സാഗരം സാക്ഷി

അടിസ്ഥാന സൌകര്യവികസനം ഉറപ്പുവരുത്തുന്ന, സാമൂഹികനീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനം നടപ്പാക്കുന്ന പുതിയ വികസനകാഴ്ചപ്പാട് അംഗീകരിക്കേണ്ടിയിരിക്കുന്നു. അതിവേഗം വികസിക്കുന്ന കേരളമാണ് നമ്മുടെ ലക്ഷ്യം. അതിന് സഹായകമായ വികസനനയത്തിന് രൂപം നല്‍കണം. നവകേരള മാര്‍ച്ചിന് ഓരോ പ്രദേശത്തുനിന്നും ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരത്തെ എ കെ ജി പഠന ഗവേഷണകേന്ദ്രം മുന്നോട്ടുവച്ച നിര്‍ദേശങ്ങളും മണ്ഡലം വികസന സെമിനാറില്‍ രൂപപ്പെട്ട അഭിപ്രായങ്ങളും എല്ലാം ക്രോഡീകരിച്ച് വികസനകാഴ്ചപ്പാട് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നു. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന പുതിയൊരു ഭരണം കേരളത്തില്‍ വേണമെന്ന ചിന്താഗതിക്ക് ജനങ്ങള്‍ നല്‍കുന്ന അഭൂതപൂര്‍വമായ പിന്തുണയാണ് നവകേരള മാര്‍ച്ചിന് ലഭിച്ച വമ്പിച്ച അംഗീകാരം.

സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനുവരി 15ന് കാസര്‍കോട്ടെ ഉപ്പളയില്‍നിന്ന് ആരംഭിച്ച നവകേരള മാര്‍ച്ച് ഫെബ്രുവരി 15ന് അത്യുജ്വല റാലിയോടെ തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് സമാപിച്ചു. തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് ജനലക്ഷങ്ങള്‍ പങ്കെടുത്ത റാലി പുതിയൊരനുഭവമാണ് തലസ്ഥാനനഗരിക്ക് സമ്മാനിച്ചത്. മാറ്റം സൃഷ്ട്ടിക്കാന്‍ മാറി ചിന്തിക്കാമെന്ന ജനവികാരത്തിന് സാഗരം സാക്ഷിയായി.

മതനിരപേക്ഷത, ജനാധിപത്യം, വികസനം എന്നിവയില്‍ അധിഷ്ഠിതമായ അഴിമതിവിമുക്തമായ വികസിത കേരളം എന്ന മുദ്രാവാക്യമാണ് സിപിഐ എം മാര്‍ച്ചില്‍ മുന്നോട്ടുവച്ചത്. കേരളത്തില്‍ ഇന്നേവരെ ബിജെപിക്ക് നിയമസഭയിലും പാര്‍ലമെന്റിലും അക്കൌണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേരളത്തിലും ചുവടുറപ്പിക്കാന്‍ ആര്‍എസ്എസ് ലക്ഷ്യമിട്ടിരിക്കയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സമുദായസംഘടനകളെ വരുതയിലാക്കാമെന്ന വ്യാമോഹത്തോടെയാണ്  വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ചത്. നടേശന്റെ നേതൃത്വത്തില്‍ 108 സമുദായ സംഘടനാ നേതാക്കളെ കൂടെ ചേര്‍ത്ത് വിശാലമായ ഹിന്ദു ഐക്യവേദി രൂപീകരിച്ചിരുന്നു. ഒരു പുതിയ വര്‍ഗീയധ്രുവീകരണത്തിന് ആര്‍എസ്എസ് ശ്രമിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഇതൊരു മുന്നണിയായിത്തന്നെ പ്രവര്‍ത്തിച്ചു. ഈ മുന്നണിക്ക് 34 ശതമാനം വോട്ട് ലഭിക്കുമെന്നും തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെ 200ല്‍ പരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിജയിക്കുമെന്നുമായിരുന്നു ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രഖ്യാപിച്ചത്. എന്നാല്‍, ആര്‍എസ്എസ് മുന്നോട്ടുവച്ച വിഷലിപ്തമായ വര്‍ഗീയ അജന്‍ഡയ്ക്കെതിരെ സിപിഐ എം ശക്തമായി രംഗത്തുവരികയുണ്ടായി. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസുമായുള്ള എസ്എന്‍ഡിപി നേതൃത്വത്തിന്റെ കൂട്ടുകെട്ടിനെ തുറന്നുകാണിച്ച് പാര്‍ടി നടത്തിയ പ്രചാരവേലയുടെ ഫലമായി ശ്രീനാരായണീയരില്‍ മഹാഭൂരിപക്ഷവും ഈ കൂട്ടുകെട്ടിനെതിരായ നിലപാട് സ്വീകരിച്ചു. മറ്റു പല പാര്‍ടികളും എസ്എന്‍ഡിപി നേതൃത്വത്തെ വിമര്‍ശിക്കാന്‍ വിമുഖത കാണിച്ച സന്ദര്‍ഭത്തില്‍ സിപിഐ എം സ്വീകരിച്ച മതനിരപേക്ഷ കാഴ്ചപ്പാടിന് പൊതുവില്‍ സ്വീകാര്യത ലഭിക്കുകയാണുണ്ടായത്. ഇതിന്റെ ഫലമായാണ് ബിജെപി കൂട്ടുകെട്ടിനെയും വര്‍ഗീയതയോട് വിട്ടുവീഴ്ചചെയ്യുന്ന യുഡിഎഫിനെയും തോല്‍പ്പിക്കാന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ സാധിച്ചത്.

