ബീഹാറും കേരളവും പിന്നെ ഉമ്മന്‍ചാണ്ടിയും
കോടിയേരി ബാലകൃഷ്ണന്
കേരളത്തില്‍ ഇന്നേവരെ ബിജെപിക്ക് പാര്‍ലമെന്റിലോ നിയമസഭയിലോ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. എന്നാല്‍, അവര്‍ക്ക് അതിനുള്ള അവസരമൊരുക്കി കോലീബീ സഖ്യം സൃഷ്ടിച്ചതില്‍ കോണ്‍ഗ്രസിന്റെ നേതൃപരമായ പങ്കാളിത്തം ആര്‍ക്കാണ് നിഷേധിക്കാനാവുക. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയ എത്രയോ സംഭവങ്ങള്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കപ്പെട്ടതാണ്. കോണ്‍ഗ്രസുകാര്‍തന്നെ ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയെ വിജയിപ്പിക്കാന്‍ തന്റെ അനുയായികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എന്ത് പരിശോധനയാണ് നടത്തിയത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. അതുകൂടി വ്യക്തമാക്കിയിട്ടുപോരെ ബിഹാറിലെ ലാലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും പ്രവര്‍ത്തനത്തില്‍ അഭിമാനിക്കാന്‍? |
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പരാജയമാണുണ്ടായത്. വോട്ടിങ് ശതമാനത്തിന്റെ കാര്യത്തിലും ഏറെ പുറകെ പോയി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിധി തന്റെ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിനെതിരെ വന്ന ജനവിധിയുടെ അടിസ്ഥാനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി പ്രതികരിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ ബിഹാറില്‍ ബിജെപിക്കുണ്ടായ പരാജയത്തെക്കുറിച്ച് നെടുനീള ലേഖനമെഴുതി ഇടതുപക്ഷത്തെ ആക്രമിക്കാനാണ് ഉമ്മന്‍ചാണ്ടി തയ്യാറായത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന തന്റെ സര്‍ക്കാരിനെക്കുറിച്ചും തെരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ചും ഒന്നും അദ്ദേഹത്തിനു പറയാനില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയം ഏവരെയും ആഹ്ലാദിപ്പിക്കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. ഭിന്നത മറന്ന് ജനതാദള്‍ യുണൈറ്റഡും രാഷ്ട്രീയ ജനതാദളും ഒന്നിച്ചുചേര്‍ന്നതിന്റെ ഫലമായിരുന്നു ഈ തെരഞ്ഞെടുപ്പുവിജയം. ഒരുകാലത്ത് ബിഹാറില്‍ അധികാരം കൈയാളിയിരുന്ന കോണ്‍ഗ്രസ് തെറ്റായ നയങ്ങളുടെ ഭാഗമായി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് ഈര്‍ക്കില്‍പാര്‍ടിയായി മാറി എന്നത് ആര്‍ക്കും അറിയാം. ഇതേക്കുറിച്ച് പറയാതെ ബിഹാറിന്റെ പേരില്‍ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ നടത്തുന്ന ശ്രമം വിസ്മയകരമാണ്.
