വിണ്ടുപോകുന്ന പച്ചമണ്ണ്

ഇക്കൂട്ടര്‍ പറയുന്ന കാര്യങ്ങളാണ് സമൂഹത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളെന്ന് കരുതുന്നവര്‍ സമൂഹത്തില്‍ ആഴത്തിലുള്ള അപകടങ്ങള്‍ തീര്‍ക്കുമെന്നതില്‍ സംശയം വേണ്ട. അവര്‍ കുഞ്ഞുങ്ങളെ പച്ചിരുമ്പുകള്‍ കൊണ്ട് മുറിപ്പെടുത്തി കൊല്ലും. അവര്‍ തന്നെ കൊലയാളിയുടെ കഴുത്തറുക്കൂ, ലിംഗംഛേദിക്കൂ എന്ന് മുറവിളിക്കും ആക്രോശിക്കും. അവര്‍ തന്നെ സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ഒത്താശ കൊടുത്ത കേസിലെ കുറ്റാരോപിതനെ കൂക്കി വിളിക്കും, അവര്‍ തന്നെയാണ് കുറ്റാരോപിതന് വേണ്ടി പാലഭിഷേകം നടത്തുന്നതും. സാമൂഹ്യദ്രോഹികള്‍ നിരന്തരമായുള്ള പ്രതികരണങ്ങളിലൂടെ തങ്ങളുടെ ഇമേജ് മാറ്റിയെടുക്കുകയാണ്. തങ്ങള്‍ക്ക് ലഭിക്കാത്ത പിന്തുണ, വിവിധ തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുകയാണ്. പക്ഷെ, ആത്യന്തികമായി ഇവര്‍ സാമൂഹ്യദ്രോഹികള്‍ തന്നെയാണ്. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതിയ 'ചെവിത്തീയാന്‍' എന്ന കഥ വായിച്ചത്. ഒരു കുട്ടി പിച്ചിചീന്തപ്പെടുമ്പോള്‍ അതില്‍ കഥാകൃത്തിന്റെ ഒരു പ്രയോഗമുണ്ട്, 'പച്ചമണ്ണില്‍ ഇരുമ്പുകമ്പി അടിച്ചിറക്കും പോലെ' എന്ന്. അത് വായിച്ചപ്പോള്‍ അസ്ഥി തുളച്ചൊരു പുളിപ്പ് പോലെ ഒരു വേദന കയറിപ്പോയി. കുറച്ചു നാളുകളായി ആ വേദനയുടെ തുടര്‍ച്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇരുമ്പുകയറിയ പച്ചമണ്ണായിമാറിയ ജിഷയ്ക്ക് പിന്നാലെ രണ്ടു കുഞ്ഞുങ്ങള്‍ ജനലിലെ ഇരുമ്പ് കമ്പിയില്‍ തൂങ്ങി നിന്നു. ഇപ്പോള്‍ ഒരു കുഞ്ഞ് നീല ഉടുപ്പിനുള്ളില്‍ നീലിച്ചുറങ്ങുന്നു.
ജനത്തിന്റെ ആക്രോശം അന്നും ഇന്നും ഒരുപോലെയാണ്. 'എന്റെ രോഷം, എന്റെ ശബ്ദം, എന്റെ തിളയ്ക്കുന്ന ചോര' എന്ന മട്ടില്‍. എന്താണ് പറയുന്നതെന്നോ, എന്തിനാണ് പറയുന്നതെന്നോ ബോധ്യമില്ലാതെ ഉണ്ടാകുന്ന ആ ബഹളങ്ങള്‍ വെറും ആള്‍ക്കൂട്ടത്തിന്റെ ആരവം മാത്രമായി പോകുന്നു. നല്ല ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കുന്നില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രതാരം അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ തടിച്ചുകൂടി കൂക്കിവിളിച്ച അതേ കൂട്ടമാണ് അത്. അവര്‍ തന്നെയാണ് ഇന്ന് അവനൊപ്പമെന്ന ഹാഷ്ടാഗുകളില്‍ തിയറ്റര്‍ നിറയ്ക്കുന്നത്. നടനെ സപ്പോര്‍ട്ട് ചെയ്യാനുള്ള ആഗ്രഹത്തിന്റെ പാരമ്യതയില്‍ അയാളുടെ മുന്‍ ഭാര്യയുടെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ 'പൂച്ച പെറ്റുകിടക്കുന്നു'എന്നുപറഞ്ഞ് ആഹ്ലാദം കണ്ടെത്തുന്നവരും അവര്‍ തന്നെയാണ്. കുറ്റം ആരോപിക്കപ്പെടുന്നയാളെ കുറ്റം തെളിയും വരെ സപ്പോര്‍ട്ട് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍. ഇരയായ സ്ത്രീയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ വ്യക്തി, ആരോപിതന്റെ മുന്‍ ഭാര്യ ആയിരുന്നു എന്നതുകൊണ്ട് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു. ഏതുതരത്തില്‍ ആലോചിച്ചാലും ഒരു തരത്തിലുള്ള ന്യായീകരണവും ഇതിലൊന്നും കാണാന്‍ കഴിയില്ല. പക്ഷെ, അതൊന്നും അവരെ അലട്ടുന്നതേയില്ല. അതേസമയം ഹരിയാനയില്‍ കലാപമുണ്ടാകുമ്പോള്‍, മനുഷ്യദൈവത്തിന് വേണ്ടി ആളുകള്‍ തെരുവിലിറങ്ങുമ്പോള്‍ പരിഹസിക്കുന്നത് ഇതേ ആളുകളാണ്. ജനരോഷത്തിന്റെ, പ്രതിബദ്ധതയുടെ അഭിപ്രായങ്ങള്‍ അവര്‍ നിരന്തം പറഞ്ഞുകൊണ്ടിരിക്കും. അവിടെ ജനങ്ങളുടെ വിവരക്കേടും വീരാരധാനയും ചര്‍ച്ചയാകും. ഇത്തരത്തില്‍ ഇരട്ടത്താപ്പിന്റെ ഒറ്റവാക്കായി മാറുകയാണ് ഈ മലയാളി ആള്‍ക്കൂട്ടം.

