ജനകീയ സര്‍ക്കാരിനെ കാത്തുസൂക്ഷിക്കണം

അതിവേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ജനങ്ങളാകെ ഉറ്റുനോക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. വര്‍ഗീയതയും നവ ഉദാരവല്‍ക്കരണ നയങ്ങളുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. അവയ്‌ക്കെതിരെ ശക്തമായ ജനകീയ ബദല്‍നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. തീര്‍ച്ചയായും കേരളീയര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. പാവങ്ങള്‍ക്ക് കൈത്താങ്ങായി മാറാന്‍ ഈ സര്‍ക്കാര്‍ കൂടെയുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിനെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ നമുക്കുണ്ട്.

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ഓരോരോ ഇനങ്ങളായി നടപ്പിലാക്കിക്കൊണ്ടാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് താങ്ങായും തണലായും മാറാന്‍ പിണറായി സര്‍ക്കാരിന് സാധിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം.

നിരവധി പ്രതിസന്ധികള്‍ ഇടതുപക്ഷത്തിന്റെ ഭരണത്തിന് മുന്നിലുണ്ട്. നിലവിലുള്ള ഭരണകൂട സംവിധാനം എന്നത് തെരഞ്ഞെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെയല്ല പ്രതിനിധീകരിക്കുന്നത്. മറിച്ച് നിലവിലുള്ള ഭരണകൂട വ്യവസ്ഥയെയാണ്. നയപരമായുള്ള ഈ വ്യത്യാസത്തെ മനസിലാക്കിക്കൊണ്ട് ഭരണം കൈകാര്യം ചെയ്യുക എന്നത് അതീവ പ്രയാസകരമായ കാര്യമാണ്. അങ്ങനെ വിലയിരുത്താനും മുന്നോട്ടുപോകാനും പിണറായി വിജയന്റെ നേതൃശേഷിക്ക് സാധിക്കുന്നു എന്നതാണ് ഈ സര്‍ക്കാരിന്റെ വിജയം. ഭരണകൂട വ്യവസ്ഥയ്ക്ക് വിധേയപ്പെട്ട നയങ്ങളും നിലപാടുകളും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന രീതിയില്‍ മതനിരപേക്ഷ ഉള്ളടക്കത്തോടെ നടപ്പിലാക്കാന്‍ ഗവണ്‍മെന്റിനും ഭരണകൂടത്തിനും സാധിക്കുന്നുണ്ട്.

എല്‍ ഡി എഫ് ഗവണ്‍മെന്റ്, കോര്‍പ്പറേറ്റുകളെയോ, വന്‍കിട സാമ്പത്തിക ശക്തികളെയോ, ഭൂപ്രഭുക്കളെയോ, സാമ്രാജ്യത്വ-ധനമൂലധന ശക്തികളെയോ അല്ല പ്രതിനിധാനം ചെയ്യുന്നത്. ഭരണകൂടമാവട്ടെ മേല്‍ചൂണ്ടിക്കാണിച്ചവയുടെയെല്ലാം താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഈ വൈരുദ്ധ്യത്തെ മനസിലാക്കി അവധാനതയോടെ ഭരണസംവിധാനത്തെ മുന്നോട്ടുനയിക്കേണ്ടതുണ്ട്. ആ അവധാനതയ്ക്കര്‍ത്ഥം കീഴടങ്ങലെന്നല്ല. ബോധ്യപ്പെട്ടുകൊണ്ടുള്ള മുന്നോട്ടുപോക്കാണ്. പ്രായോഗികത മെനഞ്ഞെടുക്കലാണ്. അതില്‍ വിജയിക്കുന്നു എന്നിടത്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രസക്തി.

