വെട്ടിനിരത്തലെന്ന് പറഞ്ഞ് നിങ്ങളല്ലേ പ്രളയമുണ്ടാക്കിയത് ?

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമടങ്ങുന്ന പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേണ്ടി കേരളത്തില്‍ ഏറ്റവും വലിയ പരിസ്ഥിതിസംരക്ഷണ പ്രസ്ഥാനം സംഘടിപ്പിച്ച സംഘടനയാണ് കെ എസ് കെ ടി യു. അന്ന് വെട്ടിനിരത്തല്‍ സമരമെന്നും കൊടിനാട്ടല്‍ സമരമെന്നും പറഞ്ഞ് യൂണിയനെയും ആ പ്രസ്ഥാനത്തെയും ഇകഴ്ത്തി കാട്ടാന്‍ ശ്രമിച്ച മനോരമ, മാതൃഭൂമിയാദി മാധ്യമങ്ങള്‍ക്ക് സംസ്ഥാനത്തെ പ്രളയത്തിലകപ്പെടുത്തിയതിന്റെ ഉത്തരവാദിത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. പണ്ട് പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തെ എതിര്‍ത്തവര്‍ വൈകാതെ അവരുടെ എഡിറ്റോറിയല്‍ പേജുകളില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള ക്യാമ്പയിനുകള്‍ ആരംഭിച്ചു. കേരളത്തിലെ വിവിധ രാഷ്ട്രീയ ധാരകളിലുള്ളവര്‍ കേരളത്തില്‍ കെ എസ് കെ ടി യു മുന്നോട്ടുവെച്ച സമാനതകളില്ലാത്ത മുന്നേറ്റത്തെ അന്ന് പരിഹസിച്ചവരാണ്. അവരും ഇന്ന് പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മഴക്കെടുതിയുടെയും പ്രളയത്തിന്റെയും മുഖത്ത് നില്‍ക്കുമ്പോള്‍, യൂണിയന്‍ അന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ ഇന്നിന്റെ കണ്ണീര്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നത് മറന്നുപോകരുത്.

കലിതുള്ളിയെത്തിയ കൊടുംമഴയും കുത്തിയൊലിച്ച വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും വീശിയടിച്ച കാറ്റും കേരളത്തെ വീണ്ടും ദുരിതത്തിലാഴ്ത്തി. ഏഴു ജില്ലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 12 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ തീവണ്ടികള്‍ അടക്കമുള്ള മിക്ക ഗതാഗത സംവിധാനങ്ങളും വൈദ്യുതിബന്ധവും റോഡും താറുമാറായി. വിവിധ ജില്ലകളിലെ പല സ്ഥലങ്ങളും തീര്‍ത്തും ഒറ്റപ്പെട്ടു. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ നിന്നും കാണാതായവരെ മുഴുവന്‍ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട മഹാപ്രളയത്തിന്റെ ദുരിതകാലത്തെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചതിനാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കാലവര്‍ഷക്കെടുതികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ കേരളം മാതൃകാപരമായി ഇടപെടലുകള്‍ നടത്തി. ദുരന്തബാധിതരുടെ കൂടെ കൈത്താങ്ങായി നിലകൊണ്ടു. കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാല്‍ കൃത്യമായ മുന്നറിയിപ്പുകളുണ്ടായി. തീക്ഷ്ണമായ മഴയുണ്ടാകാനിടയുള്ള ദിവസങ്ങള്‍ അതിനാല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞു. ആസൂത്രണവും ഏകോപനവും ശരിയായി നടത്താനും മുന്‍ഗണനാക്രമം ഉറപ്പിക്കാനുമായി. കഴിഞ്ഞ വര്‍ഷത്തെ പിടിച്ചുകുലുക്കിയ അനുഭവങ്ങളില്‍നിന്ന് മികച്ച പാഠമുള്‍ക്കൊണ്ടതിനാല്‍ ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനങ്ങളും ഒരു നിമിഷം പാഴാക്കാതെ രംഗത്തിറങ്ങി. മുഖ്യമന്ത്രിയുള്‍പ്പെടെ രാത്രിയടക്കം നിര്‍ദേശങ്ങള്‍ നല്‍കിയും വിവിധ തലങ്ങളില്‍ ബന്ധപ്പെട്ടും ജനങ്ങള്‍ക്കാകെ ആത്മവിശ്വാസം പകര്‍ന്നു.