ബിഹാറില്‍ ഇടതുപക്ഷകക്ഷികള്‍ യോജിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇടതുപക്ഷം മത്സരിക്കാത്ത സീറ്റുകളില്‍ മഹാസഖ്യത്തിന് പിന്തുണ നല്‍കുകയും ചെയ്തു. നാലുശതമാനം വോട്ടും മൂന്നു സീറ്റുമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ബിജെപിയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷം ഇതെല്ലാം നേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചാരവേലയാണ് ഇടതുപക്ഷം നടത്തിയത്. ഇത് ബിജെപിക്കെതിരായ വികാരം സംസ്ഥാനത്തുടനീളം സൃഷ്ടിക്കുന്നതിന് ഇടയാക്കി എന്നത് വസ്തുതയാണ്. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരായ ജനവികാരമൊന്നാകെ ബിജെപിക്ക് അനുകൂലമായി മാറാതിരുന്നതും ഇടതുപക്ഷം സ്വീകരിച്ച സമീപനത്തിന്റെ ഫലമാണ്. അതോടൊപ്പം, ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ഭാവിരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകളും അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഇടതുപക്ഷം ഇടപെട്ടു. ചുരുക്കത്തില്‍ ജനപക്ഷനിലപാട് സ്വീകരിച്ച് വര്‍ഗീയതയ്‌ക്കെതിരെ പൊരുതുക എന്ന സമീപനമാണ് ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ദളിതര്‍ക്കും ന്യൂനപക്ഷത്തിനുമൊക്കെ എതിരെ സംഘപരിവാര്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ ഫലമായി ഉണ്ടായ പ്രതിഷേധത്തില്‍ ജനങ്ങള്‍ ഒന്നടങ്കം മഹാസഖ്യത്തെ വിജയിപ്പിക്കുന്ന സ്ഥിതി ബിഹാറില്‍ ഉണ്ടായതില്‍ ഇടതുപക്ഷ നിലപാടും സഹായകമായിട്ടുണ്ട്. ബിജെപിക്കെതിരായ മഹാസഖ്യത്തില്‍നിന്ന് ഇടതുപക്ഷം മാറിനിന്നു എന്നുപറയുന്ന കോണ്‍ഗ്രസ്, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മത്സരിച്ച ആം ആദ്മി പാര്‍ടിയുമായി എന്തുകൊണ്ട് സഖ്യം ചേര്‍ന്നില്ല എന്നതുകൂടി വിശദീകരിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വ്യക്തത നല്‍കും.
ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതും വര്‍ഗീയതയ്‌ക്കെതിരെ പൊരുതുന്നതും കോണ്‍ഗ്രസാണെന്ന അവകാശവാദമാണ് ഉമ്മന്‍ചാണ്ടി ഉന്നയിച്ചത്. 1977ല്‍ ജനതാസര്‍ക്കാരിന് പിന്തുണ നല്‍കിയ കാര്യം ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. ഇവിടെ ഉമ്മന്‍ചാണ്ടി മറന്നുപോയ ചരിത്രം, ആഭ്യന്തര അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള നിലപാടായിരുന്നു ഇടതുപക്ഷം സ്വീകരിച്ചത് എന്നതാണ്. അടിയന്തരാവസ്ഥ ശരിയല്ലെന്ന് പ്രഖ്യാപിച്ചാണ് പില്‍ക്കാലത്ത് ആന്റണിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞത് എന്ന ചരിത്രം ഓര്‍ക്കാതെ പോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. 1977ല്‍ കോണ്‍ഗ്രസിനെ ഇടതുപക്ഷ പിന്തുണയോടെ പരാജയപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ അടിയന്തരാവസ്ഥ ഭരണത്തിന്റെ കൂടെത്തന്നെ ഉമ്മന്‍ചാണ്ടി തുടരുമായിരുന്നില്ലേ? ഇന്ദിര ഗാന്ധിക്കെതിരെ സംസാരിക്കാന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ധൈര്യംലഭിച്ചത് അടിയന്തരാവസ്ഥാഭരണം അവസാനിപ്പിച്ചത് കൊണ്ടല്ലേ? അന്നത്തെ സര്‍ക്കാരില്‍ ഉണ്ടായിരുന്ന പാര്‍ടിയില്‍പ്പെട്ടവരുമായാണ് ബിഹാറില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണി ഉണ്ടാക്കിയത് എന്നതും ഉമ്മന്‍ചാണ്ടി മറന്നു. ഫലത്തില്‍ ഈ ചോദ്യം തങ്ങളുടെ ഘടക കക്ഷിക്കെതിരായിത്തന്നെ മാറിയിരിക്കുകയാണ്.
