രാജ്യത്ത് ഫാസിസം മേല്‍ക്കൈ നേടിയ വിധം
എം വി ഗോവിന്ദന്‍മാസ്റ്റര്‍
ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തമായി നടപ്പിലാക്കിയ യുപിഎ ഗവണ്‍മെന്റിനെതിരായി ജനരോഷമുണ്ടാവുമെന്ന് കുത്തകള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലേക്ക് എത്തിക്കുക എന്നത് പ്രയാസമാണെന്നും അവര്‍ കണക്ക് കൂട്ടി. അതിനാല്‍ ഇതേ നയങ്ങള്‍ പിന്തുടരുന്ന മറ്റൊരു രാഷ്ട്രീയശക്തിയെ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിന് ആവശ്യമാണെന്ന് കുത്തകകള്‍ വിലയിരുത്തി. അങ്ങനെയാണ് അവര്‍ മോഡിയ്ക്ക് വേണ്ടി പണിയെടുത്തത്. മാധ്യമങ്ങളെ വിലക്കെടുത്ത് മോഡിഭക്തിയും ഗുജറാത്ത് വികസനവും മാര്‍ക്കറ്റ് ചെയ്തത് കുത്തകകള്‍ ആണ്. ബി.ജെ.പി, സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അതേ നിലപാടുകളാണ് സ്വീകരിക്കുന്നത്. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുക, കമ്പോളശക്തികള്‍ക്ക് എല്ലാ മേഖലയും വിട്ടുകൊടുക്കുക, ധനമൂലധനശക്തികള്‍ക്ക് രാജ്യത്തിന്റെ എല്ലാ മേഖലകളും തുറന്നുകൊടുക്കുക തുടങ്ങിയ നയങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നു. പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച ബില്ല് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും അതിനെ പിന്തുണച്ചത് ഇതിനുള്ള മികച്ചൊരുദാഹരണമാണ്. തങ്ങളുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് കോണ്‍ഗ്രസിനെപോലെ അനുയോജ്യമാണ് ബി.ജെ.പി എന്ന തിരിച്ചറിവില്‍നിന്നാണ് കോര്‍പ്പറേറ്റുകള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. മോഡിയെ വാഴ്ത്തുന്ന മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കും ഇത്തരം ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ നിലപാടുകള്‍ കൈക്കൊള്ളുന്ന ഇടതുപക്ഷത്തിനും അതോടൊപ്പം നില്‍ക്കുന്ന മതേതര ശക്തികള്‍ക്കുമെതിരെ നില്‍ക്കുന്നത് കോര്‍പ്പറേറ്റുകളോടുള്ള താല്‍പ്പര്യം കൊണ്ടാണ്. |
ഇന്ത്യയുടെ ഭരണസാരഥ്യത്തിലേക്ക് ബി ജെ പി എത്തിപ്പെട്ടത് യാദൃശ്ചികമായല്ല. അതിന്റെ പ്രധാന ഉത്തരവാദിത്തം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളതാണ്. കോര്‍പറേറ്റ് പ്രീണനം, അഴിമതിയുടെ മഹാഗാഥകള്‍, തുടര്‍ച്ചയായ ജനദ്രോഹ-രാജ്യദ്രോഹനടപടികള്‍, സാമ്രാജ്യത്വവിധേയത്വം, ജനങ്ങളെ പാപ്പരാക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം അപകടപ്പെടുത്തുന്നതുമായ നയനിലപാടുകള്‍ തുടങ്ങിയവയിലൂടെ യു പി എ സര്‍ക്കാര്‍ ജനങ്ങളെ പരമാവധി വെറുപ്പിച്ചു. 543 പാര്‍ലമെന്റ് സീറ്റുകളില്‍ 404 എണ്ണവും 1984ല്‍ തൂത്തുവാരിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ വെറും 44 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് വന്ന 1977ലെ തെരഞ്ഞെടുപ്പില്‍ വരെ കോണ്‍ഗ്രസിന് 154 സീറ്റുകളുണ്ടായിരുന്നു എന്നതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഈ ദയനീയപരാജയത്തിലേക്ക് കണ്ണോടിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയങ്ങളുടെ വെറുപ്പിക്കല്‍ ശേഷിയെ തിരിച്ചറിയുവാന്‍ സാധിക്കുക.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്ത് അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടു. ജനവിരുദ്ധ നയങ്ങള്‍ തിരുത്തുന്നതിന് വേണ്ടി നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തൊഴിലാളികളുടെ പണിമുടക്കിന് വരെ രാജ്യം സാക്ഷ്യം വഹിച്ചു. എന്നാല്‍, ഈ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും പരിഹസിക്കുന്ന നിലപാടാണ് യു പി എ സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും കൈക്കൊണ്ടത്. അവര്‍ ജനങ്ങളുടെ പ്രതികരണങ്ങളെ കണ്ടില്ലെന്ന് നടിച്ചു. ജനദ്രോഹനയങ്ങള്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി നടപ്പിലാക്കി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിധത്തില്‍ സാമ്രാജ്യത്വ സേവ നടത്തിയതിന്റെ പരിണതഫലമാണ് ഈ തകര്‍ച്ച. ആ തകര്‍ച്ചയില്‍ നിന്നാണ് ബി ജെ പി അധികാരത്തിലേക്ക് നടന്ന് കയറിയത്.
