ഓണത്തെ കൊല്ലാന്‍ ആര്‍എസ്എസ് !

ബ്രാഹ്മണമേല്‍ക്കോയ്മയില്‍ ഊട്ടിയുറപ്പിച്ച ജാതിവ്യവസ്ഥയെ അടിസ്ഥാനമാക്കിയ ഹിന്ദുരാഷ്ട്രത്തിനാണ് കാവിസംഘം നിലകൊള്ളുന്നത്. ഇതിനുവേണ്ടി എന്തുംചെയ്യാന്‍ മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍. ബിരിയാണിച്ചെമ്പിലെ ബീഫിന്റെ പേരില്‍ പൊലീസ് വേട്ട നടത്തുന്ന ഹരിയാനസംഭവം മറ്റൊരു രൂപത്തില്‍ തിരുവോണത്തിന് വേട്ട നടത്താന്‍ മോഹിച്ചുകൂടെന്നില്ല. മാവേലിയെ വരവേല്‍ക്കുന്ന വീടുകളിലെ ഓണസദ്യയില്‍ ഒരു ഇല മാവേലിക്കായി മാറ്റാറുണ്ട്. ഇത് ചെയ്യുന്നവരുടെ വീടുകളില്‍ പൊലീസിനെയും സ്വയം സേവക് അക്രമികളെയും കെട്ടഴിച്ച് വിടാന്‍ കാവിസംഘത്തിന് ഇന്ന് കഴിയാത്തത് എല്‍ഡിഎഫ് ഭരണം ഉള്ളതുകൊണ്ടും കമ്യൂണിസ്റ്റുകാര്‍ക്ക് നാട്ടില്‍ ശക്തിയുള്ളതുകൊണ്ടുമാണ്.

ഓണം മലയാളിയുടെ സാര്‍വദേശീയ ആഘോഷമാണ്. കേരളീയര്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുന്നു. ഇതില്‍ ഉള്‍ച്ചേര്‍ന്ന സമത്വചിന്തയും മതനിരപേക്ഷബോധവുമാണ് ഇതിന് അടിസ്ഥാനം. ഐതിഹ്യപ്രകാരം, വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ പാതാളത്തില്‍നിന്ന് എത്തുന്ന മാവേലിയെ വരവേല്‍ക്കാനാണ് കേരളീയര്‍ തിരുവോണനാളില്‍ അണിഞ്ഞൊരുങ്ങി നല്ല സദ്യവട്ടവും പൂക്കളവുമെല്ലാം ഒരുക്കുന്നത്. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് നാട്ടാചാരം.

മാവേലിയോടുള്ള സ്നേഹാദരമാണ് നമ്മുടെ ഓണസങ്കല്‍പ്പം. ചരിത്രവും ഐതിഹ്യവുമെല്ലാം തിരുത്താന്‍ വെമ്പുന്ന ആര്‍എസ്എസിനാകട്ടെ ഇത് ദഹിക്കുന്നില്ല. മാവേലിയെ ആദരിക്കുന്ന  മഹനീയമായ ഈ മിത്തിനെ കുഴിച്ചുമൂടാനാണ് അവരുടെ ശ്രമം. അതിന്റെ ഭാഗമാണ് ആര്‍എസ്എസ് മുഖവാരികയായ കേസരിയുടെ ഓണക്കാല ഇടപെടലും അതിനെ പിന്തുണച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ രംഗപ്രവേശവും. തിരുവോണമെന്നാല്‍ വാമനജയന്തി ആഘോഷമാണെന്നും മഹാബലിക്ക് പ്രസക്തിയില്ലെന്നുമാണ് കേസരിയുടെ വാദം. മഹാബലിയുടെ അഹങ്കാരം ഇല്ലാതാക്കി 'മോക്ഷം' നല്‍കുകമാത്രമാണ് വാമനനായി വന്ന മഹാവിഷ്ണു ചെയ്തതെന്നും അസുരനായ മഹാബലിയെയല്ല, ബ്രാഹ്മണനായ വാമനനെയാണ് വാഴ്ത്തേണ്ടതെന്നും ആര്‍എസ്എസ് കല്‍പ്പിക്കുന്നു. പൂണൂലിട്ട വാമനന്റെ കവര്‍ചിത്രത്തോടൊപ്പമുള്ള ഈ വിതണ്ഡാവാദം ഒരു ബുദ്ധിപരമായ വ്യായാമ പ്രക്രിയയായി പരിമിതപ്പെടുന്നതല്ല. കേസരിയുടെ ശബ്ദം ഓണക്കാലത്ത് ആര്‍എസ്എസ്– ബിജെപി നേതാക്കള്‍ ഏറ്റെടുത്തു.  വാമനജയന്തിയായി ഓണത്തെ കൊണ്ടാടാനുള്ള ആഹ്വാനം  ഒടുവില്‍ അമിത് ഷായില്‍നിന്നുതന്നെ വരികയും അതിനെ കുമ്മനം രാജശേഖരന്‍ പിന്തുണയ്ക്കുകയും ചെയ്തു. 

