ജനഗണമന വിവാദവും കേസുകളും

സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ്നയത്തിനും പൊലീസ് ആക്ടിനും വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുകയും തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ നടപടി സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുംവിധമുള്ള പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. പൊലീസിനെ ദുര്‍ബലപ്പെടുത്തി ക്രമസമാധാനത്തകര്‍ച്ചയിലേക്കും അരാജകത്വത്തിലേക്കും നാടിനെ തള്ളിവിടാനുള്ള ഗൂഢലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ആര്‍എസ്എസും മാവോയിസ്റ്റുകളും മതതീവ്രവാദികളും വലതുപക്ഷവും ഇടതുപക്ഷ അരാജകവാദികളുമെല്ലാം ഇക്കാര്യത്തില്‍ ഒത്തുകൂടിയിട്ടുണ്ട്. ഇത് നാട് തിരിച്ചറിയണം. ഈ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കി ശരിയായ ദിശയിലേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

ദേശീയഗാനത്തെ മോഡിസര്‍ക്കാര്‍ വിവാദവിഷയമാക്കിയിരിക്കുകയാണ്. വിമുക്തഭടന്‍ ശ്യാം നാരായണ്‍ ചോക്സെയുടെ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കണക്കിലെടുത്ത് നവംബര്‍ 30ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സംഘപരിവാര്‍ ശക്തികള്‍ ആയുധമാക്കിയിരിക്കുകയാണ്. ദേശീയചിഹ്നങ്ങളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം പരിഗണിച്ച് ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവ് കാണിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇടക്കാല വിധിയെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ദീപക് മിശ്ര, അമിതാവ് റോയി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വെറൈറ്റി ഷോ, നാടകാവിഷ്കാര ഷോ തുടങ്ങിയ പരിപാടികളില്‍ ദേശീയഗാനം ഉള്‍പ്പെടുത്തേണ്ടെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി, സിനിമ തിയറ്ററുകളില്‍ ഫീച്ചര്‍ ഫിലിം പ്രദര്‍ശിപ്പിക്കുംമുമ്പ് ദേശീയഗാനം കേള്‍പ്പിക്കുകയും സ്ക്രീനില്‍ ദേശീയപതാക കാണിക്കുകയും വേണമെന്നും ഉത്തരവിട്ടു. സുപ്രീംകോടതിയുടെ ഉത്തരവായതിനാല്‍ സുപ്രീംകോടതിയുടെതന്നെ ഫുള്‍ബെഞ്ചോ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചോ മറിച്ചൊരു ഉത്തരവ് പുറപ്പെടുവിക്കാതിരിക്കെ അത് മാനിക്കാനുള്ള ചുമതല ഭരണഘടനയ്ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഏതൊരു സര്‍ക്കാരിനുമുണ്ട്. ആ നിലപാട് എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിക്കേണ്ടിവരും.

എന്നാല്‍, ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്നോ ഏറ്റുചൊല്ലണമെന്നോ നിയമം അനുശാസിക്കുന്നില്ലെന്നും ദേശീയഗാനം ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുന്നതോ സഭയില്‍ ചൊല്ലുന്നതിനെ തടസ്സപ്പെടുത്തുന്നതോ ആണ് കുറ്റകരമെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സുപ്രീംകോടതി പരിഗണിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. മാതൃഭൂമിയോടുള്ള സ്നേഹം  മനസ്സില്‍ രൂഢമൂലമാക്കാന്‍ സുപ്രീംകോടതി കണ്ട വഴി ശരിയാണോയെന്ന പുനഃപരിശോധന സുപ്രീംകോടതിതന്നെ നടത്തട്ടെ.

