാനുമാണ്.

കേന്ദ്രഗവണ്‍മെന്റില്‍ നിന്ന് ഗ്രാന്റ് ഇന്‍ എയ്ഡായി 2011-12ല്‍ 3709.22 കോടിയും 2012-13ല്‍ 3021.53 കോടിയും കിട്ടിയ സ്ഥാനത്ത്, 2013-14ല്‍ 4138.21 കോടി രൂപ ലഭിച്ചിട്ടുണ്ട്. 2014-15ലെ ബഡ്ജറ്റ് എസ്റ്റിമേറ്റ് പ്രകാരം 6672.22 കോടി രൂപയാണ് ലഭിക്കേണ്ടത്. ഇതിനേക്കാള്‍ കൂടുതല്‍ കേന്ദ്ര വിഹിതത്തിന് നമുക്ക് അര്‍ഹതയുണ്ട്. യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന വേളയില്‍ ഇക്കാര്യത്തില്‍ കേരളത്തിന് നീതി ഉറപ്പുവരുത്താന്‍ യു ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര വിഹിതം 32 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തണമെന്നത് സംസ്ഥാനം വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. കേന്ദ്ര നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തിയിരുന്നുവെങ്കില്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിനാണ് ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്തം.

പതിനൊന്നാം ധനകാര്യകമ്മീഷന്റെ കാലത്ത് സംസ്ഥാനത്തിന് ലഭിച്ച വിഹിതം 3.5 ശതമാനമായിരുന്നു. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ കാലത്ത് അത് 2.6 ശതമാനമായി. ഇപ്പോള്‍ 2.34 ശതമാനമാണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം സ്ഥിതിവിശേഷത്തെ നേരിട്ടത് ക്രിയാത്മകവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ നികുതി പിരിവിനായി സ്വീകരിച്ചുകൊണ്ടാണ്. എല്‍ ഡി എഫ് കാലത്ത് മികച്ച രീതിയില്‍ സാമ്പത്തിക മാനേജ്‌മെന്റ് നടത്തി. സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ടാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചത്. ആ കാലത്ത് ഓരോവര്‍ഷവും ബഡ്ജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ നികുതി പിരിച്ചെടുക്കാന്‍ സാധിച്ചു. 2008-09ല്‍ ബഡ്ജറ്റ് മതിപ്പ് 10616 കോടി രൂപ ആയിരുന്നു. പിരിച്ചെടുത്തത് 11377 കോടി രൂപയാണ്. 2009-10ല്‍ 12713കോടി രൂപയുടെ സ്ഥാനത്ത് 12770 കോടി രൂപ പിരിച്ചെടുക്കാന്‍ സാധിച്ചു. 2010-11ല്‍ 15125 കോടി രൂപ ലക്ഷ്യമിട്ടപ്പോള്‍ പിരിച്ചെടുത്തത് 15833 കോടി രൂപയാണ്. എന്നാല്‍, യു ഡി എഫ് ഭരണകാലത്ത്; 2011-12ല്‍ 19427കോടി രൂപ ബഡ്ജറ്റില്‍ കണക്കാക്കിയ സ്ഥാനത്ത് 18938 കോടി രൂപയാണ് പിരിച്ചെടുത്തത്. 2012-13ല്‍ 23450 കോടി രൂപയുടെ സ്ഥാനത്ത്, 22511കോടി രൂപ മാത്രമേ പിരിച്ചെടുക്കാന്‍ സാധിച്ചുള്ളു. 2013-14 28456 കോടി രൂപയുടെ സ്ഥാനത്ത് 26664 കോടി രൂപയാണ് പിരിച്ചെടുത്തത്. എല്‍ ഡി എഫിന്റെ കാലത്ത് ബഡ്ജറ്റ് മതിപ്പിനേക്കാള്‍ കൂടുതല്‍ നികുതി പിരിച്ചപ്പോള്‍ യു ഡി എഫ് കാലത്ത് കഴിഞ്ഞ മൂന്ന് വര്‍ഷവും എന്തുകൊണ്ട് നികുതി വരുമാനത്തില്‍ കുറവുണ്ടായി എന്നതിന് യുക്തിസഹമായ ഒരു മറുപടി നല്‍കാന്‍ ഇതുവരെ ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണിക്ക് സാധിച്ചിട്ടില്ല.

നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ 2013 മാര്‍ച്ച് 31 വരെ 32526.96കോടി രൂപയുടെ നികുതി പിരിച്ചെടുക്കാനുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2013ലെ സി ആന്റ് എ ജി റിപ്പോര്‍ട്ടില്‍ 10272.91 കോടി രൂപ നികുതിയിനത്തില്‍ പിരിച്ചെടുക്കാനുണ്ട് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സി ആന്റ് എ ജിക്ക് ഒരു കണക്ക് കൊടുക്കുകയും നിയമസഭയില്‍ മറ്റൊരുകണക്ക് പറയുകയും ചെയ്യുന്നത് അസാധാരണമായ ഒരു നടപടിയാണ്. സി ആന്റ് എ ജിയെപ്പോലും തെറ്റിദ്ധിരിപ്പിക്കുകയാണ് സംസ്ഥാന ഗവണ്‍മെന്റ്. കെ പി സി സി പ്രസിഡന്റ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധന്‍മാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം പ്രതികരിച്ചത് 32000കോടി രൂപ നികുതിയിനത്തില്‍ പിരിച്ചെടുക്കാനുണ്ടെന്നും ഇതില്‍ 23000 കോടി രൂപ വേഗത്തില്‍ പിരിച്ചെടുക്കാന്‍ കഴിയുമെന്നുമാണ്. എന്നാല്‍, ഇതിനായുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 78673.24 കോടി രൂപയായിരുന്നു പൊതുകടം. എല്‍ ഡി എഫ് സര്‍ക്കാര്‍ കടമെടുത്ത് കേരളത്തെ കടക്കെണിയിലാക്കി എന്നാക്ഷേപിച്ച് ധവളപത്രമിറക്കിയ യു ഡി എഫ് സര്‍ക്കാര്‍, 3 വര്‍ഷം കൊണ്ട് 45719.91 കോടി രൂപ കടമെടുത്തു. 2014 മാര്‍ച്ച് 31 വരെ സംസ്ഥാനത്തിന്റെ പൊതുകടം 117596.70കോടി രൂപയാണ്. ഇതിന് ശേഷമുള്ള മാസങ്ങളില്‍ എടുത്ത കടം കൂടി ചേര്‍ത്താല്‍ ഈ വര്‍ഷം തികയുമ്പോള്‍ കടം 136872 കോടി രൂപയായിട്ട് ഉയരും. ഇത്രയേറെ പണം കടമെടുത്ത സര്‍ക്കാര്‍ ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. നാല് വര്‍ഷം കൊണ്ട് ബഡ്ജറ്റ് വഴി പുതുതായി കൊണ്ടുവന്ന നികുതി 4822.48കോടി രൂപയാണ്. 2011-12ല്‍ 615.75കോടി രൂപ, 2012-13ല്‍ 1512.05 കോടി രൂപ, 2013-14ല്‍ 1138.33 കോടി രൂപ, 2014-15ല്‍ 1556.35 കോടി രൂപ. ഇങ്ങനെ ഓരോ വര്‍ഷവും ക്രമാനുഗതമായി പുതിയ നികുതിയിനത്തില്‍ അധിക സാമ്പത്തിക ബാധ്യത ജനങ്ങളുമേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. ഇതിനുപുറമേയാണ് 17-09-2014ലെ ക്യാബിനറ്റ് തീരുമാനം വഴി 2100 കോടി രൂപയുടെ നികുതിയും 24-09-2014ലെ മന്ത്രിസഭാ തീരുമാനം വഴി 260 കോടി രൂപയുടെ നികുതികളും ചുമത്തുന്നതിന് വേണ്ടി നാല് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എല്ലാം കൂടി ചേര്‍ന്നാല്‍ യു ഡി എഫ് ഭരണത്തില്‍ 7182.48 കോടിരൂപയുടെ അധികബാധ്യതയാണ് ജനങ്ങളുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

