ശ്രീനാരായണഗുരുവും കമ്യൂണിസ്റ്റുകാരും വെള്ളാപ്പള്ളിയും
എം വി ഗോവിന്ദന്‍മാസ്റ്റര്‍
മനുഷ്യനായി ജനിച്ചിട്ടും ജാതിശ്രേണിയിലൂടെ മനുഷ്യനല്ലാതാക്കി മാറ്റുന്ന വ്യവസ്ഥ നിലനിന്ന സമയത്താണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. അത്തരത്തിലുള്ള ഭ്രാന്തിനെ തൂത്തെറിയാനാണ് ശ്രീ നാരായണ ഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത്. പക്ഷെ, ആ ഗുരുവാക്യത്തെ വരെ തിരുത്തിയെഴുതാനുള്ള ധാര്‍ഷ്ട്യം വെള്ളാപ്പള്ളി നടേശന്‍ കാണിച്ചില്ലേ? കേരളീയ നവോത്ഥാനത്തിന്റെ മുഖത്ത് വെള്ളാപ്പള്ളി കോരിയൊഴിച്ച കറുപ്പ് എത്രമാത്രം അപമാനകരമാണ്. ജാതി ജീര്‍ണതയെ ഇല്ലാതാക്കാന്‍ ശ്രമിച്ച ശ്രീ നാരായണഗുരു അടക്കമുള്ള നവോത്ഥാന നായകരെ മറന്നുകൊണ്ട് ജാതി ചോദിക്കും പറയും എന്ന് പ്രഖ്യാപിച്ച ഇദ്ദേഹം ഇപ്പോള്‍ നടത്തുന്ന ചാരിത്ര്യപ്രസംഗം തീര്‍ത്തും അപഹാസ്യമാണ്. തുഷാര്‍ വെള്ളാപ്പള്ളിയാണെങ്കില്‍ മ്ലേച്ഛമായ രീതിയിലാണ് ശ്രീ നാരായണ ദര്‍ശനത്തെ അപഹസിക്കുന്നത്. ഗുരു, മദ്യത്തിന്റെ ദോഷവശങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് കള്ള് ചെത്തരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് ആഹ്വാനം ചെയ്തത്. എന്നാല്‍, ശ്രീ നാരായണ ഗുരു വിദേശ മദ്യം കുടിക്കരുതെന്ന് പറഞ്ഞിട്ടില്ല എന്ന പുതിയ സൂക്തവുമായി തുഷാര്‍ രംഗത്തുവന്നു. |
എസ് എന്‍ ഡി പി യൂണിയന്‍ ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേതായി കഴിഞ്ഞ ജൂലായ് ഒന്നിന് കേരളകൗമുദി പത്രത്തില്‍ വന്ന ലേഖനം ശ്രദ്ധിയില്‍പ്പെട്ടു. യോഗനാദത്തില്‍ അദ്ദേഹം എഴുതിയ മുഖപ്രസംഗമാണ് കേരളകൗമുദി പുനപ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലേഖനത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കര്‍ഷക തൊഴിലാളി യൂണിയനും എസ് എന്‍ ഡി പിയുടെ വര്‍ത്തമാന വാഴ്ചയെ വിമര്‍ശിച്ച ഞാനും നവോത്ഥാനത്തിന്റെ ധാരകളെ കുറിച്ച് മനസിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. വെള്ളാപ്പള്ളി നടേശന് പ്രകോപനം വരാന്‍ ഒരു കാരണമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ യഥാര്‍ത്ഥ പിന്‍മുറക്കാര്‍ കമ്യൂണിസ്റ്റുകാരാണ് എന്ന് ഞാന്‍ പറഞ്ഞതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. എന്താണ് അങ്ങിനെ പറയാനുണ്ടായ സാഹചര്യം?