നോര്‍ത്തിന്ത്യയില്‍ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയുണ്ട്, ഒരാളെ മറ്റൊരാള്‍ എന്തെങ്കിലുമൊരു കാരണത്താല്‍ മര്‍ദ്ദിക്കുന്നത് കണ്ടാല്‍ വഴിയെ പോകുന്ന ആളുകളെല്ലാം വന്ന് അടിക്കാന്‍ തുടങ്ങും. എന്താണ് കാരണമെന്നൊന്നും ചോദിക്കില്ല. തിരികെ അടികിട്ടില്ലെന്നുള്ള ഉറപ്പിലുള്ള ആവേശമാണത്. എതിര്‍ക്കാന്‍ ശേഷിയില്ലാത്ത ഒരാളെ അടിക്കുന്നതിന്റെ ലഹരി. ആ അടിയില്‍ തെറ്റിനെ ചോദ്യം ചെയ്യലോ, സാമൂഹ്യ പ്രതിബന്ധതയോ ഇല്ല. അത്തരത്തിലുള്ള പ്രതികരണം കേരളത്തിലേക്കും കടന്നുവരികയാണ്. കേരളത്തിലെ സാമൂഹ്യസാഹചര്യവും നിയമവ്യവസ്ഥയും തീര്‍ത്തും നിലവിട്ടുപെരുമാറുന്ന ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കില്ല എന്നതുകൊണ്ടാണ് ഇവിടെ കൈവെക്കല്‍ ഉണ്ടാവാത്തത്. ആക്രമത്തിനുള്ള അടക്കാനാവാത്ത അഭിവാഞ്ജ ഇത്തരം വഷളന്‍ പ്രതികരണങ്ങളിലൂടെയും നിലപാടുകളിലൂടെയും പുറന്തള്ളുകയാണ്. ആശ്വാസം കൊള്ളുകയാണ്.