ഐതിഹ്യം അല്ലെങ്കില്‍ മിത്ത് എന്നത് ഒരു നേര്‍ ചരിത്രസംഭവമായി ആരും കാണില്ല. ഇത് ഒരു കടങ്കഥയാണെങ്കിലും ഓണത്തിനുപിന്നിലെ സങ്കല്‍പ്പം മഹത്തരമായതുകൊണ്ടാണ്  തലമുറകളായി മഹാബലിയെ മലയാളികള്‍ സ്നേഹത്തളികയില്‍ വരവേല്‍ക്കുന്നത്. കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഒരുമയോടെ കഴിയുന്ന സമത്വസുന്ദര കാലത്തിന്റെ സ്വപ്നമാണ് ഇതില്‍ തുടിക്കുന്നത്. എന്നാല്‍, മനുഷ്യര്‍ ഒരുമയോടെ കഴിയുന്നതിനോട് ഇഷ്ടമില്ലാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. ജാതി–മത ഭേദത്തോടെയും പരസ്പരവൈരത്തോടെയും കഴിയുന്ന ഒരു സമൂഹമാണ് അവര്‍ക്കാവശ്യം. അതിനപ്പുറം മുസ്ളിം, ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങളെ വംശഹത്യയിലൂടെയോ അടിമകളാക്കിയോ മൂലയില്‍ ചാരാനുള്ള പ്രവര്‍ത്തനപരിപാടിയും പ്രത്യയശാസ്ത്രവുമാണ്. ബ്രാഹ്മണമേധാവിത്വത്തിലൂന്നിയ ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ലക്ഷ്യത്തിന് ഇണങ്ങുന്നതാണ് ഓണസങ്കല്‍പ്പത്തിന്റെ പൊളിച്ചെഴുത്ത്. മാവേലിയെ ചതിയില്‍പ്പെടുത്തി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന്‍ കുടുമയുള്ള, പൂണൂലിട്ട ബ്രാഹ്മണനാണ്. മഹാവിഷ്ണുവിന്റെ അവതാരമാണെന്ന വിശ്വാസത്തെ മുതലെടുത്ത് മഹാബലിയെ വെറുക്കപ്പെട്ടവനാക്കാനുള്ള പുറപ്പാട് മഹാപാതകമാണ്. മാവേലിയെ മഹാബലിയായി വിളിക്കപ്പെടുന്നത് വാമനനുമുന്നില്‍ ബലിയായശേഷമാണ്.