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറയില്‍ ശ്രി വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗ് എന്ന പേരില്‍ ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ ഗുരുദേവ ചാരിറ്റബില്‍ ആന്റ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് ഈ കോളേജ്. എസ് എന്‍ ഡി പി വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയാണ് മാനേജ്‌മെന്റ് ചെയര്‍മാന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസുവാണ് ജനറല്‍ സെക്രട്ടറി. ഈ കോളേജ് ആരംഭിക്കുമ്പോള്‍ സിപിഐ എമ്മോ, കര്‍ഷക തൊഴിലാളി യൂണിയനോ ആ സംരംഭത്തെ എതിര്‍ത്തിരുന്നില്ല. മാത്രമല്ല, അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുവാനും തയ്യാറായിട്ടുണ്ട്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം അവിടെ വരുമ്പോള്‍ ആ നാട്ടിന്‍പുറത്ത് ഉണ്ടാവുന്ന പുരോഗതി മനസിലാക്കിയാണ് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ തയ്യാറായത്. എന്നാല്‍, ഏറെ വൈകാതെ കോളേജ് മാനേജ്‌മെന്റ്, മഹാബലിയെ ചവിട്ടിതാഴ്ത്തിയ വാമനന്റെ സ്വഭാവം പുറത്തെടുത്തു. കോളേജ് വികസിപ്പിക്കാനെന്ന പേരും പറഞ്ഞ് ചുറ്റുവട്ടത്തുമുള്ള 18 ഏക്കര്‍ പാടശേഖരം ട്രസ്റ്റ് വാങ്ങി. നെല്‍പ്പാടം നികത്താനുള്ള നടപടികള്‍ ആരംഭിച്ചു. വെള്ളാപ്പള്ളികോളേജ് നിര്‍മിച്ചത് കരഭൂമിയിലാണ്. അതില്‍ യാതൊരസ്വഭാവികതയുമില്ല. പക്ഷെ, നെല്‍പ്പാടം നികത്തി കോളേജ് വികസനം നടത്തുക എന്നത് സിപിഐ എംനും കര്‍ഷക തൊഴിലാളി യൂണിയനും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.
ഈ പാടത്തിനിടയില്‍ ഒരു കുളമുണ്ട്. അതിലൂടെ ഒഴുകുന്ന ഒരു തോടുണ്ട്. മാത്രമല്ല, നൂറ്റാണ്ടുകളായി പാടത്തിനപ്പുറത്ത് താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരുള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഉപയോഗിക്കുന്ന പഴയൊരു വലിയ നടപ്പാതയുമുണ്ട്. ഈ ഭൂമി വാങ്ങിയ ശേഷം പാടം നികത്തുന്നതിന് മുന്നോടിയായി തുഷാര്‍വെള്ളാപ്പള്ളിയും സംഘവും ചേര്‍ന്ന് നടപ്പാത അടച്ചു. കോണ്‍ക്രീറ്റ് മതില്‍ക്കെട്ടി വഴി നിഷേധിച്ചു. പ്രധാന റോഡില്‍ നിന്ന് കൈവഴിയായി വരുന്ന ടാര്‍ റോഡ് അവസാനിക്കുന്നത് ഈ നടപ്പാതയിലാണ്. അവിടെയാണ് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചുകെട്ടിയത്. പട്ടിജാതിവിഭാഗമുള്‍പ്പെടെയുള്ള നാട്ടുക്കാര്‍ക്ക് വഴി നടക്കാന്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കില്ല എന്ന ധാര്‍ഷ്ട്യം. കുളവും തോടും തണ്ണീര്‍ത്തടവും നികത്തിയാലും തങ്ങളെ ആരും ചോദ്യം ചെയ്യാന്‍ പോവുന്നില്ല എന്ന അഹങ്കാരം. പരിസ്ഥിതി വിരുദ്ധത. ഇത്തരം നടപടികളെ കണ്ടില്ലെന്ന് നടിക്കാന്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന് സാധിക്കില്ല. യൂണിയന്‍ ഇടപെട്ടു. കൊടിനാട്ടി. വൈകാതെ സിപിഐ എം സമരം ഏറ്റെടുത്തു. ഒരു സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സിപിഐ എം ഏരിയാകമ്മറ്റി വിളിച്ചുകൂട്ടി. ആ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ശ്രീ നാരായണ ഗുരുവിനെ കുറിച്ച് പറയാന്‍ വെള്ളാപ്പള്ളി നടേശനേക്കാള്‍ അധികാരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണെന്ന് ഞാന്‍ പറഞ്ഞത്.
