കോൺഗ്രസിന്റെ അഞ്ചാംപത്തി പണി
കോടിയേരി ബാലകൃഷ്ണന്
രോഗബാധിതരേയും സമ്പര്‍ക്കത്തില്‍ കഴിഞ്ഞവരെയും സമ്പര്‍ക്ക വിലക്കില്‍ ആക്കുകയും പരിശോധനയും ചികിത്സയും നടത്തുകയും ചെയ്തെങ്കിലേ ഈ മഹാമാരിയെ ചെറുക്കാനാകൂ. ഈ ദിശയില്‍ കേരളത്തെ മുന്നോട്ടുകൊണ്ടുപോകുകയാണ് സര്‍ക്കാര്‍. അതിനൊപ്പം അടച്ചുപൂട്ടല്‍ കാലത്ത് ആളുകള്‍ പട്ടിണിയില്ലാതെ കഴിയാനുള്ള സാമൂഹ്യശ്രദ്ധയും കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായി വിജയന് പ്രധാനമന്ത്രിയായാല്‍ നന്നായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ഇപ്രകാരം എല്‍ഡിഎഫ് സര്‍ക്കാരിനെയും അതിന്റെ സാരഥിയെയും കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കള്‍പോലും അഭിമാനപൂര്‍വം കാണുന്നു. മഹാമാരിയുടെ ആപല്‍ഘട്ടത്തില്‍ സങ്കുചിതരാഷ്ട്രീയത്തിന്റെ കണ്ണട വിവേകമുള്ള ഏത് നേതാവും മാറ്റിവയ്ക്കും. സ്വന്തം രാഷ്ട്രീയത്തെ ഉപേക്ഷിച്ചുകൊണ്ടല്ല ഇത്തരം ഒരു നിലപാട് അവരെല്ലാം എടുക്കുന്നത്. ഈ തിരിച്ചറിവ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ത്രിമൂര്ത്തികള്ക്കുണ്ടാകാതെപോയത് പരിതാപകരമാണ്. |
ലോകം മാസങ്ങള്‍ക്കുള്ളില്‍ മാറിയിരിക്കുകയാണ്. ഇനി കോവിഡിന് മുമ്പുള്ളതും ശേഷമുള്ളതും എന്ന വിധത്തിലാകും ലോകം വിലയിരുത്തപ്പെടുക. ഇത് രാജ്യങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ബാധകമാകും. കോവിഡ് അനന്തര ആഗോളസാമ്പത്തിക രാഷ്ട്രീയത്തില്‍ അമേരിക്കന്‍ മേധാവിത്വത്തിന് ഉലച്ചില്‍ സംഭവിക്കാം. ഇപ്പോള്‍ത്തന്നെ അമേരിക്ക നയിച്ച നവ ഉദാരവല്‍ക്കരണ കോര്‍പറേറ്റ് സാമ്പത്തികനയത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും പകര്‍ച്ചവ്യാധിയുണ്ടാകില്ലെന്ന സങ്കല്‍പ്പത്തെ തിരുത്തി അവിടങ്ങളില്‍ സമൂഹവ്യാപനം പിടികിട്ടാത്ത വിധത്തിലായി. കോവിഡിനുമുന്നില്‍ അമേരിക്ക പതറുകയാണ്. ഇവിടങ്ങളിലെ പൊതുജനാരോഗ്യ സംവിധാനം രോഗബാധിതരെ ഉള്‍ക്കൊള്ളാനാകാത്തവിധം തകര്‍ന്നിരിക്കുന്നു. ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണ നയത്തിനേറ്റ പ്രഹരമാണിത്. വികസിതരാജ്യങ്ങള്‍ പലതും നില്‍ക്കക്കള്ളിയില്ലാതെ ആശുപത്രികള്‍ ദേശസാല്‍ക്കരിക്കുന്നു.