സംസ്ഥാനത്ത് പെയ്തിറങ്ങിയ മഴയുടെ അളവ് കൂടിയതാണ് ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ക്ക് കാരണമായതെങ്കിലും കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാലങ്ങളായി പറയുന്ന പരിസ്ഥിതിയുടെ രാഷ്ട്രീയം സമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടം നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമടങ്ങുന്ന പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേണ്ടി കേരളത്തില്‍ ഏറ്റവും വലിയ പരിസ്ഥിതിസംരക്ഷണ പ്രസ്ഥാനം സംഘടിപ്പിച്ച സംഘടനയാണ് കെ എസ് കെ ടി യു. അന്ന് വെട്ടിനിരത്തല്‍ സമരമെന്നും കൊടിനാട്ടല്‍ സമരമെന്നും പറഞ്ഞ് യൂണിയനെയും ആ പ്രസ്ഥാനത്തെയും ഇകഴ്ത്തി കാട്ടാന്‍ ശ്രമിച്ച മനോരമ, മാതൃഭൂമിയാദി മാധ്യമങ്ങള്‍ക്ക് സംസ്ഥാനത്തെ പ്രളയത്തിലകപ്പെടുത്തിയതിന്റെ ഉത്തരവാദിത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല. പണ്ട് പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തെ എതിര്‍ത്തവര്‍ വൈകാതെ അവരുടെ എഡിറ്റോറിയല്‍ പേജുകളില്‍ പരിസ്ഥിതി സംരക്ഷണത്തിനുള്ള ക്യാമ്പയിനുകള്‍ ആരംഭിച്ചു. കേരളത്തിലെ വിവിധ രാഷ്ട്രീയ ധാരകളിലുള്ളവര്‍ കേരളത്തില്‍ കെ എസ് കെ ടി യു മുന്നോട്ടുവെച്ച സമാനതകളില്ലാത്ത മുന്നേറ്റത്തെ അന്ന് പരിഹസിച്ചവരാണ്. അവരും ഇന്ന് പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മഴക്കെടുതിയുടെയും പ്രളയത്തിന്റെയും മുഖത്ത് നില്‍ക്കുമ്പോള്‍, യൂണിയന്‍ അന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ ഇന്നിന്റെ കണ്ണീര്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നത് മറന്നുപോകരുത്.

കേരളത്തിന്റെ തനതായ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട് മനസിലാക്കാന്‍ സാധിക്കുന്നത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിക്കുന്നുണ്ട് എന്നതാണ്. കാലാവസ്ഥാ സംബന്ധിയായ വിപത്തുകളോട് പൊരുത്തപ്പെടാനുള്ള കഴിവ് പരിമിതപ്പെടുന്നതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ട കാര്യമാണ്. 570 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കേരളതീരത്തില്‍ 322 കിലോമീറ്റര്‍ ദൂരം മണ്ണൊലിപ്പിന് സാധ്യതയുള്ള പ്രദേശമാണെന്ന് പഠനങ്ങള്‍ പറയുന്നു.