ആ പ്രസ്താവനയില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. കാരണം ഈ കോളേജിന്റെ വിഷയത്തിലും വെള്ളാപ്പള്ളിയും കൂട്ടരും ശ്രീനാരായണ ഗുരുവിനെ ധിക്കരിക്കുകയാണ്. ജാതീയതയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പോരടിച്ച ആ നവോത്ഥാന നായകന്റെ പേരും പറഞ്ഞ് ദളിതരടക്കം നടക്കുന്ന വഴി അവര്‍ കൊട്ടിയടച്ചു. ഇങ്ങനെ ഒരു സംഭവം നടന്നാല്‍ ശ്രീ നാരായണ ഗുരുവിനെ പ്രതിനിധീകരിക്കുന്നവര്‍ പറയേണ്ടിയിരുന്നത്; അരുത്, ആ വഴി തുറന്നുകൊടുക്കണം എന്നായിരുന്നു. അങ്ങനെ പറഞ്ഞത് ഞങ്ങളാണ്. കമ്യൂണിസ്റ്റുകാരാണ്. എന്നാല്‍, വെള്ളാപ്പള്ളി നടേശനും കൂട്ടരുമാവട്ടെ ശ്രീനാരായണ ഗുരുവിന്റെ പക്ഷത്ത് നില്‍ക്കുന്ന ഞങ്ങളെ എതിര്‍ക്കുവാനും കുപ്രചരണങ്ങള്‍ അഴിച്ചുവിടാനുമാണ് ശ്രമിച്ചത്. അവിടെയാണ് വെള്ളാപ്പള്ളി നടേശന് ശ്രീനാരായണഗുരുവിന്റെ പേര് പറയാനുള്ള അവകാശം നഷ്ടമാവുന്നത്.
മനുഷ്യനായി ജനിച്ചിട്ടും ജാതിശ്രേണിയിലൂടെ മനുഷ്യനല്ലാതാക്കി മാറ്റുന്ന വ്യവസ്ഥ നിലനിന്ന സമയത്താണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. അത്തരത്തിലുള്ള ഭ്രാന്തിനെ തൂത്തെറിയാനാണ് ശ്രീ നാരായണ ഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത്. പക്ഷെ, ആ ഗുരുവാക്യത്തെ വരെ തിരുത്തിയെഴുതാനുള്ള ധാര്‍ഷ്ട്യം വെള്ളാപ്പള്ളി നടേശന്‍ കാണിച്ചില്ലേ? കേരളീയ നവോത്ഥാനത്തിന്റെ മുഖത്ത് വെള്ളാപ്പള്ളി കോരിയൊഴിച്ച കറുപ്പ് എത്രമാത്രം അപമാനകരമാണ്. ജാതി ജീര്‍ണതയെ ഇല്ലാതാക്കാന്‍ ശ്രമിച്ച ശ്രീ നാരായണഗുരു അടക്കമുള്ള നവോത്ഥാന നായകരെ മറന്നുകൊണ്ട് ജാതി ചോദിക്കും പറയും എന്ന് പ്രഖ്യാപിച്ച ഇദ്ദേഹം ഇപ്പോള്‍ നടത്തുന്ന ചാരിത്ര്യപ്രസംഗം തീര്‍ത്തും അപഹാസ്യമാണ്. തുഷാര്‍ വെള്ളാപ്പള്ളിയാണെങ്കില്‍ മ്ലേച്ഛമായ രീതിയിലാണ് ശ്രീ നാരായണ ദര്‍ശനത്തെ അപഹസിക്കുന്നത്. ഗുരു, മദ്യത്തിന്റെ ദോഷവശങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് കള്ള് ചെത്തരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് ആഹ്വാനം ചെയ്തത്. എന്നാല്‍, ശ്രീ നാരായണ ഗുരു വിദേശ മദ്യം കുടിക്കരുതെന്ന് പറഞ്ഞിട്ടില്ല എന്ന പുതിയ സൂക്തവുമായി തുഷാര്‍ രംഗത്തുവന്നു. കള്ള് ചെത്താനും കള്ള് വില്‍ക്കാനും മാറിയ സാമൂഹ്യ സാഹചര്യത്തില്‍ തയ്യാറാവണം എന്ന് ധ്വനിപ്പിക്കുന്ന ഒരു സിദ്ധാന്തം വരെ ഈ മഹാന്‍ അവതരിപ്പിച്ച് കളഞ്ഞു. ഇത്തരത്തില്‍ എസ് എന്‍ ഡി പി യോഗത്തെ എന്ത് ഉദ്ദേശശുദ്ധിയോടുകൂടിയാണോ നാരായണഗുരു ആവിഷ്‌കരിച്ചത്, അതിനെതിരെയുള്ള തുഴച്ചിലാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ നടത്തുന്നത്.