എല്‍ ഡി എഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 1989 കോടി രൂപയുടെ അധിക വിഭവ സമാഹരണമാണ് നടത്തിയത്. ഇതില്‍ 500 കോടിയോളം രൂപ ഡാമുകളില്‍ നിന്ന് മണല്‍വാരല്‍ വഴി കണ്ടെത്തിയതായിരുന്നു. മൂല്യ വര്‍ധിത നികുതിയില്‍ വര്‍ധനവ് വരുത്താതെ, സാധാരണക്കാരെ ബാധിക്കാത്ത വിധത്തിലുള്ള നികുതി നിര്‍ദേശങ്ങളാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് നടപ്പിലാക്കിയത്. എന്നാല്‍, യു ഡി എഫ് സര്‍ക്കാര്‍ ബഡ്ജറ്റ് വഴിയും ഓര്‍ഡിനന്‍സുകള്‍ വഴിയും ചുമത്തിയ നികുതികള്‍ക്ക് പുറമെയാണ് ഇലക്ട്രിസിറ്റി ചാര്‍ജ്ജ്, കുടിവെള്ളക്കരം, ബസ്ചാര്‍ജ്ജ്, ഓട്ടോറിക്ഷ-ടാക്‌സി ചാര്‍ജ്ജുകള്‍, പാല്‍വില തുടങ്ങിയവയുടെ നിരക്ക് വര്‍ധനവിലൂടെ കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, കെ എസ് ആര്‍ ടി സി, മില്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ ജനങ്ങളുടെമേല്‍ അമിതഭാരം ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ കുടിവെള്ളത്തിന്റെ കരം 60 ശതമാനം വര്‍ധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ കുടിവെള്ളംപോലും മുട്ടിക്കുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിചേര്‍ന്നിരിക്കുന്നു. 200 കോടി രൂപ ഇതുവഴി സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. ഇതില്‍ 15000ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവരെ ചാര്‍ജ്ജ് വര്‍ധനവില്‍ നിന്ന് ഒഴിവാക്കാമെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ച നികുതിനിഷേധ സമരത്തെ തുടര്‍ന്ന് സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. ഇതുവഴി സര്‍ക്കാര്‍ കണക്കാക്കിയതില്‍ നിന്നും 50 കോടി രൂപയുടെ കുറവ് മാത്രമേ വരുന്നുള്ളു. 150 കോടി രൂപ ഉപഭോക്താക്കളില്‍ നിന്ന് കൊള്ളയടിക്കുകയാണ്. ജല അതോറിറ്റിക്ക് പിരിഞ്ഞുകിട്ടാനുള്ള തുക 2014 മാര്‍ച്ച് വരെയുള്ളത് 613.78 കോടിരൂപയാണ്. ഈ തുക പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാരാണ് കുടിവെള്ളം ഉപയോഗിക്കുന്നവരുടെ മേല്‍ ഈ അക്രമനികുതി അടിച്ചേല്‍പ്പിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ ഫീസ് നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നതിന്റെ ഫലമായി 369 കോടിരൂപയാണ് അധികം ഈടാക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടേതായി 23-09-14ന് തന്നെ പുറപ്പെടുവിച്ചു. ഇത് 80 ശതമാനം ജനങ്ങളെയും ബാധിക്കും. ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജാതി-വരുമാന- നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഭൂമിയുടെ കൈവശാവകാശ രേഖ, പോക്കുവരവ് സര്‍ട്ടിഫിക്കറ്റ്, വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ദൈനംദിന ജീവിതത്തില്‍ അത്യാവശ്യങ്ങള്‍ക്കായി വേണ്ടിവരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഒടുക്കേണ്ടി വരുന്ന എല്ലാ ഫീസുകളും 100 ശതമാനമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ 2011 ഏപ്രിലില്‍ സംസ്ഥാന ഖജനാവില്‍ 2800 കോടി രൂപ മിച്ചമുണ്ടായിരുന്നു. ഈ പണം അഴിമതിയും ധൂര്‍ത്തും നടത്തി കൊള്ളയടിച്ച യു ഡി എഫ് സര്‍ക്കാര്‍, അവരുടെ നയത്തിന്റെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. നികുതിഭാരത്തോടൊപ്പം നിയമന നിരോധനവും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു. പി എസ് സി അഡൈ്വസ് മെമ്മോ കൊടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നില്ല. കെ എസ് ആര്‍ ടി സി, അഡൈ്വസ് മെമ്മോ നല്‍കിയ ആറായിരത്തോളം പേരെ ഇനിയും സര്‍വ്വീസില്‍ പ്രവേശിപ്പിച്ചിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളിലും ഹയര്‍സെക്കണ്ടറി വകുപ്പിലും ഇതേ അനുഭവമാണുള്ളത്. അഡൈ്വസ് മെമ്മോ ലഭിച്ചുകഴിഞ്ഞാല്‍, മൂന്ന് മാസത്തിനുള്ളില്‍ നിയമനം നടത്തിയിരിക്കേണ്ടതാണ്. സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ല. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ട് റാങ്ക് ഹോള്‍ഡര്‍മാരെ കബളിപ്പിക്കുകയാണ്. 50000ത്തോളം തസ്തികകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 7500 തസ്തികകള്‍ ഇതിനകം നിര്‍ത്തലാക്കി. 60000 പേര്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലും, ദിവസക്കൂലിക്കാരായും ജോലി ചെയ്യുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പുതിയ തസ്തികകള്‍ അനുവദിക്കാന്‍ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല, നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുമില്ല. പോലീസ് വകുപ്പില്‍ 10000ത്തോളം ഒഴിവുകളുണ്ട്. ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങിയ വകുപ്പുകളിലും 30 ശതമാനത്തിലേറെ ഒഴിവുകളുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 ലക്ഷത്തില്‍പ്പരം വരുന്ന യുവതീ യുവാക്കളുടെ പ്രതീക്ഷകള്‍ തകര്‍ത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. ഇത്തരം നടപടികളിലൂടെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ സാധാരണ ജനങ്ങളുടെയും യുവാക്കളുടെയും തലയില്‍ കെട്ടിയേല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
വര്‍ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കണമെന്നും വര്‍ധിപ്പിച്ച വെള്ളക്കരം ഉപേക്ഷിക്കണമെന്നും എല്‍ ഡി എഫ് ഉന്നയിച്ച ആവശ്യത്തിന് വിവിധ വിഭാഗം ജനങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചിരിക്കയാണ്. നിയമസഭയുടെ അംഗീകാരമില്ലാതെ വര്‍ധിപ്പിച്ച നികുതിയും വെള്ളക്കരവും അടക്കരുത് എന്ന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നു. ഇതിനായി, നികുതി നിഷേധസമരം ആരംഭിക്കുമെന്നാണ് എല്‍ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ളത്.