രാജ്യത്തിന്റെ വിവിധ കോണുകളില്‍ അസഹിഷ്ണുത വളര്‍ത്തി വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുന്ന നിക്ഷിപ്തതാല്‍പ്പര്യ വര്‍ഗീയശക്തികള്‍ ഇന്ന് സജീവമാണ്. സുപ്രീംകോടതി വിധിയുടെ മറവില്‍ ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഴിഞ്ഞാടുകയാണ്. തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിലെ അഭിപ്രായവ്യത്യാസങ്ങളും സംഘര്‍ഷവും പലയിടത്തും ഇതിനകംതന്നെ ഉണ്ടായി. കോടതി ഉത്തരവിന്റെ ഉള്‍പ്രേരണയെ ചോദ്യംചെയ്യാതെതന്നെ ഈ വിധി അരാജകത്വപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നത് കാണേണ്ടതുണ്ട്. ഇന്ത്യ ഒരു മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ രാജ്യമാണെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജ്യം ഭരിക്കുന്ന മോഡിസര്‍ക്കാര്‍ സവര്‍ണഹിന്ദു വിഭാഗത്തെമാത്രം പ്രീണിപ്പിക്കുകയും ന്യൂനപക്ഷ മതവിഭാഗങ്ങളെയും ദളിതരെയും രണ്ടാംതരം പൌരന്മാരായി കാണുകയുമാണ്. ഇങ്ങനെയുള്ള മോഡിഭരണക്കാരും സംഘപരിവാറും വ്യാജ ദേശസ്നേഹമുയര്‍ത്തി അഹിന്ദുക്കളെയും ദളിതരെയും മതനിരപേക്ഷ ചിന്താഗതിക്കാരെയും വേട്ടയാടാനുള്ള അവസരമായി ഈ വിഷയത്തെ ഉപയോഗിക്കുന്നുണ്ട്. 

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുക എന്നത് പൊതുശീലമാണ്. അത് പൊതുവില്‍ ചെയ്തുവരുന്നതുമാണ്. പക്ഷേ, ഈ പ്രവണതയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സുപ്രീംകോടതിവിധിയെതുടര്‍ന്ന് ദേശവ്യാപകമായി ഉണ്ടായി. രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്ന സമയത്ത് ഇടയ്ക്കും മുറയ്ക്കും ദേശീയഗാനാലാപനം നടത്തുന്നതും ആ സമയം ആളുകളെ നിര്‍ബന്ധപൂര്‍വം എഴുന്നേല്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും സ്വാഭാവികമായും പ്രശ്നം ക്ഷണിച്ചുവരുത്തുന്നതായി. എഴുന്നേറ്റുനിന്നില്ലെങ്കില്‍ എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്ന് കോടതി വ്യക്തമാക്കാത്തത് കാരണം പൊലീസ് തീരുമാനിക്കുന്നവിധം കാര്യങ്ങള്‍ മാറി. രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തുന്ന സ്ഥിതിയുമുണ്ടാകുന്നു. വിനോദപരിപാടിയെന്ന നിലയില്‍ സിനിമ കാണാന്‍ പോകുന്ന സ്ഥലത്ത് ദേശീയഗാനം നിര്‍ബന്ധമാക്കിയതിനാല്‍ എന്തുകൊണ്ട് അതേ സുപ്രീംകോടതിയില്‍ കോടതിനടപടി ആരംഭിക്കുംമുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയില്ലെന്ന ചോദ്യം ന്യായമായി ഉയരുന്നു. പ്രായോഗികപ്രശ്നം പരിഗണിച്ച് വിധി പുനഃപരിശോധിക്കുന്നത് ഉചിതമായിരിക്കും.

