യാത്രകളുടെ നെടുവീര്‍പ്പുകള്‍

ബാഗുകളും തൂക്കി ഓടുന്നതിനിടയില്‍ അച്ഛന്‍ വിളിച്ചു പറഞ്ഞു. “മോളെ., നീ കുഞ്ഞിനെയും എടുത്തു എന്റെ പിറകെ ഓടി വന്നോളൂ...” 

അച്ഛന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ മോളെയും എടുത്തു അച്ഛന്റെ പിറകെ ഓടി. ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ കയറുമ്പോള്‍ ഞാന്‍ വല്ലാതെ ക്ഷീണിച്ചു. ഒരു നിമിഷം മോളെ താഴെ നിര്‍ത്തി. വീണ്ടും എടുത്ത്  മുന്നോട്ടേക്ക്. പക്ഷെ, മുന്നില്‍ അച്ഛനില്ല. മനസിലേക്ക് പേടി ഒരു പെരുമഴയായി പെയ്തിറങ്ങി. അച്ഛന്‍ ഏത് പ്ലാറ്റ്‌ഫോമിലേക്കാണ് പോയത്?  ഇരുളടഞ്ഞ ഒരു പ്ലാറ്റ്ഫോമില്‍ പകച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് ദൈവദൂതനെ പോലെ ഒരാള്‍!

 

പാളങ്ങള്‍. കൂട്ടിമുട്ടാതെ അനന്തതയിലേക്ക് നീളുന്ന പാളങ്ങള്‍. പോക്കുവെയില്‍ തട്ടി തിളങ്ങുന്നു. ഓര്‍മ്മകളുടെ തീവണ്ടിയിലാണ്. അതില്‍ യാത്ര പിറകോട്ടേക്ക് പോയി.

ആദ്യത്തെ ട്രെയിന്‍ യാത്ര. അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും കൂടെ കോട്ടയത്തേക്ക്.   പിന്നീട് പോണ്ടിച്ചേരിയില്‍ ചിറ്റയുടെ അടുത്തേക്ക്. വാക്മാനില്‍ പാട്ടുകള്‍ കേട്ടും പുസ്തകങ്ങള്‍ വായിച്ചും ചീട്ടുകളിച്ചും പകല്‍ രസകരമായി കടന്നുപോയി. ആദ്യമായാണ് ട്രെയിനില്‍ രാത്രി കഴിച്ചുകൂട്ടുന്നത്. ഉറക്കം വരാത്ത രാത്രി.

തീവണ്ടി പാളങ്ങളില്‍ ഉരസി കുതിച്ചു പായുന്നതിന്റെ  താളം ശ്രദ്ധിച്ച് നേരം വെളുപ്പിച്ചു. പ്രകൃതിയെ ഞാന്‍ ഇത്രയേറെ സ്‌നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞത് ആ യാത്രകളില്‍ എപ്പോഴോ ആയിരുന്നു.

പ്രകൃതിയും സംഗീതവും ഒന്നാവുന്ന നിമിഷങ്ങള്‍. ഞാന്‍ അതില്‍ ലയിച്ചു. ദൂരെ മേഘകൂട്ടങ്ങളില്‍ ചേര്‍ന്ന് പാറി നടന്നു. സഹ്യന്‍ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നത് അത്ഭുതത്തോടെ കണ്ടു. അപ്പോള്‍ എന്നിലേക്ക് ഉതിര്‍ന്ന സംഗീതത്തിനും അത്ഭുതത്തിന്റെ വികാരമായിരുന്നു. വശ്യമായ നീലിമ കണ്ണില്‍ നിന്നും മറയുവോളം നോക്കി നിന്നു. പച്ച പാടങ്ങളും ചെറിയ കാടുകളും കുന്നുകളും ആദ്യമായി കാണുന്ന പോലെ കൗതുകം പകര്‍ന്നു. ഞാന്‍ മുന്നൊട്ടേയ്ക്ക് കുതിക്കുമ്പോള്‍ അവയെല്ലാം പിന്നോട്ടേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

ഞാന്‍ പഠിക്കാത്ത, എന്റെ ആദ്യത്തെ അന്യഭാഷ ആയിരുന്നു തമിഴ്.

അതുകൊണ്ടാണോ എന്തോ, എനിക്ക് ആ ഭാഷ ഏറെ പ്രിയപ്പെട്ടതായിരുന്നു.

മണിരത്‌നത്തിന്റെ സിനിമകളും ഇളയരാജയുടെ ഗാനങ്ങളും അന്നുമിന്നും ഹരമാണ്.

