രക്തസാക്ഷികളെ വെറുതെ വിടുക

മനോരമയിലെ ലേഖനത്തില്‍ പിയേഴ്സണ്‍ എഴുതുന്നത്....പക്ഷേ, രക്തസാക്ഷി കുടുംബങ്ങളില്‍ നിസ്സംഗത്വം പടരുകയായിരുന്നു എന്നാണ്. ഇങ്ങനെയെഴുതുമ്പോള്‍ കൂത്തുപറമ്പിലെ രക്തസാക്ഷി കുടുംബങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരു ശ്രമമെങ്കിലും നടത്തേണ്ടതില്ലേ? അതൊരു സാമാന്യ മര്യാദയല്ലേ? കഴിഞ്ഞദിവസം ഈ ലേഖകന്‍ ഉച്ചഭക്ഷണം കഴിച്ചത് ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ വീട്ടില്‍ നിന്നായിരുന്നു. കൂത്തുപറമ്പിലെ പരിപാടിയിലേക്ക് പോയത് രക്തസാക്ഷി റോഷന്റെ മാതാപിതാക്കളോടൊപ്പമാണ്. രക്തസാക്ഷി രാജീവന്റെ കുടുംബാംഗങ്ങളെയും നേരില്‍ കണ്ടു. അവിടെയൊന്നും ഒരു നിസ്സംഗത്വവും കണ്ടില്ല. മറിച്ച് ദുഷ്ടലാക്കോടെയുള്ള അപവാദപ്രചാരണങ്ങള്‍ക്കും പോറലേല്‍പ്പിക്കാന്‍ കഴിയാത്ത വിപ്ലവക്കരുത്തിന്റെ പ്രതീകങ്ങളായി നില്‍ക്കുന്ന രക്തസാക്ഷികളുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയുമാണ് കാണാനായത്. തങ്ങളുടെ വീരസന്തതികള്‍ ചൊരിഞ്ഞ ഒരു തുള്ളി രക്തംപോലും പാഴായി പോകില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. അക്ഷരങ്ങളില്‍ വിഷം നിറയ്ക്കുന്നവരെ നിങ്ങള്‍ രക്തസാക്ഷികളെ വെറുതെ വിടുക. രക്തസാക്ഷിത്വത്തിന്റെ ഔന്നത്യം നിങ്ങള്‍ക്കു മനസ്സിലാക്കാനാകില്ല.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്ത്യം കണ്ടേ അടങ്ങൂ എന്ന് ശപഥമെടുത്ത എത്രയോ മാന്യദേഹങ്ങള്‍ ജീവിച്ചുമരിച്ച നാടാണ് കേരളം. അങ്കക്കലി പൂണ്ട മനസുമായി ആയുഷ്‌ക്കാലമത്രയും ഒറ്റയ്ക്കും കൂട്ടായും ഇക്കൂട്ടര്‍ ആടിത്തിമിര്‍ത്ത അസംബന്ധ നാടകങ്ങള്‍ക്കുണ്ടോ വല്ല കണക്കും. ഇത്തരം എണ്ണിയാലൊടുങ്ങാത്ത കമ്യൂണിസ്റ്റ് വിരുദ്ധ പേക്കൂത്തുകള്‍ക്ക് ശേഷവും കേരളമിന്നും ചുവപ്പണിഞ്ഞു നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴത്തെ ഇടതുവിരുദ്ധ ബ്രിഗേഡിയര്‍മാര്‍ ചിന്തിക്കണം. എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാലും ഇടുപക്ഷം ഇവിടെ ദുര്‍ബലമാകരുത് എന്നാഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യര്‍ കേരളത്തിലുണ്ടെന്ന് മനസിലാക്കണം. ഇടതുപക്ഷം ദുര്‍ബലമായാല്‍ തകരുന്നത് ഒരു പാര്‍ടി മാത്രമല്ല മറിച്ച് ഒരു നാടാണ്, ഒരു നാടിന്റെ ജീവിതമാണ് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്.