65 ശതമാനം തദ്ദേശഭരണസ്ഥാപനങ്ങളിലും എല്‍ഡിഎഫ് വിജയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാംസ്ഥാനത്തെത്തിയ ബിജെപിയെ പിറകിലാക്കി ആ നാലു മണ്ഡലത്തിലും എല്‍ഡിഎഫ് ഒന്നാംസ്ഥാനത്തെത്തി. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ കഴിയുകയുള്ളൂ എന്ന് തദ്ദേശതെരഞ്ഞെടുപ്പ് തെളിയിച്ചു. എന്നാല്‍, ആര്‍എസ്എസ് അവരുടെ നീക്കം ഉപേക്ഷിച്ചിട്ടില്ല. അതിന്റെ ഭാഗമാണ് ശക്തമായ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാന്‍ ഇടയാക്കുംവിധത്തില്‍ ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേലകള്‍. ക്ഷേത്രപരിസരത്തുള്ള വീടുകളിലും കടകളിലും അന്യമതത്തില്‍പ്പെട്ടവര്‍ പാടില്ലെന്ന പ്രചാരണത്തിന്റെ ലക്ഷ്യം വര്‍ഗീയധ്രുവീകരണമല്ലാതെ മറ്റൊന്നുമല്ല. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ആരാധനാലയങ്ങളിലൊന്നാണ് ശബരിമല. അവിടെയെത്തുന്ന ഭക്തജനങ്ങള്‍ എരുമേലിയിലെ വാവരുടെ പള്ളിയില്‍ പേട്ട തുള്ളിയിട്ടാണ് മല കയറി അയ്യപ്പനെ വണങ്ങി ദര്‍ശനം പൂര്‍ത്തിയാക്കുന്നത്. ഈ പാരമ്പര്യം സൂക്ഷിക്കുന്ന കേരളത്തില്‍ ക്ഷേത്രങ്ങളും പള്ളികളും തോളോടു തോളുരുമ്മി പ്രവര്‍ത്തിക്കുന്ന ഒരു സംസ്കാരമാണുള്ളത്. തിരുവനന്തപുരം പാളയം മുസ്ളിംപള്ളിയുടെ ഇടതും വലതുമായാണ് ഹിന്ദു– കൃസ്ത്യന്‍ ദേവാലയങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തീപിടിത്തമുണ്ടായപ്പോള്‍ സമീപവാസികളായ അന്യമതവിഭാഗക്കാരായിരുന്നു തീയണയ്ക്കാന്‍ ഓടിയെത്തിയത്. ഈ മഹത്തായ സംസ്കാരത്തെ വെല്ലുവിളിച്ചാണ് ആര്‍എസ്എസ് വര്‍ഗീയപ്രചാരണം നടത്തുന്നത്. ശ്രീനാരായണഗുരു, അയ്യാ വൈകുണ്ഠ സ്വാമികള്‍, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി, ബ്രഹ്മാനന്ദ ശിവയോഗി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ജാതിക്കും മതത്തിനും മുകളില്‍ മനുഷ്യനെ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. ആ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഇതിനെമുഴുവന്‍ തകര്‍ത്തെറിഞ്ഞ് കേരളത്തെയും മതാധിഷ്ഠിത സാമൂഹികഘടനയിലേക്ക് കൊണ്ടുപോകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ശക്തമായ മതനിരപേക്ഷ അടിത്തറയുള്ള കേരളത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ തച്ചുതകര്‍ക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. മതനിരപേക്ഷതയ്ക്കുവേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തെ ചെറുക്കാനുള്ള പോരാട്ടത്തില്‍ 1980 മുതല്‍ 220 സിപിഐ എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തില്‍മാത്രം 18 സഖാക്കള്‍ കൊലചെയ്യപ്പെട്ടു. ജീവന്‍ നല്‍കിയും സിപിഐ എം പ്രവര്‍ത്തകര്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകൊണ്ടാണ് ആര്‍എസ്എസ് അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാതെ പോകുന്നത്. സിപിഐ എമ്മിന്റെ ബഹുജനാടിത്തറ തകര്‍ക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ഇതിനുവേണ്ടി കേന്ദ്രത്തില്‍ അധികാരത്തിലുള്ള സര്‍ക്കാരിനെ ഉപയോഗിച്ച് യുഎപിഎപോലുള്ള കരിനിയമം അടക്കം പ്രയോഗിക്കുകയാണ് ബിജെപി.