വി പി സിങ് സര്‍ക്കാരിനെ സംബന്ധിച്ചും പരാമര്‍ശമുണ്ടായി. ബാബറി മസ്ജിദ് തകര്‍ക്കാനുള്ള സംഘപരിവാറിന്റെ രഥയാത്ര തടഞ്ഞതിന്റെ പേരില്‍ വി പി സിങ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് അവിശ്വാസപ്രമേയത്തെ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാര്‍ എന്ന കാര്യംകൂടി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നുവെങ്കില്‍ പുതിയ തലമുറയ്ക്ക് ആ ചരിത്രംകൂടി മനസ്സിലാക്കാനാകുമായിരുന്നു. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ഉള്‍പ്പെടെ പ്രഖ്യാപിച്ച് വി പി സിങ് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ രാജ്യത്ത് സാമൂഹ്യനീതിയുടെ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭാവന ചെയ്തു. രഥയാത്ര തടയുന്നത് ഉള്‍പ്പെടെയുള്ള നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ കാര്യത്തിലും ഇടതുപക്ഷത്തിന് ഏറെ അഭിമാനമുണ്ട്. വി പി സിങ് സര്‍ക്കാര്‍ ബിജെപിയില്‍നിന്ന് പിന്തുണ തേടിയെന്ന ഉമ്മന്‍ചാണ്ടിയുടെ ഈ വിമര്‍ശത്തെ സംബന്ധിച്ച് മറുപടിപറയാന്‍ ഏറ്റവും യോഗ്യന്‍ യുഡിഎഫിലെ ഘടകകക്ഷിയായ ജനതാദള്‍ നേതാവ് വീരേന്ദ്രകുമാറാണ്. അക്കാര്യം ഉമ്മന്‍ചാണ്ടി അവരോട് ചോദിച്ച് സംശയനിവര്‍ത്തി വരുത്തുന്നതാണ് ഉചിതം. ആ മറുപടിക്ക് കേരളം കാതോര്‍ക്കുന്നുണ്ട്.
വര്‍ഗീയതയ്‌ക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെയും അതിന്റെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ് നിന്നതിന്റെയും ചരിത്രത്തെ കുറിച്ചും ഉമ്മന്‍ചാണ്ടി വാചാലനാകുന്നുണ്ട്. രാജ്യത്തിന്റെ മതേതരപാരമ്പര്യത്തിന്റെ അടിത്തറ തകര്‍ക്കുന്ന സംഭവമായിരുന്നു ബാബറി മസ്ജിദ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ തകര്‍ത്തത്. മസ്ജിദ് സംരക്ഷിക്കുന്നതിന് എല്ലാ പിന്തുണയും ഇടതുപക്ഷം മുന്‍കൂട്ടിത്തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍, അത് ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്നതിനു പകരം സംഘപരിവാറിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍.
രാജ്യത്ത് വിവിധ തരത്തിലുള്ള വര്‍ഗീയസംഘര്‍ഷങ്ങള്‍ ഹിന്ദുവര്‍ഗീയവാദികള്‍ കുത്തിപ്പൊക്കുകയുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അത്തരം ആക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുവരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായില്ല എന്നത് വസ്തുതയാണ്. എന്തിനേറെ പറയുന്നു, ശ്രീകൃഷ്ണ കമീഷന്‍ പോലുള്ള കമീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇത്തരം കലാപങ്ങള്‍ക്ക് നേതൃത്വംകൊടുത്തവരെ പേരെടുത്ത് പറഞ്ഞുതന്നെ നിയമത്തിന്റെ മുന്നില്‍ക്കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അത്തരമൊരു നടപടിയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതുകൊണ്ടാണ് ഇത്തരക്കാര്‍ രക്ഷപ്പെട്ടത്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരവധി മന്ത്രിസ്ഥാനങ്ങള്‍ വച്ചുനീട്ടിയിട്ടും അതൊന്നും സ്വീകരിക്കാതെ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനു തത്വാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച് പിന്തുണനല്‍കിയത് ഇടതുപക്ഷമാണ്. ഒരു ഘട്ടത്തിലും സംഘപരിവാറിന്റെ അജന്‍ഡകളുമായി യോജിച്ചുപോകാനോ അവയെ പ്രോത്സാഹിപ്പിക്കാനോ ഉള്ള സമീപനം ഇടതുപക്ഷം സ്വീകരിച്ചിട്ടില്ല. എന്നാല്‍, മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ചതുകൊണ്ടാണ് ബിജെപിയും കോണ്‍ഗ്രസും മുഖാമുഖം ഏറ്റുമുട്ടിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകരുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായത്.
