അയാള്‍ എന്നോടുകൂടെയുണ്ട്
വി ടി സോയ
ദീപാവലി അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ നുള്ള് നുറുങ്ങ് വിശേഷങ്ങളെല്ലാം ഓര്‍മ്മവച്ച് പറയുന്ന കൂട്ടത്തില്‍ ഗൗരിഗഞ്ജിലെ ബൈക്ക് യാത്രയെ പറ്റിയും വീട്ടില്‍ പറഞ്ഞു. അമ്മ പൊട്ടിത്തെറിച്ചു. അച്ഛന്‍ 'അവള്‍ക്ക് എന്തുമാവാലോ' എന്ന സാമാന്യതത്വം പറഞ്ഞു. അനിയന്‍ സ്വതവേ വലിയ കണ്ണുകള്‍ ഒന്നുകൂടി ഉരുട്ടി എന്നെ നോക്കി. പുസ്തകം വായിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനെ വിളിച്ച് വരുത്തി അമ്മ എന്റെ അപരാധം വിവരിച്ചുകൊണ്ടിരുന്നു. ഉത്തരേന്ത്യക്കാരുടെ ക്രൂരതയും കൊള്ളയും ബലാല്‍സംഗ ചരിത്രങ്ങളും പലവട്ടം ചുരുളുകയും നിവരുകയും ചെയ്തു. മനുഷ്യന്‍ മനുഷ്യനെ വിശ്വസിക്കാതിരിക്കുന്ന ദൈന്യാവസ്ഥയെപ്പറ്റി ചിന്തിച്ച് ഞാന്‍ തലകുനിച്ചിരുന്നു. ഒരു നോട്ടം കൊണ്ടുപോലും അമാന്യമായി പെരുമാറാതിരുന്ന ആ ചെറുപ്പക്കാരനും ഒരു രൂപയ്ക്ക് കാബേജ് തരുന്നതിനൊപ്പം ഒരു മുള്ളങ്കി കൂടി വെറുതെ തരുന്ന അമ്മൂമ്മയുമൊക്കെ എന്റെതന്നെ ജീവിതാനുഭവങ്ങളാകുമ്പോള്‍ എങ്ങനെയാണ് മനുഷ്യരിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുക? |
മുമ്പാണ്, വര്‍ഷങ്ങള്‍ക്ക് മുമ്പ്. കോഴിക്കോട് കളക്റ്ററേറ്റിലെ യു ഡി ക്ലര്‍ക്കിന് ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പുര്‍ നവോദയായില്‍ മലയാളാധ്യാപികയായി നിയമനം കിട്ടി.
ഒരു തണുത്ത ജനുവരി രാത്രിയിലായിരുന്നു സ്‌കൂള്‍ സ്ഥിതിചെയ്തിരുന്ന ഗൗരിഗഞ്ജില്‍ എത്തിയത്. ഒന്നോ, രണ്ടോ കടകള്‍ മാത്രം ആ ഏഴുമണി നേരത്ത് തുറന്നു വച്ചിരുന്നു. പബ്ലിക് ടെലഫോണ്‍ ബൂത്തിലെ പയ്യനോട് സ്‌കൂളിലേക്കുള്ള വഴി ചോദിച്ചു.
മൂന്നുകിലോമീറ്ററുണ്ടായിരുന്നു അവിടെ നിന്ന് സ്‌കൂളിലേക്ക്. സൈക്കിള്‍ റിക്ഷയോ ടോംഗ(കുതിരവണ്ടി)യോ മാത്രമാണ് വാഹനം. ഭാഗ്യത്തിന് ഒരു സൈക്കിള്‍ റിക്ഷ കിട്ടി. ആളൊഴിഞ്ഞ വഴി. ഇടയ്‌ക്കൊരു സ്ട്രീറ്റ് ലൈറ്റില്‍ കണ്ടു, മഞ്ഞപ്പാടങ്ങള്‍. 'കടുകുവയലുകള്‍ പൂത്തിരിക്കുകയാണ്...'
മഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു. സ്വെറ്ററിനുള്ളില്‍ ഞാന്‍ വിറങ്ങലിച്ചു. മുലപ്പാലുകിട്ടാതെ കരഞ്ഞുറങ്ങുന്ന മകനെയോര്‍ത്ത് കണ്ണ് നിറഞ്ഞൊഴുകി. കുറേ ചെന്നപ്പോള്‍ ദൂരെ അനേകം വിളക്കുകള്‍ തെളിഞ്ഞു കത്തുന്ന ഒരു കെട്ടിടം കണ്ടു. റിക്ഷാവാലാ പറഞ്ഞു: 'അത് നോക്കൂ ..അതാണ് സ്‌കൂള്‍!'
സ്‌കൂളിലേക്കുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. പിന്നീടനുഭവിക്കേണ്ടിവന്ന അനേകം ദുരിതയാത്രകളുടെ നാന്ദി.