1984ല്‍ ബി ജെ പിക്ക് വെറും രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത്. അന്ന് അഞ്ചില്‍ നാല് ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധി അധികാരത്തില്‍ വന്നത് ഹിന്ദു വികാരം ആളിക്കത്തിച്ചാണ്. തുടര്‍ന്നാണ് ബി ജെ പി തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ പുറത്തെടുത്ത് കര്‍സേവ തുടങ്ങിയത്. മയങ്ങി കിടന്നിരുന്ന രാമജന്മഭൂമി വിഷയം പൊടിതട്ടിയെടുത്ത ബി ജെ പി ക്ഷേത്രനിര്‍മ്മാണമെന്നത് ഔദ്യോഗിക പരിപാടിയായി ഉയര്‍ത്തിക്കാട്ടി. കോണ്‍ഗ്രസ് സ്വന്തമാക്കിയ ഹിന്ദുവോട്ടുകള്‍ തങ്ങള്‍ക്ക് സ്വന്തമാക്കണമെന്ന അവരുടെ അജണ്ട വിജയം കണ്ടുതുടങ്ങി. വി പി സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ മേല്‍ പോറലേല്‍പ്പിക്കാന്‍ ആ സര്‍ക്കാരിന് സാധിക്കില്ലായിരുന്നു. തുടര്‍ന്ന് ബി ജെ പി, വിപി സിംഗ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അന്ന് ബി ജെ പിയുടെ അവിശ്വാസപ്രമേയത്തെ പിന്തുണച്ചവരായിരുന്നു കോണ്‍ഗ്രസുകാര്‍.
1996ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലെത്താന്‍ ശ്രമിച്ചു. ദേശീയ രാഷ്ട്രീയത്തിലുണ്ടായ ഒറ്റപ്പെടലിനെ തുടര്‍ന്ന് ആ സര്‍ക്കാരിന് രണ്ടാഴ്ച പോലും നിലനില്‍ക്കാന്‍ സാധിച്ചില്ല. പിന്നീട് 1998ല്‍ ബി ജെ പി സഖ്യം എന്‍ ഡി എ അധികാരത്തില്‍ വന്നു. ജയലളിത പിന്തുണ പിന്‍വലിച്ചപ്പോള്‍ ആ സര്‍ക്കാര്‍ നിലംപൊത്തി. തുടര്‍ന്ന് 1999ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ 2004വരെ ഭരിച്ചു. ഈ സര്‍ക്കാര്‍ ആഗോളവത്കരണ നയങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ ജനവിരുദ്ധമായി നടപ്പിലാക്കി. ബി ജെ പിയുടെ ഭരണകാലത്ത് രാജ്യമാകെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്ന പൊതുവികാരം ഉണര്‍ന്നുവന്നു. അതിന്റെ പരിണതഫലമായാണ് 2004ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഒരു പൊതുമിനിമം പരിപാടി മുന്നില്‍ വെച്ചുകൊണ്ടാണ് ആ സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഇടതുപക്ഷം കൂടെ നിന്നാല്‍ സാമ്രാജ്യത്വ ശക്തികള്‍ക്കും മറ്റ് കുത്തകകള്‍ക്കും പാദസേവ ചെയ്യാന്‍ സാധിക്കില്ല എന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് ഇടതുപക്ഷവുമായുള്ള കൂട്ട് വെട്ടി. ജനദ്രോഹനടപടികളെ മുഖമുദ്രയാക്കി മുന്നോട്ടുപോയി. പക്ഷെ, ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആ മനോഭാവം ശരിയായിരുന്നില്ല എന്ന് തെളിയുകയാണ്. കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് മുന്‍പില്‍ നടുനിവരാത്ത മന്‍മോഹന്‍ സിംഗും ചിദംബരവും മറ്റും സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ നമ്മുടെ രാജ്യത്തെ കാതങ്ങളോളം പിറകോട്ടുകൊണ്ടുപോയി. ഈ കാലാവസ്ഥയെയാണ് മോഡി മുതലെടുത്തത്.