ദേശീയഗാനം ബഹുമാനിക്കേണ്ട ഒന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയഗാനം പാടിയതിന് വെള്ളക്കാരുടെയും രാജാവിന്റെയും ഭരണകൂടം ശിക്ഷിച്ചവരില്‍ കമ്യൂണിസ്റ്റുകാരും സ്വാതന്ത്യ്രസമരസേനാനികളും സ്കൂള്‍കുട്ടികളുമുണ്ട്. എന്നാല്‍, ആ കൂട്ടത്തില്‍ ഒരു ആര്‍എസ്എസുകാരനെയോ ഹിന്ദു മഹാസഭക്കാരനെയോ കാണാനാകില്ല. ഹിന്ദുത്വശക്തികള്‍ ദേശീയഗാനത്തോട് അന്നും ഇന്നും അനാദരവ് കാട്ടുന്നവരാണ്. മഹാത്മാഗാന്ധി ദേശീയഗാനം ആലപിച്ച നേതാവാണ്. എന്നാല്‍, ഗാന്ധിഘാതകനായ ഗോഡ്സെ ഒരിക്കല്‍പ്പോലും 'ജനഗണമന... ഭാരത ഭാഗ്യവിധാത...' എന്നു പാടിയിട്ടില്ല. പകരം ആര്‍എസ്എസ് ശാഖകളില്‍ ചൊല്ലുന്ന ശ്ളോകമാണ് ആലപിച്ചിട്ടുള്ളത്; തൂക്കുമരത്തില്‍ കയറുമ്പോള്‍പ്പോലും. ഗോഡ്സെയും ഗോള്‍വാള്‍ക്കറുമെല്ലാം ഉയര്‍ത്തിപ്പിടിച്ച ഈ പാരമ്പര്യത്തെ ആര്‍എസ്എസും സംഘപരിവാറും നിഷേധിച്ചിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ ദേശീയഗാനത്തോട് അമിതമായി കൂറുകാട്ടുന്ന നാട്യവുമായി ആര്‍എസ്എസ് ഇറങ്ങിയിരിക്കുന്നത്. ആധുനിക ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ പ്രതീകമായി സ്വീകരിച്ചിട്ടുള്ളത് അശോകചക്രവര്‍ത്തിയുടെ ചതുര്‍സിംഹ ചിഹ്നമാണ്. ദേശീയപതാകയില്‍ ചേര്‍ത്തിരിക്കുന്നത് അശോകചക്രമാണ്. അശോകശാസനങ്ങളിലെ ഭരണദര്‍ശനം എന്ന നിലയില്‍ മുന്നില്‍നില്‍ക്കുന്നത് ധര്‍മമാണ്. അത് മതമല്ല. അപരന്റെ മതത്തോടുള്ള ആദരവ്, പരസ്പരധാരണ, അതുവഴി ഒരാള്‍ അപരന്റെ തത്വങ്ങള്‍ ശ്രവിക്കുക എന്നിത്യാദി കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് അശോകന്റെ തത്വശാസ്ത്രം. സഹിഷ്ണുതയില്‍ ഊന്നിയുള്ള ചിന്താധാരയാണത്. അങ്ങനെ നമ്മുടെ രാജ്യത്തിന്റെ പ്രതീകമായ ചിഹ്നത്തിലും ദേശീയപതാകയിലും ഉള്‍ക്കൊള്ളുന്ന അശോകസത്ത സഹിഷ്ണുതയുടേതും മാനവികതയുടേതുമാണ്. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് അടിത്തറയാണത്. മോഡിഭരണവും സംഘപരിവാറും രാജ്യത്തിന്റെ ദേശീയചിഹ്നത്തിലും പതാകയിലും ഉള്‍ക്കൊള്ളുന്ന മഹത്തായ ആദര്‍ശത്തെ നഗ്നമായി അപമാനിക്കുകയാണ്. അങ്ങനെ നോക്കിയാല്‍ ദേശീയചിഹ്നങ്ങളെ അപമാനിക്കുന്നതിന് ആദ്യം കേസെടുക്കേണ്ടത് സംഘപരിവാറിനെതിരെയാണ്. ജനഗണമനയുടെ മറവില്‍ കപടദേശീയത ഉയര്‍ത്തുകയാണ് സംഘപരിവാര്‍.

