മാവോവാദത്തെ തിരിച്ചറിയണം
കോടിയേരി ബാലകൃഷ്ണന്
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലധികമായി മാവോവാദികള്‍ വ്യത്യസ്ത പേരുകളിലെ ഗ്രൂപ്പുകളോ സംഘടനകളോ ആയി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പീപ്പിള്‍സ് വാര്‍, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍, സിപിഐ (മാവോയിസ്റ്റ്), സിപിഐ (എംഎല്‍) തുടങ്ങി നിരവധി പേരുകളില്‍. ആന്ധ്രപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പല സ്‌ഫോടനങ്ങളും കൂട്ടക്കൊലകളുമടക്കം നടന്നു. കേരളത്തിലെ വനമേഖലയിലും ഇവര്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. സൂര്യവെളിച്ചത്തില്‍ ബഹുജനങ്ങളെ സംഘടിപ്പിക്കുന്ന വിപ്‌ളവപ്രസ്ഥാനമായല്ല, തീവ്രവാദ അരാജക അക്രമ പ്രസ്ഥാനം എന്ന നിലയിലാണ് കേരളത്തില്‍ വേരോട്ടം നടത്താന്‍ ശ്രമിക്കുന്നത്. ഛത്തീസ്ഗഡിലും ബിഹാറിലും ആന്ധ്രയിലുമെല്ലാം സംഭവിച്ചതുപോലെയുള്ള തട്ടിക്കൊണ്ടുപോകലും കൂട്ടക്കൊലയും ഇവിടെ ഉണ്ടായില്ലല്ലോ എന്നു ചൂണ്ടിക്കാട്ടി അവരുടെ പൊതു അരാജകസ്വഭാവത്തെ മറച്ചുവയ്ക്കുന്നത് ആപല്‍ക്കരമായ വിപ്‌ളവവ്യതിയാനമാണ്. |
നിലമ്പൂര്‍ വനമേഖലയില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടത് ദേശീയമായി ചര്‍ച്ച ചെയ്യപ്പെട്ടു. മാവോയിസ്റ്റുകള്‍ എന്ന് ഇന്നറിയപ്പെടുന്നവരുടെ സ്വഭാവവിശേഷത്തോടെ മുന്‍കാലത്ത് നക്‌സലൈറ്റുകള്‍ ഉണ്ടായിരുന്നു. 1960കളുടെ അവസാനവും 1970കളിലും നക്‌സലൈറ്റുകള്‍ സജീവമായിരുന്നു. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങിലെ നക്‌സല്‍ബാരിയില്‍നിന്നാണ് ആ പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്. ചാരു മജുംദാറായിരുന്നു നേതാവ്. കൊല്‍ക്കത്ത അടക്കമുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും അവര്‍ പ്രവര്‍ത്തിക്കുകയും പലവിധ 'ഓപ്പറേഷനുകളും' നടത്തുകയും ചെയ്തു. അവര്‍ ഉയര്‍ത്തിപ്പിടിച്ചതും 'മാവോചിന്ത'യായിരുന്നു.
1968 അവസാനമാണ് ആദ്യത്തെ നക്‌സല്‍ ആക്രമണം കേരളത്തില്‍ നടന്നത്. തലശേരിയിലും പുല്‍പ്പള്ളിയിലും പൊലീസ് സ്‌റ്റേഷന്‍ ആക്രമണം. അന്ന് ഇ എം എസ് സര്‍ക്കാരായിരുന്നു. നക്‌സല്‍ അക്രമസംഭവത്തെ, അന്നത്തെ ബൂര്‍ഷ്വാ പ്രതിപക്ഷവും നല്ലൊരു പങ്ക് മാധ്യമങ്ങളും പ്രതികരിച്ചത് തികഞ്ഞ മാര്‍ക്‌സിസ്റ്റുവിരോധത്തെ അടിസ്ഥാനമാക്കിയായിരുന്നു. നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയേകിയത് സിപിഐ എം മുറുകെപ്പിടിച്ച പ്രത്യയശാസ്ത്രം കാരണമാണെന്ന് ഒരുവശത്ത് ആരോപിച്ചു. മറുവശത്താകട്ടെ, ഈ അക്രമപ്രവര്‍ത്തനം നടത്തിയവരാണ് യഥാര്‍ഥ വിപ്‌ളവകാരികളെന്ന് സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. അതായത് പൊലീസ് സ്‌റ്റേഷന്‍ ആക്രമണം നടത്തിയ നക്‌സലുകാരെ യഥാര്‍ഥ മാര്‍ക്‌സിസ്റ്റുകാരായും സിപിഐ എമ്മുകാരെ മാര്‍ക്‌സിസ്റ്റുവിപ്‌ളവം കളഞ്ഞുകുളിച്ചവരായും ചിത്രീകരിച്ചു. അതിന് മറുപടിയായി ഇ എം എസ്, സര്‍ ചക്രവര്‍ത്തിയെ കൊന്ന് വിപ്‌ളവം നടത്താന്‍ ഇറങ്ങിത്തിരിച്ച് തൂക്കുകയര്‍ കിട്ടിയ സ്വന്തം സഹോദരനെ തള്ളിപ്പറഞ്ഞ ലെനിന്റെ പാരമ്പര്യത്തെയാണ് ഉയര്‍ത്തിക്കാട്ടിയത്.
