ജനാധിപത്യത്തെ വെല്ലുവിളിക്കുന്നത് ആര്?
കോടിയേരി ബാലകൃഷ്ണന്
തെരഞ്ഞെടുപ്പ് നിയമാനുസൃതമായിത്തന്നെ നടക്കണമെന്നതാണ് എല്‍ഡിഎഫ് കാഴ്ചപ്പാട്. യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള അവസ്ഥയുണ്ടാകണം. ഒരാള്‍ക്ക് അവകാശപ്പെട്ട വോട്ട് മറ്റൊരാള്‍ ക്രമവിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ നിയമാനുസൃതമായി പരിശോധിച്ച് നടപടിയെടുക്കണം . എല്‍ഡിഎഫിനെതിരെ കേരളത്തില്‍ കള്ളവോട്ട് ആരോപണം ഉയര്‍ത്തുമ്പോള്‍, അങ്ങ് ബംഗാളിലും ത്രിപുരയിലും ജനാധിപത്യപരമായി വോട്ടെടുപ്പ് പോലും നടത്താന്‍ സാധിക്കുന്നില്ല. പോളിങ് ബൂത്തിന്റെ അടുത്തുപോലും വോട്ടര്‍മാര്‍ക്ക് എത്താന്‍ കഴിയുന്നില്ല. വഴിയില്‍വച്ച് തല്ലിയോടിക്കുന്നു. ബൂത്ത് പിടിച്ചെടുക്കുന്നു. യന്ത്രം കൈക്കലാക്കി കള്ളവോട്ട് ചെയ്യുന്നു. കേരളത്തിലും അത്തരം ഒരു അവസ്ഥ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടക്കമാണ് കോര്‍പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ശത്രുചേരിയുടെ കള്ളപ്രചാരവേല. |
ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കേരളത്തില്‍ സമാധാനപരമായും ജനാധിപത്യബോധം പുലര്‍ത്തിയുമാണ് പൊതുവില്‍ നടന്നത്. 77.68 ശതമാനം പേര്‍ വോട്ട് ചെയ്തതില്‍ തെളിയുന്നത് കേരളീയരുടെ ജനാധിപത്യത്തോടുള്ള ഉയര്‍ന്ന കൂറാണ്. ഇതെല്ലാംകൊണ്ടാകണം കേരളത്തെ പ്രകീര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനും മാധ്യമങ്ങളും തയ്യാറായത്. പക്ഷേ വോട്ടെണ്ണാന്‍ ആഴ്ചകള്‍ ശേഷിക്കുന്നതിന് മധ്യേ, കള്ളവോട്ട് വിവാദം സൃഷ്ടിച്ച് സംസ്ഥാനത്തെ കളങ്കപ്പെടുത്താന്‍ യുഡിഎഫ്, ബിജെപി ശക്തികളും അവരുടെ കൂട്ടാളികളായി ഒരു കൂട്ടം മാധ്യമങ്ങളും ഇറങ്ങിത്തിരിച്ചു. ഈ കോലാഹലത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത നിര്‍ഭാഗ്യകരമായ ചില പക്ഷപാതിത്വവും വീഴ്ചയും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്‍നിന്ന് ഉണ്ടായി. മാതൃഭൂമി ചാനല്‍ ആദ്യവും മറ്റ് ചില ചാനലുകളും വലതുപക്ഷ പത്രങ്ങളും പിന്നാലെയും ആളിക്കത്തിച്ച കള്ളവോട്ട് കോലാഹലം വലതുപക്ഷത്തിന്റെ വറച്ചട്ടിയില്‍ ചൂടാക്കിയ വിഷപാനീയമാണ്. ഇത്തരം വിവാദങ്ങള്‍ക്കുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചില ഗൂഡ അജന്‍ഡകളുണ്ട്.