അസംബന്ധങ്ങള്‍ അനായാസമായി എഴുതിപിടിപ്പിച്ച് ഇടതുപക്ഷത്തെ താറടിക്കുന്നവരുടെ മുന്‍പന്തിയിലാണ് കുറച്ചുകാലമായി സി.ദാവൂദ്. ദാവൂദിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും സി.പി.എം-ഡി.വൈ.എഫ്.ഐ വിരോധത്തിന്റെ ഒടുവിലത്തെ സാക്ഷ്യപത്രമാണ് ‘തോറ്റുകൊണ്ടേയിരിക്കുന്ന പാര്‍ട്ടിയും കൊല്ലപ്പെട്ട സഖാക്കളും’ (മാധ്യമം-നവംബര്‍ 25) എന്ന ലേഖനം. ഡി.വൈ.എഫ്.ഐ യാതൊരു സമരവും പ്രവര്‍ത്തനവും ഏറ്റെടുക്കാതെ തകര്‍ന്നടിഞ്ഞ് മരിച്ചു എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. കൂത്തുപറമ്പ് ദിനത്തിന്റെ പശ്ചാത്തലത്തില്‍ ദുഷ്ടലാക്കോടെ എഴുതപ്പെട്ട ലേഖനം മുഴുവന്‍ വായിച്ചുകഴിഞ്ഞാല്‍ ലേഖകനും സംഘവും അന്യഗ്രഹജീവികളാണോ എന്ന സംശയമാണുണ്ടാവുക: വെള്ളം ചേര്‍ക്കാത്ത കമ്യൂണിസ്റ്റ് വിരോധം മാത്രം മൂലധനമായുള്ളവര്‍ക്കു മാത്രമെ ഇങ്ങനെയൊക്കെ ചിന്തിക്കാനും എഴുതാനും സാധിക്കൂ.

“കൂത്തുപറമ്പിലെ സമരം ഒന്നാമതായി പരിയാരം മെഡിക്കല്‍കോളേജിനെതിരായ സമരമായിരുന്നു”. ഇതാണ് ലേഖകന്റെ ആദ്യകണ്ടുപിടിത്തം! 1994 നവംബര്‍ 25ന് കൂത്തുപറമ്പിലെ പോലീസ് വെടിവെയ്പിനാധാരമായ സമരം പരിയാരം മെഡിക്കല്‍ കോളേജിനെതിരായിരുന്നു എന്ന് വിലയിരുത്തുന്നത് എത്രമാത്രം പരിഹാസ്യമാണ്. “സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പൊതുവെയും”... എന്ന ഒരൊഴുക്കന്‍ അനുബന്ധം കൂടി പിന്നീട് ചേര്‍ക്കുമ്പോഴും അതിനപ്പുറത്തേയ്ക്ക് നോക്കാന്‍ ജമാ അത്ത് കണ്ണുകള്‍ക്ക് കാഴ്ചയില്ലാതെ പോകുന്നതെന്തുകൊണ്ടാണ്?

1994-ലെ സമരം 1991ന് ശേഷം ആരംഭിച്ച ചെറുതും വലുതുമായ സമരങ്ങളുടെ തുടര്‍ച്ചയായിരുന്നുവെന്നും, അത് സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കെതിരായിരുന്നുവെന്നും അറിയാത്തവരുണ്ടോ മലയാള നാട്ടില്‍! 1991 മുതല്‍ക്കാരംഭിച്ച ആഗോളവല്‍ക്കരണ നയങ്ങളുടെ ടെസ്റ്റ് ഡോസാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാന്‍ ശ്രമിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം തുടങ്ങിയ സേവനമേഖലകളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പിന്മാറുക എന്ന ആഗോളവല്‍ക്കരണ നയം. ജമാ അത്തിന് എന്ത് ആഗോളവല്‍ക്കരണം! കച്ചവടശക്തികള്‍ക്ക് സേവന മേഖലയെ തീറെഴുതാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ സമരത്തെ ചില കോളേജുകള്‍ക്കെതിരായ സമരം എന്ന നിലയില്‍ മാത്രം വിലയിരുത്തുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. “പരിയാരം മെഡിക്കല്‍ കോളേജിനെതിരായ സമരം” എന്ന പ്രസ്ഥാവന തന്നെ എത്രമാത്രം വഞ്ചനാപരമാണ്. ഏതെങ്കിലും കാലത്ത് ഇടതുപക്ഷം മെഡിക്കല്‍ കോളേജുകളെ എതിര്‍ത്തിട്ടുണ്ടോ? സര്‍ക്കാര്‍ കെട്ടിടവും, സ്ഥലവും, ഫണ്ടും ഉപയോഗിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ കോളേജ് സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള കുത്സിത നീക്കത്തെയാണ് എതിര്‍ത്തത് എന്ന കാര്യം ഇക്കൂട്ടര്‍ അറിയാതെ പോയതാണോ? 