ഗോമാംസവിഷയത്തിലെന്നപോലെ ദേശീയപതാകയുടെ മറവിലും അന്യമതവിദ്വേഷം പരത്തുകയാണ് സംഘപരിവാര്‍. 'ഹിന്ദുക്കള്‍ക്ക് പശു ആരാധനാപാത്രമാണ്. എന്നാല്‍, പശുമാംസം തിന്നുന്നത് ഇസ്ളാം കൊണ്ടുവന്ന ആഹാരരീതിയാണ്. അതാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇത് ചരിത്രത്തിന് നിരക്കുന്നതല്ലെന്ന് പ്രൊഫ. ഡി എന്‍ ഝായെപ്പോലുള്ള പ്രസിദ്ധ ചരിത്രകാരന്മാര്‍ തെളിവോടെ വെളിപ്പെടുത്തിയിട്ടുണ്ട്. മനുസ്മൃതിയുടെ കാലത്ത് ഒട്ടകം ഒഴികെയുള്ള എല്ലാ വീട്ടുമൃഗങ്ങളുടെയും മാംസം ആഹാരമാക്കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ മുസ്ളിങ്ങള്‍ക്ക്  ദേശീയപതാക പാകിസ്ഥാന്‍ പതാകയാണെന്ന് പ്രചരിപ്പിച്ചാണ് സുപ്രീംകോടതിവിധിയുടെ മറവില്‍ ആര്‍എസ്എസ് ശത്രുവേട്ട നടത്തുന്നത്. ഇതിന് സ്വാതന്ത്യ്രസമരസേനാനിയും മാനവികതയുടെ മഹാവക്താവുമായ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ദേശീയഗാനത്തെ ഉപയോഗിക്കുന്നുവെന്നത് ഏറ്റവും നിര്‍ഭാഗ്യമാണ്. ഹിന്ദു- മുസ്ളിം- ക്രിസ്ത്യന്‍ ഐക്യം, ഇന്ത്യക്കാരുടെ ഒരുമ, ദരിദ്രനാരായണന്മാരുടെ ക്ഷേമം തുടങ്ങിയ ദേശീയസങ്കല്‍പ്പങ്ങളായിരുന്നു ടാഗോര്‍ ചിന്ത. സ്വാതന്ത്യ്രസമരത്തില്‍ അസാന്നിധ്യംകൊണ്ട് കറുത്ത ഏട് തീര്‍ത്ത ആര്‍എസ്എസ്, സ്വാതന്ത്യ്രസമരം കത്തിയാളിയ നാളുകളില്‍പ്പോലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അല്ല, മുസ്ളിം ജനവിഭാഗത്തെയാണ് മുഖ്യശത്രുവായി കണ്ട് പ്രവര്‍ത്തിച്ചത്. ഈ ചരിത്രമുള്ള സംഘപരിവാര്‍ രവീന്ദ്രനാഥടാഗോറിനെ അപമാനിക്കുകയാണ്, ദേശീയഗാനത്തിന്റെ മറവില്‍ ന്യൂനപക്ഷക്കാര്‍ക്കും മതനിരപേക്ഷവാദികള്‍ക്കും എതിരെ ആക്രമണം നടത്തുന്നതിലൂടെ.

സിനിമ തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റില്ല എന്നതിന്റെ പേരില്‍ സംഘപരിവാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുകയാണ്. തിരുവനന്തപുരത്ത് വന്‍ വിജയമായി പര്യവസാനിച്ച രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ചുക്കാന്‍പിടിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വസതിയിലേക്ക് സംഘപരിവാര്‍ മാര്‍ച്ച് നടത്തിയത്് ഹിന്ദുത്വശക്തികളുടെ അസഹിഷ്ണുതയും പ്രാകൃതത്വവുമാണ് വെളിവാക്കിയത്. പ്രമുഖ ചലച്ചിത്രകാരനായ കമലിന്റെ പേര് കമാലുദീന്‍ എന്നാണെന്ന് സംഘപരിവാര്‍ ഒച്ചവച്ച് അറിയിച്ചതിലൂടെ അവരുടെ വര്‍ഗീയവിദ്വേഷമുഖമാണ് അനാവരണംചെയ്തത്. സമൂഹത്തെ എങ്ങനെയെല്ലാം വര്‍ഗീയവല്‍ക്കരിക്കാമെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. തികഞ്ഞ മതനിരപേക്ഷവാദിയും മാനവികതയുടെ വക്താവുമായ കമലിന്റെ ദേശസ്നേഹത്തിന് സംഘപരിവാറിന്റെ തീട്ടൂരം ആവശ്യമില്ല.

