മരണമാവുമ്പോള്‍

സംഗതി 
മരണമാവുമ്പോൾ
കാര്യങ്ങളൊക്കെ 
മറിച്ചാവും .
അതുവരെ കണ്ടിട്ടില്ലാത്തവണ്ണം 
അയൽക്കാർ 
ഉദാരമനസ്കരാവും. 
കറുത്ത കൊടി ,
കടുത്ത നോട്ടങ്ങൾ 
എന്നിവ മുഖത്ത് കുത്തി നിർത്തും 
അഭ്യുദയ കാംക്ഷികൾ 
എന്നൊരു വർഗ്ഗം 
പെട്ടെന്നുടലെടുക്കും 
ജീവിച്ചിരുന്നപ്പോൾ 
നടക്കാനല്പം വഴി കൊടുക്കാത്ത 
അയൽവാസിയും 
അക്കൂട്ടത്തിലുണ്ടാവും.
അതുവരില്ലാതിരുന്ന പല വഴികളും
പുതുതായുടലെടുത്ത് 
അതുവരെ അസാധ്യമായിരുന്ന 
പലതും അതിലവസാനിക്കും. 
അടുത്ത ബന്ധുക്കൾക്ക് 
പ്രത്യേക പദവി അനുവദിക്കും. 
വായ്ക്കരി വയ്ക്കുമ്പോൾ 
പോലും 
മുൻഗണനാ ക്രമം പാലിക്കും  
പൂക്കൾ 
അതുവരെയില്ലാത്തൊരർത്ഥത്തിൽ 
ചിതറി കിടക്കും
അതു മണക്കാമോ എന്നൊരു  
സംശയവുമായി 
ഉള്ളിലൊരു കുട്ടി ജനിക്കും 
മരിച്ചു കിടക്കുന്നവനുമായി 
പെട്ടെന്നൊരു സംവേദനം 
നടക്കും. 
എന്നെത്തന്നെ അദ്ഭുതപ്പെടുത്തി 
രണ്ടു തുള്ളി കണ്ണീർ 
എന്നിലും നിറയും. 
ജീവിച്ചിരുന്നപ്പോൾ തന്നെ 
മുക്കാലും ദഹിച്ചു കഴിഞ്ഞ 
ഒരു ജീവന്റെ 
അവശേഷിക്കുന്ന ശരീരത്തെ 
ഉപചാരം ചൊല്ലി 
അടക്കം ചെയ്യുന്നതിന്റെ 
അവസാന ദൃശ്യങ്ങളാണ് 
നടക്കുന്നത്.

17-Sep-2016

കവിതകൾ മുന്‍ലക്കങ്ങളില്‍

More