ഫാസിസവും ബിജെപി സര്‍ക്കാരും

അര്‍ധഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസുമായി ബന്ധമുള്ളതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബിജെപി സ്വേച്ഛാധിപത്യകക്ഷിയായി മാറാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ബിജെപി ഒരു പിന്തിരിപ്പന്‍ പാര്‍ടിയാണെന്ന് പറയാം. എന്നാല്‍, അതിനെ ഫാസിസ്റ്റ് പാര്‍ടിയെന്ന് വിളിക്കാന്‍ കഴിയില്ല. ഫാസിസം ഒരു പ്രത്യയശാസ്ത്രമാണ്. ഇരുപതാം നൂറ്റാണ്ടില്‍ രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയാധികാരത്തിന്റെ രൂപംകൂടിയാണത്. മുതലാളിത്തവ്യവസ്ഥ അതീവഗുരുതര പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള വിപ്ളവപ്രസ്ഥാനങ്ങള്‍ ഭരണവര്‍ഗത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്ത വേളയില്‍ ജര്‍മനിയിലെ ഭരണവര്‍ഗം തീവ്രമായ രൂപം കൈക്കൊള്ളുകയും അത് ബൂര്‍ഷ്വാ ജനാധിപത്യത്തെപോലും വേണ്ടെന്നുവയ്ക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നേതാവായ ഗ്യോര്‍ഗി ദിമിത്രോവ് ഫാസിസത്തെ നിര്‍വചിച്ചത് ഇങ്ങനെയാണ്: 'തീര്‍ത്തും പിന്തിരിപ്പനും അങ്ങേയറ്റം മേധാവിത്വപരവും ധനമൂലധനത്തിന്റെ മുഴുവന്‍ സാമ്രാജ്യത്വഘടകങ്ങളും ഉള്‍ക്കൊള്ളുന്ന തുറന്ന ഭീകരവാദപരവുമായ സ്വേച്ഛാധിപത്യമാണത്.' ഈ ഫാസിസമാണ് നാസി ജര്‍മനിയിലും മുസ്സോളിനിയുടെ ഇറ്റലിയിലും ജപ്പാനിലും നിലവില്‍വന്നത്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷആഭിമുഖ്യം ശരിയായി വിലയിരുത്തേണ്ടതുണ്ട്. ഇതിനെ ഫാസിസമെന്നോ വര്‍ഗീയ ഫാസിസമെന്നോ (ഫാസിസത്തിന്റെ ഇന്ത്യന്‍ രൂപഭേദം) വിളിക്കാമോ? ഇവ ഇന്ത്യയില്‍ സ്ഥാപിതമായിട്ടുണ്ടോ?

ഇവ ശരിയായ രീതിയില്‍ വിശദീകരിക്കപ്പെട്ടാല്‍മാത്രമേ മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ ശരിയായ തന്ത്രം രൂപപ്പെടുത്താനും പ്രക്ഷോഭങ്ങള്‍ വളര്‍ത്താനും കഴിയൂ. ഇതിനായി ബിജെപിയുടെ സ്വഭാവം എന്താണെന്ന് ആദ്യമായി നിര്‍വചിക്കേണ്ടതുണ്ട്. ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ടി മാത്രമല്ല ബിജെപി. രാഷ്ട്രീയ സ്വയംസേവക് സംഘം അഥവാ ആര്‍എസ്എസുമായി ബന്ധമുള്ള പാര്‍ടിയാണത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനംചെയ്യുന്ന വലതുപക്ഷ പാര്‍ടി. അര്‍ധഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആര്‍എസ്എസുമായി ബന്ധമുള്ളതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബിജെപി സ്വേച്ഛാധിപത്യകക്ഷിയായി മാറാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ബിജെപി ഒരു പിന്തിരിപ്പന്‍ പാര്‍ടിയാണെന്ന് പറയാം. എന്നാല്‍, അതിനെ ഫാസിസ്റ്റ് പാര്‍ടിയെന്ന് വിളിക്കാന്‍ കഴിയില്ല.

ഫാസിസം ഒരു പ്രത്യയശാസ്ത്രമാണ്. ഇരുപതാം നൂറ്റാണ്ടില്‍ രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയാധികാരത്തിന്റെ രൂപംകൂടിയാണത്. മുതലാളിത്തവ്യവസ്ഥ അതീവഗുരുതര പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും അധ്വാനിക്കുന്ന വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള വിപ്ളവപ്രസ്ഥാനങ്ങള്‍ ഭരണവര്‍ഗത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്ത വേളയില്‍ ജര്‍മനിയിലെ ഭരണവര്‍ഗം തീവ്രമായ രൂപം കൈക്കൊള്ളുകയും അത് ബൂര്‍ഷ്വാ ജനാധിപത്യത്തെപോലും വേണ്ടെന്നുവയ്ക്കുകയും ചെയ്തു.

കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നേതാവായ ഗ്യോര്‍ഗി ദിമിത്രോവ് ഫാസിസത്തെ നിര്‍വചിച്ചത് ഇങ്ങനെയാണ്: 'തീര്‍ത്തും പിന്തിരിപ്പനും അങ്ങേയറ്റം മേധാവിത്വപരവും ധനമൂലധനത്തിന്റെ മുഴുവന്‍ സാമ്രാജ്യത്വഘടകങ്ങളും ഉള്‍ക്കൊള്ളുന്ന തുറന്ന ഭീകരവാദപരവുമായ സ്വേച്ഛാധിപത്യമാണത്.' ഈ ഫാസിസമാണ് നാസി ജര്‍മനിയിലും മുസ്സോളിനിയുടെ ഇറ്റലിയിലും ജപ്പാനിലും നിലവില്‍വന്നത്.

കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഇത്തരത്തിലുള്ള ഫാസിസ്റ്റ് ഭരണം ലോകത്തിന്റെ ഒരിടത്തും നിലവിലുണ്ടായിരുന്നില്ല. ഫാസിസ്റ്റ് ഭരണത്തോട് അല്‍പ്പമെങ്കിലും അടുത്തത് ചിലിയിലെ പിനോച്ചെ ഭരണമായിരുന്നു. 1973ല്‍ അലന്‍ഡെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാരിനെ സൈനിക അട്ടിമറിയിലുടെ നീക്കിയാണ് പിനോച്ചെ അധികാരത്തില്‍വന്നത്. 1965ല്‍ ഇന്തോനേഷ്യയിലും ഫാസിസ്റ്റ് രീതിയിലുള്ള സര്‍ക്കാര്‍ സൈനിക അട്ടിമറിയിലൂടെ അധികാരമേറി. ഈ ഭരണകാലത്ത്  ലക്ഷക്കണക്കിന് കമ്യൂണിസ്റ്റുകാരെയും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടക്കൊല ചെയ്തു. ഈ രണ്ട് സര്‍ക്കാരുകള്‍ക്കും സാമ്രാജ്യത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

ഇന്ത്യയില്‍ നിലവിലുള്ള അവസ്ഥയില്‍, രാഷ്ട്രീയമായാലും സാമ്പത്തികമായാലും വര്‍ഗാടിസ്ഥാനത്തിലായാലും ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ല. ഇന്ത്യയിലെ ഭരണവര്‍ഗത്തിന് അവരുടെ വര്‍ഗഭരണത്തിന് ഒരു ഭീഷണിയും നിലവിലില്ല. ഭരണവര്‍ഗത്തിലെ ഒരു വിഭാഗത്തിനും പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തെയും ഭരണഘടനാക്രമത്തെയും അട്ടിമറിക്കാനുള്ള താല്‍പ്പര്യവുമില്ല. സ്വന്തം വര്‍ഗതാല്‍പ്പര്യ സംരക്ഷണത്തിനായി നിലവിലുള്ള സംവിധാനത്തെ അല്‍പ്പം സ്വേച്ഛാധിപത്യചായ്വിലേക്ക്  നയിക്കാന്‍മാത്രമാണ് ശ്രമം. 