കേരളത്തില്‍ ഇന്നേവരെ ബിജെപിക്ക് പാര്‍ലമെന്റിലോ നിയമസഭയിലോ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. എന്നാല്‍, അവര്‍ക്ക് അതിനുള്ള അവസരമൊരുക്കി കോലീബീ സഖ്യം സൃഷ്ടിച്ചതില്‍ കോണ്‍ഗ്രസിന്റെ നേതൃപരമായ പങ്കാളിത്തം ആര്‍ക്കാണ് നിഷേധിക്കാനാവുക. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയ എത്രയോ സംഭവങ്ങള്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കപ്പെട്ടതാണ്. കോണ്‍ഗ്രസുകാര്‍തന്നെ ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയെ വിജയിപ്പിക്കാന്‍ തന്റെ അനുയായികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എന്ത് പരിശോധനയാണ് നടത്തിയത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. അതുകൂടി വ്യക്തമാക്കിയിട്ടുപോരെ ബിഹാറിലെ ലാലുപ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും പ്രവര്‍ത്തനത്തില്‍ അഭിമാനിക്കാന്‍?
ബിജെപി കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ നടത്തിയ മഹാസഖ്യമായിരുന്നല്ലോ നൂറിലേറെ ജാതിസംഘടനകളുമായി ഉണ്ടാക്കിയ കൂട്ടുകെട്ട്. ഇത് കേരളത്തിന്റെ മഹത്തായ മതേതരപാരമ്പര്യത്തെ തകര്‍ക്കുമെന്നു പറഞ്ഞ് ഇടതുപക്ഷശക്തികള്‍ സര്‍വശക്തിയും ഉപയോഗിച്ച് കേരളത്തിന്റെ മഹത്തായ മതേതരസംസ്‌കാരം സംരക്ഷിക്കാന്‍ പോരാടി. ഓരോ ഇടതുപക്ഷപ്രവര്‍ത്തകനും മതേതരത്വത്തെ സംരക്ഷിക്കുന്ന കാവല്‍പ്പോരാളിയായി പൊരുതിയപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും ചെയ്തതെന്താണ്? ഇതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല, ഘടകകക്ഷികള്‍ക്കുപോലും വോട്ടുനല്‍കാതെ ബിജെപിക്ക് മറിച്ചുനല്‍കിയ സംഭവങ്ങളല്ലേ കേരളത്തില്‍ അരങ്ങേറിയത്? തങ്ങളെ വഞ്ചിച്ചുവെന്ന് വീരേന്ദ്രകുമാറും ആര്‍എസ്പിക്കാരും പരസ്യമായി പ്രഖ്യാപിക്കാന്‍ ഇടയായത് ഈ ബിജെപിപ്രേമം കൊണ്ടാണെന്നത് ആര്‍ക്കാണ് അറിയാത്തത്. ഇത്തരത്തില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ നടത്തിയ നീണ്ട പട്ടികതന്നെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിരത്താനുണ്ട്.