സ്വാശ്രയവല്‍ക്കരണത്തെ എതിര്‍ത്ത ഇടതുപക്ഷം അതിന്റെ നടത്തിപ്പുകാരായി മാറിയെന്നൊക്കെയുള്ള പാടിപ്പഴകിയ പല്ലവികള്‍ സങ്കോചലേശമൊട്ടുമില്ലാതെ ആവര്‍ത്തിക്കുകയാണ് ലേഖകന്‍. വസ്തുതയെന്താണ്? ഉണ്ണികൃഷ്ണന്‍ കേസിലും, മോഹിനി ജെയിന്‍ കേസിലും അന്തസുറ്റ വിധി പ്രസ്താവിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ കാവലാളുകളായി നിലകൊണ്ട പരമോന്നത നീതിപീഠം ആഗോളവല്‍ക്കരണ കാലത്ത് കളം മാറിച്ചവിട്ടിയത് ഇനിയും അറിഞ്ഞില്ലെന്നുണ്ടോ? ടി.എം.എ പൈ കേസിലും, ഇനാംദാര്‍ കേസിലും സുപ്രീംകോടതിയുടെ വിധി എന്തായിരുന്നു? ഫലത്തില്‍ വിദ്യാഭ്യാസം കച്ചവടം തന്നെയാണെന്ന് പറഞ്ഞുവെച്ച കോടതിവിധി സ്വാശ്രയകച്ചവടത്തിന് പച്ചകൊടി വീശുകയാണ് ചെയ്തത്. കേരളത്തിലാവട്ടെ സ്വാശ്രയ തട്ടിപ്പുകള്‍ക്ക് മൂക്കുകയറിടാന്‍ കൊണ്ടുവന്ന നിയമം ദുര്‍ബലമാക്കുന്ന വിധി പ്രസ്ഥാവിച്ച ഹൈക്കോടതി ഇവിടെയും സ്വാശ്രയക്കാരുടെ രക്ഷകരായി. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വാശ്രയമുതലാളിയുടെ അതിഥിയായി സ്വകാര്യ ഗസ്റ്റ് ഹൗസില്‍ കഴിയുകയും വിധി പുറപ്പെടുവിച്ച ശേഷം അവരോടൊപ്പം ഉല്ലാസയാത്ര പോവുകയും ചെയ്ത ന്യായാധിപന്റെ ചെയ്തികളൊന്നും ആരും മറക്കാനിടയില്ല.

സ്വാശ്രയസ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുകയും, സുപ്രീംകോടതി തന്നെ അവര്‍ക്കനുകൂലമായി നിലപാട് മാറ്റുകയും ചെയ്ത ഘട്ടത്തില്‍ സാധ്യമായത്ര സാമൂഹ്യ നിയന്ത്രണം, മെറിറ്റ് അട്ടിമറിക്കാതിരിക്കല്‍, ന്യായമായ ഫീസ് എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ വെച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളും, യൂണിവേഴ്‌സിറ്റികളും സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നും അങ്ങനെ സ്വകാര്യ സ്വാശ്രയ കൊള്ളയെ നിയന്ത്രിക്കണമെന്നുമുള്ള തീരുമാനത്തെ വിദ്യാഭ്യാസ കച്ചവടമായി വ്യാഖ്യാനിക്കുന്നവരുടെ ആഗ്രഹമെന്താണ്? സ്വാശ്രയ മേഖല സമ്പൂര്‍ണമായി സ്വകാര്യ കച്ചവടക്കാരുടെ കാല്‍ചുവട്ടില്‍ തന്നെ തുടരണം എന്നാണോ? എങ്കില്‍ അക്കാര്യം തുറന്ന് പറയണം.
“സമൂഹത്തെയും യുവജന സംസ്‌കാരത്തെയും നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു സമരവും ഉയര്‍ത്തികൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞില്ല” എന്ന വിചിത്രമായ കണ്ടെത്തലും ലേഖനത്തിലുണ്ട്. കൂത്തുപറമ്പിനു ശേഷം ഡി.വൈ.എഫ്.ഐക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് ആരോപണം. പാലിയേറ്റീവ് കെയര്‍, പരിസ്ഥിതി തുടങ്ങിയ മേഖലകളിലൊക്കെ ഡി.വൈ.എഫ്.ഐ വട്ടപ്പൂജ്യമാണെന്ന ആക്ഷേപമുന്നയിക്കാനും യാതൊരു മടിയും കാണിക്കുന്നില്ല. ഡി.വൈ.എഫ്.ഐയുടെ കടുത്ത ശത്രുക്കള്‍ക്കുപോലും ഇങ്ങനെ ആരോപിക്കാനാവുമോ?