കേരളത്തിന്റെ വിസ്തീര്‍ണം എന്നത് രാജ്യത്തിന്റെ മൊത്തം വിസ്തീര്‍ണത്തിന്റെ 1.18 ശതമാനം മാത്രമാണ്. എന്നാല്‍, ജനസംഖ്യയുടെ 3.1 ശതമാനവും കേരളത്തിലാണ്. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനസാന്ദ്രത മൂന്നിരട്ടിയാണ്. ചതുരശ്ര കിലോമീറ്ററില്‍ ശരാശരി 859 വരും. ഭൂവിനിയോഗത്തിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ 52.50 ശതമാനം കൃഷിക്കായും 27.80 ശതമാനം വന പ്രദേശവുമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കാവുന്ന വെള്ളപ്പൊക്കം, വരള്‍ച്ച എന്നീ വിപത്തുകള്‍ അമിതമായി ബാധിക്കുന്ന തരത്തിലാണ് സംസ്ഥാനത്തിന്റെ സ്ഥിതി. കൊതുകുകളും പറവകളും പരത്തുന്ന രോഗങ്ങളുടെയും ജലജന്യങ്ങളായ രോഗങ്ങളുടെയും കാഠിന്യത്തിലും സംക്രമണ രീതികളിലും മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മണ്ണിന്റെ ഗുണമേന്‍മ കുറയുകയും ഭൂമിക്ക് മേലുള്ള മനുഷ്യന്റെ സമ്മര്‍ദ്ദം അധികരിക്കുകയും ചെയ്യുമ്പോള്‍ അത് മനുഷ്യന്റെ സുസ്ഥിതിക്കും വികസനത്തിനും ഭീഷണിയാകും. ഒരു പരിധിവരെ നമ്മള്‍ അഭിമുഖീകരിച്ച ദുരന്തങ്ങള്‍ക്ക് ഇതൊക്കെ കാരണമാവുന്നുണ്ട്.

വര്‍ഷത്തില്‍ ആറുമാസത്തില്‍ അധികം ലഭിക്കുന്ന കനത്തമഴ, നല്ല വെയില്‍, മിതമായ ചൂടുകാലവും, മഞ്ഞുകാലവും എന്നിങ്ങനെ നെല്‍കൃഷിയടക്കമുള്ള കൃഷികള്‍ക്കെല്ലാം അനുയോജ്യമായ അനേകം ഘടകങ്ങളാല്‍ അനുഗ്രഹീതമാണ് കേരളം. കേളത്തിന്റെ തനത് ഭൂപ്രകൃതിയുടെ സൃഷ്ടിയാണ് ഇവിടെത്തെ നെല്‍വലുകളും മറ്റ് ഭൂഭാഗങ്ങളും. മലനാട്, ഇടനാട്, തീര പ്രദേശം എന്നിങ്ങനെ 3 ആയി തിരിക്കപ്പെട്ട് കിഴക്ക് സഹ്യപര്‍വ്വതത്തിനും പടിഞ്ഞാറ് അറബികടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കേരളത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയും സമൃദ്ധമായ പുഴകളും ചേര്‍ന്ന് രൂപപെടുത്തി എടുത്തവയാണിത്. കാര്‍ഷിക അഭിവൃദ്ധിയുടെ മുഖമുദ്രയായിരുന്നു കേരളത്തിലെ നെല്‍പാടങ്ങള്‍. പാലക്കാടന്‍ വയലേലകളിലും, വയനാടന്‍ മലകളുടെ താഴ്‌വരകളിലും, കുട്ടനാടന്‍-കോള്‍ പുഞ്ചകളിലും, പൊക്കാളി നിലങ്ങളിലും കാലവും നേരവും നോക്കി കൃഷിചെയ്തു പോന്ന മഹനീയമായൊരു ഭൂതകാല ചരിത്രമാണ് നമ്മള്‍ക്കുള്ളത്. അരിയില്ലാതെ ഒരു ദിവസമെങ്കിലും കഴിയുക എന്ന സാഹചര്യം മലയാളികള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതായിരുന്നില്ല.