കേരളസംസ്ഥാനത്തിന്റെ അധീനതയിലുള്ള ഡല്‍ഹിയിലെ കേരള ഹൗസില്‍ പൊലീസ് കയറി ബീഫിന്റെ പേരുപറഞ്ഞ് പരിശോധന നടത്തിയപ്പോള്‍ ശക്തമായ പ്രതിഷേധം എല്‍ഡിഎഫ് ഉയര്‍ത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മിട്ടാണ്ടമുണ്ടായിരുന്നോ? ബീഫിന്റെ പേരില്‍ രാജ്യത്താകമാനം സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അത് ഇവിടെ പ്രസക്തമല്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നില്ലേ ഉമ്മന്‍ചാണ്ടി? പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് അവരെ സഹായിച്ചതും ഉമ്മന്‍ചാണ്ടി തന്നെയല്ലേ? എം ജി കോളേജില്‍ പൊലീസ് ഓഫീസറെ വധിക്കാന്‍ ആര്‍എസ്എസുകാര്‍ നടത്തിയ ശ്രമത്തിനെതിരായ കേസും ചീഫ് സെക്രട്ടറിയായിരുന്ന സി പി നായരെ വധിക്കാനുള്ള ആര്‍എസ്എസുകാരുടെ പരിശ്രമത്തിനെതിരായ കേസും പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിതന്നെയല്ലേ?
കേരളത്തില്‍ കടന്നുകയറാനുള്ള ബിജെപിയുടെ എല്ലാ അജന്‍ഡകളെയും പ്രതിരോധിച്ച് മതസൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച തെരഞ്ഞെടുപ്പുവിധിയുടെ പശ്ചാത്തലത്തില്‍ കേരളീയരെ ആകെ അപമാനിക്കുന്ന ലേഖനം ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ചു. അസാന്മാര്‍ഗിക ജീവിതം നയിക്കുന്നവരാണ് കേരളക്കാരെന്നും ഭ്രാന്തന്മാരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും നാടണ് കേരളമെന്നും ആക്ഷേപിച്ചു. ജീവിതസൂചികകളുടെ കാര്യത്തില്‍ ലോകത്തെ ഏതു രാഷ്ട്രവുമായും കിടപിടിക്കാനുള്ള വളര്‍ച്ച നേടിയ കേരളത്തെക്കുറിച്ചാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ ഉണ്ടായത്. കേരളജനതയെ ആകെ അപമാനിക്കുന്ന ഇത്തരമൊരു ലേഖനം വന്നാല്‍ ആദ്യം പ്രതികരിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രി ആയിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍, അക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍പോലും തയ്യാറായില്ല എന്നത് ഉമ്മന്‍ചാണ്ടിയുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നു.
അരുവിക്കര തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും അത്തരം നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചപ്പോള്‍ സംഘപരിവാറിന്റെ അജന്‍ഡകളെ പ്രതിരോധിച്ചത് ഇടതുപക്ഷമാണ് എന്ന യാഥാര്‍ഥ്യം ആര്‍ക്കും അറിയാവുന്നതാണ്. ആര്‍എസ്എസ് നേതൃത്വത്തില്‍ എസ്എന്‍ഡിപി വെള്ളാപ്പള്ളി വിഭാഗത്തെയും അനേകം ജാതി ഉപജാതി സംഘടനാ നേതൃത്വത്തെയും കൂടെനിര്‍ത്തി ആരംഭിക്കുന്ന 'സമത്വയാത്ര' വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്നുകണ്ട് ഇതിനെതിരെ ജനങ്ങളെ അണിനിരത്താന്‍ നേതൃത്വംകൊടുക്കുന്നത് സിപിഐ എമ്മാണ്.വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്ന നീക്കത്തിനെതിരെ ഒരു പ്രതികരണം നടത്താന്‍പോലും ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. ഇത്തരം നീക്കത്തെ പ്രോത്സാഹിപ്പിച്ച് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്.
സംഘപരിവാറിന്റെ വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ ശക്തമായി പൊരുതുന്നത് ഇടതുപക്ഷമാണ്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ 17 സിപിഐ എം പ്രവര്‍ത്തകരാണ് സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായത്. കേരളത്തില്‍ അടിപതറിയപ്പോള്‍ ബിഹാറിന്റെ പേരുപറഞ്ഞ് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ കള്ളപ്രചാരവേലയെ മതനിരപേക്ഷവാദികള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല
23-Nov-2015
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