സ്‌കൂള്‍ ഒറ്റപ്പെട്ട ഒരിടത്തായിരുന്നു. ഏറ്റവുമടുത്ത കടയിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരം! ഏറ്റവുമടുത്ത ടൗണായ അമേഠിയിലേക്ക് 13 കി മി!. ഉപ്പോ, മുളകോ തീരുമ്പോള്‍ ചട്ടി അടുപ്പത്തുവച്ച് കടയിലേക്കോടുന്ന സ്വഭാവമുള്ള ഞാന്‍ ആകെ വെട്ടിലായി. മൂന്നുദിവസം കൂടുമ്പോഴെങ്കിലും പച്ചക്കറി വാങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ.
ബോയ്‌സ് ഡോര്‍മിട്രിയുടെ തൊട്ടടുത്തായിരുന്നു എന്റെ ക്വാര്‍ട്ടേഴ്‌സ്. സ്‌കൂളിലെ ഷെഫും കുടുംബവുമായിരുന്നു അയല്‍ക്കാര്‍. ഷെഫിന് 17 18 വയസ്സ് പ്രായമുള്ള ഒരു മകളുണ്ടായിരുന്നു. പേര് ചമ്പ എന്നായിരുന്നുവെങ്കിലും ആണ്‍കുട്ടികള്‍ പ്രേമപൂര്‍വ്വം ബിജ്‌ലി എന്നാണ് വിളിച്ചിരുന്നത്. അവളായിരുന്നു എന്റെ കൂട്ട്. ആദ്യം മാഡം എന്നു വിളിച്ചുതുടങ്ങിയ അവള്‍ പിന്നെ വേഗം അത് ദീദി എന്നാക്കി മാറ്റി. അവളായിരുന്നു എന്നെ ഉത്തരേന്ത്യന്‍ വാസത്തിന് പാകമാക്കിയത്. 'അവധി'ഭാഷയുടെ ബാലപാഠങ്ങള്‍ തൊട്ട് ചന്തയില്‍ വിലപേശാനും കാലില്‍ മിഞ്ചിയിടാനും പിങ്ക് നിറം പുരട്ടാനും വള കാണാത്ത എന്റെ കൈയില്‍ കുപ്പിവള അണിയിക്കാനും സീമന്തരേഖയില്‍ സിന്ദൂരം കമഴ്ത്തിയിടാനും സാരി തലയിലൂടെയിട്ട് ഉത്തമ കുടുംബിനിയായി നടക്കാനും ക്ഷേത്രങ്ങളില്‍ കുളിക്കാതെ പോകാനും എന്നെ പരിശീലിപ്പിച്ചത് അവളാണ്. അവളോടൊപ്പം അവധി ദിനങ്ങളില്‍ ഞാന്‍ അവളുടെ ഠാക്കൂറായ പിതാവിന്റെ ഗ്രാമത്തില്‍ പോയി. അവളുടെ മുത്തശ്ശിയോട് ചങ്ങാത്തം കൂടി. ഞാന്‍ മദ്രാസിയാണെന്ന് പറഞ്ഞതുകേട്ട് അവര്‍ അത്ഭുതപ്പെട്ട് വായും തുറന്നിരുന്നപ്പോള്‍ അവളോടൊപ്പം പൊട്ടിച്ചിരിച്ചു. തിരികല്ലില്‍ മട്ടര്‍ (ഗ്രീന്‍ പീസ്)പൊടിച്ച് ആട്ടയ്‌ക്കൊപ്പം കുഴച്ച് സ്‌പെഷ്യല്‍ പൂരിയുണ്ടാക്കി. അടുക്കളയിലെ ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളം കുടിച്ചു.
അങ്ങനെയുള്ളൊരു ദിവസമാണ് അവളുടെ വീട്ടില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അത്യാവശ്യമായി വാങ്ങേണ്ട അടുക്കളസാധനങ്ങളുടെ സ്മരണയുണര്‍ന്നത്. 'നമുക്ക് പോകാം? എനിക്ക് ചന്തയ്ക്ക് പോകണം' എന്ന് ഞാന്‍ ചാടിയെഴുന്നേറ്റുകൊണ്ട് അവളോട് പറഞ്ഞു. അയ്യോ ദീദി ദാദി മാ ഇന്നെനിക്ക് പ്രത്യേക ശാദിപൂജ നടത്തുന്ന ദിവസമാണല്ലോ.. ഇന്ന് എനിക്ക് വരാന്‍ പറ്റില്ല എന്നവള്‍. ഞാന്‍ പേടിച്ചുപോയി. സ്‌കൂളില്‍ നിന്ന് ഒരുപാട് ദൂരം! ഒരു റിക്ഷയോ ടോംഗയോ കിട്ടാത്ത സ്ഥലം! എനിക്ക് കരച്ചില്‍ വന്നു. അവള്‍ എന്റെ കണ്ണുകള്‍ അവളുടെ ദുപ്പട്ട കൊണ്ട് തുടച്ചു. എന്റെ കൈപിടിച്ച് തീവെയിലില്‍ നിരത്തിലേക്ക് നടന്നു. നിന്ന് നിന്ന് നേരം തണുത്തു. ഒറ്റവാഹനവും വന്നില്ല. ഞാനും അവളും നിശ്ശബ്ദരായി നിന്നു.