സമീപകാലത്ത് എതിരാളികളില്‍ നിന്നുപോലും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ എത്രയെത്ര പ്രവര്‍ത്തനങ്ങള്‍ക്കാണ് യുവജനസംഘടന നേതൃത്വം നല്‍കിയത്. എന്‍ഡോസള്‍ഫാനെതിരെ ഭംഗിയുള്ള വാക്കില്‍ സംസാരിക്കുന്ന സോളിഡാരിറ്റിക്കാര്‍ക്ക് ആ കീടനാശിനി ഇപ്പോള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു എന്ന് അറിയാമോ? ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ നിയമയുദ്ധമാണ് എന്‍ഡോസള്‍ഫാന് അന്ത്യം കുറിച്ചത് എന്നറിയാമോ? അതിനും മുമ്പ് കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദന കേന്ദ്രമായ കൊച്ചിയിലെ എച്ച്.ഐ.എല്ലില്‍ (HIL) കീടനാശിനിയുടെ ഉല്‍പാദനം നിര്‍ത്തിവെയ്പ്പിച്ചത് ഡി.വൈ.എഫ്.ഐയുടെ കരുത്തുറ്റ സമരമായിരുന്നുവെന്ന് മനസിലാക്കിയിട്ടുണ്ടോ? എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അടുത്ത പത്തുവര്‍ഷത്തെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്തത് ഡി.വൈ.എഫ്.ഐ ആണെന്ന് അറിയാമോ? ദുരിതബാധിതര്‍ക്ക് ഈ യുവജനസംഘടനയാണ് ആദ്യമായി വീടുകള്‍ നിര്‍മിച്ചു നല്‍കിയതെന്ന് ലേഖനമെഴുതിക്കൂട്ടുന്ന തിരക്കിനിടയില്‍ അറിയാതെ പോയതാണോ?

ഇന്ത്യയ്ക്ക് വിലപറയാന്‍ ശേഷിയുള്ള കീടനാശിനി ലോബി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവിനെ തങ്ങളുടെ വക്കീലാക്കി കോടതിയില്‍ ഹാജരാക്കുകയും, ഇന്ത്യാ ഗവണ്‍മെന്റ് കീടനാശിനി ലോബിയെ അനുകൂലിക്കുകയും ചെയ്ത സാഹചര്യം ആരും മറക്കരുത്. സര്‍ക്കാരിനും കീടനാശിനി ലോബിക്കുമെതിരെ തനിച്ച് പോരാടി വിജയിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള നൂറുകണക്കിന് ദിനപ്പത്രങ്ങള്‍ ഡി.വൈ.എഫ്.ഐയെ അഭിനന്ദിച്ചുകൊണ്ട് വാര്‍ത്തയെഴുതുകയുണ്ടായി. അപ്പോഴും ദാവൂത് എഴുതുന്നത് “ഒരു സമരവും ഉയര്‍ത്തികൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല” എന്നാണ് ഈ അസുഖത്തിന് ഇനിയെങ്കിലും ആരെങ്കിലും മരുന്ന് കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ.

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അവിടെയും ഡി.വൈ.എഫ്.ഐ ഇല്ലെന്ന് തീര്‍പ്പുകല്‍പിക്കുമ്പോള്‍ ഇങ്ങനെയൊക്കെ എഴുതിത്തകര്‍ക്കുന്നതിന് “എന്തു ലഭിക്കും”? എന്ന ചോദ്യം മാത്രമെ ഉന്നയിക്കാനുള്ളൂ. ലേഖനം എഴുതുന്നതിന് മുമ്പ് സ്വന്തം ജില്ലയിലെ പാലിയേറ്റീവ് രംഗത്തെയ്‌ക്കെങ്കിലും ഒന്നു നോക്കാമായിരുന്നു.