'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്നത് എത്ര നല്ല സങ്കല്‍പ്പമാണ്. അപ്രകാരം ഒരു ഭരണം കാഴ്ചവച്ച ഭരണാധികാരിയായിരുന്നു മാവേലി എന്ന മിത്തിനെപ്പോലും സഹിക്കാനുള്ള മാനസികപക്വത സംഘപരിവാറിന് ഇല്ല. ദേവലോകാധിപനായ ഇന്ദ്രനെ വെല്ലുവിളിച്ച് ബദല്‍സ്വര്‍ഗം സൃഷ്ടിച്ചു എന്ന കുറ്റമാണ് മാവേലിക്കുമേല്‍ ചാര്‍ത്തപ്പെട്ടത്. ദേവന്മാര്‍ സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ അതിന് പരിഹാരമായാണ് വാമനരൂപം പൂണ്ട് ഭൂമിയിലെത്തി മാവേലിയെ ചതിയില്‍പ്പെടുത്തി വകവരുത്തിയത്. വാമനനായി അവതരിച്ച്, യാചകനായി അഭിനയിച്ച് മൂന്നടി സ്ഥലം ദാനം ചോദിച്ചു. ചതിയാണെന്ന് കൊട്ടാരത്തിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, ബ്രാഹ്മണന് ഭിക്ഷ നിഷേധിക്കുന്നത് ഉചിതമല്ലെന്ന ന്യായത്തിന്മേലാണ് ദാനശീലനായ മാവേലി രാജാവ് ഭൂമിദാനത്തിന് വഴിപ്പെട്ടത്. ഭൂമി അളക്കാന്‍ തുടങ്ങിയപ്പോള്‍ വാമനരൂപം ഭീമാകാരമായി. രണ്ടടി വച്ചപ്പോള്‍ രാജാവിന്റെ അധീനതയിലെ ഭൂമി തീര്‍ന്നു. ഇനി എന്റെ തലയില്‍ ചുവടുവച്ചോളൂയെന്ന് ചക്രവര്‍ത്തി പറഞ്ഞപ്പോള്‍ വാമനന്‍ ചക്രവര്‍ത്തിയെ ചവിട്ടി പാതാളത്തില്‍ തള്ളിയെന്നാണ് ഐതിഹ്യം.

പാതാളത്തിലേക്ക് പതിക്കുംമുമ്പ് അന്ത്യാഭിലാഷമായി വാങ്ങിയ വരം അനുസരിച്ചാണ് വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ മാവേലി എത്തുന്നത്. ഇത്രമാത്രം രാജ്യത്തെയും പ്രജകളെയും സ്നേഹിച്ചു എന്നു കരുതുന്ന ഒരു ഭരണാധികാരി ബ്രാഹ്മണനും ദേവനുമല്ല, അസുരനായതുകൊണ്ട് വെറുക്കപ്പെടുന്നവനാകണമെന്നാണ് ആര്‍എസ്എസ് വാദം. മാവേലിക്കെതിരായ ആര്‍എസ്എസ് നിലപാട് ദളിത്വിരുദ്ധവുമാണ്. അസുരനെ ദളിത്വിഭാഗത്തിലാണ് ഇക്കൂട്ടര്‍ ചേര്‍ക്കുന്നത്.

ബ്രാഹ്മണമേല്‍ക്കോയ്മയില്‍ ഊട്ടിയുറപ്പിച്ച ജാതിവ്യവസ്ഥയെ അടിസ്ഥാനമാക്കിയ ഹിന്ദുരാഷ്ട്രത്തിനാണ് കാവിസംഘം നിലകൊള്ളുന്നത്. ഇതിനുവേണ്ടി എന്തുംചെയ്യാന്‍ മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍. ബിരിയാണിച്ചെമ്പിലെ ബീഫിന്റെ പേരില്‍ പൊലീസ് വേട്ട നടത്തുന്ന ഹരിയാനസംഭവം മറ്റൊരു രൂപത്തില്‍ തിരുവോണത്തിന് വേട്ട നടത്താന്‍ മോഹിച്ചുകൂടെന്നില്ല. മാവേലിയെ വരവേല്‍ക്കുന്ന വീടുകളിലെ ഓണസദ്യയില്‍ ഒരു ഇല മാവേലിക്കായി മാറ്റാറുണ്ട്. ഇത് ചെയ്യുന്നവരുടെ വീടുകളില്‍ പൊലീസിനെയും സ്വയം സേവക് അക്രമികളെയും കെട്ടഴിച്ച് വിടാന്‍ കാവിസംഘത്തിന് ഇന്ന് കഴിയാത്തത് എല്‍ഡിഎഫ് ഭരണം ഉള്ളതുകൊണ്ടും കമ്യൂണിസ്റ്റുകാര്‍ക്ക് നാട്ടില്‍ ശക്തിയുള്ളതുകൊണ്ടുമാണ്. കൊളോണിയല്‍ ഭരണവും അത് സൃഷ്ടിച്ച പ്രതികരണവും നവോത്ഥാനപ്രസ്ഥാനങ്ങളും പുരോഗമന– കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമാണ് കേരളീയ സമൂഹത്തില്‍ ശാസ്ത്രചിന്തയ്ക്കും യുക്തിബോധത്തിനും പ്രചാരമുണ്ടാക്കിയത്. ബ്രിട്ടീഷ് ഭരണം കേരളത്തിലുണ്ടാക്കിയ സ്വാധീനം വൈവിധ്യമാര്‍ന്നതായിരുന്നു. ബ്രിട്ടീഷ് ഇവാഞ്ചലിസത്തിന്റെ ഭാഗമായി വന്ന മിഷണറിമാര്‍ മതപ്രചാരണത്തിന്റെയും സാംസ്കാരികോന്നമനത്തിന്റെയും ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് മിഷണറി സ്കൂളുകള്‍ സ്ഥാപിക്കുകയും പിന്നീട് ആധുനികവിദ്യാഭ്യാസത്തിന് അടിത്തറ പാകുകയും ചെയ്തു. ഈ ഘട്ടങ്ങളെയെല്ലാം പിന്നീട് വന്ന കേരളത്തില്‍, യുക്തിബോധം ശക്തിപ്പെട്ടിട്ടും താലോലിക്കുന്നതാണ് മാവേലി എന്ന മഹത്തായ ഓണസങ്കല്‍പ്പം. ഇതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ആര്‍എസ്എസ് വര്‍ഗീയ അജന്‍ഡ തിരിച്ചറിയുകതന്നെ വേണം.

