വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ഹൈക്കോടതി. എം.കെ. സാനു അടക്കമുള്ളവർ നൽകി ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ആർ. രവിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വെള്ളാപ്പള്ളി നടേശനടക്കമുള്ള ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഉത്തരവിട്ടത്. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് നടപടി.

നിരവധി നാളുകളായി തുടരുന്ന നിയമപോരാട്ടത്തിൻ്റെ അവസാനമാണ് ഇത്തരത്തിലൊരു ഉത്തരവിലേക്ക് എത്തിയിട്ടുള്ളത്. എസ്എൻഡിപി യോഗത്തിൻ്റെ കണക്കുകളിൽ വലിയ ക്രമക്കേട് ഉണ്ടെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. അത് പരിഗണിച്ചാണ് ബോർഡ് മെമ്പർമാരെ അടക്കം അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവുണ്ടായത്.

ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻറ് ഡോ. എം. എന്‍ സോമന്‍, വൈസ്‌ പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരെയാണ് കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമപ്രകാരം വെള്ളാപ്പള്ളിക്കോ മറ്റ് ഭാരവാഹികൾക്കോ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ തുടര്‍ച്ചയായി മൂന്നു വർഷം വീഴ്‌ച വന്നാല്‍ അക്കാലയളവിലെ ഡയറക്ടര്‍മാര്‍ക്ക്‌ സ്വാഭാവികമായി അയോഗ്യത സംഭവിക്കുമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. അയോഗ്യതയുണ്ടായാൽ അഞ്ച് കൊല്ലത്തേക്ക്‌ യോഗത്തിൻ്റെ മാത്രമല്ല ഒരു കമ്പനിയുടെയും ഡയറക്ടറാകാനാവില്ല. 2013-14 മുതല്‍ 2015-16 വരെ മൂന്നു കൊല്ലം തുടര്‍ച്ചയായി യോഗത്തിൻ്റെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വന്നിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

12-Mar-2026