മുത്തപ്പന്റെ രാത്രികള്‍, അപ്പന്റേയും

ഗരുഡന്‍തൂക്കത്തിന്റെ ഇരുമ്പു കൊളുത്ത്
വേലന്‍പൂശാരി മുതുകത്ത് കൊളുത്തുമ്പോള്‍
മുത്തപ്പന്റെ മുഖമൊന്നു കാണണം.

കരിങ്കോഴികളുടെ അറുത്ത തലയൊക്കെ
രാത്രീ മന്ത്രം ചൊല്ലിയൊട്ടിച്ചു
പിന്നേം പറത്തി വിടുമത്രേ.

പഴയ കൂട്ടുകാരായ മുത്തപ്പനുമപ്പനും
നടയ്ക്കു വെച്ച ചാരായം മുഴുവന്‍ കുടിച്ച്
മുറുക്കാന്‍ നോക്കുമ്പം,
ചുണ്ണാമ്പു കൊടുക്കാന്‍ യക്ഷികളുടെ മത്സരമാ.

നാലുംകൂട്ടി മുറുക്കി നടക്കുമ്പം
കുന്നിന്റെ താഴോട്ടു നോക്കിപ്പറയും
'അക്കിടക്കുന്നതൊക്കെ എന്റെ പൈതങ്ങളാ'
ഒവ്വ ഒവ്വേന്നും പറഞ്ഞപ്പനൊരു
കരച്ചിലുകരയും.
അപ്പനെ താങ്ങി മുത്തപ്പന്‍ വീട്ടിക്കൊണ്ടാക്കും
പുറപ്പെട്ടുപോയ മോനേ സ്വപ്നത്തില്
കാണിച്ചു കൊടുക്കും.

ഒരു കുഞ്ഞിനു കളിക്കാന്‍
ഓലപ്പീപ്പിയായി ചുരുണ്ടു കിടക്കുന്നത് കണ്ടവരുണ്ട്.
കൊയ്ത്തു കഴിഞ്ഞു വരുന്ന വഴി
മൂക്കൂത്തി കളഞ്ഞേങ്ങലടിച്ചു
കരയുന്ന പെണ്ണിന്റെ,
മൂക്കൂത്തി തിരിച്ചു കൊടുത്ത
ചെക്കനായിട്ടു കണ്ടവരുണ്ട്.
പനി കൊണ്ട് കിടുങ്ങുന്ന വെളുത്തയ്ക്കു പകരം
മേനോന്റെ പാടത്ത് രാത്രി മൊത്തം
വെള്ളം തേവുന്നത് കണ്ടവരുണ്ട്.

പിറ്റേന്ന് നട മുഴുവന്‍
ചേറു പുരണ്ട കാല്‍പ്പാടായിരുന്ന്.
പുത്തന്‍ കമ്മറ്റിക്കാര് വന്നത് തൂത്ത്
മാര്‍ബിളും പൊന്നിന്റെ പടിയുമിട്ട്.

ഇപ്പോ മുത്തപ്പന്‍ കുന്നുവിട്ട്
താഴോട്ടിറങ്ങത്തേയില്ല
ന്നാലും, അപ്പനിപ്പോഴും രാത്രി
ന്റെ മുത്തപ്പാന്നേങ്ങലടിച്ച്
മൂന്നു തുള്ളി വീഴ്ത്തീട്ടെ കുടിക്കത്തൊള്ള്.

29-Oct-2016

കവിതകൾ മുന്‍ലക്കങ്ങളില്‍

More