അമേരിക്കയുടെയും യൂറോപ്പിന്റെയും മാര്‍ഗങ്ങളില്‍നിന്ന് വ്യത്യസ്തമായി കോവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ചൈനയും വിയറ്റ്നാമും ക്യൂബയും മുന്നോട്ടുപോകുകയാണ്. ഈ ഘട്ടത്തില്‍ കേരളം സ്വീകരിക്കുന്ന ആരോഗ്യ സാമ്പത്തിക സാമൂഹ്യ ക്ഷേമനടപടികള്‍ ലോകത്തിന്റെതന്നെ സവിശേഷ ശ്രദ്ധയും പ്രശംസയും നേടി. ഈ അഭിമാനം നമുക്കുള്ളപ്പോള്‍ത്തന്നെ, ഇപ്പോഴും, സമൂഹവ്യാപനത്തിന്റെ ഭീഷണിയില്‍നിന്ന് ഒഴിഞ്ഞിട്ടില്ല. അതിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള പിന്തുണയും യോജിപ്പുമാണ് ഭരണപ്രതിപക്ഷ ഭേദമെന്യേ, ജാതി–മത–സമുദായ വ്യത്യാസമില്ലാതെ എല്ലാവരും നല്‍കേണ്ടത്. അതാണ് ഈ കാലഘട്ടം എല്ലാവരോടും ആവശ്യപ്പെടുന്ന കടമ. എന്നാല്‍, അത് നിരുത്തരവാദപരമായി കാറ്റില്‍ പറത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ദൃഷ്ടാന്തമാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്താസമ്മേളനം. യഥാര്‍ഥത്തില്‍ ഇത് കൊറോണക്കാലത്തെ ഒരു രാഷ്ട്രീയ അല്‍പ്പത്തമാണ്. അതിന്റെ തുടര്‍ച്ചകളാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇതൊക്കെ എല്ലാ മലയാളികളും മറ്റുള്ളവരും വിലയിരുത്തുന്നുണ്ട് എന്നത് മറന്നുപോകരുത്.
'ചാവിനും ബന്ധുത്വമേറുമെന്ന' ചൊല്ല് സ്വീകരിച്ചിട്ടുള്ള നാടാണ് നമ്മുടേത്. അതായത് ഒരു ആപത്തില്‍ പെടുമ്പോള്‍ ശത്രുക്കള്‍പോലും മിത്രഭാവത്തില്‍ ഒത്തുകൂടുക എന്നതാണ് നമ്മുടെ സംസ്കാരം. ഇത് സഹജമായ മനുഷ്യത്വമാണ്. ഇതെല്ലാം വിസ്മരിച്ചാണ്, കോവിഡ് ആര്‍ത്തനാദം മുഴക്കുന്നതിനിടെ, അപഹാസ്യമായ രാഷ്ട്രീയക്കളിക്ക് കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങിയത്. മനുഷ്യനെ കൂട്ടമരണത്തിലേക്ക് ആനയിക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതിലല്ല, ഈ മഹാമാരിയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ അഹോരാത്രം പാടുപെടുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുകയാണ് രാഷ്ട്രീയ ആവശ്യമെന്ന സങ്കുചിതനിലപാട് കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ്, സാധാരണ കാണാത്തവിധം മൂന്ന് നേതാക്കളും ഒരുമിച്ച് പത്രസമ്മേളനം നടത്തിയത്. തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാന്‍ ഇനിയും മാസങ്ങളുണ്ട്. ആ ഘട്ടത്തില്‍ തുറന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളാകാം. അതിനുപകരം ഒരു മഹാമാരിയെ തോല്‍പ്പിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒന്നായി നീങ്ങേണ്ട ഘട്ടത്തില്‍ ഒരു മഹായജ്ഞത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിനുള്ള അഞ്ചാംപത്തി പണിയാണ് നടത്തിയിരിക്കുന്നത്. ഇതിലൂടെ കോണ്‍ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുകയും അപഹാസ്യമാകുകയും ചെയ്തിരിക്കുകയാണ്.