രാജഭരണത്തിന്‍ കീഴില്‍ തിരുവിതാംകൂറില്‍ നിന്നും മറ്റും നെല്ല് അന്യസംസ്ഥാനങ്ങിലേക്ക് കയറ്റി അയച്ചിരുന്നു എന്നത് പോയകാലത്തെ മധുര സ്മരണ മാത്രമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് നെല്ല് ഉല്പാദനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനും നെല്ലിന്റെ ഉത്പാദനത്തില്‍ വര്‍ധനവ് വരുത്താനുമുള്ള പരിശ്രമങ്ങളെ കാണാതിരിക്കുന്നില്ല. എങ്കിലും കേരളം ഇന്ന് ഭക്ഷ്യകമ്മി നേരിടുന്ന സംസ്ഥാനമാണ്. അന്നത്തിനുവേണ്ടി അന്യ സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ നാം കൈനീട്ടുകയാണ്. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ അരി ആവശ്യമായ കേരളത്തില്‍ ഇന്ന് ഉദ്പാദിപ്പിക്കപെടുന്നത് അതിന്റെ അഞ്ചിലൊന്ന് മാത്രമാണ് എന്നതാണ് വസ്തുത.

കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയും ഒരു പരിധിവരെ സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്ന നെല്‍പാടങ്ങള്‍ പിരിസ്ഥിതി സന്തുലന സംരക്ഷണത്തിലും വലിയ പങ്കാണ് വഹിച്ചുരുന്നത്. നെല്‍കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ, ഉയര്‍ന്ന ഉത്പാദനക്ഷമത, പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷി രീതികള്‍, നെല്‍വയലുകളുമായി ബന്ധപ്പെട്ട് കാണുന്ന ഭക്ഷ്യയോഗ്യമായ സസ്യങ്ങളും, ചെറു ജീവികളും, മത്സ്യങ്ങളും, നെല്‍വയലുകളെ ആശ്രയിക്കുന്ന വളര്‍ത്തു മൃഗങ്ങളും തുടങ്ങി നമ്മുടെ നാടിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിറുത്തുന്നതില്‍ വളരെ പ്രധാനപെട്ട പങ്ക് നിര്‍വ്വഹിച്ചിരുന്നു.
പാടവും പറമ്പും ഇടകലര്‍ന്നതാണ് നമ്മുടെ നാടിന്റെ തനത് ഭൂപ്രകൃതി. പറമ്പില്‍ നിന്ന് 3-4 അടി താഴ്ചയില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന ഹരിതാഭമായ വയലേലകള്‍ പ്രകൃതിതത്തമായ മഴസംഭരണികള്‍ കൂടിയാണ്. കാലവര്‍ഷക്കാലത്ത് പെയ്യുന്ന മഴവെള്ളം കുത്തിയൊലിച്ച് നെരെ സമുദ്രത്തിലേക്ക് പോകാതെ സംഭരിച്ചു നിറുത്തുകയും ഭൂഗര്‍ഭത്തിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നതുവഴി നെല്‍വയലുകള്‍ ഭൂഗര്‍ഭ ജലശേഖരം വര്‍ദ്ധിപ്പിക്കുന്നതിലും വരള്‍ച്ചയെ തടയുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു. നെല്‍വയലുകളുടെ നഷ്ടം നമ്മുടെ പരമ്പരാഗത ജല സ്രോതസുകളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നെല്‍വയലുകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗക്കുന്നതിന്റെ ഫലമായി വളരെ ഉപയോഗപ്രദമായ സസ്യങ്ങളുടെയും പക്ഷികളുടെയും ചെറു ജീവികളുടെയും നാശത്തിന് വഴിവയ്ക്കുകയും ഇവ നമ്മുടെ ജീവിതത്തില്‍ നിന്നുതന്നെ പാടേ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ ആവാസ വ്യാവസ്ഥിയില്‍ ദൂര വ്യാപകവും അപരിഹാര്യവുമായി മാറ്റങ്ങളും ദോഷങ്ങളുമാണ് ഉണ്ടാക്കുന്നതെന്ന സത്യം നാം തിരിച്ചറിയണം.
കേരളത്തിന്റെ നെല്‍വലുകള്‍ ഇഷ്ടിക കളങ്ങള്‍ക്കും രമ്യഹര്‍മ്യങ്ങള്‍ക്കും വഴിമാറിക്കൊടുക്കുമ്പോള്‍ ഒരു പോലെ തകിടം മറിയുന്നത് കേരളത്തിന്റെ നിലനില്‍പ്പാണ്. ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി സുരക്ഷ ഇവയെയെല്ലാം അത് ബാധിക്കും. മണ്ണിനടിയിലെ ജല സ്രോതസും ഒപ്പം പരിസ്ഥിതി സന്തുലനവും നിലനിര്‍ത്തുന്നതിന് ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചിരുന്ന നെല്‍വയലുകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ പരിസ്ഥിതി പ്രശ്‌നങ്ങളും അവയുമായി ബന്ധപ്പെട്ട് വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ നിത്യ സംഭവമാവുകയാണ്. നിലവിലുള്ള നെല്‍വയലുകള്‍ ഒരിഞ്ചുപോലും കുറയാതെ സൂക്ഷിക്കുന്നതോടൊപ്പം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് കേരളാ സ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ തുടക്കമിട്ട നെല്‍വയല്‍ സംരക്ഷണ പ്രക്ഷോഭത്തിന് ഇപ്പോള്‍ പ്രസക്തി ഏറുകയാണ്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിന് വേണ്ടി കഴിഞ്ഞ 36 വര്‍ഷമായി സംസ്ഥാനത്താകെയും പ്രത്യേകിച്ച് കുട്ടനാട്ടിലും കെ എസ് കെ ടി യു നടത്തിയ എണ്ണമറ്റ സമരങ്ങളുടെ ഫലമായിട്ടാണ് ഇപ്പോള്‍ ഉള്ളവയെങ്കിലും സംരക്ഷിച്ച് നിറുത്താനായത് എന്നത് അഭിമാനകരമായ വസ്തുതയാണ്. 1970 ല്‍ കേരളത്തില്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങളിള്‍ മുക്കാല്‍ ഭാഗത്തിലധികവും കഴിഞ്ഞ 42 വര്‍ഷം കൊണ്ട് നികത്തികഴിഞ്ഞു. നെല്‍പാടങ്ങള്‍ നികത്തി നാണ്യവിളകള്‍ നട്ട് ശരവേഗത്തില്‍ ധനാഡ്യരാകാമെന്ന് ആക്രാന്തം കാട്ടിയ കുട്ടനാട്ടിലെ കാര്‍ഷിക മുതലാളിമാരാണ് 70 കളിലും 80കളിലും നിലം നശീകരണത്തിന് തുടക്കം കുറിച്ചത്.