യാത്രകളില്‍ മണിരത്‌നം സിനിമയിലെ നായികയായി, ഇളയരാജയുടെ ഗാനങ്ങള്‍ മൂളിയാണ് ഞാന്‍  നടന്നിരുന്നത്. ആരും കാണാതെ. ആരും കേള്‍ക്കാതെ. കൗമാര സ്വപ്‌നങ്ങളുടെ വേലിയേറ്റക്കാലം. ആപ്പനും ചിറ്റയും കുട്ടികളും അമേരിക്കയിലേക്ക് മടങ്ങി പോകുന്നത് വരെയായിരുന്നു ആ യാത്രകള്‍ക്ക് ദൈര്‍ഘ്യമുണ്ടായിരുന്നത്.

പിന്നീട് തീവണ്ടി കയറിയത് കല്യാണം കഴിഞ്ഞപ്പോഴാണ്. എന്റെ ഉണ്ണിയേട്ടനൊപ്പം. അദ്ദേഹത്തിന്റെ ജോലി സ്ഥലമായ മധ്യപ്രദേശിലെ ദേവാസിലേക്ക്. പ്രിയപ്പെട്ടവരെ പിരിഞ്ഞ് ആദ്യമായായിരുന്നു ഇത്ര അകലേക്ക്. ഇവരെയൊക്കെ അനിയെന്നാണ് കാണാനാവുക? അറിയില്ല.

യാത്ര തുടങ്ങുമ്പോള്‍ ഉണ്ണിയേട്ടന്‍, ദിവസങ്ങള്‍ മാത്രം പരിചയമുള്ള ഒരപരിചിതന്‍ കൂടിയാണ്. ആ യാത്രയിലായിരുന്നു ഞങ്ങള്‍ പരസ്പരം കൂടുതല്‍ അറിഞ്ഞത്. യാത്ര അവസാനിക്കുമ്പോള്‍ ഉണ്ണിയേട്ടന്‍ എല്ലാമെല്ലാമായി!

ഒരു വര്‍ഷം കഴിഞ്ഞ് അച്ഛനോടുമമ്മയോടുമൊപ്പം തിരികെ നാട്ടിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ ഞാന്‍ നെഞ്ചുപൊട്ടി കരഞ്ഞു! ഉണ്ണിയേട്ടനെ പിരിയുന്നതില്‍ വിഷമിച്ച്. ആദ്യമായി നാട്ടിലേക്ക് പോകുന്ന ഒരു ഗര്‍ഭിണിയുടെ ഉത്തരവാദിത്തം എന്റെ അച്ഛനും  അമ്മയ്ക്കും ഉണ്ടായിരുന്നു. അവര്‍ ആ കരച്ചലിനൊപ്പം ചിരിച്ചു. കണ്ണുനീര്‍ ചിലപ്പോള്‍ സന്തോഷം പകരുന്നതുമാണ്!

നീണ്ടുനീണ്ടു കിടക്കുന്ന വരണ്ട പ്രദേശങ്ങള്‍ താണ്ടി, തീവണ്ടി പാലക്കാട് പ്രവേശിച്ചപ്പോള്‍ എന്റെ മനസില്‍ സന്തോഷം നിറഞ്ഞു. പഴയ പട്ടുപാവാടക്കാരിയെ പോലെ തുള്ളിച്ചാടാന്‍ കൊതിച്ചു. എന്റെ നാട്! ആദ്യം കാണുംപോലെ.

നിലാവ് നിളയില്‍ നീരാടുമ്പോഴുള്ള ഭംഗി.  ഉറങ്ങുന്ന, ഉണരുന്ന ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും ജീവിതത്തിന്റെ ഭംഗി. സൂര്യന്‍ ഉദിക്കുമ്പോഴുള്ള ഒരു പ്രത്യേക ഭംഗി.

പൈക്കളെയും കൊണ്ട് മേയ്ക്കാനായ് പോകുന്ന പെണ്‍കുട്ടിയുടെ ഭംഗി.  ഏതോ വീട്ടുമുറ്റത്തിരുന്ന ഗോലി കളിക്കുന്ന കുട്ടകളുടെ ഭംഗി. വേലിക്കല്‍ നിന്ന് സംസാരിക്കുന്ന സ്ത്രീകളുടെ ഭംഗി. വളരെ നാളുകള്‍ക്ക് ശേഷം കാണുന്നത് കൊണ്ടാവും ഈ വല്ലാത്തൊരു ഭംഗി. ജീവിതത്തില്‍ ആദ്യമായി ഗൃഹാതുരത്വം അനുഭവിച്ച നിമിഷങ്ങള്‍.