പെട്ടെന്നാണ് ഒരു ബൈക്ക് ദൂരെനിന്ന് വരുന്നത് കണ്ടത്. 'അരെ ഓ.. ഭൈയാ..രുക്കിയേ..' എന്ന് പറഞ്ഞ് അവള്‍ ബൈക്ക് നിര്‍ത്തിച്ചു.എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. എന്നിട്ട് കെഞ്ചുന്നതുപോലെ പറഞ്ഞു: 'ദീദി . ഈ ബൈക്കിനു പിറകില്‍ കയറി പോകണം. ഇവിടെ നിന്നാല്‍ മറ്റൊരു വാഹനവും കിട്ടില്ല. പ്രിന്‍സിപ്പല്‍ സാറിനെപ്പറ്റി ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ... മാം കി കസം.. ദീദി പോകൂ..'
എനിക്ക് കണ്ണില്‍ ഇരുട്ടുകയറി. അന്യ നാട്. അന്യഭാഷക്കാരന്‍. അപരിചിതന്‍. ബൈക്ക്. ഞാനവളോട് പൊട്ടിത്തെറിച്ചു. 'എങ്ങനെ ധൈര്യം വന്നു, ഈ അപരിചിതന്റെ പിറകില്‍ എന്നെ കയറ്റിവിടാന്‍ നിനക്ക്..?'
അവള്‍ ശാന്തയായി എന്നെ നോക്കി. ഒരു കാരുണ്യം കൊണ്ടെന്ന വണ്ണം കണ്ണ് നിറഞ്ഞ് വന്നു. അവള്‍ പറഞ്ഞു: 'ദീദി..ലോകത്ത് നന്മ ഒരിക്കലും മരിക്കുന്നില്ല. ഒരാളുടെയല്ലെങ്കില്‍ മറ്റൊരാളുടെ സഹായഹസ്തം നമുക്ക് നേരെ നീണ്ട് വരും. എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്മാരാണെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് ഒട്ടും മനസ്സില്‍ തട്ടാതെയാണോ?'
എനിക്ക് ഗത്യന്തരമില്ലാതായി. അമ്മയെയോര്‍ത്തു. എന്റെ കുഞ്ഞുമകനെയോര്‍ത്തു. അബദ്ധങ്ങളില്‍ ചാടരുതെന്ന് മുന്നറിയിപ്പ് തരുന്ന ഭര്‍ത്താവിനെയോര്‍ത്തു. അച്ഛനെയോര്‍ത്തു. രണ്ടും കല്പിച്ച് ജീവിതത്തിലാദ്യമായി കണ്ട ഒരാളുടെ ബൈക്കിന്റെ പിറകില്‍ കയറി. സൂക്ഷിച്ചിരിക്കൂ എന്ന് മാത്രമാണ് ആ ചെറുപ്പക്കാരന്‍ പറഞ്ഞത്. മറ്റൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഒരു പ്രാവശ്യം പോലും അയാളുടെ ദേഹത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ബൈക്ക് മെല്ലെയോടിച്ചുകൊണ്ടിരുന്നു.
നവോദയ സ്‌കൂളിനു മുന്നില്‍ ഇറക്കാന്‍ ചമ്പ അയാളോട് ഞാന്‍ കയറുമ്പോഴേ പറഞ്ഞിരുന്നു. എന്നാല്‍, ഞാനവിടെ ഇറങ്ങിയില്ല. ചന്തയില്‍ ഇറക്കാമോ എന്ന് അയാളോട് ചോദിച്ചു. അയാളും അങ്ങോട്ട് തന്നെയായിരുന്നു. കടുകുപാടങ്ങള്‍ക്കിടയിലൂടെ പോകുമ്പോള്‍ അയാള്‍ കടുകുകൃഷിയെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. ഗോതമ്പ് കൃഷിചെയ്യാത്തതിനെപ്പറ്റി ഞാന്‍ ചോദിച്ചു. കൃഷിയെയും കര്‍ഷകരെ പരിഗണിക്കാത്ത സര്‍ക്കാരിനെയും പറ്റി പറഞ്ഞ് ഞങ്ങള്‍ ഗൗരീഗഞ്ജിലെത്തി. ചന്തയിലേക്ക് കടക്കുന്ന റോഡില്‍ ഒരു റയില്‍ വേ ഗേറ്റുണ്ടായിരുന്നു. അത് അടച്ചിട്ടിരിക്കയായിരുന്നു. അയാള്‍ ബൈക്ക് അവിടെ നിര്‍ത്തി, ഞാനിറങ്ങി. ചുരിദാര്‍ ദുപ്പട്ട തലയിലൂടെയിട്ട് ഞാന്‍ കൈകൂപ്പി അയാള്‍ക്ക് നമസ്‌കാരം പറഞ്ഞു.'ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ബഹന്‍ ജി അലഹബാദിയാണല്ലേ?'