ബിജെപിയിലെ നിരവധി പ്രവര്‍ത്തകര്‍ സമീപകാലത്ത് ആ പാര്‍ടിയുമായുള്ള ബന്ധം വിച്ഛേദിച്ച് സിപിഐ എമ്മുമായി സഹകരിക്കാന്‍ സന്നദ്ധമായി. എങ്ങനെയെങ്കിലും നിയമസഭയില്‍ അക്കൌണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്ന ബിജെപിക്ക് ഇതിന്റെയെല്ലാം ഫലമായി ആ ലക്ഷ്യം സാധിക്കുക എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെ എം മാണിയുമായി ബന്ധം സ്ഥാപിക്കാന്‍ അണിയറനീക്കങ്ങള്‍ നടത്തിവരുന്നത്. ഈ നീക്കത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസിന്റെ ഭരണഘടന തയ്യാറാക്കിക്കൊടുത്ത രാജന്‍ ബാബു എംഎല്‍എയെ യുഡിഎഫില്‍നിന്ന് പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധനാകുന്നില്ല. ഇത് വ്യക്തമാക്കുന്നത് കെ എം മാണി, രാജന്‍ ബാബു എന്നിവര്‍ വഴി ആര്‍എസ്എസുമായി രഹസ്യധാരണയുണ്ടാക്കി 1991 മോഡല്‍ സഖ്യം രൂപപ്പെടുത്തുക എന്നതാണ്. വടകര–ബേപ്പൂര്‍ മോഡല്‍ സഖ്യം അന്ന് പരാജയപ്പെട്ടു. എന്നാല്‍, 50 മണ്ഡലത്തില്‍ ആര്‍എസ്എസ് വോട്ട് കോണ്‍ഗ്രസിന് മറിച്ച് ചെയ്തപ്പോള്‍ 41 മണ്ഡലത്തില്‍ ഈ വോട്ടുകൊണ്ടുമാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഏതുവിധത്തിലും എല്‍ഡിഎഫിനെ തോല്‍പ്പിക്കണമെന്ന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രൂപപ്പെട്ടുവരുന്ന ഈ അവിശുദ്ധനീക്കം കേരളത്തിന്റെ മതനിരപേക്ഷതയുടെ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ സിപിഐ എം തീരുമാനിച്ചത്.

