ഇന്നുതന്നെ

 

എഴുതിക്കൊണ്ടിരുന്ന പേന
കലി മൂത്തപ്പോള്‍
എവിടെയോ വലിച്ചെറിഞ്ഞു
നിന്റെ ഇമയനക്കങ്ങളിലൊന്നില്‍
ദൂരെയൊരു സഞ്ചാരത്തിന്റെ
വളപ്പൊട്ടുടയുന്നത് കേട്ടിട്ടാകാം
ഈ അസ്വസ്ഥത...
വാക്കുകളുടെ കുന്തമുനകളൊടിക്കാന്‍
ഇനി ഞാനാരുമല്ല
പാഴ്‌വസ്തുക്കളില്‍ നിന്നും
ചുരുട്ടിയെറിഞ്ഞ ചുരുണ്ടുകുമിഞ്ഞ
കടലാസ് നിവര്‍ത്തി വായിക്കാനുള്ള
അവകാശം രേഖാമൂലം പിന്‍വലിച്ചിരിക്കുന്നു
ഇനി ഒറ്റ ചക്രത്തിലുരുളുന്ന വണ്ടി
രാത്രിയിലെ നിലാവട്ടത്തിന് കീഴെ
ഒരൊറ്റ നിഴല്‍ മാത്രം...
എനിക്കിനി ഇരുട്ടിലെവിടെ നിന്നെങ്കിലും
മഷിയൊഴിഞ്ഞ പേനയെ കണ്ടെത്തണം
ഇന്നുതന്നെ...

 

31-Aug-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More