ഏറ്റവും വലിയ യുവജന പ്രസ്ഥാനം എന്നതുപോലെ വലിയ സന്നദ്ധസംഘടനയും, ജീവകാരുണ്യ പ്രസ്ഥാനവും, പരിസ്ഥിതി സംഘടനയും ഏതെന്ന ചോദ്യത്തിന് ഡി.വൈ.എഫ്.ഐ എന്ന് മറുപടി പറയുമ്പോള്‍ അത് കേവലം അവകാശവാദമല്ല. യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ ഡി.വൈ.എഫ്.ഐക്ക് നല്‍കിയ അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും ഇക്കാര്യം സ്വയം വിശദീകരിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്യുന്ന സംഘടനയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കുന്ന അവാര്‍ഡിന് എല്ലാ വര്‍ഷവും അര്‍ഹമാകുന്ന സംഘടന ഡി.വൈ.എഫ്.ഐ ആണെന്ന് ലേഖക ശ്രേഷ്ഠന്മാര്‍ ഇനിയെങ്കിലും മനസിലാക്കണം.

പോലീസ് അക്രമണത്തില്‍ പരിക്കേറ്റ് യുവജനങ്ങള്‍ തെരുവില്‍ ഒഴിക്കയിതുപോലെ ഗ്യാലണ്‍ കണക്കിന് രക്തം അവര്‍ ദാനം ചെയ്തിട്ടുമുണ്ടെന്ന് അറിയേണ്ടവര്‍ അറിയണം. കേരളത്തിന്റെ രക്തബാങ്ക് ഇന്ന് ഡി.വൈ.എഫ്.ഐ എന്ന സംഘടനയാണ്. ആശുപത്രിയിലെത്തുമ്പോള്‍ ഡി.വൈ.എഫ്.ഐയുടെ ശത്രുക്കളെയും കാത്ത് ഡി.വൈ.എഫ്.ഐക്കാരന്റെ രക്തമുണ്ടാകും. നേത്രദാനവും അവയവദാനവും ഇന്ന് ഡി.വൈ.എഫ്.ഐയുടെ പ്രധാന മുദ്രാവാക്യങ്ങളാണ്. കണ്ണും കരളുമൊക്കെ മരണാനന്തരം സഹജീവികള്‍ക്ക് പങ്കിട്ടു നല്‍കാനുള്ളതാണെന്ന് മലയാളിയെ പഠിപ്പിക്കുന്നത് ഡി.വൈ.എഫ്.ഐയാണ്.

പരിസ്ഥിതിയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ ഇനിയെങ്കിലും മണ്ണിലേക്കിറങ്ങണം. വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നതിന്റെ പാരിസ്ഥിതിക പ്രാധാന്യം പറയേണ്ടതില്ലല്ലോ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച പരിസ്ഥിതി സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഏറ്റുവാങ്ങിയത് ഡി.വൈ.എഫ്.ഐ ആണെന്ന് പത്രം വായിക്കുന്നവരാരെങ്കിലും ഓര്‍മയില്ലാത്തവരെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത അവാര്‍ഡ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്, ഉമ്മന്‍ചാണ്ടി വരെ അംഗീകരിച്ചാദരിച്ചിട്ടും ജമായത്തിന് ഡി.വൈ.എഫ്.ഐ അത്രപോര.

വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക സൃഷ്ടിച്ചും, കേരളത്തിന്റെ രക്തദാതാക്കളായി സ്വയം മാറിയും, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം പോലെ ഇരകളുടെ കാവല്‍ക്കാരായി നിന്നുകൊണ്ട് പൊരുതിയും മുന്നേറുന്ന മറ്റേതു സംഘടനയാണ് ഇന്നു കേരളത്തിലുള്ളത്? നേത്രദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രസക്തി തിരിച്ചറിയാന്‍ ചിലര്‍ക്ക് ഒരുപക്ഷെ ഇനിയും ഏറെ കാലമെടുത്തേക്കാം.

വര്‍ഗ്ഗീയതയ്ക്കും ജാതീയതയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐയുടെ വമ്പിച്ച ക്യാമ്പയിനുകള്‍ കാണാതിരിക്കണമെങ്കില്‍ ചെറിയ അന്ധതയൊന്നും പോര. ജമാ അത്തെ മോഡല്‍ അന്ധതതന്നെ വേണം. മതനിരപേക്ഷ ക്യാമ്പയിന്റെ തുടര്‍ച്ച എന്ന നിലയില്‍ രാജ്യത്ത് ആദ്യമായി ‘മതനിരപേക്ഷ വിവാഹ വെബ്‌സൈറ്റി’ന് ഡി.വൈ.എഫ്.ഐ രൂപം നല്‍കുകയാണ്. ജാതി-മത പരിഗണനകളില്ലാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം. മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പോലും ബോധക്ഷയമുണ്ടാകുന്നവരെ ഈ വാര്‍ത്തയും അലോസരപ്പെടുത്തുന്നുണ്ടാവും.

അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശ സമരങ്ങളെക്കുറിച്ചൊക്കെ നീണ്ട കഥയെഴുതുന്നവര്‍ ദിവസങ്ങള്‍ക്കു മുമ്പ് അട്ടപ്പാടിയില്‍ നടന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നതും യാദൃശ്ചികമല്ല. ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോള്‍ അവര്‍ക്കുവേണ്ടി പട്ടിണികിടന്ന് പൊരുതിയത് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് എം.പിയാണെന്നും ആവേശകരമായ സമരത്തിനൊടുവില്‍ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് സര്‍ക്കാരിന് ഉത്തരവിറക്കേണ്ടിവന്നുവെന്നും ഇനിയും ഈ ലോകത്തില്‍ അറിയാത്തത് ‘മാധ്യമം ബുദ്ധിജീവികള്‍’ മാത്രമായിരിക്കും.

നിയമന നിരോധനത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇടതുയുവജനസംഘടനകള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരവും, സമരത്തിന്റെ മഹാവിജയവും ചിലര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല! അതെ, ഇവിടെ ചിലര്‍ തീര്‍ച്ചയായും അന്യഗ്രഹജീവികള്‍ തന്നെയാണെന്ന് എങ്ങനെ പറയാതിരിക്കും? നിരാഹാര സമരവേദിയില്‍ നേരിട്ട് വന്ന് അഭിവാദ്യപ്രസംഗം നടത്തിയ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സൈജു മുണ്ടപ്പള്ളിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു “ഞാനൊരു കോണ്‍ഗ്രസ് ഭാരവാഹിയാണ്. പക്ഷെ യുവജനങ്ങള്‍ക്കുവേണ്ടി നടക്കുന്ന ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല”. മനസാക്ഷിയുള്ളവര്‍ക്കൊന്നും ഡി.വൈ.എഫ്.ഐയുടെ സമരങ്ങളും പ്രവര്‍ത്തനങ്ങളും കാണാതിരിക്കാനാവില്ല. അതില്ലാത്തവര്‍ക്ക് എന്തുമാവാം.

സിപി.ഐ(എം)നെയും ഡി.വൈ.എഫ്.ഐയെയും കുറ്റം പറയാന്‍ മാത്രം വായ തുറക്കുന്നവരുടെ നിരയിലേക്ക് സ്വയം ചേര്‍ന്നുകൊണ്ടെഴുതിയ ലേഖനത്തില്‍ കൊച്ചിയിലെ ചുംബന സമരത്തിന്റെ പേരിലും പഴിക്കുന്നത് ഇടതുപക്ഷത്തെ!. എങ്ങനെയുണ്ട് കാര്യങ്ങള്‍? കോഴിക്കോട്ടെ സംഘപരിവാറിന്റെ സദാചാര പോലീസ് വേട്ടയ്‌ക്കെതിരെ നാട്ടിലെങ്ങും പ്രതിഷേധമുയര്‍ന്നപ്പോള്‍ മാളത്തിലൊളിച്ച കൂട്ടര്‍ ഇപ്പോള്‍ ഇടതുവിരുദ്ധ ജല്‍പനങ്ങളുമായെത്തുന്നു. ചുംബന സമരം ഒരു വിഭാഗത്തിന്റെ പ്രതിഷേധമായിരുന്നു. അവര്‍ക്ക് അങ്ങനെയും പ്രതിഷേധിക്കാന്‍ അവകാശമുണ്ട് എന്ന് സുവ്യക്തമായി ഡി.വൈ.എഫ്.ഐ പറഞ്ഞത് ഇനിയും കേള്‍ക്കാത്തവര്‍ ഇ.എന്‍.ടി ഡോക്ടറെ കാണുക മാത്രമേ വഴിയുള്ളൂ. എന്തിനും ഏതിനും ഡി.വൈ.എഫ്.ഐയെ തെറിപറയുക, പഴിക്കുക എന്നത് ഇന്നൊരു സാംക്രമികരോഗമാണ്.