“നികുതി വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റിന് അറിയാമെങ്കില്‍ വര്‍ധിപ്പിച്ച നികുതി പിരിച്ചെടുക്കാനുമറിയാ” മെന്നാണ് ഉമ്മന്‍ചാണ്ടി ജനങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. തന്റെ കൈയ്യില്‍ അമ്പതിനായിരം പോലീസുകാരുണ്ടെന്ന ബലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ വെല്ലുവിളി. “പ്രതിപക്ഷത്തോട് ആലോചിച്ചല്ല നികുതി തീരുമാനിക്കുന്നത്” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, പോലീസുകാരുടെ യൂനിഫോം പരിഷ്‌കരണത്തിനെതിരെ പോലീസ് അസോസിയേഷന്‍ പ്രതികരിച്ചപ്പോള്‍ “കാളയ്ക്ക് നുകം വെക്കുന്നത് കാളയോട് ചോദിച്ചിട്ടല്ല” എന്ന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ പറഞ്ഞ കെ. കരുണാകരന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്നു. നികുതി നിഷേധസമരത്തെ രാജ്യദ്രോഹസമരമായി മുദ്രകുത്തുകയാണ് ധനകാര്യ മന്ത്രി കെ എം മാണി. നികുതി നിഷേധസമരം ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിച്ചത് മഹാത്മാ ഗാന്ധിയാണ്. ഉപ്പിന് ബ്രിട്ടീഷ് ഭരണകാലത്ത് നികുതി ചുമത്തിയപ്പോഴാണ് മഹാത്മാഗാന്ധി നികുതി നിഷേധ സമരം 1930ല്‍ പ്രഖ്യാപിച്ചത്. ഈ സമരം പ്രഖ്യാപിച്ച കാലത്ത് ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഇര്‍വ്വിന്‍പ്രഭു, നികുതികെട്ടിയാല്‍ നികുതി പിരിച്ചെടുക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഉപ്പ് സത്യാഗ്രഹ സമരത്തെ നേരിട്ടത്. ഇര്‍വ്വിന്‍പ്രഭുവിന്റെ അതേ ശബ്ദത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കുന്നത്. തിരുവിതാംകൂറിലെ രാജഭരണകാലത്ത് അറുപത്തിനാല് തരം കരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുണ്ടായി. ഈ നികുതികള്‍ക്കെതിരെ തിരുവിതാംകൂറില്‍ ശക്തമായ നികുതി നിഷേധസമരം വളര്‍ന്നുവന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഏര്‍പ്പെടുത്തിയ നികുതികള്‍ക്കെതിരായാണ് പഴശ്ശിരാജയുടെ നേതൃത്വത്തില്‍, കപ്പംകൊടുക്കാന്‍ നിവൃത്തിയില്ലാതിരുന്ന സാധാരണക്കാരായ ജനങ്ങള്‍ പോരാട്ടം നടത്തിയത്. ഇത്തരം പോരാട്ടങ്ങളെല്ലാം അടിച്ചമര്‍ത്താന്‍ അന്നത്തെ ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ഭരണകൂടങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണ് ജനങ്ങള്‍ അക്രമനികുതികളില്‍ നിന്ന് മോചനം നേടിയത്. ഈ പോരാട്ട പാരമ്പര്യമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭീഷണിമുഴക്കുന്നത്. വര്‍ധിപ്പിച്ച നികുതി ഒടുക്കേണ്ടി വരുന്ന സാധാരണക്കാരായ ജനങ്ങളെ അണിനിരത്തിക്കൊണ്ട് വമ്പിച്ച ഒരു പോരാട്ടത്തിന് കേരളം തയ്യാറെടുക്കാന്‍ പോവുകയാണ്. സപ്തംബര്‍ 29, 30തിയ്യതികളിലെ പ്രാദേശിക പ്രകടനങ്ങളും പൊതുയോഗങ്ങളും ഒക്‌ടോബര്‍ 8ന് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലാ കേന്ദ്രങ്ങളിലെ പ്രതിഷേധ കൂട്ടായ്മകളും വാര്‍ഡ് തലത്തില്‍ നടക്കാന്‍ പോകുന്ന നികുതിദായകരുടെ കൂട്ടായ്മകളും വഴി, വമ്പിച്ച ഒരു ബഹുജന പ്രക്ഷോഭഭൂമികയായി കേരളം മാറാന്‍ പോവുകയാണ്. പ്രക്ഷോഭത്തിലേക്ക് ജനങ്ങളെ തള്ളിവിടാതെ, ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതികള്‍ ഉപേക്ഷിക്കുക തന്നെ വേണം.

 

29-Sep-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More