മോഡിയുടെ പിന്നിലും അണിനിരന്ന് നില്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ തന്നെയാണ്. വന്‍കിട ബൂര്‍ഷ്വാസികളുടെ വലിയ നിലയിലുള്ള പിന്തുണ ആര്‍ജ്ജിക്കുന്നതിന് മോഡിക്കും ബി ജെ പിക്കും സാധിച്ചു. അവരാണ് മോഡിക്ക് വേണ്ടിയുള്ള നീണ്ടുനിന്ന മാര്‍ക്കറ്റിംഗ് പരിപാടികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ രാജ്യമാകെ മോഡിക്ക് തിളക്കമേറ്റുന്നതിന് വേണ്ടിയുള്ള വാര്‍ത്താ സര്‍ക്കാസങ്ങള്‍ തന്നെ പുറത്തെടുത്തു. അതോടൊപ്പം ഹിന്ദുവികാരം ഉണര്‍ത്താനുള്ള വര്‍ഗീയ പരിപാടികള്‍ യഥേഷ്ടം പ്രയോഗിക്കാനും ബി ജെ പി തയ്യാറായി.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ വര്‍ഗീയമായ ധ്രൂവീകരണം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ ബി ജെ പി സംഘടിപ്പിച്ചു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാര്‍ പരിശ്രമിച്ച ഘട്ടത്തില്‍ പോലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരുന്ന ഫൈസാബാദില്‍ 2013 ഒക്ടോബര്‍ 24ന് വന്‍തോതിലുള്ള വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയുണ്ടായി. ദുര്‍ഗാ പ്രതിമ നദിയിലൊഴുക്കുന്നതിനുവേണ്ടി നടന്ന ഘോഷയാത്രയ്ക്കിടയിലാണ് പ്രശ്‌നമുണ്ടായത്. ചില പെണ്‍കുട്ടികള്‍ ഉപദ്രവിക്കപ്പെട്ടു എന്ന നാട്യത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതിയില്‍ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ മുസ്ലീങ്ങള്‍ നടത്തുന്ന 42 കടകള്‍ ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. അതൊരു ഹിന്ദുമുസ്ലീം ലഹളയായിരുന്നില്ല. മറിച്ച്, അത് മുസ്ലീം ന്യൂനപക്ഷത്തിനെതിരായ ആസൂത്രിത ആക്രമണമായിരുന്നു. രണ്ടുപേര്‍ ഈ സംഭവത്തില്‍ കൊല ചെയ്യപ്പെട്ടു. അന്നേദിവസം തന്നെ ഉച്ചതിരിഞ്ഞ് ഈ ജില്ലയുടെ രണ്ടു ഭാഗങ്ങളില്‍ ആക്രമണസംഭവങ്ങളുണ്ടായി. മുസാഫര്‍ നഗര്‍ കലാപം ഫാഷിസത്തിന്റെ ദംഷ്ട്രകളെ രാജ്യത്തിന് ക്ഷണച്ചുതന്നു. ഗ്രാമപ്രദേശങ്ങളിലടക്കം ആക്രമണങ്ങള്‍ വ്യാപിപ്പിക്കണമെന്ന പദ്ധതിയാണ് ഈ അക്രമ സംഭവളിങ്ങളിലൂടെയെല്ലാം പുറത്തുവന്നത്.