വെള്ളാപ്പള്ളിയും ധനവാന്‍മാരായ കൂട്ടാളികളും നടത്തുന്ന പല തലങ്ങളിലുള്ള ബിസിനസുകള്‍, പ്രകൃതി വിഭവങ്ങളുടെ കൊള്ള, വിദ്യാഭ്യാസ കച്ചവടം തുടങ്ങിയവ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി ഉപയോഗിക്കുന്ന നാലക്ഷരങ്ങള്‍ മാത്രമായി എസ് എന്‍ ഡി പി മാറാമോ? ആ അക്ഷരങ്ങളുടെ ഉള്ളില്‍ ശ്രീ നാരായണ ഗുരു നിറച്ചിരുന്ന മാനവീകതയുടെയും സാംസ്‌കാരിക ഔന്നത്യത്തിന്റെയും നവോത്ഥാനത്തിന്റെയും അകക്കാമ്പിനെ വെള്ളാപ്പള്ളിയും കൂട്ടരും വലിച്ചെറിഞ്ഞ് കളയുകയാണോ? ചൂഷണങ്ങള്‍ വ്യാപിപ്പിക്കുക, ലാഭം കുന്നുകൂട്ടുക എന്ന നവ വെള്ളാപ്പള്ളിയന്‍ സിദ്ധാന്തം അവര്‍ ശ്രീനാരായണീയ ദര്‍ശനങ്ങള്‍ക്ക് പകരം വെച്ചിരിക്കയാണ്. ശ്രീ നാരായണ ധര്‍മ പരിപാലന യോഗത്തെ വെള്ളാപ്പള്ളി നടേശന്‍സ് ധര്‍മ പരിപാലന യോഗമാക്കി മാറ്റിയതിന് വരും തലമുറ വെള്ളാപ്പള്ളിയെ കുറ്റക്കാരനെന്ന് വിധിക്കുമെന്നതില്‍ സംശയം വേണ്ട.
ശ്രീനാരായണ ഗുരു ആഗ്രഹിച്ച രീതിയിലാണ് എസ് എന്‍ ഡി പി യോഗം മുന്നോട്ട് പോവുന്നതെങ്കില്‍ വെള്ളാപ്പള്ളി നടേശന് ഇത്തരത്തിലുള്ളൊരു മുഖപ്രസംഗം യോഗനാദത്തില്‍ എഴുതേണ്ട ഗതികേട് വരുമായിരുന്നില്ല. ഒരു കോര്‍പ്പറേറ്റ് സംവിധാനം പോലെ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനമായി വര്‍ത്തിച്ച യോഗത്തെ മാറ്റിമറിക്കുമ്പോള്‍, വിപരീത ദിശയിലേക്കുള്ള ആ യാത്രയെ കമ്യൂണിസ്റ്റുകാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അപ്പോള്‍ ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാവും. നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റേയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തില്‍ സംഘടിപ്പിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. ഗുരുവിന്റെ ദര്‍ശനങ്ങളെ മാനവീകതയുടെ തലങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കുന്നതും പ്രകാശിപ്പിക്കുന്നതും വേറെയാരുമല്ല. ആ അര്‍ത്ഥത്തിലാണ് കമ്യൂണിസ്റ്റുകാരാണ് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പറഞ്ഞത്. ആ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ സിപിഐ എംനെയും കര്‍ഷക തൊഴിലാളി യൂണിയനെയും വെല്ലുവിളിക്കുകയല്ല വേണ്ടത്, ദളിതരടക്കമുള്ള നാട്ടുകാര്‍ക്ക് നടക്കാനുള്ള വഴി തുറന്നുകൊടുക്കുകയാണ് വേണ്ടത്. മണ്ണിനെയും പ്രകൃതിയെയും കൊള്ളലാഭത്തിന് വേണ്ടി ചൂഷണം ചെയ്യുന്ന മുതലാളിത്ത മനോഭാവം മാറ്റിവെക്കുകയാണ് വേണ്ടത്. അതിന് ശേഷമാവാം ഗിരിപ്രഭാഷണങ്ങള്‍.
04-Jul-2014
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