സംസ്ഥാനം ധനസ്ഥിതിയില്‍ മെച്ചമാണെന്ന അഭിപ്രായത്തിലൂടെ ചെന്നിത്തലയ്ക്ക് ബിജെപിയുടെ കാവി നാവാണുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടച്ചുപൂട്ടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞു. മദ്യവരുമാനം, മോട്ടോര്‍ വാഹന നികുതി, ലോട്ടറി വരുമാനം തുടങ്ങിയ സ്രോതസ്സുകളെല്ലാം തടയപ്പെട്ടു. ജിഎസ്ടി വരുമാനം പ്രതിമാസം 3000 കോടി രൂപ കിട്ടേണ്ടത് കച്ചവടം ഇല്ലാത്തതിനാല്‍ ചെറിയ തുകയാകും. ഇതിനെല്ലാമുള്ള നഷ്ടപരിഹാരം സംസ്ഥാനത്തിന് നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. ഇതിനുപുറമെ കോവിഡ് പ്രതിരോധത്തിനുള്ള പ്രധാന ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലിട്ട് ഏറെക്കുറെ ഒഴിഞ്ഞുനില്‍ക്കുകയാണ് കേന്ദ്രം. രാജ്യം അടച്ചുപൂട്ടല്‍ നേരിടുന്നതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. പക്ഷേ, റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് കേന്ദ്രത്തിന് പണമെടുക്കാം. അതിലൊരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് നല്‍കാം. അത് ഇതുവരെ ചെയ്തിട്ടില്ല. ഈ സ്ഥിതിയില്‍ സംസ്ഥാനത്തിനുള്ള വായ്പാപരിധി ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കണമെന്നും ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. മോഡി സര്‍ക്കാരില്‍നിന്ന് ഇത് വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട കടമ ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തിനുണ്ട്. എന്നാല്‍, യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് ആ കടമ വിസ്മരിച്ച് ബിജെപിയുടെ പാട്ടുപെട്ടിയായിരിക്കുകയാണ്.
ലോക കേരളസഭയുടെ പ്രതിനിധികളുള്‍പ്പെടെയുള്ള പ്രവാസി കേരളീയരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനെ അപഹസിച്ചതിലൂടെ മുല്ലപ്പള്ളി രാമചന്ദ്രന് പ്രവാസി കേരളീയരെത്തന്നെ അപമാനിച്ചിരിക്കുകയാണ്. കോവിഡ് കൊണ്ടുവന്നത് പ്രവാസികളും ചില പ്രത്യേക മതവിഭാഗക്കാരുമാണെന്ന അസംബന്ധ ആക്ഷേപത്തിന്റെ മറ്റൊരു മുഖമാണ് മുല്ലപ്പള്ളിയുടേത്. 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേരളം ഇന്ത്യക്ക് അകത്തും പുറത്തും സൃഷ്ടിച്ച മാതൃകയും കോണ്‍ഗ്രസ് നേതാക്കളെ വിറളികൊള്ളിച്ചിരിക്കുന്നുവെന്നാണ് അവരുടെ വിമര്‍ശം വെളിപ്പെടുത്തുന്നത്. പണ്ട് അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് നടത്തിയതുപോലുള്ള 'ഗരീബി ഹഠാവോ' തട്ടിപ്പല്ല മുഖ്യമന്ത്രി നടത്തിയത്. രാജ്യത്ത് ആദ്യമായി കോവിഡ് 19 പാക്കേജ് പ്രഖ്യാപിച്ചത് കേരളമാണ്. ധനശേഷിയുള്ള കേന്ദ്രവും ഖജനാവില്‍ പണമില്ലാത്ത കേരളവും ജനങ്ങളെ സേവിക്കുന്നതില്‍ എത്ര ഭിന്ന സമീപനത്തിലാണെന്നതിന്റെ തെളിവാണ് ഈ പാക്കേജ്. ജനത കര്‍ഫ്യൂവും 21 ദിവസത്തെ അടച്ചുപൂട്ടലുമെല്ലാം നാടിന്റെ രക്ഷയ്ക്ക് ആവശ്യംതന്നെ. എന്നാല്‍, അടച്ചുപൂട്ടല്‍ കാലത്ത് രാജ്യത്തെ ജനങ്ങള്‍ എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു. എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെയും രക്ഷിക്കാനും ആരുടേയും അന്നം മുട്ടാതിരിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു
20,000 കോടി രൂപ എങ്ങനെ സമാഹരിക്കുമെന്ന സംശയത്തിന് ധനമന്ത്രി തോമസ് ഐസക് ഉത്തരം നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിക്കപ്പെട്ട വായ്പയുടെ പകുതിയെങ്കിലും വര്‍ഷാരംഭത്തില്‍ത്തന്നെ എടുക്കും. 12 മാസംകൊണ്ട് ചെലവഴിക്കേണ്ട സ്കീമുകളിലെ പണം ആദ്യത്തെ രണ്ടുമാസം കൊണ്ടുതന്നെ നല്‍കാനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. വിശപ്പുരഹിത ഭക്ഷണശാല ഓണത്തിന് തുടങ്ങുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നു. അത് മാര്‍ച്ച്–ഏപ്രില്‍ മാസത്തില്‍ത്തന്നെ തുടങ്ങി. അതിലൂടെ ഭക്ഷണത്തിന്റെ രൂപത്തില്‍ സമാശ്വാസം കിട്ടുന്നു. സമൂഹ അടുക്കളയിലൂടെ സൗജന്യമായി ഭക്ഷണം വീട്ടിലെത്തിക്കുന്നു. പണം നല്കാന് പാങ്ങുള്ളവര്‍ക്ക് അങ്ങനെയും. അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്ത് ഭക്ഷണം കൊടുക്കുന്നു. അവരുടെ കരാറുകാര്‍ തുക നല്‍കുന്നിടങ്ങളില്‍ അത് വസൂലാക്കുന്നുമുണ്ട്. തെരുവുകളില്‍ അന്തിയുറങ്ങിയവരെ മാറ്റി പാര്‍പ്പിക്കുന്നു. ഭക്ഷണശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും നേതൃത്വം നല്കുന്നു.
സൗജന്യ റേഷന്‍ വിതരണം ഏറെക്കുറെ പൂര്‍ത്തിയായിവരുന്നു. സാമൂഹ്യ പെന്‍ഷനുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ വഴി 2000 കോടി രൂപയെങ്കിലും വായ്പയായി എത്തും. തൊഴിലുറപ്പിന് 12 മാസത്തേക്കുള്ള തുക രണ്ട് മാസത്തിനുള്ളില്‍ പണിനടത്തിക്കൊടുക്കാനുള്ള ഏര്‍പ്പാടുമായി. ഇത്തരം മാന്ദ്യവിരുദ്ധ പാക്കേജ് എന്തേ ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളില്‍ നടപ്പാക്കുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കേണ്ടിയിരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേരള മാതൃകയിലെ പാക്കേജ് ഉണ്ടായില്ല എന്നതും ഓര്‍ക്കേണ്ടതാണ്.
ലോക്ക്ഡൗണ്‍ കൊണ്ടുമാത്രം കോവിഡ്–19നെ ഉന്മൂലനം ചെയ്യാനാകില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഗബാധിതരേയും സമ്പര്‍ക്കത്തില്‍ കഴിഞ്ഞവരെയും സമ്പര്‍ക്ക വിലക്കില്‍ ആക്കുകയും പരിശോധനയും ചികിത്സയും നടത്തുകയും ചെയ്തെങ്കിലേ ഈ മഹാമാരിയെ ചെറുക്കാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിശയില്‍ കേരളത്തെ മുന്നോട്ടുകൊണ്ടുപോകുകയാണ് സര്‍ക്കാര്‍. അതിനൊപ്പം അടച്ചുപൂട്ടല്‍ കാലത്ത് ആളുകള്‍ പട്ടിണിയില്ലാതെ കഴിയാനുള്ള സാമൂഹ്യശ്രദ്ധയും കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായി വിജയന് പ്രധാനമന്ത്രിയായാല്‍ നന്നായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ഇപ്രകാരം എല്‍ഡിഎഫ് സര്‍ക്കാരിനെയും അതിന്റെ സാരഥിയെയും കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാക്കള്‍പോലും അഭിമാനപൂര്‍വം കാണുന്നു. മഹാമാരിയുടെ ആപല്‍ഘട്ടത്തില്‍ സങ്കുചിതരാഷ്ട്രീയത്തിന്റെ കണ്ണട വിവേകമുള്ള ഏത് നേതാവും മാറ്റിവയ്ക്കും. സ്വന്തം രാഷ്ട്രീയത്തെ ഉപേക്ഷിച്ചുകൊണ്ടല്ല ഇത്തരം ഒരു നിലപാട് അവരെല്ലാം എടുക്കുന്നത്. ഈ തിരിച്ചറിവ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ത്രിമൂര്ത്തികള്ക്കുണ്ടാകാതെപോയത് പരിതാപകരമാണ്.
10-Apr-2020
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്