ഏകദേശം ഒരു വര്‍ഷത്തിന് ശേഷം കുടുംബത്തിലെ പുതിയ വിരുന്നുകാരിയെയും കൊണ്ട്, ഞങ്ങളുടെ മോളെയും കൊണ്ട് തിരികെ ദേവാസിലേക്കുള്ള യാത്ര. അതും തീവണ്ടിയിലായിരുന്നു. അന്നും ഞാന്‍ ഉറങ്ങിയില്ല. ആദ്യമായി ഒരമ്മയുടെ ഉള്‍ക്കണ്ഠ ഞാന്‍ അറിഞ്ഞു. പിഞ്ചിളം ചുണ്ടുകള്‍ വിതുമ്പാതെ ഞാന്‍ കരുതിയിരുന്നു.

നാട്ടിലേക്കുള്ള വരവുകളും, തിരികെയുള്ള യാത്രകളും പിന്നീട് ഒരു ശീലമായി. സ്‌റ്റേഷനില്‍ എന്നെയും കാത്ത് നില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ സ്‌നേഹം നിറഞ്ഞ മുഖങ്ങള്‍ എന്നും മനസ്സിന് കുളിര്‍മയായി.

മറക്കാന്‍ പറ്റാത്ത അനുഭവവുമായുള്ള ഒരു വല്ലാത്ത ട്രെയിന്‍യാത്ര ഉണ്ടായിരുന്നു. ആ യാത്രയില്‍ ഉണ്ണിയേട്ടന്‍ കൂടെയുണ്ടായിരുന്നില്ല. ജോലി  തിരക്ക് കാരണം ഉണ്ണിയേട്ടന് വരാന്‍ പറ്റിയില്ല. എന്നെയും മോളെയും നാട്ടിലേക്ക് കൂട്ടാനായി അച്ഛന്‍ വന്നു. നേരിട്ടുള്ള ട്രെയിന്‍ കിട്ടാഞ്ഞതിനാല്‍ പൂനെയില്‍ നിന്നും ആര്‍ക്കോണം വരെയും അവിടെ നിന്നും വേറെ ട്രെയിനിലുമാണ് റിസര്‍വേഷന്‍ തരപ്പെടുത്തിയിരുന്നത്. ആര്‍ക്കോണത്ത് എത്തി കുറെ നേരത്തിന് ശേഷമാണ് നാട്ടിലേക്കുള്ള ട്രെയിന്‍. പ്ലാറ്റ്്‌ഫോറം ഒക്കെ അച്ഛന്‍ നേരത്തെ അന്വേഷിച്ചു വെച്ചിരുന്നു. ഞങ്ങള്‍ വളരെ നേരത്തെ തന്നെ അവിടെ എത്തി ഇരുപ്പുറപ്പിച്ചു. ദൂരെ പൊട്ടു പോലെ തീവണ്ടി വരവായി. സ്പീക്കറില്‍ കൂടെ അറിയിപ്പ് മുഴങ്ങി. ഞങ്ങളിരിക്കുന്ന പ്ലാറ്റ്‌ഫോമിലേക്കല്ല ട്രെയിന്‍ വരുന്നത്.

പ്ലാറ്റ്‌ഫോറം മാറ്റിയ വിവരം അറിഞ്ഞു ഞങ്ങള്‍ വല്ലാതായി. വിഷമിച്ചു. ഇനി ഈ വൈകിയ  വേളയില്‍ എങ്ങനെ ബാഗുകളും കുഞ്ഞുമോളെയും കൊണ്ട് വേറെ ഒരു പ്ലാറ്റ്്‌ഫോമിലേക്ക് ഓടിയെത്തും?

ബാഗുകളും തൂക്കി ഓടുന്നതിനിടയില്‍ അച്ഛന്‍ വിളിച്ചു പറഞ്ഞു. “മോളെ., നീ കുഞ്ഞിനെയും എടുത്തു എന്റെ പിറകെ ഓടി വന്നോളൂ...” 

അച്ഛന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ മോളെയും എടുത്തു അച്ഛന്റെ പിറകെ ഓടി. ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ കയറുമ്പോള്‍ ഞാന്‍ വല്ലാതെ ക്ഷീണിച്ചു. ഒരു നിമിഷം മോളെ താഴെ നിര്‍ത്തി. വീണ്ടും എടുത്ത്  മുന്നോട്ടേക്ക്. പക്ഷെ, മുന്നില്‍ അച്ഛനില്ല. മനസിലേക്ക് പേടി ഒരു പെരുമഴയായി പെയ്തിറങ്ങി. അച്ഛന്‍ ഏത് പ്ലാറ്റ്‌ഫോമിലേക്കാണ് പോയത്?  ഇരുളടഞ്ഞ ഒരു പ്ലാറ്റ്ഫോമില്‍ പകച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് ദൈവദൂതനെ പോലെ ഒരാള്‍!