വര്‍ഗീയമായ ഭിന്നിപ്പിന്റെ എല്ലാ വശങ്ങളെയും രാഷ്ട്രീയ ചാലകശക്തിയാക്കി മാറ്റാനുള്ള വര്‍ഗീയശക്തികളുടെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായി വര്‍ഗീയ സംഘര്‍ഷങ്ങളും അതിക്രമങ്ങളും ഉപയോഗിക്കപ്പെട്ടു. യു.പി, മഹാരാഷ്ട്ര, ഒഡീഷ, ബീഹാര്‍, ആന്ധ്രാപ്രദേശിലെ തെലങ്കാന പ്രവിശ്യ, രാജസ്ഥാന്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വശക്തികള്‍ വമ്പിച്ച തോതില്‍ വര്‍ഗീയാഗ്‌നിക്ക് തീകൊളുത്തിയത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയരാഷ്ട്രീയത്തിന് വന്‍ വിളവ് കൊയ്യണമെന്ന പ്രതീക്ഷയോടെയാണ്. വര്‍ഷങ്ങളായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാംതന്നെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തി കീഴ്‌പ്പെടുത്തിയിരിക്കുന്നു. ബീഹാര്‍, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കൂട്ടുമന്ത്രിസഭയിലെ ചെറിയ പങ്കാളിയെന്ന പരിമിതിയുള്ളതിനാല്‍ ബി.ജെ.പി പ്രതിനിധീകരിക്കുന്ന ന്യൂനപക്ഷ അടിച്ചമര്‍ത്തല്‍ ഇഴഞ്ഞമട്ടിലാണ് പുരോഗമിക്കുന്നത്. ഇവരുടെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ പരസ്യമായ ഭൂരിപക്ഷ പ്രീണനവുമുണ്ട്.
കര്‍ണ്ണാടകത്തിലാകട്ടെ ബി.ജെ.പി ഭരണത്തിന്റെ ആദ്യഡോസായി നല്‍കപ്പെട്ടത് ക്രിസ്ത്യാനികള്‍ക്കും മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള, സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള തുടര്‍ച്ചയായ അതിക്രമങ്ങളായിരുന്നു. താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ള മധ്യപ്രദേശിലും, ഛത്തീസ്ഗഢിലും കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ വന്ദേമാതരം പാടുക, സൂര്യനമസ്‌കാരം ചെയ്യുക, എപ്പോഴും ഗായത്രി മന്ത്രങ്ങളുരുവിടുക, ഭക്ഷണസമയത്ത് ഭോജനമന്ത്രം ഉരുവിടുക എന്നിവയൊക്കെ നിര്‍ബന്ധമായും ദിവസവും അടിച്ചേല്‍പ്പിക്കുന്നു. ദീര്‍ഘകാലമായി പോലീസും ഹിന്ദുത്വസംഘടനകളും 'സദാചാര പോലീസ്' ചമഞ്ഞ് വ്യത്യസ്ത സമുദായങ്ങളിലെയും ജാതികളിലെയും പെണ്‍കുട്ടികളെ പരസ്പരം ഇടപഴകാന്‍ അനുവദിച്ചിരുന്നില്ല. ജാതി നിയമങ്ങളും വസ്ത്രധാരണ രീതിയും ഒക്കെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മേല്‍ നിരന്തരം അടിച്ചേല്‍പ്പിച്ചു. തുടങ്ങി നാനാവിധമായ രീതില്‍ ബി ജെ പി തങ്ങളുടെ ഹിന്ദുവര്‍ഗീയ അജണ്ടകള്‍ പുറത്തെടുത്ത് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും ഹിന്ദു വികാരം ഉണര്‍ത്തുന്നതിനും പരിശ്രമിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലം കൂടിയാണ് ബി ജെ പി നേടിയിരിക്കുന്ന വിജയം.
ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന് വേണ്ടി സംഘപരിവാരങ്ങളുടെ കുടിലതയില്‍ നിന്നുമുണ്ടായതായിരുന്നു ഹൈദരബാദിലെ മെക്കാ മസ്ജിദ് സ്‌ഫോടനവും മഹാരാഷ്ട്രയിലെ മാലേഗാവ് സ്‌ഫോടനവും. ഇത്തരത്തിലുള്ള ഭീകരതകളുടെ പേരില്‍ മുസ്ലീം യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും ഹിന്ദുത്വ തീവ്രവാദ സംഘടനകളാണ് ഇതിന്റെ പിറകിലുള്ളതെന്ന് വൈകാതെ പുറത്തുവന്നു. മോഡിയുടെ മേല്‍വിലാസമായി നില്‍ക്കുന്ന ഗുജറാത്ത് വംശഹത്യ ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ന്യൂനപക്ഷങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യുക ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തുക എന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ഭരണ മികവ് മോഡിയ്ക്കുണ്ട് എന്ന് സ്ഥാപിച്ചെടുക്കാന്‍ സംഘപരിവാരത്തിന് സാധിച്ചു. ഈ ഒരു സംഘപരിവാര്‍ മുഖം പരസ്യമാവുമ്പോള്‍ ജനസമ്മതി നഷ്ടപ്പെടുമെന്ന തിരിച്ചറിവിന്റെ പുറത്താണ് മോഡിയുടെ വികസനവും ഗുജറാത്ത് വികസന മാതൃകയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കപ്പെട്ടത്. അതൊക്കെ പച്ചക്കള്ളങ്ങളാണെന്നത് വസ്തുതകളുടെ ബലത്തില്‍ ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുന്നു.