ജനഹിതം ഏറ്റവും നല്ല രീതിയില്‍ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ പാര്‍ലമെന്ററി ജനാധിപത്യം നടപ്പാക്കണം എന്നതാണ് സിപിഐ എം കാഴ്ചപ്പാട്. അതായത്, ഓരോ രാഷ്ട്രീയ പാര്‍ടിക്കും കിട്ടുന്ന വോട്ട് എത്രയാണോ, അതിനെ അടിസ്ഥാനമാക്കി പാര്‍ലമെന്റിലും നിയമസഭയിലും മറ്റ് സമിതികളിലും പ്രതിനിധ്യം നല്‍കണം. അതിനായി ആനുപാതിക പ്രാതിനിധ്യസമ്പ്രദായം നടപ്പാക്കണം. ഇന്നാകട്ടെ ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ എംപിയോ, എംഎല്‍എയോ, പഞ്ചായത്ത് അംഗമോ ആകും. ഇതിന്റെ ഒരു ന്യൂനത കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞിരുന്നു. 31 ശതമാനം മാത്രം വോട്ട് കിട്ടിയ ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തി. തെരഞ്ഞെടുപ്പില്‍ നിലനില്‍ക്കുന്നത് ഈ സമ്പ്രദായമായതിനാല്‍ ഈ ന്യൂനത ചൂണ്ടിക്കാട്ടുകയും സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനായി പോരാടുകയും ചെയ്യുന്നവരാണ് സിപിഐ എമ്മും എല്‍ഡിഎഫും. അതിനാല്‍ കള്ളവോട്ടിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നുകോടി മുസ്ലിങ്ങളെയും നാലുകോടി ദളിതരെയും വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന് 2019 മാര്‍ച്ച് 27ന്റെ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്രയേറെപേരെ പുറത്താക്കിയ നടപടി ഏറ്റവും വലിയ ജനാധിപത്യ അട്ടിമറിയാണ്. ഇത് ചെയ്തത് മോഡിഭരണവും സംഘപരിവാറുമാണ്. ഇതിനെ ചോദ്യം ചെയ്യാനും ഈ അനീതിക്കെതിരെ പോരാടാനും തയ്യാറാകാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഇങ്ങനെ പൗരത്വം അര്‍ഹതപ്പെട്ട കോടിക്കണക്കിന് ആളുകള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ലാതാക്കിയതിനെപ്പറ്റി ചാനലുകളില്‍ ഒരു 'അന്തിച്ചര്‍ച്ച'യും നടന്നിട്ടില്ല. ത്രിപുരയിലും പശ്ചിമബംഗാളിലും ഹീനമായ രീതിയില്‍ ജനാധിപത്യം അട്ടിമറിക്കുകയാണ്. അവിടങ്ങളില്‍ സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. ബൂത്തുകള്‍ കൈയേറി. ഭരണസംവിധാനത്തിന്റെ സംരക്ഷണത്തോടെ വോട്ടര്‍മാരെ ആക്രമിച്ചു. ഇത്തരം ജനാധിപത്യ അട്ടിമറികള്‍ക്കെതിരെ നിശ്ശബ്ദത പുലര്‍ത്തുന്ന മാധ്യമങ്ങളാണ് കേരളത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളെ വന്‍ വിവാദമാക്കിയത്. സംസ്ഥാനത്ത് രണ്ടു കോടി മുപ്പത്തൊന്ന് ലക്ഷം പേര്‍ വോട്ട് ചെയ്തതില്‍ അവിടെയും ഇവിടെയും ചെയ്ത ചില വോട്ടുകള്‍ ക്രമവിരുദ്ധമായതോ, കള്ളവോട്ടോ ആണെന്ന് ആരോപിച്ച് കേരളം പൊതുവില്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്ന സംസ്ഥാനമാണെന്ന് വരുത്താനുള്ള ഏറ്റവും നീചമായ ശ്രമമാണ് അരങ്ങേറുന്നത്. ഇവിടെ ബിജെപി, യുഡിഎഫ് പിന്തുണയോടെ ഒരു കൂട്ടം മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ആറാട്ടുത്സവം നടത്തുകയാണ്.