'അല്ല ,ഞാന്‍ കേരളത്തില്‍ നിന്ന് വരുന്നു'. അയാള്‍ അത്ഭുതം കൂറി :'കേരള്‍?'
'എവിടെനിന്നായാലെന്താണ് ഭയ്യാ?' ഞാന്‍ മെല്ലെ പറഞ്ഞു. അയാള്‍ ചിരിച്ചു. 'വടക്ക് ഭാഗത്ത് പച്ചക്കറി വില്‍ക്കുന്ന വയസ്സായ സ്ത്രീയുടെ കയ്യില്‍ നിന്ന് വാങ്ങൂ ബഹന്‍ ജി. അവര്‍ക്ക് ആരുമില്ല..'
ഞാന്‍ ഒന്നുകൂടി അയാളെ നോക്കി. കവിളെല്ലുകള്‍ എഴുന്നു നില്‍ക്കുന്ന പൂച്ചക്കണ്ണുള്ള മുഖം. വേണമെങ്കില്‍ സിനിമയിലെ ഒരു വില്ലനായി സങ്കല്പിക്കാവുന്നതാണ്.
എന്തിനോ എനിക്ക് കരച്ചില്‍ വന്നു. അന്യനാട്ടില്‍ ആരോരുമില്ലാത്ത എനിക്ക് സഹായവുമായി വന്ന് ഒരു ബന്ധുവിനെപ്പോലെ പെരുമാറിയ ആ ചെറുപ്പക്കാരനേയും എന്നെയും ചന്തയില്‍ പച്ചക്കറി വില്‍ക്കുന്ന വയസ്സായ ആ സ്ത്രീയേയും കൂട്ടിയിണക്കുന്ന 'എന്തോ ഒന്നി' നെപ്പറ്റി ഓര്‍ത്തുകൊണ്ട് മെല്ലെ റെയില്‍പ്പാളം മുറിച്ചുകടന്നു.
ദീപാവലി അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ നുള്ള് നുറുങ്ങ് വിശേഷങ്ങളെല്ലാം ഓര്‍മ്മവച്ച് പറയുന്ന കൂട്ടത്തില്‍ ഞാനീ സംഭവവും വീട്ടില്‍ പറഞ്ഞു. അമ്മ പൊട്ടിത്തെറിച്ചു. അച്ഛന്‍ 'അവള്‍ക്ക് എന്തുമാവാലോ' എന്ന സാമാന്യതത്വം പറഞ്ഞു. അനിയന്‍ സ്വതവേ വലിയ കണ്ണുകള്‍ ഒന്നുകൂടി ഉരുട്ടി എന്നെ നോക്കി. പുസ്തകം വായിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനെ വിളിച്ച് വരുത്തി അമ്മ എന്റെ അപരാധം വിവരിച്ചുകൊണ്ടിരുന്നു. ഉത്തരേന്ത്യക്കാരുടെ ക്രൂരതയും കൊള്ളയും ബലാല്‍സംഗ ചരിത്രങ്ങളും പലവട്ടം ചുരുളുകയും നിവരുകയും ചെയ്തു.
മനുഷ്യന്‍ മനുഷ്യനെ വിശ്വസിക്കാതിരിക്കുന്ന ദൈന്യാവസ്ഥയെപ്പറ്റി ചിന്തിച്ച് ഞാന്‍ തലകുനിച്ചിരുന്നു. ഒരു നോട്ടം കൊണ്ടുപോലും അമാന്യമായി പെരുമാറാതിരുന്ന ആ ചെറുപ്പക്കാരനും ഒരു രൂപയ്ക്ക് കാബേജ് തരുന്നതിനൊപ്പം ഒരു മുള്ളങ്കി കൂടി വെറുതെ തരുന്ന അമ്മൂമ്മയുമൊക്കെ എന്റെതന്നെ ജീവിതാനുഭവങ്ങളാകുമ്പോള്‍ എങ്ങനെയാണ് മനുഷ്യരിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുക?
25-Feb-2016
എം എസ് അനുപമ
സുനില്‍ മാടമ്പി
കബീര്‍ വയനാട്
എം സ്വരാജ്
മണിലാല്‍