ഒറ്റയ്ക്ക് ഒളിച്ചോടുന്ന പെണ്‍കുട്ടി

അവളും അവളുമെന്ന്
ഒരുവളില്‍ ഒത്തുതീരാത്തപ്പോള്‍
ഒറ്റയ്ക്ക് ഒരുവള്‍ ഒളിച്ചോടുന്നു

ഉടല്‍ പിടച്ച്,
ഉടലിനേക്കാള്‍
ഉയിരിനെ പിടിച്ചുവച്ച്,
മനസ്സ് കുടഞ്ഞ് കടഞ്ഞുടച്ച്
വെളിച്ചത്തിന്റെ അതിഗൂഢവഴികളുടെ
ഏറ്റം ശ്രമകരമായ ഒരു പകലിലേക്ക്
ഒരുവള്‍ ഒളിച്ചോടുന്നു

പകലോ...,
അന്നേരം
പെട്ടെന്നു മഴ വിയര്‍ക്കും
വെയിലൊഴുക്കങ്ങളില്‍
വിളര്‍ത്ത നിഴലായി
'കര, വെള്ളം' കളിയിലേക്ക്
കിതച്ചു ചേരും

ഒട്ടൊരു മിന്നലിന്റെ
നിമിനേരം മാത്രം
ഇരയെന്നും വേട്ടയെന്നും
പേടി കോര്‍ത്ത കൊലുസു ചേര്‍ത്ത്
ഇനിയൊരുവള്‍ പാഞ്ഞു വരുമ്പോള്‍,
വിറയാര്‍ന്ന ശലഭനോവുകള്‍
നീര്‍ച്ചിറക് പൊഴിക്കും

പണ്ടേ അതങ്ങനെയാണ്,
എപ്പോഴും...

ഒളിച്ചു കളിച്ചു തോല്‍ക്കുന്ന
കൊലുസിട്ട പെണ്‍കുട്ടികള്‍...
ഓടിക്കളിക്കുമ്പോള്‍
ഓടിയോടി,
പാവാടവിളുമ്പില്‍ തട്ടി വീഴുന്ന
പാവാടക്കാരികള്‍...

അവര്‍ക്ക്
ഒളിച്ചോടാന്‍ കഴിയുകയേയില്ല
അവളല്ലാത്ത ഒരുവളെ
വീണ്ടുവിചാരിക്കുന്നേടത്തോളം,
അവളും അവളുമെന്ന്
ഒത്തുതീരാത്തിടത്തോളം
അവര്‍ ഒളിച്ചോട്ടങ്ങളില്‍
തടഞ്ഞു വീഴുന്നു
തടവിലാക്കപ്പെടുന്നു

ഇങ്ങനൊക്കെയിരിക്കെത്തന്നെ,
ഒറ്റയ്ക്ക് ഒരു ഒളിച്ചോട്ടം
പിന്നെയും
കാത്തുനില്‍ക്കുന്നുണ്ട്
അതുപക്ഷെ, തീര്‍ച്ചയായും
അവളിലെ,
അവളില്ലാത്ത,
ഒരുവളെതന്നെയാണ്.

 

23-Sep-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More