രാജീവ് ചന്ദ്രശേഖരൻ സ്റ്റേജിൽ കയറിയത് ഏത് ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്: മന്ത്രി വി ശിവൻകുട്ടി

മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശം തരംതാണതാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. എൻഎച്ച് 66 ഉദ്ഘാടന വേദിയിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയാണ് ജനാധിപത്യ മര്യാദയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്നത് രാഷ്ട്രീയ അൽപ്പത്തരമാണെന്നും ശിവൻകുട്ടി ആരോപിച്ചു.

മുഹമ്മദ് റിയാസ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു. നിരവധി പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്തതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. വിവാഹത്തിന് ഏറെ വർഷങ്ങൾ മുമ്പ് തന്നെ അദ്ദേഹം സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. “ഓട് പൊട്ടിച്ച് ഇറങ്ങിയ ആളൊന്നുമല്ലല്ലോ റിയാസ്,” എന്നും അദ്ദേഹം പ്രതികരിച്ചു.

കൂടാതെ, രാജീവ് ചന്ദ്രശേഖർ ഏത് അടിസ്ഥാനത്തിലാണ് വേദിയിൽ കയറിയതെന്നും ശിവൻകുട്ടി ചോദിച്ചു. “രാജീവ് ചന്ദ്രശേഖരന് കൊമ്പുണ്ടോ? വലിഞ്ഞുകയറി സ്റ്റേജിൽ ഇരുന്ന ശേഷം യോഗ്യതയുള്ളവരെ പുറത്താക്കുകയാണ് ചെയ്തത്,” എന്നും അദ്ദേഹം വിമർശിച്ചു. വികസന വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കാതെ വസ്തുതകൾ സംസാരിക്കാൻ ബിജെപി തയ്യാറാകണമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

12-Mar-2026