ശശി തരൂരിന്റെ പിഎ എത്തിയത് ബാങ്കോക്കില്‍ നിന്ന് എത്തിയയാളെ സ്വീകരിക്കാന്‍
അഡ്മിൻ
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പിഎ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കസ്റ്റംസ് അധികൃതര്‍. ബാങ്കോക്കില്‍ നിന്ന് എത്തിയ ഇന്ത്യന്‍ പൗരനെ സ്വീകരിക്കാനാണ് തരൂരിന്റെ പിഎ ശിവപ്രസാദ് എത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
സ്വര്‍ണ ചെയിനാണ് കണ്ടെടുത്തതെന്നും 35.22 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണെന്നും കസ്റ്റംസ് പറഞ്ഞു. എംപിക്കുള്ള പ്രത്യേക പാസ് ഉപയോഗിച്ച് കള്ളക്കടത്തില്‍ സഹായിക്കാനാണ് പിഎ എത്തിയതെന്നും കസ്റ്റംസ് പറയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തി. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എക്സിലൂടെ പ്രതികരിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്.
72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വച്ചാണ് പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും വിരമിച്ചിട്ടും പാര്‍ട്ടം ടൈം സ്റ്റാഫായി നിലനിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.