1951ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി അംഗീകരിച്ച നയപ്രഖ്യാപന രേഖയില്‍ വിപ്‌ളവപ്രസ്ഥാനത്തില്‍ ബലപ്രയോഗത്തിനുള്ള സ്ഥാനം സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ബലപ്രയോഗം വര്‍ജ്യമാണെന്ന ഗാന്ധിയന്‍ സിദ്ധാന്തത്തോട് കമ്യൂണിസ്റ്റ് പാര്‍ടി യോജിക്കുന്നില്ലെന്ന് ആ രേഖ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബലപ്രയോഗത്തെ ഒരു പരിപാവനസിദ്ധാന്തമായി അംഗീകരിക്കുന്ന 'ഉടനടി വിപ്‌ളവകാരി'കളുടെ സമീപനത്തെയും ആ രേഖ തള്ളിക്കളഞ്ഞു. ബലപ്രയോഗം നടത്തണമോ എന്നതല്ല പാര്‍ടിയുടെ മുന്നിലുള്ള പ്രശ്‌നം. ബഹുജനങ്ങളെ ഒരു സംഘടിത രാഷ്ട്രീയശക്തിയായി വളര്‍ത്തുക എന്നതാണ് പ്രധാനം. വിപ്‌ളവ ബഹുജന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കിടയില്‍ നടക്കുന്ന ബഹുജനസംഘട്ടനങ്ങളല്ലാതെ, ശത്രുവര്‍ഗത്തിലെ വ്യക്തികളെ ഉന്മൂലനം ചെയ്യുകയെന്നത് ഒരു പരിപാടിയായി പാര്‍ടി സ്വീകരിക്കുന്നില്ല. ആ രേഖയെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ സമീപനമാണ് സിപിഐ എം സ്വീകരിക്കുന്നത്.
അതുകൊണ്ടുതന്നെ നക്‌സലൈറ്റുകളെ എന്നപോലെതന്നെ മാവോയിസ്റ്റുകളെയും യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകാരായി സിപിഐ എം കാണുന്നില്ല. രാജ്യത്തിന്റെ ഏതു ഭാഗത്തായാലും ഉന്മൂലനസിദ്ധാന്തം മാവോവാദികള്‍ നടപ്പാക്കുന്നതിനെയോ ഇവരെ ഭരണകൂടഭീകരത സൃഷ്ടിച്ച് പൊലീസോ സായുധസേനയോ ഉന്മൂലനം ചെയ്യുന്നതിനെയോ പാര്‍ടി അനുകൂലിക്കുന്നില്ല. നക്‌സല്‍ബാരിയില്‍ ഭൂമിക്കുവേണ്ടി പ്രസ്ഥാനമാരംഭിച്ചപ്പോള്‍ സിപിഐ എം അവരുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. എന്നാല്‍, അവര്‍ വിനാശകരമായ 'സായുധവിപ്‌ളവപാത' സ്വീകരിച്ചപ്പോള്‍ അവരുമായി വിയോജിക്കുകയും അകലം പാലിക്കുകയും ചെയ്തു. മാവോയിസ്റ്റുകള്‍ എന്ന പേരില്‍ വിവിധ ഗ്രൂപ്പുകളും സംഘടനകളും ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ നിസ്വവര്‍ഗത്തിനുവേണ്ടി ഭൂമിക്കും കൂലിക്കും മാന്യമായ ജീവിതത്തിനും വേണ്ടി ഉയര്‍ത്തുന്ന ആവശ്യങ്ങളോട് യോജിപ്പും, അതിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളെയും തീവ്രവാദത്തെയും അരാജകപ്രവര്‍ത്തനത്തെയും തള്ളിപ്പറയുകയും ചെയ്യുന്നു.