'ചുവപ്പ് കണ്ട കാളയെപ്പോലെ' എന്ന പഴമൊഴി. ഇന്ന് 'സിപിഐ എമ്മിനെ കണ്ട ചാനലുകളെ പോലെ' എന്നായി മാറിയിരിക്കുന്നു. കള്ളവോട്ടിന്റെ ഉമ്മാക്കി കാട്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്‍കൈയുള്ള കേരളത്തിന്റെ സ്വഭാവം മാറ്റിമറിക്കാന്‍ ശത്രുപക്ഷത്തിന് തറയൊരുക്കം നടത്തുകയാണ് ഈ ചാനലുകള്‍. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെപ്പറ്റിയുള്ള മുന്‍കൂര്‍ നിഗമനങ്ങള്‍ക്ക് ആയുസ്സ് വളരെ കുറവാണ്. 23ന് ഫലം വരും. നല്ല വിജയം എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. ഫലം കാത്തിരിക്കുമ്പോള്‍ത്തന്നെ ഒരുകാര്യം വ്യക്തമാണ്. കേരളരാഷ്ട്രീയത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ക്ക് പൊളിച്ചെഴുത്തുണ്ടാകില്ല. അതില്‍ പ്രധാനം സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ദേശീയ പ്രസക്തിയും പ്രാധാന്യവുമാണ്. ഇവിടെ സുവ്യക്തമാക്കുന്ന ഒരു കാര്യം, എല്‍ഡിഎഫ് എന്നത് കേവലം ഒരു തെരഞ്ഞെടുപ്പ് മുന്നണിയല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗശക്തികളുടെ ബലാബലത്തില്‍ മാറ്റം വരുത്തുന്നതിനും ബൂര്‍ഷ്വാ ഭൂപ്രഭുത്വ പാര്‍ടിയെയോ, വര്‍ഗീയ പാര്‍ടിയെയോ മാറിമാറി തെരഞ്ഞെടുക്കുക എന്ന അവസ്ഥ ഇല്ലാതാക്കുന്നതിനായി പോരാടുന്ന പ്രസ്ഥാനമാണ്. അത് പ്രകാരം ഭരണ വര്‍ഗങ്ങളെയും വര്‍ഗീയശക്തികളെയും നേരിടാനുള്ള ഒരു സമര മുന്നണികൂടിയാണ് എല്‍ഡിഎഫ്.
ഈ സമരതന്ത്രത്തിന്റെ ഭാഗമായിക്കൂടിയാണ് എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന ഇടതുപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കണ്ടത്. കേന്ദ്രത്തില്‍ ബിജെപിയുടെ ഭരണം അവസാനിപ്പിക്കുകയും പകരം മതനിരപേക്ഷ ജനാധിപത്യ ജനപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റുകയും വേണം. അതിനുവേണ്ടി ഇടതുപക്ഷ സ്വാധീനം പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. നമ്മുടെ രാജ്യത്തെ ഭൗതികസമ്പത്തും മനുഷ്യ മൂലധനവും അടക്കമുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് നല്ലൊരു ഇന്ത്യയെ സൃഷ്ടിക്കണം. അത് കൂടുതല്‍ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതാകണം. ഇതിനുള്ള ബദല്‍നയം ഉള്‍ക്കൊള്ളുന്ന പ്രകടന പത്രികയാണ് സിപിഐ എം സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലം ആശാവഹമാകുമെന്ന വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ മാത്രമല്ല, ആ സര്‍ക്കാര്‍ ജനകീയനയം സ്വീകരിക്കുന്നതിനും രാജ്യത്തെ വര്‍ഗീയതയെ ചെറുക്കുന്നതിനും സമരശക്തിയും കരുതല്‍ ശക്തിയുമാണ് ഇടതുപക്ഷം. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയത്തിലും ഇടതുപക്ഷത്തിന്റെ പ്രസക്തി തുടരുമെന്ന് ചുരുക്കം.