ദക്ഷിണാഫ്രിക്കക്കാരിയായ വനിതാസുഹൃത്തിനൊപ്പം സിനിമ കാണാന്‍ പോയ യുവാവിനെ മുംബൈയില്‍ സംഘപരിവാര്‍ ആക്രമിച്ചത് ദേശീയഗാനം മുഴങ്ങിയപ്പോള്‍ ആഫ്രിക്കക്കാരി സുഹൃത്ത് എഴുന്നേറ്റില്ല എന്ന 'കുറ്റ'ത്തിനാണ്. ഇന്ത്യ ഇന്ന് ഭരിക്കുന്നത് ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഭരണമാണ്. ഭരണഘടനയെയും കോടതിയെയും മാനിക്കാതെ പൌരാവകാശങ്ങള്‍ നിഷേധിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളാണ് ശക്തിപ്പെടുത്തുന്നത്. ബീഫിന്റെ പേരില്‍ നിരപരാധികളായ മുസല്‍മാന്മാരെ നിഗ്രഹിക്കുകയും ബക്രീദുപോലുള്ള ഉത്സവവേളകളെ കലാപകലുഷമാക്കുകയും ചെയ്തു. അക്കൂട്ടര്‍ക്ക് അഴിഞ്ഞാടാനുള്ള വകയായി ഇപ്പോള്‍ ദേശീയഗാനവിഷയത്തെ മാറ്റിയിരിക്കുകയാണ്.

ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍ ദേശീയഗാനം എന്തായിരിക്കണമെന്നതിനെച്ചൊല്ലി വലിയൊരു തര്‍ക്കം ഉടലെടുത്തിരുന്നു. രവീന്ദ്രനാഥടാഗോര്‍ രചിച്ച 'ജനഗണമന' വേണോ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ 'വന്ദേമാതരം' വേണമോ എന്നതായിരുന്നു തര്‍ക്കം. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ജനപ്രീതി നേടിയ നോവലായ 'ആനന്ദമഠ'ത്തിലെ ഗാനമാണ് 'വന്ദേമാതരം'. ഇന്ത്യന്‍ സ്വാതന്ത്യ്രസമരമാണ് നോവലിന്റെ ഇതിവൃത്തം. അതില്‍ പങ്കാളികള്‍ ഹിന്ദുസന്യാസികളും നേതാക്കളുമാണ്. ഭാരതാംബയെ ഭൂമിദേവിയോട് ഉപമിക്കുന്ന വന്ദേമാതരം ഗാനം അഹിന്ദുക്കളായ ലക്ഷക്കണക്കിന് ദേശസ്നേഹികളെ ശത്രുക്കളായി കാണുന്നതാണെന്ന അഭിപ്രായം ഒരു വിഭാഗം ശക്തിയായി ഉയര്‍ത്തി (പിന്നീട് വന്ദേമാതരത്തെ ദേശീയഗാനം ആക്കിയില്ലെങ്കിലും ഔദ്യോഗികഗാനമാക്കിയപ്പോള്‍ അതിലെ ചില വരികള്‍ ഒഴിവാക്കിയിരുന്നു). 'ജനഗണമന'യെ ദേശീയഗാനമാക്കേണ്ടെന്ന് വാദിച്ചവരുടെ കൂടെയായിരുന്നു സംഘപരിവാര്‍. ആ ചരിത്രം വിസ്മരിച്ചാണ് അഭിനവ രാജ്യസ്നേഹികളായി സംഘപരിവാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ദേശീയഗാനവിഷയവുമായി ബന്ധപ്പെട്ട് പൊലീസ്നയത്തെപ്പറ്റി ചില വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ്നയമുണ്ട്. അത് മോഡിസര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ല. ഭീകരപ്രവര്‍ത്തനം തടയാന്‍മാത്രമേ യുഎപിഎ ഉപയോഗിക്കൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുത്. യുഎപിഎയും രാജ്യദ്രോഹവകുപ്പും യുഡിഎഫ് ഭരരണകാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്തു. സിപിഐ എം പ്രവര്‍ത്തകരുള്‍പ്പെടെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെപോലും യുഎപിഎ ചുമത്തി. അത്തരം ഭരണനടപടികളുണ്ടായപ്പോള്‍ അതിനെതിരെ ചെറുശബ്ദംപോലും ഉയര്‍ത്താതെ മൌനികളായിരുന്നവര്‍ ഇപ്പോള്‍ വാചാലരാകുന്നത് അര്‍ഥഗര്‍ഭമാണ്. നാദീര്‍ എന്ന യുവാവിനെതിരെ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ 2016 മാര്‍ച്ച് മൂന്നിന് യുഎപിഎ പ്രകാരം കേസ് ചുമത്തി. ഇപ്പോള്‍ ആ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വസ്തുതാപരമല്ലെന്ന് കണ്ട് വിട്ടയച്ചു. മുന്‍ സര്‍ക്കാര്‍ തെറ്റായി ചുമത്തിയ യുഎപിഎ കേസുകളില്‍പ്പോലും നിയമപരമായ പുനഃപരിശോധന നടത്താന്‍ പൊലീസ് തയ്യാറാകണം.