1960കളുടെ അവസാനം രൂപംകൊണ്ട സിപിഐ (എംഎല്‍) ഇന്ത്യന്‍ ഭരണവര്‍ഗത്തെ ദല്ലാള്‍ മുതലാളിത്തമായി കണ്ടു. ഈ വര്‍ഗവിശകലനത്തിന്റെ തുടര്‍ച്ചയായി, ജനങ്ങളെ സംഘടിപ്പിച്ച് വിപ്‌ളവപാര്‍ടി കെട്ടിപ്പടുക്കുക എന്ന സിപിഐ എം മാര്‍ഗം നിരാകരിച്ച് 'വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന' ആശയത്തിലെത്തി. ആ ആശയത്തിന്റെ പുത്തന്‍ രൂപത്തിലാണ് ഇന്നത്തെ മാവോവാദികളില്‍ നല്ലൊരു പങ്കും നിലകൊള്ളുന്നത്. അവരില്‍ ഒരുപങ്ക് അനുഭവത്തില്‍നിന്ന് തെറ്റ് ബോധ്യമായി വ്യക്തികളെ വകവരുത്തുന്ന തോക്കുരാഷ്ട്രീയം ഉപേക്ഷിച്ച്, പാര്‍ലമെന്ററി പാര്‍ലമെന്ററിയിതര മാര്‍ഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ബഹുജന വിപ്‌ളവപാതയിലേക്ക് വന്നിട്ടുണ്ട്. അത്തരം സംഘടനകളോടും പ്രവര്‍ത്തകരോടും സഹകരിക്കാന്‍ സിപിഐ എം തയ്യാറായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വിശാഖപട്ടണത്ത് നടന്ന ഞങ്ങളുടെ കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസില്‍ ഐക്യദാര്‍ഢ്യം അറിയിക്കാന്‍ സിപിഐ (എംഎല്‍) പ്രതിനിധികള്‍ വരികയും അഭിവാദ്യപ്രസംഗം നടത്തുകയും ചെയ്തത്.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലധികമായി മാവോവാദികള്‍ വ്യത്യസ്ത പേരുകളിലെ ഗ്രൂപ്പുകളോ സംഘടനകളോ ആയി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പീപ്പിള്‍സ് വാര്‍, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍, സിപിഐ (മാവോയിസ്റ്റ്), സിപിഐ (എംഎല്‍) തുടങ്ങി നിരവധി പേരുകളില്‍. ആന്ധ്രപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പല സ്‌ഫോടനങ്ങളും കൂട്ടക്കൊലകളുമടക്കം നടന്നു. കേരളത്തിലെ വനമേഖലയിലും ഇവര്‍ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. സൂര്യവെളിച്ചത്തില്‍ ബഹുജനങ്ങളെ സംഘടിപ്പിക്കുന്ന വിപ്‌ളവപ്രസ്ഥാനമായല്ല, തീവ്രവാദ അരാജക അക്രമ പ്രസ്ഥാനം എന്ന നിലയിലാണ് കേരളത്തില്‍ വേരോട്ടം നടത്താന്‍ ശ്രമിക്കുന്നത്. ഛത്തീസ്ഗഡിലും ബിഹാറിലും ആന്ധ്രയിലുമെല്ലാം സംഭവിച്ചതുപോലെയുള്ള തട്ടിക്കൊണ്ടുപോകലും കൂട്ടക്കൊലയും ഇവിടെ ഉണ്ടായില്ലല്ലോ എന്നു ചൂണ്ടിക്കാട്ടി അവരുടെ പൊതു അരാജകസ്വഭാവത്തെ മറച്ചുവയ്ക്കുന്നത് ആപല്‍ക്കരമായ വിപ്‌ളവവ്യതിയാനമാണ്.
