നിലവിലില്ലാത്തതും നിലനില്‍ക്കുന്നതുമായ ഒരു നഗരം

ആരാണിങ്ങനെ പുലമ്പുന്നത്
അവനെ തൂക്കിലിടൂ
തലയ്ക്ക് വല്ലാത്തഭാരം
എനിക്കൊന്നുറങ്ങണം
ഇനിയൊരു ശബ്ദവും
കേള്‍ക്കരുത്.

ഇതൊരു യുദ്ധഭൂമിയല്ല
എന്നിട്ടും എത്രശവങ്ങളാണിവിടെ.
ഈ മരങ്ങളെല്ലാം വെട്ടിമാറ്റൂ
ശവങ്ങള്‍ക്ക് തൂങ്ങിയാടാന്‍
ഇനിയൊന്നും ശേഷിക്കരുത്.

നഗരം
ഉപ്പുതൂണുകളുടെ നഗരം
വേഗം തിരക്ക്
പൊടിക്കാറ്റ് ചാരം കള്ളന്‍, കള്ളന്‍...
തീമഴയായി പെയ്തിറങ്ങുന്ന
കൊള്ളിമീനുകള്‍.
ഇവയൊന്നും
പരിചിതമല്ലല്ലോ...?

നിലവിലില്ലാത്തതും
നിലനില്‍ക്കുന്നതുമായ നഗരം
മോഷ്ടിക്കപ്പെട്ടവരുടെ നഗരം
അപ്രത്യക്ഷമായവരുടെ നഗരം
അവരുടെ ആത്മാക്കള്‍
ഇവിടെ സംഗമിക്കാറുണ്ടത്രേ
(രാത്രികളിലവരുടെ
കലപിലകള്‍ കേള്‍ക്കാറുണ്ട്.)
ചിന്തകളും പായുന്നത്
അവിടേയ്ക്കാവണം
എന്ത്...?
ഞാന്‍ സ്വപ്നങ്ങള്‍ മോഷ്ടിച്ചുവെന്നോ..?
നിന്നെയും മോഷ്ടിച്ചത്
ഞാനാണെന്നോ..??

അസംബന്ധം

ഈ നഗരത്തില്‍ തിരയൂ...
നീയും ഞാനും അയാളും
സ്വപ്നങ്ങളും ഇവിടെയുണ്ടാവും.

ആരാണിങ്ങനെ പുലമ്പുന്നത്
അവനെ തൂക്കിലിടൂ
തലയ്ക്ക് വല്ലാത്തഭാരം
എനിക്കൊന്നുറങ്ങണം
ഇനിയൊരു ശബ്ദവും
കേള്‍ക്കരുത്.

തൂക്കിലിടാന്‍ മരങ്ങളില്ലെന്നോ...?
മരങ്ങള്‍... മരങ്ങള്‍...
ശവങ്ങള്‍...
ആഹ്
കണ്ണുകളടയുന്നു...
ഞാനുറങ്ങുന്നു.

30-Jan-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More