ഈ പശ്ചാത്തലത്തില്‍ വേണം കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള എല്‍ഡിഎഫിനെയും അതിന്റെ സര്‍ക്കാരിനെയും ഒറ്റപ്പെടുത്താനുള്ള ദേശീയതലത്തിലുള്ള കടന്നാക്രമണങ്ങളെ വിലയിരുത്താന്‍. തീവ്രവര്‍ഗീയ ശക്തികളും നവലിബറലിസത്തിന്റെ ചേരിയും സംയുക്തമായാണ് എല്‍ഡിഎഫിനെ ആക്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്തെ വോട്ടെടുപ്പിന് ശേഷവും കേരളത്തെ അപമാനിക്കുന്നതിനുള്ള വായ്ത്താരി തുടരുന്നത് വെറുതെയല്ല. കോര്‍പറേറ്റുകളും സാമ്രാജ്യത്വശക്തികളും വര്‍ഗീയക്കോമരങ്ങളും ഇടതുപക്ഷത്തിന്റെ ശബ്ദം ഭയപ്പെടുന്നു. ഇക്കൂട്ടരുടെയെല്ലാം ഭീകരമായ കടന്നാക്രമണത്തിലൂടെയാണ് പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തെ പിന്തള്ളി പിന്തിരിപ്പന്‍ ശക്തികള്‍ മേധാവിത്വം സ്ഥാപിച്ചത്.
കമ്യൂണിസ്റ്റ് സ്വാധീനം ഇന്നും ശക്തമായ കേരളത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന ഭരണത്തെയും എല്‍ഡിഎഫിനെയും പിന്തിരിപ്പന്‍ ശക്തികള്‍ക്ക് സഹിക്കാനാകുന്നില്ല. ദേശീയമായും സാര്‍വദേശീയമായും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടികളുണ്ടായിട്ടുള്ളപ്പോഴും അതിന്റെ പ്രത്യാഘാതങ്ങളെ തരണംചെയ്യാന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണക്രമങ്ങള്‍ തകര്‍ന്നപ്പോള്‍ മാര്‍ക്‌സിസം ലെനിനിസത്തിനും സോഷ്യലിസത്തിനും ഇനി ജനങ്ങളെ ആകര്‍ഷിക്കാന്‍ ശേഷിയുണ്ടാകില്ലെന്നും കേരളത്തിലെ ചുവപ്പ് മായാന്‍ പോവുകയാണെന്നും കിനാവുകണ്ടവര്‍ക്ക് തെറ്റി. എന്നാല്‍, പിന്തിരിപ്പന്‍ ശക്തികള്‍ അവരുടെ ആവനാഴിയിലെ ആയുധങ്ങളെല്ലാം ഇവിടത്തെ ഇടതുപക്ഷത്തിനെതിരെ ഇപ്പോഴും തീക്ഷ്ണമായി ഉപയോഗിക്കുകയാണ്. ഈ യുദ്ധത്തിലെ പുതിയ തന്ത്രമാണ് എല്‍ഡിഎഫിന് എതിരായ കള്ളവോട്ട് കോലാഹലം.
എന്നാല്‍, 'കൊക്കിന് വച്ചത് കുളക്കോഴിക്ക് കൊണ്ടു' എന്ന പോലെ എല്‍ഡിഎഫിനെ കുടുക്കാന്‍ നോക്കിയതില്‍ ഇപ്പോള്‍ വീണിരിക്കുന്നത് യുഡിഎഫും വിശിഷ്യാ, മുസ്ലിംലീഗുമാണ്. രണ്ടുകോടി മുപ്പത്തൊന്ന് ലക്ഷം പേര്‍ വോട്ട് ചെയ്തിടത്ത് എല്‍ഡിഎഫുകാര്‍ മൂന്ന് കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് വാര്‍ത്താഭൂകമ്പം സൃഷ്ടിച്ചത്. അവശരായ വോട്ടര്‍മാരുടെ വോട്ട്, ഫോറം എം-18 പൂരിപ്പിച്ച് നല്‍കി നിയമാനുസൃതം സഹായി വോട്ടായി ചെയ്തതിനെപ്പോലും കള്ളവോട്ടായി ചിത്രീകരിക്കുന്ന സ്ഥിതിയുണ്ടായി. എന്നാല്‍, വിദേശത്തുള്ളവരുടെയടക്കം നിരവധി വോട്ടുകള്‍ കോണ്‍ഗ്രസുകാരോടൊപ്പം നിന്ന് മുസ്ലിംലീഗുകാര്‍ ചെയ്തതിന്റെ ദൃശ്യങ്ങളും വിവരങ്ങളും പീപ്പിള്‍ ടിവി പുറത്തുകൊണ്ടുവരികയുണ്ടായി. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ടു നടന്നു. ലീഗ് ദേശീയസമിതി അംഗത്തിന്റെ വിദേശത്തുള്ള ഭാര്യയുടെയും മകളുടെയും വോട്ടുവരെ കള്ളവോട്ടായി ചെയ്തു. പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ വോട്ടാണ് യു ഡി എഫുകാര്‍ കള്ളവോട്ടായി ചെയ്തത്. ഒരു ലീഗ് പ്രവര്‍ത്തകന്‍ അഞ്ച് കള്ളവോട്ട് വരെ ചെയ്തു. പോളിങ് ബൂത്തില്‍ ബഹളം കൂട്ടുകയും ബൂത്ത് പിടിച്ചെടുക്കുകയും ചെയ്തു. ഈ സംഭവങ്ങളിലൊന്നും ഗൗരവത്തോടെ പ്രതികരിക്കാനോ നടപടിയെടുക്കാനോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തയ്യാറായതായി കാണുന്നില്ല. എന്നാല്‍, ഒരുതരം പകയോടുള്ള സമീപനമാണ് എല്‍ഡിഎഫിനോട് എടുത്തത്. പക്ഷപാതരാഹിത്യവും സമചിത്തതയുമാണ് തെരഞ്ഞെടുപ്പ് ഓഫീസറില്‍നിന്ന് നാട് പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫിനെതിരെ പരാതി വന്നപ്പോള്‍ വേണ്ടത്ര അന്വേഷണങ്ങളൊന്നും നടത്താതെ മൂന്നുപേര്‍ക്കെതിരെ പരസ്യമായി വിധി പ്രസ്താവിക്കുകയും പഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടുപോയതുപോലെയാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെ പൊതുസമൂഹം വിലയിരുത്തിയത്. പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന സി ഇ ഒയുടെ നിര്‍ദേശം നിയമപരമല്ലെന്ന് നിയമവിദഗ്ധര്‍തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതെങ്കിലും കുറ്റത്തിന് കോടതി ശിക്ഷിച്ചാലേ അംഗത്തെ അയോഗ്യനാക്കാന്‍ സാധിക്കുകയുള്ളു. ഇതേപ്പറ്റി ബോധമുണ്ടാകേണ്ട ഒരു ഉദ്യോഗസ്ഥന്‍ എന്തിനാണ് നിയമവിരുദ്ധ കല്‍പ്പനകള്‍ നടത്തിയത്. ഒരു കൂട്ടം മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ്‌വിരുദ്ധ തുള്ളലിനൊത്ത് ആടേണ്ട ആളല്ലല്ലോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.
കണ്ണൂര്‍ ജില്ലാകലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള നടപടിയെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിട്ടുള്ളത്. ആക്ഷേപം ഉണ്ടായ പിലാത്തറ സ്‌കൂള്‍ ബൂത്ത് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലാണ്. അവിടത്തെ മുഖ്യറിട്ടേണിങ് ഓഫീസര്‍ കാസര്‍കോട് ജില്ലാകലക്ടര്‍ ആണ്. നിയമപരമായി അധികാരപ്പെട്ട ആ ഉദ്യോഗസ്ഥനില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങുന്നതിനുപകരം മറ്റൊരു ലോക്‌സഭാ മണ്ഡലത്തിലെ മുഖ്യവരണാധികാരിയായ കണ്ണൂര്‍ കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങുകയായിരുന്നു. കണ്ണൂര്‍ കലക്ടര്‍ ആകട്ടെ ധൃതിപിടിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ്. പുതിയങ്ങാടി സ്‌കൂളില്‍ ലീഗുകാര്‍ നടത്തിയ കള്ളവോട്ടിനെപ്പറ്റി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മുഖ്യ റിട്ടേണിങ ഓഫീസറായ കാസര്‍കോട് കലക്ടറാണ് അന്വേഷിക്കുന്നത്. എന്നാല്‍, പിലാത്തറയുടെ കാര്യത്തില്‍ എന്തിനാണ് മറ്റൊരു ജില്ലാ കലക്ടറെ അന്വേഷണചുമതല ഏല്‍പ്പിച്ചത്. ഇതിന്റെ യുക്തിയും ന്യായവും എന്താണ്?
സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധിച്ച് നോട്ടീസ് അയച്ചതിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പക്ഷപാതിത്വം കാട്ടിയിരിക്കുകയാണ്. 70 ലക്ഷത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചെന്നുപറഞ്ഞ് എല്‍ഡിഎഫിന്റെ നിരവധി സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് കൊടുത്തിരിക്കുന്നു. ഒരു സ്ഥാനാര്‍ഥിയുടെ ചിഹ്നം വച്ച് വാഹനം ഓടിയാല്‍, ആ വാഹനം സംസ്ഥാന അഖിലേന്ത്യാ നേതാക്കള്‍ ഉപയോഗിച്ചതാണെങ്കില്‍ പോലും അതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കം രാഹുലിന്റെ പടവും ചിഹ്നവും വച്ച് വാഹനങ്ങള്‍ എത്തുകയും റാലി നടത്തുകയും ചെയ്തു. റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനങ്ങളുടെയും മറ്റു പ്രചാരണങ്ങളുടെയും ചെലവ് സ്ഥാനാര്‍ഥി എന്ന നിലയില്‍ രാഹുലിന്റെ ചെലവില്‍ ഉള്‍പ്പെടുത്തിയാല്‍, 25 കോടി രൂപയിലധികം വരും. ഇതേപ്പറ്റി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ തയ്യാറല്ല. പക്ഷെ, ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ചെലവ് ചെയ്‌തെന്ന് പറഞ്ഞ് നോട്ടീസ് അയക്കുന്നത് തുടരുകയാണ്. ഇത് ഇരട്ടത്താപ്പാണ്.
തെരഞ്ഞെടുപ്പ് നിയമാനുസൃതമായിത്തന്നെ നടക്കണമെന്നതാണ് എല്‍ഡിഎഫ് കാഴ്ചപ്പാട്. യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള അവസ്ഥയുണ്ടാകണം. ഒരാള്‍ക്ക് അവകാശപ്പെട്ട വോട്ട് മറ്റൊരാള്‍ ക്രമവിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ നിയമാനുസൃതമായി പരിശോധിച്ച് നടപടിയെടുക്കണം. എല്‍ഡിഎഫിനെതിരെ കേരളത്തില്‍ കള്ളവോട്ട് ആരോപണം ഉയര്‍ത്തുമ്പോള്‍, അങ്ങ് ബംഗാളിലും ത്രിപുരയിലും ജനാധിപത്യപരമായി വോട്ടെടുപ്പ് പോലും നടത്താന്‍ സാധിക്കുന്നില്ല. പോളിങ് ബൂത്തിന്റെ അടുത്തുപോലും വോട്ടര്‍മാര്‍ക്ക് എത്താന്‍ കഴിയുന്നില്ല. വഴിയില്‍വച്ച് തല്ലിയോടിക്കുന്നു. ബൂത്ത് പിടിച്ചെടുക്കുന്നു. യന്ത്രം കൈക്കലാക്കി കള്ളവോട്ട് ചെയ്യുന്നു. കേരളത്തിലും അത്തരം ഒരു അവസ്ഥ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടക്കമാണ് കോര്‍പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ശത്രുചേരിയുടെ കള്ളപ്രചാരവേല. ഇതില്‍ കുടുങ്ങാതെ, യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്താനും ക്രമവിരുദ്ധകാര്യങ്ങള്‍ ഇല്ലാതാക്കാനുമുള്ള ഇടപെടലുകളും സംവാദവുമാണ് ഈ സമൂഹത്തില്‍ ആവശ്യം.
03-May-2019
എം വി ഗോവിന്ദന്‍മാസ്റ്റര്‍
എം വി ഗോവിന്ദന്‍മാസ്റ്റര്‍
കോടിയേരി ബാലകൃഷ്ണന്
കോടിയേരി ബാലകൃഷ്ണന്
എം വി ഗോവിന്ദന്‍മാസ്റ്റര്‍