മാര്‍ച്ചില്‍ മുന്നോട്ടുവച്ച മറ്റൊരു പ്രധാനപ്പെട്ട ആശയം അഴിമതിവിമുക്ത കേരളം എന്നതാണ്. യുഡിഎഫ് ഭരണത്തില്‍ വില്ലേജ് ഓഫീസുമുതല്‍ സെക്രട്ടറിയറ്റുവരെ അഴിമതിയുടെ കേന്ദ്രങ്ങളായി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ രണ്ടു മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയപ്പോള്‍ത്തന്നെ വിജിലന്‍സ് കേസില്‍ പ്രതികളായിരുന്നു. ഇപ്പോള്‍ അരഡസന്‍ മന്ത്രിമാര്‍കൂടി കേസില്‍ ഉള്‍പ്പെട്ടു. ബാര്‍, സോളാര്‍, പ്ളസ്ടു, പാമൊലിന്‍, ടൈറ്റാനിയം, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ അഴിമതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്ന് തെളിയിക്കുന്നു. എല്ലാ അഴിമതിക്കും മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നു. അഴിമതിയുടെ പ്രഭവകേന്ദ്രമായി ഉമ്മന്‍ചാണ്ടി മാറി. വിജിലന്‍സ് കോടതിയും ഹൈക്കോടതിയും ഇവ കണ്ടെത്തിയാലും കോടതിവിധികളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് ധാര്‍മികമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന സര്‍ക്കാരായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറി.

വികസനരംഗത്ത് കേരളം ഒരു മുരടിപ്പ് നേരിടുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസനകാഴ്ചപ്പാടുകളുടെ ഫലമായി കേരളത്തിനുണ്ടായ നേട്ടങ്ങള്‍ യുഡിഎഫ് സ്വീകരിച്ച ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായി കീഴ്മേല്‍ മറിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, ഊര്‍ജം, ഐടി, ടൂറിസം തുടങ്ങിയ മേഖലകളില്‍ എല്ലാം പുതിയ വികസനകാഴ്ചപ്പാടായിരുന്നു എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നതോടെ സ്വകാര്യവല്‍ക്കരണത്തിന് മുന്‍ഗണന നല്‍കിയതിന്റെ ഫലമായി വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലെത്തി. പൊതുകടം വര്‍ധിപ്പിച്ചതടക്കമുള്ള നടപടി സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഈ സാഹചര്യത്തില്‍ അടിസ്ഥാന സൌകര്യവികസനം ഉറപ്പുവരുത്തുന്ന, സാമൂഹികനീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനം നടപ്പാക്കുന്ന പുതിയ വികസനകാഴ്ചപ്പാട് അംഗീകരിക്കേണ്ടിയിരിക്കുന്നു. അതിവേഗം വികസിക്കുന്ന കേരളമാണ് നമ്മുടെ ലക്ഷ്യം. അതിന് സഹായകമായ വികസനനയത്തിന് രൂപം നല്‍കണം. നവകേരള മാര്‍ച്ചിന് ഓരോ പ്രദേശത്തുനിന്നും ലഭിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നേരത്തെ എ കെ ജി പഠന ഗവേഷണകേന്ദ്രം മുന്നോട്ടുവച്ച നിര്‍ദേശങ്ങളും മണ്ഡലം വികസന സെമിനാറില്‍ രൂപപ്പെട്ട അഭിപ്രായങ്ങളും എല്ലാം ക്രോഡീകരിച്ച് വികസനകാഴ്ചപ്പാട് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നു. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന പുതിയൊരു ഭരണം കേരളത്തില്‍ വേണമെന്ന ചിന്താഗതിക്ക് ജനങ്ങള്‍ നല്‍കുന്ന അഭൂതപൂര്‍വമായ പിന്തുണയാണ് നവകേരള മാര്‍ച്ചിന് ലഭിച്ച വമ്പിച്ച അംഗീകാരം.

16-Feb-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More