സമ്പന്ന വര്‍ഗ്ഗം പ്രകൃതിയോട് കാട്ടിയ ക്രൂരതയ്ക്ക് പ്രകൃതി എല്ലാ കാലങ്ങളിലും തിരിച്ചടി നല്‍കിയിട്ടുണ്ട്. നിലം നികത്തി തെങ്ങിന്‍ കൂനകള്‍ കുത്തിപ്പൊക്കിയും കൊക്കോയും, റബ്ബറും വെച്ചുപിടിപ്പിച്ച കുട്ടനാട്ടില്‍ 80 കളിലുണ്ടായ വമ്പിച്ച പ്രളയ ബാധയില്‍ 50000 ഏക്കര്‍ കൃഷിയാണ് നശിച്ചത്. ഈ നശീകരണം മൂടിവയ്ക്കാന്‍ വേണ്ടി കൃഷിനഷ്ടം എന്ന പ്രചരണം നടത്തി വീണ്ടും നിലം നികത്താനും തരിശിടാനും അവര്‍ ശ്രമിച്ചു. ഇതിനെതിരെ പ്രക്ഷോഭവും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ പ്രസ്ഥാനവും ഉടലെടുത്തു. ജനനന്മലക്ഷ്യമാക്കി കുട്ടനാട്ടിലാരംഭിച്ച ആ പ്രക്ഷോഭം പിന്നീട് സംസ്ഥാന വ്യാപകമായി വളര്‍ന്ന പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനമായി മാറി.

