പരിണാമം

മൂടല്‍ മഞ്ഞില്‍ മുങ്ങിപ്പോകുകയും
സൂര്യന്‍
വീണ്ടെടുക്കുകയും ചെയ്യുന്നൊരു
കാട്ടുപാതയാണു ഞാന്‍

ഗുഹാശില്‍പ്പങ്ങള്‍
ഇറങ്ങി നടക്കുന്ന
പുരാതനമായൊരു പാത

യുഗങ്ങള്‍ക്കപ്പുറം
ഭാഷ തീണ്ടാത്തവന്റെ
മുരള്‍ച്ചയിലേയ്ക്ക്
വീണു പോകുകയും
പിന്നെ പരിണാമത്തിന്
വഴങ്ങാത്ത
മൗനമാകുകയും ചെയ്യുന്ന
വിപ്ലവമാണെന്റെ കവിത
എന്നിട്ടും
ഉപമകളുടെ ഉടുപ്പുകളില്‍
പാകമാകാതെ ഉപ്പുകനച്ച്
നിന്റെ പുഞ്ചിരികളുടെ
ഉള്‍വനങ്ങളില്‍ നിന്നും
അക്ഷരം തെറ്റിയൊരുത്തരം
നിന്റെ നിശബ്ദതയ്ക്ക് മുന്‍പേ
എന്നെ വെളിപ്പെടുത്തിയിരിക്കുന്നു

ഇപ്പോള്‍
വായിക്കപ്പെടെണ്ട
ഒരു കവിതയാണു നീ,
ഞാനോ
സൂര്യന് മുന്‍പേ
സ്വയം വീണ്ടെടുക്കാന്‍
ഇരുട്ടിന്റെ ഞാണുകളില്‍
വാക്ക് കൂര്‍പ്പിച്ച്
ഉന്നം പിഴയ്ക്കാതെ
പക്ഷിക്കണ്ണെയ്തു വീഴ്ത്തുന്നു.

https://www.facebook.com/sony.dith

 

15-Mar-2014

കവിതകൾ മുന്‍ലക്കങ്ങളില്‍

More