ശ്രീരാമ ഭക്തനായ മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെയെ വാഴ്ത്തുന്നവരാണല്ലോ ആര്‍എസ്എസ്. ഗാന്ധിയെ തള്ളി ഗോഡ്സെയെ വാഴ്ത്തുന്നതിന്റെ മറ്റൊരു മുഖമാണ് മാവേലിയെ തള്ളി വാമനനെ സ്തുതിക്കാനുള്ള ആഹ്വാനം. മാവേലിഭരണവും മാവേലി– വാമന ബന്ധവും നാട് ഓര്‍ക്കുന്നത് രണ്ടു ഗുണങ്ങള്‍ തിരിച്ചറിയാനാണ്. ഒന്ന് നല്ല ഭരണത്തിനായുള്ള വികാരവും സംവിധാനവും സൃഷ്ടിക്കാന്‍വേണ്ടി. മറ്റൊന്ന് നല്ല ഭരണത്തെ അട്ടിമറിക്കാന്‍ ദ്രോഹശക്തികള്‍ കപടരൂപത്തില്‍ പ്രത്യക്ഷപ്പെടാം എന്നതില്‍. നല്ല ഭരണത്തെ അട്ടിമറിക്കുക എന്ന വാമനതന്ത്രം ഒന്നാം ഇ എം എസ് സര്‍ക്കാരിനെ വിമോചനസമരം സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് പിരിച്ചുവിട്ടപ്പോള്‍ കണ്ടതാണ്. അത്തരം സംഭവങ്ങളില്‍നിന്ന് അനുഭവക്കരുത്താര്‍ജിച്ച ജനതയായി കേരളീയര്‍ വളര്‍ന്നു. അതുകൂടി മനസ്സിലാക്കിയാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എല്‍ഡിഎഫ് ഭരണത്തിന്റെ കരുതലും കാരുണ്യവും ഓണത്തെ കൂടുതല്‍ ആഹ്ളാദഭരിതമാക്കി. പതിനായിരം രൂപയോ അതിനുമുകളിലോ പാവപ്പെട്ടവര്‍ക്ക് സാമൂഹ്യപെന്‍ഷന്‍ ലഭിച്ചതിന്റെ സന്തോഷം നാട്ടിലെങ്ങുമുണ്ട്. ഇത് സൃഷ്ടിച്ച സ്മൃതിയുടെ സന്തോഷത്തെയും ഒരുമയെയും കേരളമണ്ണിന്റെ മതനിരപേക്ഷചിന്തയെയും തകര്‍ക്കാന്‍കൂടി ഉദ്ദേശിച്ചാണ് മാവേലിയെ തള്ളി ഓണത്തെ വാമനജയന്തിയാക്കാനുള്ള സംഘപരിവാര്‍ ഉദ്യമം.  അപകടം തിരിച്ചറിഞ്ഞ് ഇത് തിരസ്കരിക്കാന്‍ കേരളീയര്‍ മുന്നോട്ടുവരും.

16-Sep-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More