കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

കേരള ബാങ്കും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ. വിവരാവകാശ നിയമപ്രകാരം കേരള ബാങ്കിൽ നൽകിയ അപേക്ഷയിന്മേൽ വിവരം നൽകിയില്ലെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഹർജിയിലാണ് കമ്മീഷൻ ഉത്തരവ്. കേരള ബാങ്കിന് വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാർക്ക് വിവരം നൽകുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു.

പള്ളുരുത്തിയിൽ പുതിയേടത്ത് പി. ബി. ഹേമലത നൽകിയ പരാതി ഹർജി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവായത്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവു മുഖേന സ്ഥാപിക്കപ്പെട്ട സ്ഥാപനം എന്ന നിലയിലും സർക്കാരിന്റെ ഗണ്യമായ സാമ്പത്തിക സഹായം നൽകിയിട്ടുള്ള സ്ഥാപനം എന്ന നിലയിലും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കേരള ബാങ്ക് എന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, വരുമെന്നും കേരള ബാങ്കിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പീൽ അധികാരിയേയും നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഇത് സംബന്ധിച്ച് കേരള ബാങ്ക് ജനറൽ മാനേജർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

30-May-2024