ശാസ്ത്രീയ സോഷ്യലിസം, മാര്‍ക്‌സിയന്‍ തത്വശാസ്ത്രം, കമ്യൂണിസ്റ്റ് സമരതന്ത്രങ്ങള്‍ അവയെല്ലാം പഴഞ്ചനായി. അതിനാല്‍ ഞങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു എന്ന മാവോവാദികളുടെ ചിന്തയെയും സമരതന്ത്രത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുകയോ പുകഴ്ത്തുകയോ ചെയ്യുന്നത് അപകടമാണ്. ഇത് യഥാര്‍ഥ വിപ്‌ളവപ്രസ്ഥാനത്തെ ദുര്‍ബലമാക്കും. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ വിപ്‌ളവനേതാക്കളില്‍ പ്രമുഖനാണ് മാവോ. ചൈനീസ് വിപ്‌ളവം വിജയമാക്കുന്നതിന്, അതിന്റെ വിവിധ ഘട്ടങ്ങളില്‍ മാര്‍ക്‌സിസം ലെനിനിസത്തെ ചൈനീസ് വസ്തുനിഷ്ഠ സാഹചര്യത്തിനനുസരിച്ച് പ്രയോഗത്തില്‍ വരുത്തിയ ഉജ്വലനേതാവാണ് മാവോ. മാവോചിന്തയെ തെറ്റായി വ്യാഖ്യാനിച്ച് ഇന്ത്യന്‍ വിപ്‌ളവമണ്ണിന് യോജിക്കാത്ത രീതിയില്‍ ഉന്മൂലന സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണ് ഇവിടത്തെ മാവോവാദികള്‍. സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ മാവോവാദി പ്രസ്ഥാനത്തിന്റെ അപകടവും ദുര്‍ബലതയും ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ് അംഗീകരിച്ച രേഖയില്‍ മാവോവാദ അതിസാഹസികതയ്‌ക്കെതിരായ പ്രത്യയശാസ്ത്രസമരത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. അത് ഇപ്രകാരമാണ്. ''ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിസാഹസികതാ വ്യതിയാനമായ മാവോയിസം ഇന്ത്യന്‍ ജനതയുടെ വിപ്‌ളവകരമായ വര്‍ഗസമരങ്ങളുടെ മുന്നേറ്റത്തിന് പ്രത്യയശാസ്ത്രപരമായ വെല്ലുവിളി ഉയര്‍ത്തുന്നതായി തുടരുകയാണ്. അവരുടെ ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കപ്പെടുകതന്നെ ചെയ്യും. ഇടതുപക്ഷ അതിസാഹസികതയ്‌ക്കെതിരായ പ്രത്യയശാസ്ത്രസമരം ശക്തിപ്പെടുത്തേണ്ടതും രാഷ്ട്രീയമായും സംഘടനാപരമായും ചെറുക്കേണ്ടതും ആവശ്യമാണ്. ശാസ്ത്രീയവും വിപ്‌ളവകരവുമായ അടിത്തറകളിന്മേല്‍ സോഷ്യലിസത്തിനായുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് അനുപേക്ഷണീയമാണ്''.
കുത്തക മുതലാളിത്ത ഭരണകൂടത്തിന്റെ ഇന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയ സാമ്പത്തികനയത്തിന്റെ കൊള്ളരുതായ്മയാണ് മാവോവാദികളെ സൃഷ്ടിച്ചത്. അതിനാല്‍ ഈ പ്രസ്ഥാനത്തെ നേരിടേണ്ടത് കേവലമായ ക്രമസമാധാനപ്രശ്‌നം എന്ന നിലയിലായിക്കൂടാ. അതുകൊണ്ടാണ് ലളിതമായ ക്രമസമാധാനപ്രശ്‌നം എന്നതിനപ്പുറം സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഇടതുപക്ഷം ദേശീയമായി നിര്‍ദേശിക്കുന്നത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബിഹാര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരോ മനുഷ്യാവസ്ഥ നിഷേധിക്കപ്പെട്ടവരോ ആയ ആദിവാസികളോ ദളിതരോ പൊതുവായി അധിവസിക്കുന്ന സ്ഥലമല്ല കേരളം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ന് നേരിടുന്ന ഭൂമിയെയും തൊഴിലിനെയുമൊക്കെ ആസ്പദമാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, ഇടതുപക്ഷവും എല്‍ഡിഎഫ് സര്‍ക്കാരും ചില ജനാധിപത്യശക്തികളും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ ഇടങ്കോലിടുന്ന രാഷ്ട്രീയനിലപാടുകളെ തുറന്നുകാട്ടേണ്ടത് നാടിന്റെ പൊതു ആവശ്യമാണ്.