ബി ജെ പി മുന്നോട്ടുവെക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ പല സംസ്ഥാനങ്ങളിലും പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികള്‍ മുന്നോട്ട് വന്നു. വര്‍ഗീയ ധ്രുവീകരണത്തിനെതിരായ നിലപാടാണ് അവര്‍ മുന്നോട്ടുവെച്ചത്. തമിഴ്‌നാടില്‍ എഐഎഡിഎംകെയും ഒറീസയില്‍ ബിജു ജനതാദളും ബംഗാളില്‍ തൃണമൂള്‍ കോണ്‍ഗ്രസുമൊക്കെ അത്തരത്തിലാണ് വിജയം നേടിയത്.
കോര്‍പ്പറേറ്റ് മാധ്യമങ്ങളും രാഷ്ട്രീയനിരൂപകന്‍മാരും ജാതി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അപ്രമാദിത്വം തകര്‍ന്നു എന്ന് ആശ്വസിക്കുന്നതും ലോകസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാണാന്‍ സാധിച്ചു. ജാതി പാര്‍ട്ടികള്‍ നീര്‍ക്കോലികള്‍ ആണെങ്കില്‍ ബി ജെ പിയും സംഘപരിവാരവും രാജവെമ്പാലയാണെന്ന സത്യത്തെയാണ് ഇത്തരം ചര്‍ച്ചകളിലൂടെ മറച്ചുപിടിക്കുന്നഷ്ട്രീയത്തിന്റെ ഭാഗമായാണ് അവരതിനെ ഉയര്‍ത്തിപ്പിടിക്കുന്നത്. രാഷ്ടീയത്തിന്റെ മതബിബംബത്തെയാണ് വര്‍ഗീയ മായി ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. അതിനെ മനസിലാക്കാനും പ്രതിരോധിക്കാനുമാണ് രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യു പി എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നയപരിപാടികളില്‍ നിന്ന് വിഭിന്നമായി എന്താണ് മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കാന്‍ പോകുന്നത്. സാമ്രാജ്യത്വത്തിന്റെ പാദസേവ നിര്‍ത്താന്‍ മോഡിക്ക് സാധിക്കില്ല. കോര്‍പ്പറേറ്റുകളുമായുള്ള അവിഹിതബന്ധങ്ങള്‍ക്ക് പൂര്‍ണവിരാമമിടാനും സാധിക്കില്ല. സ്വകാര്യവത്കരണ-ഉദാരവത്കരണ നയങ്ങളെ ഉപേക്ഷിക്കാന്‍ ബി ജെ പി സര്‍ക്കാരിന് സാധിക്കുകയില്ല.
രാജ്യത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണ നയങ്ങള്‍ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമല്ല, രാജ്യത്തെ കുത്തകകള്‍ക്കും വലിയ നേട്ടങ്ങള്‍ സംഭാവന ചെയ്തു. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയശേഷം രാജ്യത്തെ കുത്തകകള്‍ക്കുണ്ടായിട്ടുള്ള വളര്‍ച്ച പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇന്ത്യന്‍ കുത്തകകളായ റിലയന്‍സിന്റെ 1991-92 ലെ ആസ്തി 9167 കോടി രൂപയായിരുന്നു. 2005-06 ആകുമ്പോഴേക്കും അത് 1,63,989 കോടി രൂപയായി മാറിയിട്ടുണ്ട്. ടാറ്റയുടേത് 15,564ല്‍ നിന്നും 1,01,219 കോടിയായും ബിര്‍ളയുടേത് 13917ല്‍ നിന്ന് 67,544 കോടി രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. പുറംരാജ്യങ്ങളിലും നിക്ഷേപം നടത്താവുന്ന രീതിയിലേക്ക് ഇത്തരം കുത്തകകള്‍ വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഇവരൊക്കെ ആഗ്രഹിക്കുന്നത്.
ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തമായി നടപ്പിലാക്കിയ യുപിഎ ഗവണ്‍മെന്റിനെതിരായി ജനരോഷമുണ്ടാവുമെന്ന് കുത്തകള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലേക്ക് എത്തിക്കുക എന്നത് പ്രയാസമാണെന്നും അവര്‍ കണക്ക് കൂട്ടി. അതിനാല്‍ ഇതേ നയങ്ങള്‍ പിന്തുടരുന്ന മറ്റൊരു രാഷ്ട്രീയശക്തിയെ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിന് ആവശ്യമാണെന്ന് കുത്തകകള്‍ വിലയിരുത്തി. അങ്ങനെയാണ് അവര്‍ മോഡിയ്ക്ക് വേണ്ടി പണിയെടുത്തത്. മാധ്യമങ്ങളെ വിലക്കെടുത്ത് മോഡിഭക്തിയും ഗുജറാത്ത് വികസനവും മാര്‍ക്കറ്റ് ചെയ്തത് കുത്തകകള്‍ ആണ്. ബി.ജെ.പി, സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അതേ നിലപാടുകളാണ് സ്വീകരിക്കുന്നത്. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുക, കമ്പോളശക്തികള്‍ക്ക് എല്ലാ മേഖലയും വിട്ടുകൊടുക്കുക, ധനമൂലധനശക്തികള്‍ക്ക് രാജ്യത്തിന്റെ എല്ലാ മേഖലകളും തുറന്നുകൊടുക്കുക തുടങ്ങിയ നയങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നു. പെന്‍ഷന്‍ ഫണ്ട് സംബന്ധിച്ച ബില്ല് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും അതിനെ പിന്തുണച്ചത് ഇതിനുള്ള മികച്ചൊരുദാഹരണമാണ്. തങ്ങളുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് കോണ്‍ഗ്രസിനെപോലെ അനുയോജ്യമാണ് ബി.ജെ.പി എന്ന തിരിച്ചറിവില്‍നിന്നാണ് കോര്‍പ്പറേറ്റുകള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. മോഡിയെ വാഴ്ത്തുന്ന മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കും ഇത്തരം ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ നിലപാടുകള്‍ കൈക്കൊള്ളുന്ന ഇടതുപക്ഷത്തിനും അതോടൊപ്പം നില്‍ക്കുന്ന മതേതര ശക്തികള്‍ക്കുമെതിരെ നില്‍ക്കുന്നത് കോര്‍പ്പറേറ്റുകളോടുള്ള താല്‍പ്പര്യം കൊണ്ടാണ്.
ഗുജറാത്തില്‍ മോഡി നടപ്പിലാക്കിയ നയങ്ങള്‍ അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആവേശം നല്‍കുന്നുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യം നല്‍കുകയും, അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന നിലപാടാണ് മോഡി ഗുജറാത്തില്‍ സ്വീകരിച്ചത്. ആഗോളവല്‍ക്കരണ ശക്തികള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള നയമാണ് ഇത് എന്നതിനാല്‍ അവരുടെ ഇഷ്ടതോഴനായി മോഡി മാറുകയാണ്. പക്ഷെ, ആഗോളവത്കരണ-ഉദാരവത്കരണ-സ്വകാര്യവത്കരണ നയങ്ങള്‍ കോണ്‍ഗ്രസിനെ വെല്ലും വിധത്തില്‍ നടപ്പിലാക്കാന്‍ വെമ്പുന്ന ബി ജെ പി സര്‍ക്കാരിനെ കാത്തിരിക്കുന്നത് കോണ്‍ഗ്രസ് നേരിട്ടതിനേക്കാള്‍ വലിയ തിരിച്ചടിയാണ്.