മോള്‍ക്ക് നേരെ അയാള്‍ കൈ നീട്ടി.

അറിയാതെ ഞാന്‍ മോളെ അയാള്‍ക്ക് കൈമാറി.

ധൃതിയില്‍ നടക്കുന്ന അയാളെ പിന്തുടര്‍ന്നു.

വേവലാതിയോടെ നില്‍ക്കുന്ന അച്ഛന്റെ മുന്നിലായിരുന്നു ആ നടപ്പ് അവസാനിച്ചത്. ഒരുയാത്രപോലും പറയാതെ അയാള്‍ തിരികെ നടന്നു. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടു. ദൂരെതിരക്കിലൊരാളായി അയാള്‍ മറഞ്ഞു.

അടുത്ത പ്ലാറ്റ്ഫോമില്‍ ഇതെല്ലാം കണ്ടു നിന്ന ആരോ ഒരാള്‍ എന്നെ സഹായിക്കാന്‍ എത്തിയതായിരിക്കാം  എന്ന അച്ഛന്റെ ന്യായീകരണം ഞാന്‍ വിശ്വസിച്ചു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നല്ല മൂന്ന് സുഹൃത്തുക്കളെ  കാണുവാനായതും ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു. സ്‌റ്റേഷനില്‍ എത്തുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. ചിന്തകളെ കീറിമുറിച്ചുകൊണ്ട് ഞങ്ങളുടെ ട്രെയിന്‍ എത്തി. ഓര്‍മ്മകളുടെ തീവണ്ടിയില്‍ നിന്നും ഇറങ്ങി കൂകിപ്പായുന്ന തീവണ്ടിയിലേക്ക് കയറുമ്പോള്‍ പിറകില്‍  മറയുന്ന സ്‌റ്റേഷന്‍. നിളയുടെ തീരത്തുകൂടി തെയ്യത്തിന്റെയും  മുത്തപ്പന്റെയും നാട്ടിലേക്ക്.  വളരെക്കാലത്തിന് ശേഷം മഴയിലൂടെ എന്റെ നാടിന്റെ ഹൃദയത്തുടിപ്പറിഞ്ഞൊരു യാത്ര. ഓര്‍മ്മകളുടെ നിധി മുറുക്കെപ്പിടിച്ചു ഞാനും ചൂളം വിളിച്ചു പാഞ്ഞുകൊണ്ടേയിരുന്നു. ജനലഴികളിലൂടെ മറഞ്ഞു പോകുന്ന മുഖങ്ങള്‍ക്കെല്ലാം ഒരേ ഛായ. പലപ്പോഴും കാഴ്ച്ചയെ മഴ മറയ്ക്കുന്നു. അപ്പോള്‍ ഓര്‍മ്മകള്‍ക്ക് മിഴിവേറുന്നു. പച്ചപ്പിന്റെ, തുരുത്തുകള്‍ ദൂരേക്ക് മറയുന്നു. ഇരുളിന്റെ തുരങ്കം ഭേദിച്ച് വണ്ടി പിന്നെയും മുന്നോട്ടേക്കാണ്.

ജനലഴിയിലെ മഴത്തുള്ളികളില്‍ ഞാന്‍ അലിഞ്ഞുപോവുന്നുണ്ടോ? പുറത്ത് മഴ ഒന്നുകൂടി ശക്തി പ്രാപിച്ചു.

മങ്ങിയ കാഴ്ച പോലെ എന്റെ ഓര്‍മ്മയും മങ്ങി തുടങ്ങിയിരുന്നു.

നൃത്തമാടി തളര്‍ന്ന് വേഷം അഴിച്ചുവച്ച  പച്ചയായ മുഖങ്ങള്‍ എന്നെ നോക്കി വികൃതമായി അട്ടഹസിക്കുന്നുണ്ടായിരുന്നു.

മഴ  കരങ്ങള്‍ നീട്ടി എന്നെ പെയ്ത്തിലേക്ക് ആവാഹിച്ചു.

ഞാനും മഴയും ഒന്നായി.

ഓര്‍മകളിലെ പൊള്ളയായ മുഖങ്ങള്‍ അപ്പോഴും ആര്‍ത്തു ചിരിക്കുന്നു.

 

12-Dec-2013

ആത്മാംശം മുന്‍ലക്കങ്ങളില്‍

More