മാവോവാദികള്‍ നിയമവിധേയരായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ അതിനെ തടയുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടാണ് ആയുധം താഴെവയ്ക്കാന്‍ മാവോവാദികള്‍ തയ്യാറാണെങ്കില്‍ അതിനോട് പിണറായി വിജയന്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുമോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ നിലമ്പൂരില്‍ സംഭവിച്ചത് മുന്നണി എന്ന നിലയില്‍ എല്‍ഡിഎഫോ സര്‍ക്കാരെന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാരോ ആഗ്രഹിച്ച കാര്യമല്ല. രണ്ടു മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടതിനെപ്പറ്റി രണ്ടഭിപ്രായം വന്നിട്ടുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരണമുണ്ടായി എന്നു ഡിജിപി വിശദീകരിക്കുന്നു. എന്നാല്‍, ഏകപക്ഷീയമായി പൊലീസ് ആക്രമിക്കുകയായിരുന്നുവെന്ന് ചില രാഷ്ട്രീയനേതാക്കളും രാഷ്ട്രീയപക്ഷമുള്ള മനുഷ്യാവകാശസംഘടനാ നേതാക്കളും അഭിപ്രായപ്പെടുന്നു. സംഭവാനന്തരം മാധ്യമങ്ങളെ ഫോണ്‍ ചെയ്ത് അറിയിച്ച മാവോവാദിതന്നെ, പൊലീസിനുനേരെ മൂന്നുതവണ താനും വെടിവച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ പൊലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്ന വസ്തുതയ്ക്ക് ബലം ലഭിക്കുന്നു.
മാവോവാദികളെ ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ സായുധസേനയെക്കൊണ്ട് ഏകപക്ഷീയമായി വേട്ടയാടി ഉന്മൂലനം ചെയ്യുന്നതുപോലെയുള്ള ഒരു രാഷ്ട്രീയസമീപനം എല്‍ഡിഎഫിനോ എല്‍ഡിഎഫ് സര്‍ക്കാരിനോ ഇല്ല. എതിരഭിപ്രായക്കാരെ വെടിവച്ചുവീഴ്ത്തി ആശയങ്ങള്‍ അമര്‍ച്ച ചെയ്യാനാകുമെന്ന മൌഢ്യം സിപിഐ എമ്മിന് ഇല്ല. പൊലീസ് കസ്റ്റഡിയിലുള്ള ആളെയോ ആളുകളെയോ വെടിവച്ചുകൊന്നിട്ട് വ്യാജ ഏറ്റുമുട്ടല്‍ എന്ന ചിത്രീകരണം നടത്തുന്ന പൊലീസ് രീതി ഇവിടെ സംഭവിച്ചിട്ടില്ലെന്ന് സംഭവങ്ങളെ നിഷ്പക്ഷതയോടെ സമീപിക്കുന്ന ആര്‍ക്കും ബോധ്യമാകും. മരിച്ച രണ്ടാളും ഇതര സംസ്ഥാനക്കാരാണ്. അവരാകട്ടെ വിവിധ സംസ്ഥാനങ്ങള്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ആക്രമണകാരികളായ തീവ്രവാദികളുമാണ്. ആദിവാസികളുടെ യോഗം നടത്തുകയോ അത്തരം സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് മധ്യേയല്ല വെടിവയ്പുണ്ടായത്. മാസങ്ങളായി നിയമവിരുദ്ധതാവളം സൃഷ്ടിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ഇതറിഞ്ഞെത്തിയ പൊലീസ് സേനയ്ക്കുനേരെ മാവോവാദികള്‍ വെടിവച്ചു എന്ന പൊലീസ് വെളിപ്പെടുത്തലിനോട് അവിശ്വാസം വേണ്ട.
മാവോവാദികള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുന്നത് കേരളത്തിലാദ്യമാണെന്നും അതിനാല്‍ ഇതേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞിട്ടുണ്ട്. സുധീരന് ഇക്കാര്യത്തില്‍ ഒരു ഓര്‍മപ്പിശകുണ്ട്. തിരുനെല്ലിക്കാട്ടില്‍ നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസിനെ പൊലീസ് ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയായിരുന്നല്ലോ. അന്ന് ബയണറ്റുകൊണ്ട് കണ്ണ് ചൂഴ്‌ന്നെടുത്തു. ശേഷം മരത്തില്‍ കെട്ടിയിട്ട് വെടിവച്ചുകൊന്നു. എന്നിട്ടാണ് പൊലീസുമായി ഏറ്റുമുട്ടിയപ്പോള്‍ വെടിയേറ്റു മരണപ്പെട്ടു എന്ന കള്ളക്കഥ ചമച്ചത്. അടിയന്തരാവസ്ഥയില്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊന്നില്ലേ. വര്‍ക്കല വിജയന്‍, നാദാപുരത്ത് കണ്ണന്‍ തുടങ്ങി നിരവധിപേരെ അതിനുശേഷവും നക്‌സലിസത്തിന്റെ പേരുപറഞ്ഞ് പൊലീസ് കശാപ്പുചെയ്തിട്ടുണ്ട്. യുഡിഎഫ് ഭരണത്തില്‍തന്നെ മുത്തങ്ങയില്‍ ആദിവാസിയായ ജോഗിയെ സമരസ്ഥലത്തുവച്ച് പൊലീസ് വെടിവച്ചുകൊന്നില്ലേ. ആ പാത എല്‍ഡിഎഫ് സര്‍ക്കാര്‍ പകര്‍ത്തില്ല. മാവോവാദികള്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടാല്‍ സ്വീകരിക്കേണ്ട അനന്തരനടപടികളെന്തെന്ന് ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുള്ള നടപടികള്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതുപ്രകാരമാണ് സംസ്ഥാന െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നേരിട്ട് ഏറ്റെടുത്തത്. അതുപോലെ മജിസ്‌ട്രേട്ടുതല അന്വേഷണവും നടക്കുന്നു. നിലമ്പൂര്‍സംഭവത്തില്‍ മറച്ചുവയ്ക്കാനും ഒളിച്ചുവയ്ക്കാനുമുള്ള താല്‍പ്പര്യങ്ങളൊന്നും എല്‍ഡിഎഫിനില്ല.
