ബദല്‍ ഇടതുപക്ഷമാണ്

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ആക്രമണോത്സുകമായ വര്‍ഗീയവല്‍ക്കരണത്തെയും വലതുപക്ഷവല്‍ക്കരണത്തെയും ചെറുക്കാന്‍ ഇടതുപക്ഷജനാധിപത്യമതനിരപേക്ഷ ശക്തികളുടെ വിശാല ഐക്യനിര വളര്‍ത്തിയെടുക്കും. കൂടുതല്‍ പ്രസ്ഥാനങ്ങളെയും ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് പ്രക്ഷോഭം വളര്‍ത്തിയെടുത്താല്‍ മാത്രമേ ബിജെപി സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളെയും വര്‍ഗീയവല്‍ക്കരണ അജന്‍ഡയെയും ചെറുക്കാന്‍കഴിയൂ. ഇതിനായി വിശാലമായ ജനാധിപത്യമതനിരപേക്ഷ വേദി രൂപീകരിക്കണം. ഇടതുപക്ഷഐക്യം കൂടുതല്‍ വിപുലമാക്കി ശക്തിപ്പെടുത്തണം. വിവിധ പാര്‍ടികള്‍, പ്രസ്ഥാനങ്ങള്‍, ജനമുന്നേറ്റങ്ങള്‍, വ്യക്തികള്‍, ബുദ്ധിജീവികള്‍ എന്നിവരെ കൂട്ടിയോജിപ്പിച്ച് ഐക്യം രൂപപ്പെടുത്തണം. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്താന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ.

രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ യോജിച്ച മുന്നേറ്റമാണ് ഇന്ന് ആവശ്യം. ഒരുഭാഗത്ത് തീവ്രവലതുപക്ഷ നയങ്ങളും മറുഭാഗത്ത് ആക്രമണോത്സുക വര്‍ഗീയ അജന്‍ഡകളുമാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്ലാ മേഖലകളിലും ഹിന്ദുത്വശക്തികള്‍ കന്നാക്രമണം നടത്തുന്ന കാലമാണിത്. ഖര്‍വാപസിയും ലൗജിഹാദടക്കമുള്ള പ്രചാരണങ്ങളും ബോധപൂര്‍വമായ നീക്കമാണ്. ആര്‍എസ്എസിന്റെയും സംഘപരിവാര്‍ ശക്തികളുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് മോഡി സര്‍ക്കാര്‍ തീവ്രഹിന്ദുത്വ തീവ്ര വലതുപക്ഷ നടപടികള്‍ നടപ്പാക്കുന്നത്. ആര്‍എസ്എസും ബിജെപിയും അടങ്ങിയ കോര്‍ കമ്മിറ്റിയാണ് വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലടക്കം നയങ്ങള്‍ തീരുമാനിക്കുന്നതെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ബോധപൂര്‍വം കടന്നാക്രമണങ്ങള്‍ നടത്തുന്നു. മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആസുത്രിതമായ വര്‍ഗീയ കലാപങ്ങളാണ് രാജസ്ഥാനിലും മറ്റും നടന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലടക്കം ശക്തമായ കടന്നാക്രമണങ്ങളാണ് ഹിന്ദുത്വശക്തികള്‍ നടത്തുന്നത്. പെരുമാള്‍ മുരുകന് എഴുത്തുനിര്‍ത്തേണ്ടിവന്ന സാഹചര്യം പോലുമുണ്ടായിയെന്നത് ഈ രംഗത്തെ സംഘപരിവാര്‍ ശക്തികളുടെ കടന്നാക്രമണം തെളിയിക്കുന്നു. നാമക്കലില്‍ സിപിഐ എം മാത്രമാണ് പൊരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതെന്നത് അഭിമാനാര്‍ഹമാണ്.

മോഡി സര്‍ക്കാരിന്റെ ഭരണം സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ജനാധിപത്യ വിരുദ്ധ നിലപാടുകളും സര്‍ക്കാരിന്റെ മുഖമുദ്രയാവുകയാണ്. മൂന്ന് ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ ഒമ്പത് മാസത്തിനിടെ കൊണ്ടുവന്നത്. രാജ്യസഭയില്‍ പാസാക്കാനാവില്ലെന്നതിനാലാണ് ഇത് നിയമമാവാത്തത്. അതേസമയം കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ എന്താണ് മോഡി സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടാത്തത്. വന്‍കിട കോര്‍പറേറ്റുകളാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നതാണ് ഇത് കാണിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അമേരിക്കയുമായി തുടങ്ങിയ സൈനിക സാമ്പത്തിക കരാറുകള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോവുകയാണ് മോഡി സര്‍ക്കാര്‍. പാര്‍ലിമെന്റിനെപ്പോലും അറിയിക്കാതെയാണ് തന്ത്രപ്രധാനമായ സൈനിക കരാറിന് അമേരിക്കയുമായി ഇന്ത്യ മുന്നിട്ടിറങ്ങുന്നത്. ചൈനയടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ അധിനിവേശ നീക്കങ്ങളുടെ പങ്കാളിയാവുകയാണ് ഇന്ത്യയെന്നത് ഗൗരവമായ കാര്യമാണ്.

