ഒറ്റക്കൊമ്പൻ

കറുപ്പായിരുന്നു നിറം;
സര്‍വ്വം സ്വാംശീകരിയ്ക്കുന്ന കറുപ്പ്.
മയില്‍പ്പീലിക്കണ്ണുകളില്‍ കുടിയിരുന്നു,
ഒരു കൊടുംകാട്.
മദപ്പാടുകള്‍ ശേഷിയ്ക്കുന്ന കര്‍ണ്ണപടങ്ങളില്‍
പറ്റിപ്പിടിച്ചിരുന്നു,
സര്‍വ്വകാല ജ്ഞാനിയുടേതെന്നപോലെ
തൂവല്‍ ഞരമ്പുകള്‍.
വിശാലമായ നെറ്റിത്തടത്തില്‍
ഒരു പ്രവാചകന്റെ അഹങ്കാരമുദ്രകള്‍.

മഴപ്പെയ്ത്തുകള്‍
നനച്ചാനയിച്ച സിംഹാസനങ്ങള്‍
എന്നും കാത്തുകിടന്നു.
ഏതുത്സവഛായയിലും
തിടമ്പേറ്റും കൊമ്പന്റെ സ്ഥാനം
ഒഴിഞ്ഞുകിടന്നു.
വേനല്‍ കത്തിയാളുമ്പോള്‍
പൊട്ടിത്തെറിയ്ക്കുന്ന വിത്തുകള്‍
ഒടുങ്ങിയേയില്ല.

കൊലവിളിയില്‍ നടുങ്ങുന്ന
മുരിക്കുമരങ്ങളുടെ ചോരച്ചുവപ്പില്‍
കണ്ണ് കലങ്ങിയിരുന്നു എന്നും
പിഴുതെറിയുന്ന വേരുകളിലെ
മണ്‍തരികള്‍ പോലും
പെറുക്കിയെടുത്തിരുന്നു, നഖങ്ങള്‍.
ഒരു മയക്കുവെടിയ്ക്കും കാത്തുനില്ക്കാതെ
തിരികെ കാടുപൂകിയിരുന്നു, കറുപ്പ്.

എന്നിട്ടും ഗ്രീഷ്മമേ...
നിന്റെ,
എണ്ണ വറ്റിയ കണ്ണുകളില്‍ മുങ്ങിത്തപ്പി
ആഴങ്ങളെ മറന്നൊരീയൊറ്റയാന്
ഒരോര്‍മ്മയുടെ വരം കടം നല്‍കാന്‍
ഏതു കാലത്തിന്റെ
കാല്‍ വരി നീന്തണം?!

https://www.facebook.com/binu.anamangad

 

13-Feb-2014

കവിതകൾ മുന്‍ലക്കങ്ങളില്‍

More