അഴിമതിയുടെ ദുര്‍ഭൂതം
കോടിയേരി ബാലകൃഷ്ണന്
അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും യുഡിഎഫും ഒരുപോലെയാണ്. കേരളമന്ത്രിസഭയില്‍ അഴിമതി ആരോപണത്തിനോ വിജിലന്‍സ് അന്വേഷണത്തിനോ വിധേയരാകാത്ത മന്ത്രിമാര്‍ ഇല്ലെന്നതാണ് വസ്തുത. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ ഇത്തരം അഴിമതി ആരോപണങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ല എന്നുകാണാം. അഴിമതി വിമുക്തമായ രാഷ്ട്രീയപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയെപ്പോലെ വിജിലന്‍സിനെ ഉപയോഗിച്ച് കേസുകള്‍ ഒതുക്കേണ്ട അവസ്ഥ എല്‍ഡിഎഫിനില്ല. അതിനാലാണ് വിജിലന്‍സിന് സ്വതന്ത്രപദവി നല്‍കുമെന്ന് അസന്ദിഗ്ധമായി പ്രകടനപത്രികയില്‍ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞതും. |
കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്കാരത്തിന് കളങ്കം ചാര്‍ത്തുംവിധമുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. അഴിമതിയില്‍ അടിമുടി മുങ്ങിക്കുളിച്ച സര്‍ക്കാരായി യുഡിഎഫ് സര്‍ക്കാര്‍ മാറി.
വ്യവസായ സംരംഭവുമായി മുന്നോട്ടുവന്ന തനിക്ക് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പണം നല്‍കേണ്ടിവന്നു എന്ന് സരിത എസ് നായര്‍ വെളിപ്പെടുത്തി. താന്‍ സരിതയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് ശ്രീധരന്‍നായരും വ്യക്തമാക്കി. മറ്റു പലരും മുഖ്യമന്ത്രിയുടെ ഇടപെടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സോളാര്‍ അഴിമതിക്കേസില്‍ ഉന്നയിക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സോളാര്‍ കേസ് സജീവമായത്.
ജനങ്ങളെ കബളിപ്പിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനിന്നു എന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോഴാണ് സോളാര്‍ അഴിമതിക്കേസില്‍ ശക്തമായ പ്രക്ഷോഭത്തിന് എല്‍ഡിഎഫ് നേതൃത്വം നല്‍കിയത്. ഈ സംഭവത്തില്‍ ഒന്നും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ഓഫീസില്‍നിന്ന് പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയത്? ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ മണിക്കൂറുകള്‍ സംസാരിച്ചു എന്ന യാഥാര്‍ഥ്യവും നാം മറന്നുപോകരുത്. ഇവരുമായെല്ലാം മുഖ്യമന്ത്രി അടുത്ത് ഇടപഴകിയിരുന്നുവെന്നതിന്റെ തെളിവാണ് ഇതെല്ലാം. ജുഡീഷ്യല്‍ അന്വേഷണത്തില്‍നിന്ന് തന്നെയും തന്റെ ഓഫീസിനെയും മാറ്റിനിര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രിക്ക് അവസാനം കമീഷനുമുമ്പാകെ ഹാജരായി മണിക്കൂറുകളോളം മറുപടി പറയേണ്ടിവന്നതും ഇതിലുള്ള മുഖ്യമന്ത്രിയുടെ പങ്കുതന്നെയാണ് വ്യക്തമാക്കുന്നത്.
ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട മെക്കോണ്‍ പദ്ധതിയില്‍ പന്ത്രണ്ട് വൈകല്യങ്ങളുണ്ട് എന്നാണ് മലിനീകരണ നിയന്ത്രണബോര്‍ഡ് പറഞ്ഞത്. ഇതിലെ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുപകരം വഴിവിട്ട് കരാര്‍ നല്‍കിയ ഉമ്മന്‍ചാണ്ടിയുടെ നടപടി വമ്പിച്ച നഷ്ടമാണ് ഖജനാവിന് വരുത്തിവച്ചത്. ഇതോടൊപ്പംതന്നെ, പാമൊലിന്‍ കേസിന്റെ പ്രശ്നങ്ങളും ഉയര്‍ന്നുവന്നു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെ എം മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ 164–ാം വകുപ്പ് പ്രകാരം അഴിമതിയുമായി ബന്ധപ്പെട്ട മൊഴിയും ഉണ്ടായി. എന്നിട്ടുപോലും അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വിജിലന്‍സിനെ ഉപയോഗിച്ച് അഴിമതിക്കേസുകളെ അട്ടിമറിക്കുക എന്നത് സര്‍ക്കാരിന്റെ നയമായിത്തന്നെ മാറി.
കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെ അട്ടിമറിക്കും വിധമുള്ള അഴിമതി ഇടപെടലുകളും ഇക്കാലത്ത് അരങ്ങേറി. കേരളത്തില്‍ കടുത്ത ചൂടും രൂക്ഷമായ കുടിവെള്ളക്ഷാമവും ഉണ്ടാകുന്നതില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വലിയ പങ്കുണ്ട്. 2008ല്‍ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നെല്‍വയല്‍–നീര്‍ത്തട സംരക്ഷണനിയമത്തെ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചത് വമ്പിച്ച അഴിമതി ലക്ഷ്യമിട്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങളെല്ലാം അഴിമതി നടത്തി പണം കൊയ്യാനുള്ളതായിരുന്നു.
കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന പദ്ധതി എന്ന് പരിസ്ഥിതി വകുപ്പ് നിയമസഭാ കമ്മിറ്റിക്കു മുമ്പാകെ വ്യക്തമാക്കിയതും ഫിഷറീസ് വകുപ്പും തദ്ദേശവകുപ്പും എതിര്‍ത്തതുമായ പദ്ധതിയാണ് മെത്രാന്‍ കായലുമായി ബന്ധപ്പെട്ടത്. എന്നിട്ടും 378 ഏക്കര്‍ നിലം റക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നല്‍കി അഴിമതിയുടെ പുതിയ അധ്യായം തുറക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍.
കോടിമത മൊബിലിറ്റി ഹബ് പദ്ധതിക്കായി കോട്ടയം താലൂക്കിലെ നാട്ടകം വില്ലേജില്‍പ്പെട്ട 100 മുതല്‍ 125 ഏക്കര്‍ ഭൂമി സ്വന്തം ഇഷ്ടത്തോടുകൂടി ഭൂവുടമകളോട് നല്‍കാന്‍ ആവശ്യപ്പെട്ടതിലും വന്‍കിടക്കാര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുക എന്ന ലക്ഷ്യംതന്നെയായിരുന്നു.
എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍പ്പെട്ട 47 ഏക്കര്‍ നെല്‍പ്പാടം നികത്തുന്നതിനുള്ള അനുമതി നെല്‍വയല്‍ സംരക്ഷണ നിയമത്തിനും നീര്‍ത്തട സംരക്ഷണ നിയമത്തിനും എതിരായതാണ്. കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജില്‍ സമൃദ്ധി വില്ലേജ് പ്രോജക്ടിനായി 150.73 ഏക്കര്‍ ഭൂമിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിച്ചുള്ള ഉത്തരവും അഴിമതിക്കുവേണ്ടിയായിരുന്നു.
സര്‍ക്കാര്‍ ഭൂമിയെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ 883 ഏക്കര്‍ ഭൂമിയുടെ കരമടയ്ക്കാനാണ് നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റിന് (ഇപ്പോള്‍ പോബ്സ് എസ്റ്റേറ്റ്) യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുക്കാന്‍ 1998 നവംബര്‍ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ട 750 ഏക്കര്‍ ഭൂമിയാണ് പീരുമേട് താലൂക്കില്‍ ഹോപ്പ് പ്ളാന്റേഷന്‍ കമ്പനിക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നല്‍കാനിറക്കിയ ഉത്തരവിനെക്കുറിച്ച് മൂക്കത്ത് വിരല്‍വച്ചാണ് കേരളം ശ്രവിച്ചത്.