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ആക്രമണോത്സുകമായ വര്‍ഗീയവല്‍ക്കരണത്തെയും വലതുപക്ഷവല്‍ക്കരണത്തെയും ചെറുക്കാന്‍ ഇടതുപക്ഷജനാധിപത്യമതനിരപേക്ഷ ശക്തികളുടെ വിശാല ഐക്യനിര വളര്‍ത്തിയെടുക്കും. കൂടുതല്‍ പ്രസ്ഥാനങ്ങളെയും ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് പ്രക്ഷോഭം വളര്‍ത്തിയെടുത്താല്‍ മാത്രമേ ബിജെപി സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളെയും വര്‍ഗീയവല്‍ക്കരണ അജന്‍ഡയെയും ചെറുക്കാന്‍കഴിയൂ. ഇതിനായി വിശാലമായ ജനാധിപത്യമതനിരപേക്ഷ വേദി രൂപീകരിക്കണം. ഇടതുപക്ഷഐക്യം കൂടുതല്‍ വിപുലമാക്കി ശക്തിപ്പെടുത്തണം. വിവിധ പാര്‍ടികള്‍, പ്രസ്ഥാനങ്ങള്‍, ജനമുന്നേറ്റങ്ങള്‍, വ്യക്തികള്‍, ബുദ്ധിജീവികള്‍ എന്നിവരെ കൂട്ടിയോജിപ്പിച്ച് ഐക്യം രൂപപ്പെടുത്തണം. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്താന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ.

വിശാലമായ ഇടതുപക്ഷ വേദി രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയില്‍ 11 ഇടതുപാര്‍ടികള്‍ ചേര്‍ന്നുള്ള ഐക്യപ്രസ്ഥാനം രൂപീകരിച്ചു. പശ്ചിമബംഗാളില്‍ 17 ഇടതുപാര്‍ടികളുടെ വിശാല ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും ചെറുതും വലുതുമായ ഇടതുപക്ഷ ഐക്യപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നവലിബറല്‍ നയങ്ങളാല്‍ ജീവിതോപാധികള്‍ നഷ്ടപ്പെട്ടു നരകിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി ജനകീയമുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചാണ് ഇടതുപക്ഷത്തെ ശക്തമാക്കേണ്ടത്. സിപിഐ എമ്മിനെ കൂടുതല്‍ ശക്തിപ്പെടുത്തിയാല്‍ മാത്രമേ ഇടതുപക്ഷത്തെ ശക്തമാക്കാന്‍കഴിയൂ.

ബിജെപിയെ പിന്നില്‍നിന്നു നിയന്ത്രിച്ചിരുന്ന ആര്‍എസ്എസ് ഇപ്പോള്‍ നേരിട്ട് മുന്നില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുകയാണ്. സാധാരണഗതിയില്‍ ഭൂരിപക്ഷം കിട്ടുന്ന പാര്‍ടിയോ മുന്നണിയോ സര്‍ക്കാര്‍ രൂപീകരിച്ച് ഭരിക്കുകയാണ് പതിവ്. എന്നാല്‍, ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന സംയുക്തസംരംഭമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസം, സാമ്പത്തികകാര്യങ്ങള്‍, സുരക്ഷ എന്നിവയടക്കമുള്ള സുപ്രധാന മേഖലകളില്‍ നയരൂപീകരണം നടത്തി നടപ്പാക്കാനും ബിജെപി സര്‍ക്കാരിന് ഭരണത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാനും ആര്‍എസ്എസ് കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നു.