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ ജയപരാജയങ്ങളെ വിലയിരുത്തുമ്പോള്‍ വിലയിരുത്തുമ്പോള്‍ ഇടതുപക്ഷത്തിന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേട്ടമുണ്ടായിട്ടുണ്ട്. വലതുപക്ഷത്തിന് കോട്ടവുമുണ്ടായിട്ടുണ്ട്. പക്ഷെ, ഇടതുപക്ഷം പ്രതീക്ഷിച്ച കണക്കുകൂട്ടിയ വിജയം ലഭിച്ചില്ല. വലതുപക്ഷം പ്രതീക്ഷിക്കാത്ത വിജയങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇത് ബി ജെ പിയോടും വര്‍ഗീയതയോടുമുള്ള ഭയം വോട്ടിംഗില്‍ പ്രതിഫലിച്ചത് കാരണമാണ്. കേരളത്തിന്റെ ഒരു സവിശേഷത ഇവിടെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഏതാണ്ട് അമ്പത് ശതമാനം നിരക്കില്‍ അധിവസിക്കുന്നു എന്നതാണ്. ഈ ജനവിഭാഗത്തിലെ ഭൂരിപക്ഷവും വര്‍ഗീയ ശക്തികളുടെ കടന്നുവരവിനെ ഭയപ്പാടോടെയാണ് കാണുന്നത്. ബി ജെ പി എന്ന വര്‍ഗീയ കക്ഷിയെ പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ളത് കോണ്‍ഗ്രസിനാണെന്ന ബോധമായിരുന്നു ഈ വോട്ടര്‍മാരിലുണ്ടായിരുന്നത്. സംഘപരിവാരങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലകളില്‍ അവര്‍ നടത്തുന്ന അതിക്രമങ്ങളും കടന്നുകയറ്റങ്ങളും മാറാട് പോലുള്ള വര്‍ഗീയ കലാപങ്ങള്‍ കേരള ജനതയുടെ മുന്നിലുണ്ട്. കന്യാസ്ത്രീകളെ ഉപദ്രവിച്ച, അപമാനിച്ച സംഘപരിവാരത്തിന്റെ രൗദ്രഭാവവും കേരളത്തിന് പരിചയമുള്ളതാണ്. അതിനെ കേരളീയര്‍ ചേര്‍ത്ത് വെക്കുന്നത് മോഡിയുടെ ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന ന്യൂനപക്ഷ ധ്വംസനത്തോടൊപ്പമാണ്. കേരളത്തിന്റെ ഈ ഭീതിയെ കോണ്‍ഗ്രസിന് മുതലെടുക്കാന്‍ സാധിച്ചു എന്നിടത്താണ് യു ഡി എഫ് മേല്‍ക്കൈ നേടുന്ന കാലാവസ്ഥ കേരളത്തിലുണ്ടായത്.
കോണ്‍ഗ്രസിന് ഒരിക്കലും ബി ജെ പിയെ പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നും ഇവ രണ്ടും കോര്‍പ്പറേറ്റ് കള്ളനാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നതും വ്യക്തതയോടെ സിപിഐ എം പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ക്യാമ്പയിനിലൂടെ അത് ഊന്നിപ്പറയുകയും ചെയ്തു. ബി ജെ പിയെയും കോണ്‍ഗ്രസിനെയും അകറ്റി നിര്‍ത്താന്‍ ജനപക്ഷത്ത് നില്‍ക്കുന്ന ഇടതുപക്ഷ മതനിരപേക്ഷ മൂന്നാം മുന്നണിയെ ലക്ഷ്യം വെച്ചുകൊണ്ടാവണം ജനങ്ങള്‍ ചിന്തിക്കേണ്ടത് എന്ന് ഇടതുപക്ഷം വ്യക്തമാക്കി. പക്ഷെ, ജനങ്ങള്‍ അത് മുഖവിലക്കെടുത്തില്ല. അതിനുള്ള കാരണം കുത്തക മാധ്യമങ്ങളായിരുന്നു.