കേരളത്തിന്റെ പ്രത്യേക വികസന മാതൃക ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത് പാര്‍ലമെന്ററി വ്യവസ്ഥയെ കമ്യൂണിസ്റ്റ് ഇടതുപക്ഷം ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വേണ്ടി പരുവപ്പെടുത്തിയെടുത്തതുകൊണ്ടാണ്. അത് നവോത്ഥാന പ്രസ്ഥാനത്തിന്റെ നേരവകാശികളെന്ന നിലയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാനായതുകൊണ്ടുകൂടിയാണ്. ഭരണകൂടവും ഭരണവും തമ്മിലുള്ള വ്യത്യാസം മനസിലാക്കി, പരിമിതികളും സാധ്യതകളും തിരിച്ചറിഞ്ഞ് കൂടുതല്‍ വേഗതയില്‍ കേരളത്തെ മുന്നോട്ട് നയിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിക്കുന്നുണ്ട്. അതിനാലാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായ നിരവധി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പുള്ള അഞ്ചുവര്‍ഷക്കാലം ഉമ്മന്‍ചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. ആ കാലത്ത് കേരളത്തിന്റെ സൈ്വര്യവും സമാധാനവും നശിച്ചു. അവ ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ അഴിമതിയുടെ പുത്തന്‍ പന്ഥാവുകള്‍ വികസിപ്പിക്കുന്ന തിരക്കിലായിരുന്നു. സാമ്പത്തിക സുസ്ഥിരതയിലും വികസനത്തിന്റെ കാര്യത്തിലും കേരളം ആ സമയഘട്ടത്തില്‍ ഏറെ പിറകോട്ട് പോയി. അന്ന് കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കുംഭകോണം ഇപ്പോഴും മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. ആ വേളയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്നുപൊങ്ങിയ ജനരോഷത്തിന്റെ സൃഷ്ടിയായിരുന്നു എല്‍ ഡി എഫ് സര്‍ക്കാര്‍. വന്‍ ഭൂരിപക്ഷത്തോടെ കേരളം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഭരണത്തിലേറ്റി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധ സര്‍ക്കാരിന്റെ കെടുതികള്‍ പേമാരിയായി പെയ്തിറങ്ങിയ കേരളത്തില്‍, സത്യസന്ധവും കൃത്യമായ ലക്ഷ്യബോധത്തോടെ വികസന മുന്നേറ്റത്തിന്റെ പൂക്കാലം സൃഷ്ടിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചു. സുതാര്യഭരണ നിര്‍വഹണമായിരുന്നു പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര.

മുന്‍ എല്‍ ഡി എഫ് സര്‍ക്കാരുകള്‍ ഭരണത്തിലേറുന്ന ഘട്ടത്തിലൊക്കെ മുന്‍പേ ഭരിച്ചുപോകുന്ന യു ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ സമൂഹത്തിലുണ്ടാക്കിയ പരിക്ക് സുഖപ്പെടുത്താന്‍ കുറച്ചധികം സമയമെടുക്കാറുണ്ട്. ഇവിടെയും അത് വേണ്ടി വന്നു. കേരളശരീരത്തില്‍ നിരവധി മുറിവുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നു. ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളും സാമ്രാജ്യത്വ തിട്ടൂരങ്ങള്‍ക്ക് പുറത്തുള്ള കേന്ദ്രവ്യവസ്ഥകളുടെയും പരിമിതികളെ മറികടന്നാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. മുന്നിലുള്ള പരിമിതികള്‍ കണ്ട് പരിഭ്രമിക്കുകയല്ല, മറിച്ച് ഇടതുപക്ഷ ബദലുകള്‍ ഉയര്‍ത്തിപ്പിടിച്ച് ജനകീയനയങ്ങളുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. സംസ്ഥാനത്തിന് ആവശ്യമായ വിഭവസമാഹരണത്തിനായി മുമ്പൊരുകാലത്തും ഇല്ലാത്തവിധത്തില്‍ മൗലികമായ രീതികള്‍ ആവിഷ്‌കരിച്ചു. ബജറ്റിനുപുറത്ത് അഞ്ചുവര്‍ഷംകൊണ്ട് 50,000 കോടി രൂപ കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി ശ്രദ്ധേയമാണ്. ആദ്യ രണ്ടുവര്‍ഷംകൊണ്ടുതന്നെ 20,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് അതുവഴി തുടക്കംകുറിക്കാന്‍ സാധിച്ചു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പുള്ള ജീര്‍ണ്ണമായ രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്നും വ്യത്യസ്തമായി അന്തസുള്ള രാഷ്ട്രീയമാണ് എല്‍ ഡി എഫ് മുന്നോട്ടുവെച്ചത്. ബ്യൂറോക്രാറ്റുകളുടെ വിളയാട്ടത്തെ നിയന്ത്രിച്ച് സിവില്‍ സര്‍വീസിനെ ജനക്ഷേമകരവും വികസനോന്മുഖവുമായ രീതിയില്‍ നവീകരിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ കൃത്യമായ തീരുമാനത്തിലേക്കെത്താന്‍ സര്‍ക്കാരിന് സാധിച്ചു. അടിസ്ഥാനസൗകര്യവികസനം അടക്കമുള്ള പൊതുവികസന പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കി മുന്നോട്ടുപോയി. 131.6 കോടി നഷ്ടം ഉണ്ടായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ 104 കോടി ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്ക് മാറിയത് ഇതിനെ തുടര്‍ന്നാണ്. കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ പലതും ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലാളിസംഘടനകളുടെ പൂര്‍ണപിന്തുണ ഉറപ്പാക്കിക്കൊണ്ട് നോക്കുകൂലി നിര്‍ത്തലാക്കിയതും സര്‍ക്കാരിന്റെ മികച്ച ഇടപെടലിന്റെ ഉദാഹരണമായി. സാമൂഹ്യക്ഷേമ മേഖലയില്‍ ശ്രദ്ധചെലുത്താനും അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാകുന്നതരത്തിലുള്ള തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു. കുടിശ്ശിക കൊടുത്തുതീര്‍ത്ത് കൃത്യമായി വിതരണം ചെയ്തു. പൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ തുറന്നു. അതിഥിതൊഴിലാളികള്‍ക്ക് 'ആശ്വാസ്' എന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമും താമസത്തിനായി 'അപ്നാ ഘര്‍' എന്ന പദ്ധതിയും ആവിഷ്‌കരിച്ചു. നേഴ്‌സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വര്‍ധിപ്പിച്ചു. ആശ വര്‍ക്കര്‍മാരുടെ ശമ്പളത്തില്‍ 50 ശതമാനം വര്‍ധനവരുത്തി.

നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം 36 മുതല്‍ 104 ശതമാനംവരെ വര്‍ധിപ്പിച്ചു. 60 വയസ്സ് കഴിഞ്ഞ എല്ലാവരെയും സാമൂഹ്യസുരക്ഷാ ശൃംഖലയില്‍ ഉള്‍പ്പെടുത്തി. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 416 കോടി രൂപ 2.53 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു.

പട്ടികജാതിക്കാര്‍ക്കായി 6200 വീടും (19,072 വീടുകള്‍ ഉടന്‍ പൂര്‍ത്തിയാകും) പട്ടികവര്‍ഗക്കാര്‍ക്കായി 22,481 വീടും പൂര്‍ത്തീകരിച്ചു. 2159 ആദിവാസികുടുംബങ്ങളുടെ ഒരുലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിത്തള്ളി. പൊലീസിലും എക്‌സൈസിലും ആദിവാസികള്‍ക്ക് പ്രത്യേക നിയമനം നല്‍കി. 55,296 പേര്‍ക്ക് പട്ടയം നല്‍കി, 20000 പട്ടയങ്ങള്‍കൂടി ഉടന്‍ നല്‍കാനാകും.

ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആര്‍ദ്രം, ഹരിതകേരളം എന്നീ മിഷനുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത് കേരള മോഡല്‍ സാമൂഹ്യവികസനം പുതിയ സാഹചര്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ്. ദീര്‍ഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗായാണ് നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്..