1982 ലാണ് കെ എസ് കെ ടി യു നാടിന്റെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് തുടക്കമിട്ടത്. കുട്ടനാട്ടിലെ കാവാലത്ത് ചേര്‍ന്ന സമര കണ്‍വന്‍ഷന്‍ കര്‍ഷകതൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവായ വി എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നും നെല്‍വയല്‍ നീര്‍ത്തട നശീകരണം വിവിധ രൂപത്തില്‍ തുടര്‍ന്നപ്പോള്‍ യൂണിയന്റെ സമരവും വളര്‍ന്നുവന്നു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലേക്ക് കേരളം എത്തിയത് അങ്ങിനെയാണ്.
.
എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാനാണ് തുടര്‍ന്ന് ഭരണത്തില്‍ വന്ന യു ഡി എഫ് ശ്രമിച്ചത്. കോര്‍പ്പറേറ്റ് മനോഭാവമുള്ള മാധ്യമങ്ങളും അതിന് കൂട്ടുനിന്നു. ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ യു ഡി എഫും കോണ്‍ഗ്രസും കര്‍ഷകസമതിക്കാരും ബില്ലിനെതിരെ പ്രക്ഷോഭവും പ്രചരണവും നടത്തി. ഈ എതിര്‍പ്പുകളെയൊക്കെ അവഗണിച്ച് നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ ബില്ല് നിയമമാക്കുവാന്‍ ഗവണ്‍മെന്റിന് പ്രചോദനമായത് കര്‍ഷക തൊഴിലാളി യൂണിയനാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ ഭാഗമായി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ ഒരു നിയമമുണ്ടായത്. ഈ നിയമത്തെക്കുറിച്ച് അറിഞ്ഞ ഐക്യരാഷ്ട സംഘടനയുടെ പ്രതിനിധി അഭിപ്രായപ്പെട്ടത്, കേരളത്തിന് മാത്രമല്ല ഈ നിയമം വേണ്ടത്, ലോകത്തിന് തന്നെ ഇത്തരമൊരു നിയമത്തിന്റെ ആവശ്യമുണ്ടെന്നാണ്. ലോകത്തിലെ തണ്ണീര്‍ത്തടങ്ങള്‍ മുഴുവനും അതിവേഗത്തില്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
മനുഷ്യന്റെ മാത്രമല്ല മറ്റു ഒട്ടനവധി ജീവജാലങ്ങളുടെയും നിലനില്‍പ്പ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. എന്നാല്‍, വികസനമടക്കം പല കാര്യങ്ങളും പറഞ്ഞ് ഇവ നശിപ്പിക്കപ്പെടുമ്പോള്‍ ആരും അവ ഗൗരവപരമായി എടുക്കാറില്ല. അതുകൊണ്ട് ഇനി ഒരിഞ്ചുഭൂമിപോലും നികത്താനോ, പരിവര്‍ത്തനപ്പെടുത്താനോ യൂണിയന്‍ അനുവദിക്കുകയില്ല. കേരളത്തില്‍ അവശേഷിക്കുന്ന പരിസ്ഥിതിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ ഭാഗത്ത് നിന്നും ഉണ്ടാവും.

ഭൂമി തരിശിടാനും, നികത്താനും വേണ്ടി വാങ്ങിക്കൂട്ടിയിട്ടുള്ള ഭൂമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും മറ്റും കയ്യിലുള്ള ഭൂമികള്‍ തിരിച്ചറിയാനും അത്തരം ഭൂമികള്‍ പിടിച്ചെടുക്കാന്‍ ഗവണ്‍മെന്റ് തന്നെ മുന്‍കൈയെടുക്കുന്നുണ്ട്. അതി ശക്തമാക്കണം. കുറച്ചുനാളുകള്‍ക്ക് മുന്‍പ് കുപ്രസിദ്ധ ആള്‍ദൈവം സന്തോഷ് മാധവന്റെ പേരില്‍ വാങ്ങിക്കൂട്ടിയിട്ടുള്ള 116 ഏക്കര്‍ സ്ഥലം പിടിച്ചെടുത്ത് ലാന്റ് ബോര്‍ഡിന് മുതല്‍കൂട്ടിയ സര്‍ക്കാര്‍ നടപടി മാതൃകാപരമാണ്. ഭൂപരിഷ്‌ക്കരണ നിയമവും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും അട്ടിമറിക്കുമ്പോള്‍ ഇത്തരം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം.

