അവാര്‍ഡ് മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് സമര്‍പ്പിച്ച്‌ കനി

മികച്ച നടിക്കുള്ള കേരളാ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി രംഗത്തെത്തി. മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പികെ റോസിയ്ക്ക് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്ന് കനി അറിയിച്ചു. എല്ലാവരും പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും കനി പറയുന്നു.

‘അവസരങ്ങള്‍ എന്നത് എല്ലാവര്‍ക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ മലയാള സിനിമയുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. സിനിമയില്‍ ഒരു അപ്പര്‍കാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടില്‍ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം. ഈ കാലഘട്ടത്തിലും നായികാ നിരയിലുള്ളവരെ നോക്കുമ്പോള്‍ ജാതീയപരമായി ആ ഡിസ്‌ക്രിമിനേഷന്‍ ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. - കനി പറയുന്നു.

അതുകൊണ്ടുതന്നെ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കാണ് ഈ അവാര്‍ഡ് സമര്‍പ്പിക്കേണ്ടത് എന്നാണ് തനിക്ക് തോന്നുന്നതെന്നും കനി പറഞ്ഞു. സിനിമയായാലും നാടകമായാലും തനിക്ക് ഒരു പോലെയാണെന്നും ഒരു നടിയായി അറിയപ്പെടാനാണ് താന്‍ കൂടുതലും താല്‍പ്പര്യപ്പെടുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘ബിരിയാണി’ എന്ന ചിത്രത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.

13-Oct-2020