ലൈഫ് മിഷന്‍, ഭവനരഹിതരായ എല്ലാവര്‍ക്കും കിടപ്പാടവും ജീവനോപാധിയും സാധ്യമാക്കുക എന്ന പുതിയ ബദല്‍നയമാണ്. വീടില്ലാത്തവര്‍ക്ക് തലചായ്ക്കാന്‍ ഒരിടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചുതുടങ്ങി. നിര്‍മാണം മുടങ്ങിക്കിടന്ന 34,553 വീടുകള്‍ പൂര്‍ത്തിയാക്കി. ഭൂരഹിതരായവര്‍ക്കുള്ള ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന മിഷനിലൂടെ പൊതുവിദ്യാഭ്യാസരംഗത്തെയാകെ നവീകരിച്ചു. 45,000 സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിച്ചു. 13,000 സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റി. നഷ്ടക്കച്ചവടമെന്ന് മുദ്രയടിച്ച് അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ ഏറ്റെടുത്താണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയത്. ആധുനികസൗകര്യങ്ങളെല്ലാം പൊതു ആരോഗ്യമേഖലയില്‍ ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജുകളെല്ലാം ആധുനികവല്‍ക്കരിക്കുകയാണ്. എട്ടു ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബുകളും 44 താലൂക്കാശുപത്രികളില്‍ ഡയാലിസിസ് സംവിധാനവും വന്നു. 170 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സജ്ജമായി. അതാണ് 'ആര്‍ദ്രം' എന്ന പേരിലുള്ള മിഷനിലൂടെ ഈ സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള പുതിയ ബദല്‍. പുതിയ മാലിന്യശുചീകരണ രീതികള്‍ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്ക് അനുകൂലമായ കൃഷിരീതികള്‍ അവലംബിച്ചും മരങ്ങള്‍ വച്ചുപിടിപ്പിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുതുപരീക്ഷണമാണ് ഹരിതകേരളം മിഷന്‍. പ്രത്യേക കരുതല്‍ വേണ്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടും സ്ത്രീകളോടും കുട്ടികളോടും പട്ടികജാതിവര്‍ഗ വിഭാഗങ്ങളോടും സര്‍ക്കാര്‍ എടുത്തിട്ടുള്ള സമീപനം ആ വിഭാഗങ്ങളില്‍ നവോന്മേഷം പ്രദാനം ചെയ്തിട്ടുണ്ട്. മുകളില്‍ പറഞ്ഞ നാലുമിഷനുകളും പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. അപ്പോള്‍ തീര്‍ച്ചയായും പുതിയൊരു കേരളം സാധ്യമാവും എന്നതില്‍ സംശയം വേണ്ട.

മികച്ച ക്രമസമാധാനപാലനത്തിന് സംസ്ഥാനത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ് ലഭിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയതിന് ഇന്ത്യ ടുഡേയുടെ സ്‌റ്റേറ്റ് ഓഫ് ദി സ്‌റ്റേറ്റ്‌സ് അവാര്‍ഡും വയോമിത്രം പരിപാടിക്ക് വയോജന ശ്രേഷ്ഠ അവാര്‍ഡും ജനമൈത്രി പൊലീസ് സംവിധാനത്തിന് കോപ്‌സ് ടുഡേ ഇന്റര്‍നാഷണലിന്റെ പൊലീസ് എക്‌സലന്‍സ് അവാര്‍ഡും സൈബര്‍ കുറ്റാന്വേഷണമികവിന് നാസ്‌കോം ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ അവാര്‍ഡും ലഭിച്ചു. പി എസ് സി വഴി എഴുപതിനായിരത്തോളം പേര്‍ക്ക് നിയമനം നല്‍കി. പതിമൂവായിരത്തോളം തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. മാനവവികസന സൂചികയില്‍ കേരളത്തിന് ഉയര്‍ന്ന സ്ഥാനമാണ് ഐക്യരാഷ്ട്രസഭ നല്‍കിയത്. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് തെരഞ്ഞെടുത്തതും കേരളത്തെയാണ്. അഴിമതിക്ക് അറുതിവരുത്തുന്നതുപോലെതന്നെ പ്രധാനമാണ് ഭാവികേരളത്തെ സൃഷ്ടിക്കുന്നത്തിനുള്ള അടിസ്ഥാനസൗകര്യ വികസനവും. നാടിന്റെ മുന്നോട്ടുള്ള പോക്കിന് വികസനം കൂടിയേ കഴിയൂ. എന്നാല്‍, ഇത് തകര്‍ക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങളും നമ്മുടെ നാട്ടില്‍ പതിവാണ്. അങ്ങനെയുള്ള ശ്രമങ്ങള്‍ക്ക് കീഴടങ്ങി വികസനംതന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. അത് അനുവദിച്ചുകൊടുക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതാണ് പ്രതീക്ഷ പകരുന്ന ഘടകം.

സുതാര്യമായും ജനപങ്കാളിത്തത്തോടെയും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് പിണറായി സര്‍ക്കാര്‍. ദേശീയപാത വികസനം, ഗെയില്‍ പൈപ്പുലൈന്‍ സ്ഥാപിക്കല്‍, കൂടംകുളം ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നിര്‍ത്തിവയ്ക്കപ്പെട്ട അവസ്ഥയായിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തും അപാകതകള്‍ അവരോടൊപ്പം നിന്ന് പരിഹരിച്ചും ലക്ഷ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇക്കാര്യങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിനാവുന്നു എന്നത് നമ്മോടൊപ്പം ഭാവിതലമുറയ്ക്കും ഏറെ പ്രതീക്ഷയേകുന്നു.

പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരവും കാര്യക്ഷമവുമായ പല നേട്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും നൂറുശതമാനവും പൊലീസ് നന്നായി എന്നു പറയാനാകില്ല. പൊലീസില്‍ ചിലരെയെങ്കിലും പിടികൂടിയിട്ടുള്ള കുറ്റവാസനയും ദുഃശീലങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അത്തരക്കാര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായ പെരുമ്പാവൂര്‍ കേസുമുതല്‍ ഈയിടെ നടന്ന വിദേശവനിതയുടെ കൊലപാതകംവരെയുള്ള കേസുകളില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ബാങ്ക് കൊള്ള, സൈബര്‍ഐടി കേസുകള്‍ തെളിയിച്ചതും വിദേശത്തുനിന്നടക്കം പ്രതികളെ പിടിച്ചതും ജനങ്ങളില്‍ വലിയ അളവില്‍ സുരക്ഷിതത്വബോധം ഉയര്‍ത്തി. തെളിയില്ലെന്ന് മാധ്യമങ്ങളും സ്ഥിരം വിമര്‍ശകരും വിധിയെഴുതിയ കേസുകള്‍പോലും തെളിയിക്കാന്‍ സാധിച്ചു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്.

വര്‍ഗീയചേരിതിരിവും സംഘര്‍ഷമുണ്ടാക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനും സാമൂഹ്യവിരുദ്ധശക്തികള്‍ പരിശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നീക്കത്തെയും ഈ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കുകയില്ല. രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയെയും ഉയര്‍ത്തിപ്പിടിക്കുന്നതിന് എല്ലാറ്റിലും ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

കേന്ദ്ര സാമ്പത്തികനയങ്ങള്‍കൊണ്ട് സംസ്ഥാനത്തിന്റെ വിഭവസമാഹരണസാധ്യതകള്‍ തീരെ കുറഞ്ഞു. നോട്ടുനിരോധനവും ജിഎസ്ടി നടപ്പാക്കലും സൃഷ്ടിച്ച പ്രതികൂല കാലാവസ്ഥയും നിലനില്‍ക്കുന്നു. ഈ സാഹചര്യങ്ങളിലും കേരളത്തിന്റെ വികസനസാധ്യതകളെ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഓഖിപോലുള്ള വലിയ ദുരന്തമുണ്ടായ ഘട്ടത്തിലും പ്രതികൂലസാഹചര്യം സഹായം നല്‍കുന്നതിന് തടസ്സമാകാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു.

കേരളവികസനത്തിന് ലോകത്തിന്റെ ഏതു ഭാഗത്തുള്ള പ്രവാസിയുടെയും പണവും പ്രതിഭയും നൈപുണ്യവും ഉപയോഗിക്കാനും അവര്‍ക്കുകൂടി അതിന്റെ പ്രയോജനം ഉറപ്പുവരുത്താനും ഉതകുന്നതരത്തില്‍ ലോക കേരളസഭ എന്ന സങ്കല്‍പ്പം രൂപപ്പെടുത്തിയതും അത് നടപ്പാക്കിയതും ഈ സര്‍ക്കാരാണ്. ഷാര്‍ജ ഭരണാധികാരിയുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു. ജയിലിലടയ്ക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍വരെ ഒരു സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകള്‍ കാരണമായി എന്നത് നയതന്ത്രത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന നടപടിയായി.

അതിവേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ജനങ്ങളാകെ ഉറ്റുനോക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. വര്‍ഗീയതയും നവ ഉദാരവല്‍ക്കരണ നയങ്ങളുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. അവയ്‌ക്കെതിരെ ശക്തമായ ജനകീയ ബദല്‍നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. തീര്‍ച്ചയായും കേരളീയര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. പാവങ്ങള്‍ക്ക് കൈത്താങ്ങായി മാറാന്‍ ഈ സര്‍ക്കാര്‍ കൂടെയുണ്ട്. പിണറായി വിജയന്‍ സര്‍ക്കാരിനെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ നമുക്കുണ്ട്.

 

07-Jun-2018

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More