നേപ്പാളില്‍ തുടങ്ങി ബംഗാള്‍, ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നിവയും കേരളവുമായി ബന്ധിപ്പിക്കുന്ന ഒരു 'ചുവന്ന ഇടനാഴി' സ്ഥാപിക്കാനുള്ള പരിശ്രമമായിരുന്നു കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ നടന്നുവന്നതെന്നാണ് പുറത്തുവന്ന മാധ്യമവിവരങ്ങള്‍. മാവോവാദികളുടെ ഈ പ്രവര്‍ത്തനം അറിഞ്ഞ് വനപ്രദേശത്ത് എത്തി പട്രോള്‍ നടത്തുകയായിരുന്ന പൊലീസിനുനേരെ വെടിവയ്പുണ്ടായി. തുടര്‍ന്ന് വെടിവച്ച സ്ഥലത്തേക്ക് പൊലീസ് തിരിച്ച് വെടിവച്ചപ്പോള്‍ ചിലര്‍ ഓടിരക്ഷപ്പെടുകയും രണ്ടാള്‍ മരിക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ അവിശ്വസിക്കേണ്ടതായിട്ടില്ല. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലെ വനമേഖലയിലുള്ളതുപോലെയുള്ള സാമൂഹ്യ സാമ്പത്തിക അന്തരീക്ഷമല്ല കേരളത്തിലേത്. എന്നിട്ടും ഈ സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാവോവാദികള്‍ ഇറങ്ങിത്തിരിച്ചത് ദുരൂഹമാണ്. ഇടതുപക്ഷഭരണകാലത്ത് പശ്ചിമബംഗാളില്‍ ബുദ്ധദേവ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ തൃണമൂലുമായും മറ്റു കമ്യൂണിസ്റ്റുവിരുദ്ധരുമായും മഹാസഖ്യത്തില്‍ ഏര്‍പ്പെട്ടവരാണ് മാവോയിസ്റ്റുകള്‍. തൃണമൂലുമായി ചേര്‍ന്ന് സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകരെ വകവരുത്താനും ഇക്കൂട്ടര്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. കേരളത്തില്‍ സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് ഇവിടത്തെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോവാദി പ്രവര്‍ത്തനം സജീവമാക്കുകയും ഇതര സംസ്ഥാനങ്ങളിലെയടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം നടത്തുകയും ചെയ്യുന്നതിനുമുന്നില്‍ നിയമത്തിന് കണ്ണടയ്ക്കാന്‍ പറ്റില്ല. നിയമപരമായും ഭരണപരമായുമുള്ള നടപടികള്‍ സ്വീകരിക്കാനുള്ള കടമയും ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. എന്നാല്‍, വിനാശകരമായ ഇവരുടെ രാഷ്ട്രീയനയത്തിനെതിരെ ആശയപരമായ പോരാട്ടം നടത്താനുള്ള ഉത്തരവാദിത്തവും ജാഗ്രതയും സിപിഐ എം കാട്ടും. മാവോവാദി തീവ്രവാദികളെയും അവരെ അനുകൂലിക്കുന്നവരെയും ആശയ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ ശരിയായ വഴിയിലേക്ക് കൊണ്ടുവരിക എന്നതാണ് സിപിഐ എം സമീപനം.
02-Dec-2016
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