ആര്‍എസ്എസ്–ബിജെപി കൂട്ടുകെട്ടിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ യുദ്ധോത്സുകമായ രാജ്യസ്നേഹവുമായി കുട്ടിയിണക്കി ന്യൂനപക്ഷങ്ങളെ കുരുക്കാനും വര്‍ഗീയധ്രുവീകരണത്തിനും ഉപയോഗിക്കുകയാണ്. മതന്യൂനപക്ഷത്തെ അടിച്ചമര്‍ത്തി ഭൂരിപക്ഷസമുദായത്തെ സംഘടിപ്പിക്കുക എന്നത് ഫാസിസ്റ്റ് രീതിയാണ്. 'ദേശഭക്തി'യായാണ് ഇത് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍, ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ ഫാസിസ്റ്റ് ക്രമം സ്ഥാപിക്കുന്നതിന് അനുകൂലമായി ജനപിന്തുണ നേടുന്നതിന് ഇത് അപര്യാപ്തമാണ്. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികളും ബൂര്‍ഷ്വാസികളിലെതന്നെ ഒരു വിഭാഗവും ഇത്തരം ഫാസിസ്റ്റ് പ്രവണതകളെ സുസ്ഥിരമായ മുതലാളിത്തവ്യവസ്ഥയ്ക്കും വികസനത്തിനും എതിരാണെന്ന് കരുതുന്നവരാണ്. ഫാസിസത്തിനുപകരം അന്തിമമായി മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കുന്ന, നവ ഉദാരവല്‍ക്കരണത്തിലും ഹിന്ദുത്വ വര്‍ഗീയതയിലും ഊന്നിനിന്നുകൊണ്ട് സ്വേച്ഛാധിപത്യഭരണത്തിന് വഴിയൊരുക്കുന്ന വലതുപക്ഷ ആക്രമണത്തിന്റെ അപകടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ലോകത്ത് ഇന്ന് സാമ്രാജ്യത്വവും വിവിധ രാജ്യങ്ങളിലെ ഭരണവര്‍ഗവും അവരുടെ വര്‍ഗഭരണവും നവ ഉദാരവല്‍ക്കരണനയങ്ങളും നടപ്പാക്കുന്നതിനായി സ്വേച്ഛാധിപത്യത്തെ വാരിപ്പുണരുകയാണ്. ജനാധിപത്യഭരണവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളും ഉള്ളിടത്തും ഇത്തരം സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാനാകും.  വിവിധ തരത്തിലുള്ള സ്വേച്ഛാധിപത്യം ലോകത്തിലിന്നുണ്ട്. ഏതാനും ചില രാജ്യങ്ങളില്‍ സൈനികഭരണത്തിലൂടെയാണ് സ്വേച്ഛാധിപത്യഭരണം സ്ഥാപിതമായത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ, മത–വംശീയനയത്തിന് ചുറ്റുമായി രാഷ്ട്രീയസംഘാടനം നടത്തുകയും അതുവഴി സ്വേച്ഛാധിപത്യത്തിലേക്ക് പോകുകയുമാണ്.  മതാടിസ്ഥാനത്തിലുള്ള വര്‍ഗീയതയ്ക്കൊപ്പം നവ ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കലാണ് മറ്റൊരു രീതി. ഇന്ത്യ ഇത്തരത്തിലുള്ള രാഷ്ട്രമാണ്.

വര്‍ഗീയ പ്രത്യയശാസ്ത്രവും നവ ഉദാരവല്‍ക്കരണവും അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍മാതൃകയിലുള്ള സ്വേച്ഛാധിപത്യംതന്നെയാണ് തുര്‍ക്കിയിലും നിലവിലുള്ളത്. ഇരുരാഷ്ട്രങ്ങളിലെയും ഭരണകക്ഷികള്‍ മത–വര്‍ഗീയ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയതയാണ് ജനങ്ങളുടെ പിന്തുണ നേടാന്‍ ഉപയോഗിക്കുന്നത്. തുര്‍ക്കിയിലെ ജസ്റ്റിസ് ഡെവലപ്മെന്റ് പാര്‍ടി(എകെപി) ഇസ്ളാമിസ്റ്റ് പാര്‍ടിയാണെങ്കില്‍ ബിജെപി ഹിന്ദുത്വ പാര്‍ടിയാണ്. തുര്‍ക്കിയെ മതനിരപേക്ഷതയില്‍നിന്ന് മുക്തമാക്കി കുര്‍ദിഷ് ന്യൂനപക്ഷത്തെയും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ബുദ്ധിജീവികളെയുമാണ് എകെപി ലക്ഷ്യമിടുന്നതെങ്കില്‍ മോഡി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത്് ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ബുദ്ധിജീവികളുടെ പ്രതിഷേധസ്വരങ്ങളെയുമാണ്. എകെപിയും ബിജെപിയും തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷംനേടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. 2003മുതല്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പാര്‍ടിയാണ് എകെപി. 

