ഒരു സിറിയന്‍ കലണ്ടര്‍
അനില്‍ പള്ളൂര്‍
യുദ്ധഭൂമിയില്‍ കലണ്ടറുകള്‍
അപ്രസക്തമാണ്.
ചത്തവരുടെ എണ്ണവും
മൃത്യു ഉമ്മവെച്ച ബാല്യങ്ങളും
കൈകാലുകള്‍ ഊര്‍ന്നുപോയ ശരീരങ്ങളും
കണ്ണുകള്‍ കൊഴിഞ്ഞുവീണ
രാജവീഥികളുമാണ്
കലണ്ടറിലെ അക്കങ്ങള്‍ക്ക്
കറുപ്പും ചുവപ്പും
നിറം പകരുന്നത്.
ചരിത്ര സ്മൃതികുടീരങ്ങളില്‍
ഷെല്ലുകള്‍ മുത്തമിട്ടു
മടങ്ങുമ്പോള്‍
ബലാല്‍സംഘം ചെയ്യപെടുന്ന
സംസ്‌കാരങ്ങള്‍ക്ക് കലണ്ടറുകള്‍
അനിവാര്യമല്ല.
തെരുവിലെ യുദ്ധമൂര്‍ച്ച,
കലണ്ടറുകളില്‍
ദിനവും രാവും വേര്‍തിരിക്കാനാവാതെ
അക്കങ്ങളായി വിങ്ങുമ്പോള്‍
ചുമരിന്റെ നെഞ്ചില്‍ ആണിയടിച്ചു
ക്രൂശിതനെ പോലെ തൂങ്ങുന്ന
കലണ്ടറിലെ താളുകള്‍
പ്രാതലും അത്താഴവുമായി
കുബ്ബൂസിന്റെ രൂപത്തില്‍
ഒരു നുള്ള് ഉപ്പുപോലും
അകമ്പടി സേവിക്കാതെ
അമ്മമാരുടെ വയറ്റിലേക്ക്
കടന്നു ചെല്ലുമ്പോള്‍
ചുവരിലെ ആണി മാത്രമാണ് സാക്ഷ്യം
സ്വാതന്ത്ര്യ ദിനവും അമാവാസിയും
അടയാളപെടുത്തിയ കലണ്ടറും തപ്പി
കലണ്ടര്‍ നഷ്ടപെട്ടവര്‍ പലായനത്തിലാണ്.
https://www.facebook.com/anil.palloor
15-Jan-2014
കവിതകൾ മുന്‍ലക്കങ്ങളില്‍
More