കൂത്തുപറമ്പിലെ രക്തസാക്ഷികളെകുറിച്ച് ദാവൂദ് തന്റെ ലേഖനത്തില്‍ ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. “കൂത്തുപറമ്പില്‍ സഖാക്കള്‍ കൊല്ലപ്പെടുക മാത്രമായിരുന്നില്ല, കൂത്തുപറമ്പിനു ശേഷം അവര്‍ തോല്‍പ്പിക്കപ്പെടുക കൂടിയായിരുന്നു”. ഇന്നലെവരെ കൂത്തുപറമ്പില്‍ യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചു എന്നുപോലും അറിയാത്തവര്‍ക്ക് ഇന്ന് രക്തസാക്ഷികളെ ഓര്‍മവന്നിരിക്കുന്നു. രക്തസാക്ഷിത്വത്തെക്കുറിച്ചും ത്യാഗസുരഭിലവും ധീരതാപൂര്‍ണവുമായ സമരങ്ങളെക്കുറിച്ചുമൊന്നും ജമായത്ത് ബുദ്ധികേന്ദ്രങ്ങള്‍ക്ക് വലിയ പിടിപാടൊന്നുമുണ്ടാവില്ല.

അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍ കണ്ടപ്പോള്‍ തന്നെ മുട്ടുവിറച്ചുകൊണ്ട് മാപ്പപേക്ഷ തയ്യാറാക്കി നെഞ്ചത്തടിച്ച് നിലവിളിച്ച് നല്ലകുട്ടിയായി മടങ്ങിയ സ്വന്തം അമീറിന്റെ പിന്‍ഗാമിയ്ക്ക് രക്തസാക്ഷിയെന്ന വാക്കുച്ചരിക്കാന്‍ ധാര്‍മികാവകാശമുണ്ടോ? സ്വന്തം നാട്ടുകാര്‍ ജയിലിലേക്ക് പോകുമ്പോള്‍പോലും അവരെ വഞ്ചിച്ച് ഒളിച്ചോടാന്‍ മടികാണിക്കാത്തവര്‍ക്കൊന്നും രക്തസാക്ഷിത്വത്തിന്റെ മഹാത്മ്യം മനസിലാവില്ല.

രക്തസാക്ഷിയെന്നാല്‍ ജീവിതത്തിന്റെ വസന്തകാലത്ത് മരിച്ചുപോയ ഒരു ഹതഭാഗ്യനല്ല. ധീരതകൊണ്ട് മരണത്തെ പരാജയപ്പെടുത്തിയവനാണ്. ഈ ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം അവര്‍ അനുസ്മരിക്കപ്പെടും, ആദരിക്കപ്പെടും. രക്തസാക്ഷി മരിക്കില്ല തോല്‍ക്കുകയുമില്ല. അതറിയണമെങ്കില്‍ ലേഖനമെഴുതിയാല്‍ പോര നവംബര്‍ 25ന് സ്വന്തം വീട്ടില്‍ നിന്ന് ഒന്നു പുറത്തിറങ്ങിയാല്‍ മതി. അതു മാത്രം മതി. 

അവസാനമായി എല്ലാ ലേഖനങ്ങളും വാര്‍ത്തയെഴുത്ത് ഫലിതങ്ങളും ചെന്നെത്തുന്നത് എം.വി.രാഘവനിലാണ്. രാഘവന്‍ പാര്‍ടിക്ക് പ്രിയപ്പെട്ടവനായി മാറി. രക്തസാക്ഷികള്‍ അവഗണിക്കപ്പെട്ടു. എന്നാണ് ചുരുക്കം. രക്തസാക്ഷികള്‍ നിലവിളിക്കുന്നുവെന്നാണ് എന്‍.എം.പിയേഴ്‌സണ്‍ മനോരമയില്‍ എഴുതിയത് (നവംബര്‍ 26). എം.വി.രാഘവന്റെ മരണാനന്തരം അവിടെ സന്ദര്‍ശനം നടത്തിയതും, സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിച്ചതും, അനുശോചനം പ്രകടിപ്പിച്ചതുമൊക്കെ ഇങ്ങനെ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നത് എത്ര ഹീനമാണ്. ഇതൊക്കെ ആധുനിക സമൂഹത്തില്‍ പുതിയ കാര്യങ്ങളാണോ? ഈയടുത്ത് തിരുവനന്തപുരത്ത് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഒരാളുടെ മരണവും ഇങ്ങനെ വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചു. മരണത്തിലും, കണ്ണുനീരിലും വിഷം കലര്‍ത്തുന്നത് അധമത്വമാണ്.

മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കുന്നതോടെ മരിച്ചുപോവുന്ന ഒന്നല്ല ചരിത്രം. വ്യക്തി മരിക്കുമ്പോള്‍ ചരിത്രം മരിക്കില്ല. ഒരു സ്വാഭാവിക മരണം ആരെയും വിശുദ്ധനാക്കില്ല. ഒരു ചിതയിലെ അഗ്നിക്കും ചരിത്രത്തെ ചാരമാക്കാനും കഴിയില്ല. കൂത്തുപറമ്പിലെ വെടിവെയ്പിന്റെ ഒരു കാരണക്കാരന്‍ എം.വി.രാഘവനാണെന്നത് ചരിത്രമാണ്. എന്നാല്‍ മരണാനന്തരം ആ പാപഭാരം എം.വി.രാഘവന്റെ തലയില്‍ മാത്രം ചാര്‍ത്തി ആര്‍ക്കും രക്ഷപെടാനാവില്ല. യുവജനസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള അന്നത്തെ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നയമാണ് കൂത്തുപറമ്പില്‍ നടപ്പാക്കിയത്. തലേദിവസം കെ.സുധാകരനും എം.വി.രാഘവനും കണ്ണൂരില്‍വെച്ച് ഗൂഢാലോചന നടത്തിയെന്ന് സുധാകരന്റെ സന്തതസഹചാരിയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട്. ഡി.സി.സി പ്രസിഡന്റായിരുന്ന പി.രാമകൃഷ്ണന്റെ വെളിപ്പെടുത്തലുമുണ്ട്. ഇതെല്ലാം മറന്നേക്കൂ എന്ന് ആരുപറഞ്ഞാലും അതംഗീകരിക്കാനാവില്ല.

മനോരമയിലെ ലേഖനത്തില്‍ എന്‍.എം.പിയേഴ്‌സണ്‍ എഴുതുന്നത് “....പക്ഷെ, രക്തസാക്ഷി കുടുംബങ്ങളില്‍ നിസംഗത്വം പടരുകയായിരുന്നു” എന്നാണ്. ഇങ്ങനെയെഴുതുമ്പോള്‍ കൂത്തുപറമ്പിലെ രക്തസാക്ഷി കുടുംബങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഒരു ശ്രമമെങ്കിലും നടത്തേണ്ടതില്ലേ? അതൊരു സാമാന്യ മര്യാദയല്ലേ?

നവംബര്‍ 25ന് ഞാന്‍ ഉച്ചഭക്ഷണം കഴിച്ചത് ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ വീട്ടില്‍ നിന്നായിരുന്നു. കൂത്തുപറമ്പിലെ പരിപാടിയിലേക്ക് പോയത് രക്തസാക്ഷി റോഷന്റെ മാതാപിതാക്കളോടൊപ്പമാണ്. രക്തസാക്ഷി രാജീവന്റെ കുടുംബാംഗങ്ങളെയും നേരില്‍ കണ്ടു. അവിടെയൊന്നും ഒരു നിസംഗത്വവും ഞാന്‍ കണ്ടില്ല. മറിച്ച് ദുഷ്ടലാക്കോടെയുള്ള അപവാദ പ്രചരണങ്ങള്‍ക്കും പോറലേല്‍പിക്കാന്‍ കഴിയാത്ത വിപ്ലവക്കരുത്തിന്റെ പ്രതീകങ്ങളായി നില്‍ക്കുന്ന രക്തസാക്ഷിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയുമാണ് എനിക്ക് കാണാനായത്. തങ്ങളുടെ വീരസന്തതികള്‍ ചൊരിഞ്ഞ ഒരു തുള്ളി രക്തംപോലും പാഴായി പോവില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. അക്ഷരങ്ങളില്‍ വിഷം നിറയ്ക്കുന്നവരെ നിങ്ങള്‍ രക്തസാക്ഷികളെ വെറുതെ വിടുക. രക്തസാക്ഷിത്വത്തിന്റെ ഔന്നത്യമൊന്നും നിങ്ങള്‍ക്കു മനസിലാക്കാനാവില്ല.

 

27-Nov-2014

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More