നാടിന്റെ പരിസ്ഥിതിയില്‍ ഭീതിതമായ മാറ്റങ്ങള്‍ വരുന്നത് നമുക്ക് തിരിച്ചറിയാനാവണം. ഹരിതഗൃഹ പ്രവാഹം, ഓസോണ്‍പാളിയിലെ വിള്ളല്‍, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സംജ്ഞകള്‍ അവഗണിക്കാന്‍ പാടില്ല. ഈ പ്രതിഭാസങ്ങളുടെ ലക്ഷണങ്ങളാണ് നാം അഭിമുഖീകരിക്കുന്ന ദുരന്തങ്ങള്‍. നിയന്ത്രണമില്ലാത്ത വിഭവ ചൂഷണവും പ്രകൃതിയുടെ മേലുള്ള കടന്നാക്രമണവും അവസാനിപ്പിക്കാനുള്ള പരിസ്ഥിതി സാക്ഷരത ഇല്ലാത്തവര്‍ക്ക് അത് ഉണ്ടാക്കിയെടുക്കാനുള്ള പ്രസ്ഥാനം ഇവിടെ ആരംഭിക്കേണ്ടതുണ്ട്. മനുഷ്യന്റെ വിവേചനരഹിതമായ ഇടപെടല്‍ കൊണ്ടാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും അതിനെ ആശ്രയിച്ചു കഴിയുന്ന ജൈവ ആവാസവ്യവസ്ഥകള്‍ക്കുമൊക്കെ കനത്ത പ്രഹരമേല്‍ക്കുന്നത്.

പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള നിലപാടുകളും നയങ്ങളും മാനദണ്ഡങ്ങളും അടങ്ങുന്ന സുശക്തമായ ഭരണനിര്‍വഹണ ചട്ടക്കൂടാണ് പ്രളയാനന്തര കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. വികസന പരിപ്രേക്ഷ്യം പാരിസ്ഥികാവബോധത്തോടുകൂടി ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ജാഗ്രതപുലര്‍ത്തിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വികസന പരിപാടികളുടെ ആസൂത്രണം മുല്‍ നിര്‍വഹണത്തിന്റെയും തുടര്‍പ്രക്രിയകളുടെയും ഘട്ടങ്ങളിലെല്ലാം പാരിസ്ഥിതികാവബോധത്തിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെ ഫലപ്രാപ്തി വിലയിരുത്തപ്പെടണം. അന്താരാഷ്ട്ര മാനകകങ്ങള്‍ക്കനുസൃതമായ രീതിയിലുള്ള പ്രദേശിക മാനകങ്ങള്‍ അതിനായി രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. നമ്മുടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ആഗോള വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ആവിഷ്‌കരിച്ച റാംസര്‍ കരാറില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ സവിശേഷമായ സാമൂഹിക സാമ്പത്തിക പാരിസ്ഥിക സ്വഭാവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് അത് മൂര്‍ത്തമാക്കിയിരിക്കുന്നത്. അത്തരത്തിലുള്ള ഇടപെടലുകളാണ് ഇനി ഉണ്ടാവേണ്ടത്. വെട്ടിനിരത്തല്‍ സമരമെന്ന് വിളിച്ച് പരിസ്ഥ്ിതി പ്രസ്ഥാനത്തെ ഇകഴ്ത്തികാട്ടിയവര്‍ ഇനിയുള്ള മുന്നേറ്റങ്ങളില്‍ വസ്തുത മനസിലാക്കി കൂടെ നില്‍ക്കണം. കാരണം ഇത് അതിജീവനത്തിനായുള്ള മുന്നേറ്റമാണ്.

27-Aug-2019

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More