അതുപോലെ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെന്ന പേരില്‍ മൂന്ന് ചെറുപ്പക്കാരെ തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍നിന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റമായ 124 (എ) ചുമത്തുകയും ചെയ്തു. എന്നാല്‍, സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെതുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രമേള നടക്കുമ്പോള്‍ കോടതിവിധി പാലിക്കാന്‍ പൊലീസ് സിനിമാശാലയില്‍നിന്ന് ഏതാനുംപേരെ സമാനസംഭവത്തില്‍ കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അവര്‍ക്കെതിരെ 124 (എ) ചുമത്തിയില്ല. അത് വിരല്‍ചൂണ്ടുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ തലതിരിഞ്ഞ പൊലീസ്നയമല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റേത് എന്നാണ്.

ഇതിനിടെ നോവലിസ്റ്റ് കമല്‍ സി ചവറയ്ക്കെതിരെ 124 (എ) ചുമത്തിയത് തെറ്റായ സന്ദേശം നല്‍കുന്നതാണ്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തശേഷം സ്റ്റേഷനില്‍നിന്ന് വിട്ടയച്ചത് ഉചിതമായ നടപടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ്നയത്തിനും പൊലീസ് ആക്ടിനും വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുകയും തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ നടപടി സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുംവിധമുള്ള പ്രചാരണങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. പൊലീസിനെ ദുര്‍ബലപ്പെടുത്തി ക്രമസമാധാനത്തകര്‍ച്ചയിലേക്കും അരാജകത്വത്തിലേക്കും നാടിനെ തള്ളിവിടാനുള്ള ഗൂഢലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ആര്‍എസ്എസും മാവോയിസ്റ്റുകളും മതതീവ്രവാദികളും വലതുപക്ഷവും ഇടതുപക്ഷ അരാജകവാദികളുമെല്ലാം ഇക്കാര്യത്തില്‍ ഒത്തുകൂടിയിട്ടുണ്ട്. ഇത് നാട് തിരിച്ചറിയണം. ഈ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കി ശരിയായ ദിശയിലേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

മോഡിസര്‍ക്കാരും ആ സര്‍ക്കാരിന്റെ തണലില്‍ സംഘപരിവാറും രാജ്യസ്നേഹവും ദേശീയബോധവും കൃത്രിമമായി ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് മതനിരപേക്ഷതയും ബഹുസ്വരതയുമുള്ള ജനാധിപത്യ ഇന്ത്യന്‍ സംസ്കാരത്തെ ദുര്‍ബലപ്പെടുത്തും. സങ്കുചിത ദേശീയഭ്രാന്ത് വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍വിപത്തിനെതിരെ ജാഗ്രതാപൂര്‍ണമായ മതനിരപേക്ഷ ജനാധിപത്യയോജിപ്പ് ആവശ്യമാണ്.

23-Dec-2016

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More