കുത്തകമാധ്യമങ്ങള്‍ എപ്പോഴും ശത്രുപക്ഷത്ത് നിര്‍ത്തുന്നത് ഇടതുപക്ഷത്തെയും സിപിഐ എംനെയുമാണ്. ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും യഥാര്‍ത്ഥമുഖം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും ശത്രുക്കള്‍ ഇടതുപക്ഷമാണെന്ന് ഘോഷിക്കാനും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സാധിച്ചു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന മാധ്യമ സാക്ഷരതയുള്ള കേരളീയര്‍ മുന്‍പും ഇത്തരത്തില്‍ മാധ്യമങ്ങളുടെ കണ്ണുകെട്ടലിന് വിധേയരായിട്ടുണ്ട്. അടിയന്തരാവസ്ഥ കഴിഞ്ഞ് കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുള്ള മാധ്യമ വിസ്‌ഫോടനം വലിയ പങ്കുവഹിച്ചിരുന്നു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വെച്ചാണ് ഇ എം എസ് 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യം പ്രഖ്യാപിച്ചത്. ഇന്ത്യയൊട്ടാകെ ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. അവര്‍ അടിയന്തരാവസ്ഥയെ അറബിക്കടലില്‍ താഴ്ത്തുകതന്നെ ചെയ്തു. പക്ഷെ മാധ്യമങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസും ഇടതുപക്ഷ തീവ്രസ്വഭാവമുള്ളവരും യഥാര്‍ത്ഥ ഇടതുപക്ഷത്തെ തോല്‍പ്പിച്ചു. ഇത് ഒരു പാഠമാണ്. അന്ന് കേരളത്തിലെ മാധ്യമങ്ങള്‍ താല്‍പ്പര്യങ്ങളുടെ പുറത്ത് ഭരണത്തിലിരുന്ന ശക്തികള്‍ക്ക് പിന്തുണ നല്‍കിയതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നുമകന്ന് തോല്‍പ്പിക്കേണ്ടവരെ ജയിപ്പിച്ചത്. അതേ മനോഭാവമാണ് മാധ്യമങ്ങള്‍ ഇപ്പോഴും പുലര്‍ത്തുന്നത്.
കോണ്‍ഗ്രസിന്റെ ഭാഗത്ത് അവര്‍ നയിക്കുന്ന മുന്നണിയുടെ ഭാഗത്ത് എണ്ണിയെണ്ണിപ്പറയാന്‍ നിരവധി വീഴ്ചകള്‍ ഉണ്ടായിരുന്നു. മതനിരപേക്ഷത പുലര്‍ത്താനുള്ള ഇച്ഛാശക്തിപോലുമില്ലാതെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്നണിയും നിന്നത്. ഇതെല്ലാം മാധ്യമ ഗിമ്മിക്കുകളിലൂടെ മൂടിവെക്കാന്‍ സാധിച്ചു എന്നിടത്താണ് വലതുപക്ഷം ഈ നിലയില്‍ മുന്നേറിയത്.
മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള നിലപാടെടുത്തത് അവരെ വിലക്കെടുത്തത് കൊണ്ടാണ്. കൂടുതല്‍ സര്‍ക്കുലേഷനുള്ള മാധ്യമങ്ങളെ വിലക്കെടുത്ത് അവയെ ഉപയോഗിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരായ ക്യാമ്പയിന്‍ നയിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. കേരളത്തില്‍ ഭരണവിലാസത്തില്‍ പെയ്ഡ് ന്യൂസ് നടപ്പിലാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഈ മാധ്യമങ്ങള്‍ക്ക് പി ആര്‍ ഡി നിരക്കില്‍ നിന്നും വ്യത്യസ്തമായി അവരുടെ താരിഫ് നിരക്കില്‍ പരസ്യം നല്‍കിയതും അതിന്റെ വലിയൊരു ശതമാനം മുന്‍കൂറായി അനുവദിച്ചുനല്‍കിയതുമൊക്കെ അച്ചുനിരത്തുന്നത് ഇടതുപക്ഷത്തിനെതിരാക്കാന്‍ വേണ്ടിയായിരുന്നു. പരസ്യം പ്രസിദ്ധീകരിക്കാതെ, വാര്‍ത്തയുടെ രൂപത്തില്‍ ഇടതുപക്ഷവിരുദ്ധത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു.
ഒരു നാടിനെ ആകെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഈ വിജയം നാടിന് പ്രദാനം ചെയ്യുന്ന ഭീഷണമായ കാലാവസ്ഥയില്‍ ഇവര്‍ക്കായി വോട്ട് ചെയ്ത ജനങ്ങളുടെ ദുരിതവും വിഷമങ്ങളും പങ്കുവെക്കാന്‍, അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷം മാത്രമേ ഉണ്ടാവുകയുള്ളു. ആ തിരിച്ചറിവ് ജീവിതത്തില്‍ നിന്ന് ഉണ്ടാവുന്നതാണ്. അതിനെ മൂടിവെക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ മനസിലാക്കിക്കൊണ്ട് ഫാസിസം ആസുരമായ രീതിയില്‍ അര്‍ത്തലച്ച് വരുമ്പോള്‍ പ്രതിരോധിക്കാനുള്ള മഹാ പ്രസ്ഥാനങ്ങളാവാനും തയ്യാറാവുക എന്നതാണ് ഇന്നിന്റെ ഉത്തരവാദിത്തം.
26-May-2014
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