വലതുപക്ഷവല്‍ക്കരണത്തിന്റെ രണ്ടുതരത്തിലുള്ള ആക്രമണമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്. ഒരുവശത്ത് കോര്‍പറേറ്റ് ശക്തികള്‍ക്കായുള്ള നവലിബറല്‍ നയങ്ങള്‍ ശക്തിപ്പെടുത്തല്‍. മറുവശത്ത് കടുത്ത വര്‍ഗീയവല്‍ക്കരണം. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി, സുപ്രധാന നയങ്ങള്‍ ചര്‍ച്ചചെയ്യാതെ ഓര്‍ഡിനന്‍സ് മുഖേനയാണ് നടപ്പാക്കുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം കൊണ്ടുവരുന്നതിനുള്ള ഓര്‍ഡിനന്‍സ്, കല്‍ക്കരി വ്യവസായത്തിന്റെ ദേശസാല്‍ക്കരണം ഇല്ലാതാക്കി സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്ന ഓര്‍ഡിനന്‍സ്, കര്‍ഷകരുടെയും ഭൂഉടമകളുടെയും താല്‍പ്പര്യങ്ങള്‍ തൃണവല്‍ഗണിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് എന്നിവ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി കൊണ്ടുവന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഗ്രാമീണ ജനങ്ങളുടെയും ശക്തമായ ചെറുത്തുനില്‍പ്പു സംഘടിപ്പിക്കണം. പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ചാല്‍ രാജ്യസഭയില്‍ ഈ ഓര്‍ഡിനന്‍സുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയും. കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്ന് വാഗ്ദാനംചെയ്ത ബിജെപി അതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തയ്യാറാകുന്നുമില്ല. അമേരിക്കയുമായി പ്രതിരോധ ചട്ടക്കൂടുകരാര്‍ പുതുക്കിയതും ജനങ്ങളോടു പറയാതെയും പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെയുമാണ്.

ലോകത്ത് മുതലാളിത്തരാജ്യങ്ങളടക്കം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനിലേതടക്കം രാജ്യങ്ങള്‍ നടപ്പാക്കുന്ന നടപടികള്‍ പുതിയ പ്രതിസന്ധികളിലേക്കാണ് നയിക്കുന്നത്്. ഇത് സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ദുരിതങ്ങളിലേക്ക് നയിക്കുന്നത്. ഇത് മറികടക്കാന്‍ ഒരു നടപടിയും ഭരണാധികാരികള്‍ക്ക് എടുക്കാനാവുന്നില്ല. എന്നാല്‍ നിലവിലുള്ള വ്യസ്ഥക്കെതിരായ ജനമുന്നേറ്റങ്ങള്‍ ലോകരാജ്യങ്ങളില്‍ വ്യാപകമാണ്. തൊഴിലാളി വര്‍ഗത്തിന്റെ മുന്നേറ്റങ്ങള്‍ക്കൊപ്പം ജനങ്ങളും തെരുവിലിറങ്ങുന്ന കാഴ്ചകള്‍ യൂറോപ്പിലടക്കം ദൃശ്യമായി.

ഗ്രീസില്‍ ശക്തമായ പ്രക്ഷോഭപ്രചാരണത്തിന്റെ ഫലമായി ഇടതുപക്ഷം അധികാരത്തിലെത്തി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ ശരിയായ ഇടതുപക്ഷം അധികാരത്തിലെത്തിയത് ഗ്രീസിലാണ്. സ്‌പെയിനിലും പെഡോമോസ് മുന്നേറ്റപാതയിലാണ്. പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന അധിനിവേശ നീക്കങ്ങള്‍ ജനാധിപത്യ മതനിരപേക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുകയും ഇസ്ലാമിക് ഭീകര ശക്തികളെ വളര്‍ത്തുകയും ചെയ്തു. ലോകശത്ത രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനക്കെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങളില്‍ ഇന്ത്യയും പങ്കാളികളാവുന്നുണ്ട്.

യുഡിഎഫ് സര്‍ക്കാരിനെപ്പോലെ ഇത്രയേറെ ജനവിശ്വാസം നഷ്ടപ്പെട്ട മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഭരണം നടത്തിയ കോണ്‍ഗ്രസിന് അഴിമതിയും ജനദ്രോഹവുമല്ലാതെ മറ്റൊന്നും കാഴ്ച്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ അക്കാര്യത്തില്‍ പുതിയ ഉയരങ്ങള്‍ തേടുകയാണ്. അഴിമതി, ദുര്‍ഭരണം എന്നിവയാണ് മുഖമുദ്രകള്‍. വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നയമാണ് ഇവര്‍ പിന്തുടരുന്നത്. ജാതി, മത സംഘടനങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി സര്‍ക്കാരിനെ ഉപയോഗിക്കുന്നു. രാജ്യത്ത് ശക്തമായ സിപിഐ എം ഘടകം കേരളത്തിലാണ്. 50 വര്‍ഷമായി കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയപ്രസ്ഥാനമായ സിപിഐ എമ്മിനെ ഇനിയും ശക്തിപ്പെടുത്തണം. അതുവഴി ഇടതുപക്ഷത്തെയും എല്‍ഡിഎഫിനെയും കൂടുതല്‍ ശക്തമാക്കാനാവും.

(സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്)

21-Feb-2015

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More