കൊച്ചുകുഞ്ഞുങ്ങളോട് കാമം തോന്നുമെന്ന് ചിലര്‍ പരസ്യമായി പറയുമ്പോള്‍ അവരെ ന്യായീകരിക്കാന്‍ പോലും ചില കൂട്ടങ്ങള്‍ മുന്നോട്ടുവരുന്നു. കുഞ്ഞിന്റെ അവകാശമാണ് കാമമെന്നുവരെ അവര്‍ പറഞ്ഞുവെക്കുന്നു. അതിനെതിരെ നിയമനടപടികള്‍ ഉണ്ടാവുമ്പോള്‍ സംരക്ഷണ ഹാഷ്ടാഗുകളുമായി സോഷ്യല്‍മീഡിയയില്‍ വിറളിയെടുക്കുന്നു. ഇത്തരത്തിലുള്ളവര്‍ സ്വന്തം ബലഹീനതകളെ മറയ്ക്കാന്‍ വേണ്ടി മാത്രമാണ് ന്യായവാദങ്ങള്‍ നിരത്തുന്നത്.

സമൂഹത്തിന്റെ ആവശ്യം എന്താണെന്നോ, അതിനെന്ത് ചെയ്യണമെന്നോ ആലോചിക്കാനുള്ള കഴിവില്ലായ്മയാണ് അവരുടെ ശബ്ദഘോഷങ്ങള്‍ കൊണ്ട് പ്രതിഫലിപ്പിക്കുന്നത്. ഇക്കൂട്ടര്‍ പറയുന്ന കാര്യങ്ങളാണ് സമൂഹത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളെന്ന് കരുതുന്നവര്‍ സമൂഹത്തില്‍ ആഴത്തിലുള്ള അപകടങ്ങള്‍ തീര്‍ക്കുമെന്നതില്‍ സംശയം വേണ്ട. അവര്‍ കുഞ്ഞുങ്ങളെ പച്ചിരുമ്പുകള്‍ കൊണ്ട് മുറിപ്പെടുത്തി കൊല്ലും. അവര്‍ തന്നെ കൊലയാളിയുടെ കഴുത്തറുക്കൂ, ലിംഗംഛേദിക്കൂ എന്ന് മുറവിളിക്കും ആക്രോശിക്കും. അവര്‍ തന്നെ സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ഒത്താശ കൊടുത്ത കേസിലെ കുറ്റാരോപിതനെ കൂക്കി വിളിക്കും, അവര്‍ തന്നെയാണ് കുറ്റാരോപിതന് വേണ്ടി പാലഭിഷേകം നടത്തുന്നതും. സാമൂഹ്യദ്രോഹികള്‍ നിരന്തരമായുള്ള പ്രതികരണങ്ങളിലൂടെ തങ്ങളുടെ ഇമേജ് മാറ്റിയെടുക്കുകയാണ്. തങ്ങള്‍ക്ക് ലഭിക്കാത്ത പിന്തുണ, വിവിധ തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുകയാണ്. പക്ഷെ, ആത്യന്തികമായി ഇവര്‍ സാമൂഹ്യദ്രോഹികള്‍ തന്നെയാണ്. ഒരു തരത്തിലുള്ള പിന്തുണയുമര്‍ഹിക്കാത്ത ദ്രോഹികള്‍. നമ്മുടെ ഈ ദ്രവിച്ച സാമൂഹികാവസ്ഥയുടെ കടിഞ്ഞാണ്‍ ഇത്തരക്കാരുടെ കൈകളില്‍ കൂടിയുള്ളതിനാലാണ് പച്ചമണ്ണ് വീണ്ടും വീണ്ടും തുരുമ്പിച്ച ഇരുമ്പിനാല്‍ വിണ്ടുപോകുന്നത്.

29-Sep-2017