ചില ജനപ്രിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം ഇരു കക്ഷികളും നവ ഉദാരവല്‍ക്കരണ നയത്തെ പുല്‍കുകയും ചെയ്യുന്നു.  ഇരുവരും അമേരിക്കയുടെ സാമ്രാജ്യത്വസഖ്യത്തിന്റെ ഭാഗവുമാണ്. തുര്‍ക്കി നാറ്റോ വഴിയാണെങ്കില്‍ ഇന്ത്യ പ്രത്യേക സൈനിക സഹകരണ കരാറിലൂടെയാണെന്നുമാത്രം.  ഇരു സര്‍ക്കാരുകള്‍ക്കും സ്വേച്ഛാധിപത്യച്ചുവയുള്ള ശക്തരായ നേതാക്കളുമുണ്ട്. റസപ് തയ്യിപ് എര്‍ദോഗന്‍ തുര്‍ക്കിയുടെ പ്രസിഡന്റാണെങ്കില്‍ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അടുത്തയിടെ നടന്ന അട്ടിമറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് എര്‍ദോഗന്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും എതിരാളികളെ ഒതുക്കുകയും ചെയ്യുകയാണ്. എന്നിരുന്നാലും തുര്‍ക്കിയിലെയും ഇന്ത്യയിലെയും ഭരണം ഫാസിസ്റ്റാണെന്ന് പറയുന്നത് തെറ്റായിരിക്കും. 

വലതുപക്ഷ ആക്രമണത്തിന് രണ്ടു വശങ്ങളുണ്ടെന്ന് സിപിഐ എം കരുതുന്നു. മോഡി സര്‍ക്കാര്‍ ഉത്സാഹത്തോടെ നവ ഉദാരവല്‍ക്കരണ അജന്‍ഡ പിന്തുടരുന്നതാണ് ഒന്ന്. ആര്‍എസ്എസ്–ബിജെപി കൂട്ടുകെട്ട് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജന്‍ഡയാണ് രണ്ടാമത്തേത്. ഇവ രണ്ടും ചേര്‍ന്നാണ് സ്വേച്ഛാധിപത്യഭീഷണി ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഫാസിസ്റ്റ് ശക്തികളും ഫാസിസ്റ്റ വിരുദ്ധ ശക്തികളും തമ്മിലുള്ള പോരാട്ടത്തെക്കാള്‍ സങ്കീര്‍ണവും ബഹുമുഖമാര്‍ന്നതുമാണ് ആര്‍എസ്എസ്–ബിജെപി കൂട്ടുകെട്ടിനെതിരെയുള്ള പോരാട്ടം.

ബിജെപിക്കും അവരുടെ രക്ഷാധികാരിയായ ആര്‍എസ്എസിനുമെതിരെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും മാത്രമല്ല, സാമൂഹ്യതലത്തിലും സാംസ്കാരികതലത്തിലുംകൂടി പോരാടേണ്ടതുണ്ട്. സിപിഐ എമ്മിന്റെ അഭിപ്രായത്തില്‍, ബിജെപിക്കും വലതുപക്ഷ വര്‍ഗീയശക്തികള്‍ക്കുമെതിരെയുള്ള പോരാട്ടം വര്‍ഗീയതയ്ക്കെതിരെയും നവഉദാരവല്‍ക്കരണനയത്തിനെതിരെയുമുള്ള സമരത്തെ കൂട്ടിയോജിപ്പിച്ചാണ് നടത്തേണ്ടത്. പ്രധാന ഭരണവര്‍ഗ പാര്‍ടികളായ–ബിജെപിയും കോണ്‍ഗ്രസും–മാറിമാറി ഭരണവര്‍ഗങ്ങള്‍ക്കായി നവ ഉദാരവല്‍ക്കരണക്രമം നിലനിര്‍ത്തുന്നതിനാല്‍ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയസമരം ഭരണവര്‍ഗത്തിലെ മറ്റൊരു കക്ഷിയുമായി ചേര്‍ന്ന് നടത്താനാകില്ല. 

രാജ്യത്ത് നിലവിലുള്ള സാഹചര്യത്തില്‍ ആവശ്യമായിട്ടുള്ളത് വര്‍ഗീയതയ്ക്കെതിരെ വിപുലമായ ജനാധിപത്യ–മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയാണ്. അതോടൊപ്പം ജനകീയപ്രസ്ഥാനങ്ങളും വര്‍ഗസമരവും അടിസ്ഥാനമാക്കിയുള്ള ഇടതുപക്ഷ–ജനാധിപത്യശക്തികളുടെ രാഷ്ട്രീയസഖ്യവും കെട്ടിപ്പടുക്കണം. ഈ ദ്വിമുഖസമീപനത്തിലൂടെമാത്രമേ വലതുപക്ഷശക്തികളെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയൂ.

28-Jul-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More