മൂന്നുലക്ഷത്തോളം കുടുംബങ്ങള്‍ ഭൂമിയില്ലാതെ ബുദ്ധിമുട്ടുന്ന കേരളത്തിലാണ് സന്തോഷ് മാധവനെപ്പോലുള്ള തട്ടിപ്പുകാര്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ഈ അഴിമതികളിലെല്ലാം പൊതുവിലുള്ള പ്രത്യേകത ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വകുപ്പുകളും എതിരായ നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇടപെട്ട് കാര്യങ്ങള്‍ ചെയ്തു എന്നതാണ്. അഴിമതിയുടെ പ്രഭവകേന്ദ്രം ആരെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍.
സംസ്ഥാന ഭരണത്തിന്‍ കീഴില്‍ വമ്പിച്ച അഴിമതി നടക്കുന്നുവെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിതന്നെ. കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഇതേ ആരോപണം ഉന്നയിച്ചു. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നപ്പോള്‍ അഴിമതി മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കരുത് എന്ന് വി എം സുധീരന്‍ പറഞ്ഞ കാര്യവും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. എന്നാല്‍, സ്വന്തക്കാര്‍ക്ക് സീറ്റ് ഒപ്പിച്ചെടുക്കാനുള്ള സമ്മര്‍ദതന്ത്രമായാണ് വി എം സുധീരന്‍ ഇത് ഉപയോഗിച്ചത് എന്നത് മറ്റൊരു കാര്യം.
മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതിയില്‍ മനംമടുത്തുകൂടിയാണ് ആ സര്‍ക്കാരിനെ ജനം താഴെയിറക്കിയത്. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരും അഴിമതിയുടെ ചളിക്കുണ്ടില്‍തന്നെയാണ്. ഐപിഎല്ലുമായി ബന്ധപ്പെട്ട അഴിമതിയില്‍ പ്രധാന പങ്കുവഹിച്ച ലളിത് മോഡിയെ സംരക്ഷിക്കുന്നതിന് എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തി കൂട്ടുനിന്നത് കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍തന്നെ. 2000 കോടി രൂപയുടെ വ്യാപം അഴിമതി രാജ്യമാകമാനം ചര്‍ച്ചചെയ്തതാണ്. കേസില്‍ ബിജെപിയുടെ നിരവധി നേതാക്കള്‍ പ്രതികളായി. ഈ കേസുമായി ബന്ധപ്പെട്ട് അറുപതോളം പേരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഛത്തീസ്ഗഡില്‍ പൊതുവിതരണരംഗത്താണ് അഴിമതി കാണിച്ചത്. സര്‍ക്കാരിന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിലുള്ള അഴിമതിയാണ് മഹാരാഷ്ട്രയില്‍ നടന്നത്. സൈനികര്‍ക്കുള്ള ശവപ്പെട്ടി വാങ്ങുന്നതില്‍ ഉള്‍പ്പെടെ അഴിമതി കാണിച്ച പാരമ്പര്യം കൂടുതല്‍ ശക്തമായിത്തന്നെ ബിജെപി മുന്നോട്ടുകൊണ്ടുപോകുന്നു എന്നാണ് ഈ അഴിമതികളെല്ലാം വ്യക്തമാക്കുന്നത്. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പതിനായിരക്കണക്കിന് കോടി രൂപയുടെ സര്‍ക്കാര്‍ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുനല്‍കി ഖജനാവിന് വന്‍ നഷ്ടംവരുത്തിയത്.
അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും യുഡിഎഫും ഒരുപോലെയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കേരളമന്ത്രിസഭയില്‍ അഴിമതി ആരോപണത്തിനോ വിജിലന്‍സ് അന്വേഷണത്തിനോ വിധേയരാകാത്ത മന്ത്രിമാര്‍ ഇല്ലെന്നതാണ് വസ്തുത. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ ഇത്തരം അഴിമതി ആരോപണങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ല എന്നുകാണാം. അഴിമതി വിമുക്തമായ രാഷ്ട്രീയപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയെപ്പോലെ വിജിലന്‍സിനെ ഉപയോഗിച്ച് കേസുകള്‍ ഒതുക്കേണ്ട അവസ്ഥ എല്‍ഡിഎഫിനില്ല. അതിനാലാണ് വിജിലന്‍സിന് സ്വതന്ത്രപദവി നല്‍കുമെന്ന് അസന്ദിഗ്ധമായി പ്രകടനപത്രികയില്‍ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞതും.
11-May-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